ഉദ്ഘാടനം കഴിഞ്ഞിട്ട്‌ 10 മാസം

To advertise here,

മാന്നാർ : മാന്നാർ പഞ്ചായത്തിന്റെ പുതിയ മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി (എം.സി.എഫ്.) കെട്ടിടം ഉദ്ഘാടനം ചെയ്ത് 10 മാസം പിന്നിട്ടിട്ടും ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ മാന്നാർ ബസ് സറ്റാൻഡിലെ പഴയ കമ്യൂണിറ്റി ഹാളിൽത്തന്നെ.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ആസ്തിവികസന ഫണ്ടുപയോഗിച്ച് വാങ്ങിയ ഭൂമിയിൽ എല്ലാവിധ സൗകര്യങ്ങളോടെയും നിർമിച്ച കെട്ടിടമാണിത്. 2025 നവംബർ അഞ്ചിന് പുതിയ എം.സി.എഫ്. കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും ഭാഗികമായി മാത്രമാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ, വർഷങ്ങളായി താത്കാലിക എം.സി.എഫായി ഉപയോഗിച്ചുവരുന്ന മാന്നാർ കമ്യൂണിറ്റി ഹാൾ, ഓപ്പൺ എയർ ഓഡിറ്റോറിയം, വൃദ്ധസദനം ഇവയുടെ പരിസരപ്രദേശങ്ങളിൽത്തന്നെ ഹരിതകർമസേന മാലിന്യശേഖരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടരുകയാണ്.

തരംതിരിച്ചതും തിരിക്കാനുള്ളതുമായ മാലിന്യം ചാക്കിലാക്കി അട്ടിയിട്ടിരിക്കുന്നതിനാൽ കമ്യൂണിറ്റി ഹാൾ മറ്റു പരിപാടികൾക്കായി ഉപയോഗിക്കാനാകാത്ത സാഹചര്യമാണ്. മാലിന്യവും അനുബന്ധസാമഗ്രികളും കെട്ടിക്കിടക്കുന്നതുമൂലം തൊട്ടടുത്ത ട്രഷറിയിലും മറ്റുമെത്തുന്ന ജനങ്ങൾക്കും ബുദ്ധിമുട്ടാകുകയാണ്.

കെട്ടിടം ഉദ്ഘാടനം ചെയ്തിട്ടും ഹരിതകർമസേനയുടെ മുഴുവൻ പ്രവർത്തനങ്ങളും പുതിയ കെട്ടിടത്തിലേക്കു മാറ്റണമെന്നും മാന്നാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും പരിസരപ്രദേശങ്ങളിലും നടത്തിവരുന്ന എം.സി.എഫ്. പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അജിത് പഴവൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

കമ്യൂണിറ്റിഹാൾ പൊതുപരിപാടികൾക്കായി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിൽ സജ്ജമാക്കാനും പുതിയ എം.സി.എഫ്. കെട്ടിടത്തിന്റെ ലക്ഷ്യം പൂർണമായി നടപ്പാക്കാനും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.