ചെങ്ങന്നൂർ : ശബരിമല തീർഥാടനം തുടങ്ങാൻ ആഴ്ചകൾ മാത്രമുള്ളപ്പോഴും നഗരത്തിലും സമീപ സ്ഥലങ്ങളിലും പൈപ്പിടാൻ കുഴിച്ച റോഡുകളുടെ പുനർനിർമാണം എങ്ങുമെത്തിയില്ല. ചെങ്ങന്നൂർ-കോഴഞ്ചേരി റോഡിൽ തിരക്കേറുമ്പോൾ നഗരത്തിൽ പ്രവേശിക്കാതെ എം.സി. റോഡിലെത്താൻ സഹായിക്കുന്ന പുത്തൻകാവ് -മുളക്കുഴ സെഞ്ചുറി റോഡിൽ യാത്ര ദുരിതമാണ്. റോഡിലെ ഉയർച്ച താഴ്ചകളും കുഴികളും കെണിയാകും. രണ്ടു വാഹനങ്ങൾക്കു കടന്നുപോകാനും പ്രയാസമാണ്.
കുടിവെള്ളപദ്ധതിക്കായി കഴിഞ്ഞവർഷം തീർഥാടനകാലത്തിനു മുൻപാണ് റോഡിൽ പൈപ്പിടാൻ പൊളിച്ചത്. ഇടതുഭാഗത്ത് ഡി.ഐ. പൈപ്പും പി.വി.സി. പൈപ്പും വലതുവശത്ത് പൂർണമായി പി.വി.സി. പൈപ്പുമാണ് ഇട്ടിരിക്കുന്നത്. കഴിഞ്ഞ ശബരിമല അവലോകന യോഗത്തിലും പൈപ്പിടാൻ കുഴിച്ച റോഡുകളുടെ ശോച്യാവസ്ഥ ചർച്ചയായിരുന്നു. പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് മുളക്കുഴ സെഞ്ചുറി -പുത്തൻകാവ് റോഡ്.
കിഫ്ബി പദ്ധതിയായതിനാൽ റോഡ് പൂർവസ്ഥിതിയിലാക്കേണ്ട ഉത്തരവാദിത്വം ജല അതോറിറ്റിക്കാണ്. നിലവിൽ കുഴിച്ച ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കാൻ തുടങ്ങിയെന്നും ടാറിട്ടശേഷം റോഡ് പി.ഡബ്ള്യു.ഡി. മടക്കിനൽകുമെന്നും തീർഥാടനത്തിനു മുൻപായി പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും കിഫ്ബി അധികൃതർ പറഞ്ഞു.
ഒരുവർഷമായി പുനർനിർമിക്കാത്ത പുത്തൻവീട്ടിൽപ്പടി -കിഴക്കേനട റോഡിന്റെ പണിനടത്താൻ ടെൻഡറായി. നഗരസഭാ അമൃത് പദ്ധതിയിലുൾപ്പെടുത്തി തുകയനുവദിച്ചതോടെയാണ് പ്രശ്നത്തിനു പരിഹാരമായത്. ഇതിനെച്ചൊല്ലി മരാമത്തുവിഭാഗവും ജല അതോറിറ്റിയും തമ്മിൽ തർക്കത്തിലായിരുന്നു. ശബരിമല തീർഥാടകരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട റോഡാണിത്. കഴിഞ്ഞദിവസംപെയ്ത മഴയിൽ ഈ റോഡിൽനിന്നു കല്ലും മണ്ണും എം.സി. റോഡിലേക്ക് ഒഴുകിയെത്തിയിരുന്നു.
ഓടകളുടെ പണി ഇന്നുതുടങ്ങും
ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ്, ഗവ.ആശുപത്രി എന്നിവയ്ക്കു മുന്നിലെ ഓടകളുടെ നവീകരണം ചൊവ്വാഴ്ച തുടങ്ങും. ബസ് സ്റ്റാൻഡിനു മുന്നിലെ ഓടയാണ് ആദ്യം പൊളിക്കുന്നത്. ഈ ഓടകളിൽ മലിനജലം കെട്ടിനിന്നു രൂക്ഷഗന്ധമാണ് അനുഭവപ്പെട്ടിരുന്നത്. അവലോകന യോഗങ്ങളിൽ ഓടയിലെ പ്രശ്നം ഉയർന്നിരുന്നു. കഴിഞ്ഞദിവസം നഗരസഭ, പൊതുമരാമത്ത് റോഡുവിഭാഗം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഓടകളുടെ നവീകരണം നടത്താൻ തീരുമാനിച്ചത്. തീർഥാടനത്തിനു മുൻപായി പൂർത്തിയാക്കുമെന്ന് നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ അറിയിച്ചു.
Published: 27 Oct 2026, 02:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented