നെയ്യാറ്റിൻകര : നെയ്യാറ്റിൻകര കോടതി-കന്നിപ്പുറം അപ്രോച്ച് റോഡിൽ വീണ്ടും പൈപ്പ് പൊട്ടി. നിർമാണത്തിലിരിക്കുന്ന കന്നിപ്പുറം പാലത്തിലേക്ക്‌ കോടതിയിൽനിന്നാരംഭിക്കുന്ന അപ്രോച്ച് റോഡിലാണ് തിങ്കളാഴ്ച രാത്രിയോടെ പൈപ്പ് പൊട്ടിയത്.

To advertise here,

ഒരാഴ്ചമുൻപ് ഇതേ റോഡിൽ പൈപ്പിടാനെടുത്ത ചാൽ മണ്ണിട്ടുമൂടാത്തതുകാരണം മഴയത്ത് റോഡ് ചെളിക്കുളമായി മാറിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയ വിവരം നാട്ടുകാർ ജല അതോറിറ്റിയെ അറിയിച്ചെങ്കിലും അവരെത്തി വാൽവ് അടയ്ക്കാൻ വൈകിയത് റോഡിൽ വെള്ളക്കെട്ടിന് ഇടയാക്കി.

നെയ്യാറിലെ കന്നിപ്പുറം കടവിലാണ് പാലം പണി നടക്കുന്നത്. നെയ്യാറ്റിൻകര നഗരത്തെ ഇരുമ്പിൽ പ്രദേശവുമായി പെട്ടെന്ന് ബന്ധിപ്പിക്കുന്നതാണ് കന്നിപ്പുറം പാലം. പാലത്തിനായി ഇരുവശത്തും അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുത്തിരുന്നു. ഇവിടെ ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പും കെ.എസ്.ഇ.ബി.യുടെ കേബിളും സ്ഥാപിച്ചാലേ അപ്രോച്ച് റോഡ് നിർമാണം ആരംഭിക്കാൻ കഴിയൂ.

നവരാത്രി ഉത്സവകാലത്തിനു മുൻപായി ജല അതോറിറ്റി പൈപ്പിടൽ തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. ഇതിനിടെയാണ് സർവീസ് ലൈനിൽ ചോർച്ചയുണ്ടായത്. ജല അതോറിറ്റിക്കാർ കുത്തിപ്പൊളിച്ചിട്ട റോഡിൽ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ചതോടെ റോഡ് കുളമായി മാറിയിരിക്കുകയാണ്. കോടതിസമുച്ചയത്തിനുള്ളിലെ റോഡാണ് ജല അതോറിറ്റി കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്. പൈപ്പിടൽ വൈകുന്നത് ഈ പ്രദേശത്ത് കുടിവെള്ളവിതരണത്തെയും ബാധിക്കുകയാണ്.