അപകടാവസ്ഥ ജണ്ടായിക്കൽ ജങ്‌ഷനിൽ

To advertise here,

റാന്നി : റോഡിന് മധ്യഭാഗത്തെ വൈദ്യുതിപോസ്റ്റുകൾ അപകടഭീഷണി ഉയർത്തുന്നു. ഒഴുവൻപാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിൽ ജണ്ടായിക്കൽ ജങ്‌ഷനിലാണ് ഈ അപകടാവസ്ഥ. നേരത്തേ ഇവിടെ ഉണ്ടായിരുന്ന മരങ്ങൾ മുറച്ചുനീക്കിയതോടെ റോഡിന് നടുവിൽ പോസ്റ്റുകൾ മാത്രമായി.

റാന്നി, വലിയകുളം, വടശ്ശേരിക്കര എന്നിവിടങ്ങളിൽ നിന്നെത്തുന്ന റോഡുകൾ ജണ്ടായിക്കൽ ജങ്‌ഷനിലാണ് സംഗമിക്കുന്നത്. ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്‌കൂളിലേക്കുള്ള റോഡും ഇവിടെനിന്നാണ് തുടങ്ങുന്നത്. നാല് റോഡുകൾ കൂടിച്ചേരുന്ന ഭാഗത്താണിത്. ഇവിടെ ചെറിയപ്ലാവും മാവും നിന്നിരുന്നു. ഇതിന് ചുറ്റും തറയും കെട്ടിയിരുന്നു. പിന്നീട് ഇവിടെ വൈദ്യുതി പോസ്റ്റും സ്ഥാപിച്ചു. യാത്രക്കാരിൽ ഏറെയും ഈ മരച്ചുവട്ടിലായിരുന്നു ബസ് കാത്തുനിൽക്കുന്നത്.

മരം മുറിച്ചുനീക്കിയപ്പോൾ വീണ്ടും ചെറിയ മരങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നു. എന്നാൽ, റോഡ് നവീകരണം വന്നതോടെ മരങ്ങൾ മുറിച്ചുനീക്കുകയും കെട്ട് പൊളിച്ചുമാറ്റുകയുംചെയ്തു. അതോടെ വൈദ്യുതിപോസ്റ്റുകൾ മാത്രമായി മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു. റോഡിന്റെ വീതി വർധിച്ചെങ്കിലും മധ്യഭാഗത്തുള്ള വൈദ്യുതിപോസ്റ്റുകൾ ഇപ്പോഴത്തെ ഗതാഗത സംവിധാനത്തിന് അനുയോജ്യമല്ലാത്ത സ്ഥിതിയിലാണ്. രാത്രിയിൽ എത്തുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ പെട്ടെന്ന് ഇവ പെടാത്തതിനാൽ അപകടത്തിന് സാധ്യത ഏറെയാണ്. റോഡ് നവീകരിക്കുന്നതോടെ റാന്നി ഇട്ടിയപ്പാറയിൽനിന്നും ശബരിമലയ്ക്ക് പോകേണ്ടവർക്ക് വടശ്ശേരിക്കരയിലെത്താനുള്ള എളുപ്പവഴിയാണിത്.

റോഡിന്റെ നവീകരണജോലികൾ നടന്നുവരുകയാണ്. പോസ്റ്റുകൾ നീക്കുന്നതിനുള്ള തുക എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടില്ല.

അതിനാൽ പോസ്റ്റുകൾ നീക്കുന്നതിന് ആവശ്യമായ ഫണ്ട് കെ.എസ്.ഇ.ബിക്ക് അടയ്‌ക്കേണ്ടിവരും.

റോഡ് ടാറിങ് തുടങ്ങുംമുമ്പ് പോസ്റ്റുകൾ നീക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.