മാവേലിക്കര : താലൂക്കിലെ ഏറ്റവും വിസ്തൃതിയുള്ളതും ജനത്തിരക്കേറിയതുമായ തെക്കേക്കര വില്ലേജിൽ ഡിജിറ്റൽ സർവേ സേവനങ്ങൾ താളംതെറ്റുന്നു. ദിവസേന നാനൂറിലധികംപേർ വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തുന്നുണ്ട്. തെക്കേക്കര പഞ്ചായത്തിലെ 20 വാർഡുകളും മാവേലിക്കര നഗരസഭയിലെ ആറു വാർഡുകളുമാണ് തെക്കേക്കര വില്ലേജ് പരിധിയിലുള്ളത്.
ഭരണമാറ്റത്തെത്തുടർന്ന് സ്ഥലംമാറ്റപ്പെട്ട് തെക്കേക്കര വില്ലേജ് ഓഫീസറായി ചുമതലയേറ്റ ഇടതുപക്ഷ സംഘടനാ നേതാവായ ഹരിദാസ് ഇറവങ്കരയോടുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി വില്ലേജിലെ ജീവനക്കാരെ അടിക്കടി സ്ഥലംമാറ്റുന്നതായി ആരോപണമുയർന്നിട്ടുണ്ട്. ഇത് വില്ലേജ് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെ താറുമാറാക്കിയിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പുതിയ വില്ലേജ് ഓഫീസർ ചുമതലയേറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽത്തന്നെ തരംമാറ്റ ജോലികൾക്കായി നിയമിച്ച ഉദ്യോഗസ്ഥനെയും ജോലിഭാരമുള്ള വില്ലേജെന്ന നിലയ്ക്ക് ഇവിടേക്ക് പ്രത്യേകമായി നിയമിച്ച ടൈപ്പിസ്റ്റിനെയും പിൻവലിച്ചിരുന്നു. ജനകീയ പ്രതിഷേധത്തെത്തുടർന്ന് ടൈപ്പിസ്റ്റിനെ തിരികെ നിയമിച്ചെങ്കിലും ഒരിടവേളയ്ക്കുശേഷം വീണ്ടും താലൂക്ക് ഓഫീസിലേക്കുമാറ്റി. പിന്നീട് ഇതുവരെ ആ തസ്തികയിൽ പകരം ആളെ നിയമിച്ചിട്ടില്ല.
മാവേലിക്കര താലൂക്കിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ ആദ്യവില്ലേജാണ് തെക്കേക്കര. ഡിജിറ്റൽ സർവേക്കുശേഷമുള്ള ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിരവധിപ്പേരാണ് ദൈനംദിനം വില്ലേജ് ഓഫീസിൽ കയറിയിറങ്ങുന്നത്. ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കുമാത്രമായി ഓഫീസിലെ പകുതി ജീവനക്കാരെ നിയോഗിച്ച് ജനങ്ങൾക്ക് സേവനം നൽകുമ്പോഴാണ് ഡിജിറ്റൽ സർവേ ജോലികൾക്ക് പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരിയെ വീണ്ടും താലൂക്ക് ഓഫീസിലേക്ക് സ്ഥലംമാറ്റിയത്. പകരമെത്തുന്നയാൾ ഡിജിറ്റൽ സർവേ ജോലികൾ പഠിച്ചുവരുമ്പോഴേക്കും ജനങ്ങളുടെ കാത്തിരിപ്പും ദുരിതവും ഇരട്ടിയാകുന്ന സ്ഥിതിയാണുള്ളത്.
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ വസ്തുവിന്റെ ബ്ലോക്ക്നമ്പരും സർവേനമ്പരും തണ്ടപ്പേർനമ്പരും വിസ്തീർണവും മാറുമെന്നതിനാൽ കരമടയ്ക്കാൻ അക്ഷയകേന്ദ്രത്തിൽ അപേക്ഷിച്ചതിന്റെ രസീതുമായി വില്ലേജ് ഓഫീസിലെത്തണം. വസ്തുവുടമ മരിച്ചിട്ടുണ്ടെങ്കിൽ അവകാശികളെല്ലാവരും വില്ലേജ് ഓഫീസിലെത്തി അവകാശ വിചാരണ പോക്കുവരവ് നടത്തിയാലേ പുതിയ ആധാരം രജിസ്റ്റർ ചെയ്ത് ക്രയവിക്രയം നടത്താനാകൂ.
ഇരുപതിനായിരത്തിലധികം ഭൂവുടമകളാണ് തെക്കേക്കര വില്ലേജ് പരിധിയിലുള്ളത്. ഇവരെല്ലാം പല ദിവസങ്ങളിലായി വില്ലേജ് ഓഫീസിലെത്തി ഡിജിറ്റൽ ഫോർമാറ്റിലേക്ക് കരം തീർക്കാനെത്തുന്നത് സ്ഥിതി സങ്കീർണമാക്കുന്നു. ഇതുകൂടാതെ ആധാരം ചെയ്യേണ്ടവരെല്ലാം അതിന് മുൻപുള്ള സ്‌കെച്ചിനും ആധാറും തണ്ടപ്പേരുമായി ബന്ധിപ്പിക്കാനും ആധാരത്തിലെയും കരംതീർത്ത രസീതിലെയും പേരിലുള്ള പിശകു പരിഹരിക്കാനും വിസ്തീർണവ്യത്യാസം പരിഹരിക്കാനും തുടങ്ങി ഡിജിറ്റൽ സർവേ സംബന്ധമായ പലവിഷയങ്ങൾക്കും പരിഹാരം തേടിയാണ് വില്ലേജ് ഓഫീസിൽ എത്തുന്നത്.
തരംമാറ്റത്തിനായുള്ള അഞ്ഞൂറോളം അപേക്ഷകളാണ് വർഷങ്ങളായി തെക്കേക്കര വില്ലേജ് ഓഫീസിൽ കെട്ടിക്കിടക്കുന്നത്.
ഇവ തീർപ്പാക്കാൻ പ്രത്യേകം ജീവനക്കാരനെ നിയമിക്കണമെന്ന ആവശ്യമുയരുന്നഘട്ടത്തിലാണ് അടിക്കടി നിലവിലെ ജീവനക്കാരെ സ്ഥലംമാറ്റി ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്നത്.
Published: 01 Oct 2026, 02:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented