ആലപ്പുഴ : ആലപ്പുഴയെന്നാൽ പുരവഞ്ചിയും കായലോരസഞ്ചാരവും മാത്രമായി ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുമ്പോൾ ഈ നാടിന്റെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താതെപോകുകയാണ്. ഒരു കാലത്ത് തുറമുഖനഗരമായിരുന്ന ആലപ്പുഴ വീണ്ടും പൈതൃക തുറമുഖ നഗരത്തിലേക്കു പോകുന്നതിനുള്ള പദ്ധതികൾക്കു തുടക്കമിട്ടെങ്കിലും ഒന്നുമായില്ല. കനാലുകളാൽ ചുറ്റപ്പെട്ട നഗരം കിഴക്കിന്റെ വെനീസ് എന്നപേരിൽ അറിയപ്പെടുന്നുണ്ടെങ്കിലും അതിന്റെ സാധ്യതകളും പ്രയോജനപ്പെടുത്താൻ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. വർഷാവർഷം കനാലുകളിൽനിന്നു പോളവാരലും കനാൽ സൗന്ദര്യവത്കരണമെന്ന പേരിൽ കൽക്കെട്ടു നിർമാണവുമൊക്ക നടക്കുന്നുണ്ട്. കയർവ്യവസായത്തിനു പേരുകേട്ട ആലപ്പുഴ ഇന്നറിയപ്പെടുന്നതുതന്നെ വിനോദസഞ്ചാരത്തിന്റെ പേരിലാണ്. എന്നാൽ, ഈ രംഗത്തു വലിയ വളർച്ച നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
നഗരം ഉയരുന്നു : ഒരു കാലത്ത് വാണിജ്യ വ്യവസായ കേന്ദ്രമായിരുന്നു ആലപ്പുഴ. തിരുവിതാംകൂർ ദിവാൻ രാജാകേശവദാസ് ആദ്യ തുറമുഖം നിർമിക്കുകയും നഗരത്തിലൂടെ കനാലുകൾ നിർമിക്കുകയും ചെയ്തതോടെയാണ് ആലപ്പുഴയ്ക്കു പുതിയമുഖമുണ്ടാകുന്നത്. ആലപ്പുഴ ബീച്ചിലെ ഇരുമ്പു കടൽപ്പാലം ആ പ്രതാപത്തിന്റെ ശേഷിപ്പായി നിൽക്കുന്നു. ഈ വ്യാപാരകേന്ദ്രം ക്ഷയിച്ചശേഷമാണ് ടൂറിസം നഗരമായി ആലപ്പുഴ ഉണരുന്നത്. കടൽപ്പാലം പുനുർനിർമിച്ച് പൈതൃക ടൂറിസം കേന്ദ്രമായി മാറ്റാൻ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും യാഥാർഥ്യമായിട്ടില്ല.
കെട്ടുവള്ളത്തിൽനിന്നു പുരവഞ്ചിയിലേക്ക് : ആലപ്പുഴയിൽ ചരക്കുഗതാഗതത്തിന് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത് കെട്ടുവള്ളങ്ങളാണ്. കായലിലുടെയായിരുന്നു പ്രധാനമായും ചരക്കുനീക്കം. റോഡുഗതാഗതം വികസിക്കുകയും കെട്ടുവള്ളങ്ങൾ ഉപയോഗശൂന്യമാകുകയും ചെയ്തതോടെയാണ് പുരവഞ്ചികൾ രംഗപ്രവേശംചെയ്യുന്നത്. കെട്ടുവള്ളങ്ങളെ സഞ്ചാരികളെ ആകർഷിക്കുന്നവിധം കെട്ടുംമട്ടും മാറ്റി അവതരിപ്പിച്ചപ്പോൾ പുരവഞ്ചി പിറന്നു. പിന്നീട് വിദേശികളും ആലപ്പുഴയിലെ കായലോരക്കാഴ്ചകൾ കാണാൻ പുരവഞ്ചിതേടി എത്തിത്തുടങ്ങി. എന്നാൽ, 2018-ലെ മഹാപ്രളയം പുരവഞ്ചിമേഖലയെ തകർത്തു. മാസങ്ങളോളം യാത്രകളില്ലാതെ കിടന്നു. സംരംഭകരും തൊഴിലാളികളും പ്രതിസന്ധിയിലായി. പിന്നാലെയെത്തിയ കോവിഡ് കൂനിന്മേലെ കുരുവായി. ഇതോടെ വിദേശികളടക്കമുള്ള സഞ്ചാരികൾ ആലപ്പുഴയെ കൈവിട്ടു. പിന്നീടുള്ള വർഷങ്ങളിൽ കിണഞ്ഞു പരിശ്രമിച്ചാണ് മേഖലയെ സർക്കാരും പുരവഞ്ചി ഉടമകളും ചേർന്ന് ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്. 2024-25 കാലഘട്ടത്തിൽ വീണ്ടും സഞ്ചാരികളുടെ എണ്ണം ഉയരാൻതുടങ്ങി. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് കുടുതലായി പുരവഞ്ചി സഞ്ചാരത്തിനെത്തുന്നത്. വിദേശികളുടെ എണ്ണം തീരെ കുറഞ്ഞത് കനത്ത തിരിച്ചടിയായി.
