പാലോട് : കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി കാടുകയറി നശിക്കുന്നു. കെട്ടിടങ്ങൾ കാടുമൂടി ഇഴജന്തുക്കളുടെ താവളമായി.

To advertise here,

പാലോടിന്റെ ഹൃദയഭാഗത്താണ് കെ.എസ്.ആർ.ടി.സി.യുടെ ഭൂമിയും ബസ് ഗാരേജും കെട്ടിടങ്ങളും ആർക്കും വേണ്ടാതെ കാടുകയറുന്നത്. തെങ്കാശിപ്പാതയിൽ മൂന്നേക്കറോളം ഭൂമിയും ആദ്യകാല ഓഫീസ് കെട്ടിടവും ഗാരേജുമാണ് കൺമുന്നിൽ കൂപ്പുകുത്തുന്നത്.

ഏറെ തർക്കങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് നന്ദിയോട് പഞ്ചായത്തിൽ നിന്നും പെരിങ്ങമ്മല പഞ്ചായത്തിലേക്ക് ഡിപ്പോ മാറ്റിയത്.

നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും വിവിധ കാലയളവിലായി രണ്ടു കോടിയിലേറെ രൂപ പഴയ ബസ് സ്റ്റാൻഡ്‌ സംരക്ഷണത്തിനും നവീകരണത്തിനുമായി ചെലവഴിച്ചിട്ടുണ്ട്.

വാമനപുരം ആറിന്റെ വശത്തായതിനാൽ വെള്ളപ്പൊക്കത്തിൽ കെട്ടിടം ഇടിയാതിരിക്കാൻ ലക്ഷങ്ങൾ ചെലവിട്ടാണ് പാർശ്വഭിത്തി നിർമിച്ചത്. എന്നാൽ ഇപ്പോൾ ഓഫീസ് കെട്ടിടം ജീർണാവസ്ഥയിലാണ്.

വാതിലുകളും ജനലുകളും പല കാലങ്ങളിലായി മോഷണം പോയി. എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന നിലയിലാണ് ഗാരേജ്.

ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കണം

നന്ദിയോട് മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.രവീന്ദ്രനാഥിന്റെ ഭരണകാലത്താണ് ബസ് സ്റ്റാൻഡിന്‌ ഭൂമി വാങ്ങി നൽകിയത്. കെട്ടിടങ്ങൾ നിർമിച്ച് നൽകിയതും പാർശ്വഭിത്തി നിർമിച്ചതും ഇതേകാലത്താണ്.

ഡിപ്പോ ഇവിടെനിന്ന് മാറ്റിയതോടെ കോടികൾ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും അന്യാധീനപ്പെട്ടു. ബസ് സ്റ്റാൻഡ്‌ മാറ്റുന്നത് കോടതി തടയുമെന്ന ഘട്ടത്തിൽ ഓപ്പറേറ്റിങ് സെന്റർ നിലനിർത്തുമെന്ന് കെ.എസ്.ആർ.ടി.സി.യുടെ അന്നത്തെ എം.ഡി. അടക്കമുള്ള ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒന്നും നടന്നില്ല. നിലവിൽ പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങൾ നിർമിച്ച് കെ.എസ്.ആർ.ടി.സി.യുടെ കീഴിൽ ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പഴയ കെട്ടിടങ്ങൾ സമൂഹവിരുദ്ധകേന്ദ്രം

കാടുകയറിയ പഴയ കെട്ടിടം അനധികൃത വാഹന പാർക്കിങ് കേന്ദ്രമാണിപ്പോൾ. ചരക്ക് ലോറികൾ ഉൾപ്പെടെ ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമാണ്.

തൊട്ടടുത്ത് പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിലും വില്ലേജ് ഓഫീസിലും സമീപത്തെ വീടുകളിലുമുള്ളവർ ഭയപ്പാടോടെ കഴിയേണ്ട സ്ഥിതിയാണ്. സന്ധ്യമയങ്ങിയാൽ ഇവിടം സമൂഹവിരുദ്ധരുടെ താവളമാണ്.