ചെട്ടികുളങ്ങര : ക്ഷേത്രജങ്ഷൻ- വടക്കേത്തുണ്ടം-കരിപ്പുഴ റോഡിന്റെ നവീകരണത്തിന് 5.2 കോടി രൂപയനുവദിച്ചു. ശബരിമല തീർഥാടനപാത നവീകരണ പദ്ധതിയിൽപ്പെടുത്തിയാണ് റോഡുനവീകരണം. മന്ത്രി എം. ലിജുവിന്റെ ശ്രമഫലമായാണ് തുകയനുവദിച്ചിരിക്കുന്നത്. മരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല. റോഡുയർത്തി വീതികൂട്ടി ബി.എം.ബി.സി. നിലവാരത്തിലാണ് നിർമാണം. അഞ്ചുമീറ്റർ വീതിയാണ് ഉദ്ദേശിക്കുന്നതെങ്കിലും ചിലഭാഗങ്ങളിൽ നാലുമീറ്ററായി ക്രമീകരിക്കേണ്ടിവരും. 3.8 കിലോമീറ്ററാണ് ദൈർഘ്യം. വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ഓടയും വെള്ളമൊഴുകിപ്പോകാൻ ചപ്പാത്തും നിർമിക്കും. കാലപ്പഴക്കമുള്ള രണ്ടു കലുങ്കുകളും ഈ പദ്ധതിയിൽപ്പെടുത്തി പുതുക്കിപ്പണിയും. ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ഈ റോഡ് ബി.എം.ബി.സി. നിലവാരത്തിൽ പുതുക്കിപ്പണിയണമെന്നുകാട്ടി മാതൃഭൂമി വാർത്ത നൽകിയിരുന്നു.

To advertise here,

ചെട്ടികുളങ്ങര-വടക്കേത്തുണ്ടം-കരിപ്പുഴ റോഡ് നവീകരണമെന്നത് പ്രദേശവാസികളുടെ ചിരകാലാഭിലാഷമാണ്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡ് ഇടയ്ക്ക് കുഴിയടയ്ക്കുകയാണ് ചെയ്തിരുന്നത്. പലഭാഗത്തും വെള്ളക്കെട്ടും പതിവായിരുന്നു. സ്കൂൾബസുകളും ഭാരവാഹനങ്ങളുമുൾപ്പെടെ കടന്നുപോകുന്ന ഗതാഗതത്തിരക്കുള്ള റോഡാണിത്.

ചെട്ടികുളങ്ങര കുംഭഭരണി, 13 ദിവസത്തെ എതിരേൽപ്പു മഹോത്സവം, അശ്വതി ഉത്സവം തുടങ്ങിയ വേളകളിൽ വലിയ വാഹനങ്ങൾ ഈ വഴിയെ തിരിച്ചുവിടുന്ന പതിവുണ്ട്. ചെട്ടികുളങ്ങരയിൽനിന്നു സംസ്ഥാനപാതവഴി തട്ടാരമ്പലം ജങ്ഷനിലെത്തി കരിപ്പുഴഭാഗത്തേക്ക് പോകുന്നതിനു പകരം വടക്കേത്തുണ്ടംവഴി കരിപ്പുഴ ഭാഗത്തേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. തട്ടാരമ്പലം ജങ്ഷനിലെ തിരക്കു കുറയ്ക്കുന്നതിനും ഇത് സഹായകമാകും. ഈ റോഡ് നവീകരിക്കുന്നതോടെ ചെട്ടികുളങ്ങരയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഗതാഗതസൗകര്യം മെച്ചപ്പെടും. ഭഗവതിപ്പടി ജങ്ഷനിൽനിന്ന് ചെട്ടികുളങ്ങര, തട്ടാരമ്പലം ഭാഗങ്ങളിൽ വരാതെ കരിപ്പുഴയിൽ എത്താൻ സാധിക്കും. കുംഭഭരണിക്കു മുൻപ് റോഡിന്റെ നവീകരണം പൂർത്തിയാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.