സെമിത്തേരിയുടെ മതിൽ തകർന്നു

To advertise here,

പാറശ്ശാല : തീരദേശഗ്രാമമായ പൊഴിയൂരിൽ വീണ്ടും കടൽക്ഷോഭം അതിശക്തമായി തുടരുന്നു. തീരമേഖലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന തെക്കേ കൊല്ലങ്കോട്-നീരോടി അതിർത്തി റോഡ് കടലാക്രമണത്തിൽ പൂർണമായി ഒലിച്ചുപോയി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു. ഈ പാതയെ മാത്രം ആശ്രയിച്ചിരുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാൻപോലും കഴിയാതെ തൊഴിലാളികൾ വലയുന്നു.

തെക്കേ കൊല്ലങ്കോട് പരുത്തിയൂർ വി. മറിയം മഗ്ദലേന പള്ളിയുടെ സെമിത്തേരിമതിൽ കൂറ്റൻ തിരമാലകളുടെ ആഘാതത്തിൽ തകർന്നു. കല്ലറകളടക്കം കടലെടുക്കുന്ന ഭീഷണിയിലാണ് ഇവിടം. പരുത്തിയൂർപ്രദേശത്തെ അഞ്ചോളം വീടുകൾ പൂർണമായും തകർന്നുവീണു.പ്രദേശത്ത് തീരശോഷണം തടയുന്നതിനായി വിഭാവനം ചെയ്ത തെക്കേ കൊല്ലങ്കോട് മുതൽ പരുത്തിയൂർ വരെയുള്ള പുലിമുട്ട് നിർമാണം അനന്തമായി നീളുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. ശക്തമായ കാലവർഷം മുന്നിൽ നിൽക്കെ, നിർമാണപ്രവർത്തനങ്ങളിലെ അനാസ്ഥ തീരവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അടിയന്തരമായി കടൽഭിത്തി ബലപ്പെടുത്താനും പുലിമുട്ട് നിർമാണം വേഗത്തിലാക്കാനും അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.