ചേർത്തല : തന്നെ തെറിപറയാൻ ആഹ്വാനംചെയ്ത സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ തീക്കൊള്ളിക്കൊണ്ട്‌ തലചൊറിയുകയാണെന്നും കമ്യൂണിസ്റ്റുമൂല്യം മറന്ന വർഗവഞ്ചകനാണ് അദ്ദേഹമെന്നും ജി. സുധാകരൻ എം.എൽ.എ. പറഞ്ഞു. ആർ.എം.പി.ഐ. ജില്ല കമ്മിറ്റി, എം.എൽ.എ.മാരായ ജി. സുധാകരനും കെ.കെ. രമയ്ക്കും നൽകിയ സ്വീകരണത്തിന്റെ ഭാഗമായുള്ള സമ്മേളനം ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

52 വെട്ടേറ്റ് ടി.പി. ചന്ദ്രശേഖരൻ മരിച്ചിട്ടും അതേപ്പറ്റി പറയാത്ത കഠോരഹൃദയനാണു പിണറായി. വർഗം എന്താണെന്നറിയാതെ പകയും പ്രതികാരവുമാണ്‌ പിണറായി പരത്തുന്നത്. താൻ കോൺഗ്രസിന്റെ ചെളിക്കുണ്ടിലാണെന്നു പറയാൻ പിണറായിക്ക് അർഹതയില്ല. രാജ്യത്ത്‌ പലയിടത്തും കോൺഗ്രസിനൊപ്പം കൂടിയിട്ട് ഇവിടെനിന്ന് ഇത്തരത്തിൽ പറയാൻ നാണമില്ലേ?

ജില്ലയിൽ സി.പി.എമ്മിലെ 25,000 അംഗങ്ങളും ഭ്രാന്തൻനയങ്ങളോട് എതിർപ്പുകാട്ടി പാർട്ടി പരിപാടികളിൽനിന്നു വിട്ടിരിക്കുകയാണ്. ബാക്കിയായിരിക്കുന്നത്‌ പൊളിറ്റിക്കൽ ക്രിമിനലുകൾ മാത്രമാണ്. ഉടുതുണിക്കു മറുതുണിയില്ലാതെത്തിയ പാർട്ടിനേതാക്കളിൽ 90 ശതമാനവും അനധികൃതമായി സ്വത്തുസമ്പാദിച്ചവരാണ്. അവരെ വെള്ളപൂശാനാണ് ഇപ്പോൾ അവരുടെ സ്വത്തുവിവരങ്ങൾ തേടി പുകമറ സൃഷ്ടിക്കുന്നത്.

വിപുലീകൃത ജില്ല കമ്മിറ്റിയെന്നു പേരിട്ട്‌ തട്ടിപ്പുപരിപാടിയാണു നടത്തുന്നത്. തന്നെ നേരിടാനും കുടുംബത്തെയടക്കം തെറിപറയാനുമാണ് ചർച്ചനടന്നത്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയവിജയം യു.ഡി.എഫിനാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

ചന്ദ്രശേഖരനെ എന്തിനു കൊന്നുവെന്നും ആ തെറ്റാണ് സി.പി.എം. ആദ്യം തിരുത്തേണ്ടതെന്നും കെ.കെ. രമ പറഞ്ഞു. ആർ.എം.പി.ഐ. ജില്ല സെക്രട്ടറി വയലാർ സുരേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എൻ. വേണു, അജി ഇടുപ്പുങ്കൽ, ടോണി കുമരകം, പി. ജയകുമാർ, സുന്ദരൻ, വി. സാബു, എച്ച്. നസീർ തുടങ്ങിയവർ സംസാരിച്ചു.