കായലിന്റെനിലവിളി : ജില്ലയിൽ ഔദ്യോഗികമായി ആയിരത്തഞ്ഞൂറിലധികം പുരവഞ്ചികളുണ്ട്. അനധികൃതമായി അതിലേറെ ഓടുന്നുണ്ട്. വേമ്പനാട്ടുകായലിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ് ഇന്നു പുരവഞ്ചികളുടെ എണ്ണം. രജിസ്ട്രേഷനില്ലാത്ത ബോട്ടുകളുടെഎണ്ണം കൂടി. ഡീസൽ മാലിന്യം, പുരവഞ്ചികളിൽനിന്നുള്ള മാലിന്യം എന്നിവയെല്ലാം കായലിന്റെ പാരിസ്ഥിതിക ഘടനയെയും ബാധിച്ചു. ഇതു തടയുന്നതിനുള്ള നടപടികളൊക്ക പദ്ധതികളിലൊതുങ്ങി. കായൽമലിനീകരണം തടയാൻ ഖര-ദ്രവ മാലിന്യ പ്ലാന്റുകൾ ഉടനടി സ്ഥാപിക്കണമെന്നതാണ് പുരവഞ്ചി ഉടമകളുടെ ആവശ്യം. പുരവഞ്ചികൾ സോളാറിലേക്കു മാറിയാൽ മറ്റു മാലിന്യ പ്രശ്നങ്ങൾക്കും പരിഹാരമാകും.
മാറണം ബീച്ചുകളും : പുരവഞ്ചിയാത്ര കഴിഞ്ഞാൽ പിന്നെ ആലപ്പുഴയിലെത്തുന്ന സഞ്ചാരികൾ തിരഞ്ഞെടുക്കുന്നത് ആലപ്പുഴ ബീച്ചാണ്. എന്നാൽ, പഴയ തുറമുഖത്തിന്റെ പ്രതാപക്കാഴ്ചകൾ തിരിച്ചുകൊണ്ടുവരാൻ ഭരണാധികാരികൾക്കു സാധിച്ചിട്ടില്ല. അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ വീർപ്പുമുട്ടുകയാണ് ബീച്ച്. ലൈറ്റ് ഹൗസും കടൽപ്പാലവും എന്നും സഞ്ചാരികളുടെ ഇഷ്ടയിടങ്ങളാണ്. പൈതൃകത്തിനൊപ്പം സുന്ദരകാഴ്ചകളും സൗകര്യങ്ങളുംകൂടി ഇവിടെയൊരുക്കിയാൽ സഞ്ചാരികൾക്ക് ഏറെ ഹൃദ്യമാകും ആലപ്പുഴ യാത്ര.
അർത്തുങ്കൽ, മാരാരിക്കുളം ബീച്ചുകളും പാതിരാമണലുമെല്ലാം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. എന്നാൽ, ശോച്യമാണ് ഇവിടങ്ങളിലെയും അവസ്ഥ. സർക്കാർ സംവിധാനങ്ങൾക്കൊപ്പം തദ്ദേശസ്ഥാപനങ്ങളും ഒപ്പംനിന്നാൽ മാത്രമേ പ്രാദേശിക ടൂറിസംകേന്ദ്രങ്ങൾക്കും ഉണർവുണ്ടാകുകയുള്ളൂ.
തീർഥാടനവും പൈതൃകവും : കായൽടൂറിസത്തിനും പുരവഞ്ചികൾക്കുമപ്പുറം ആലപ്പുഴയ്ക്ക് തീർഥാടന ടൂറിസത്തിന് വലിയൊരു സാധ്യതയുണ്ട്. എന്നാലതു പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളിലെല്ലാം ആയിരങ്ങളാണ് പ്രധാന ദിനങ്ങളിലെത്തുന്നത്. കൂടാതെ, കൃഷ്ണപുരം കൊട്ടാരം, പാതിരാമണൽ, കുട്ടനാട് യാത്രയുമെല്ലാം സഞ്ചാരികളെ ആകർഷിക്കുംവിധം നൽകാനായാൽ വലിയ നേട്ടമാണ്.
വള്ളംകളിയോളം : നെഹ്റുട്രോഫി വള്ളംകളി ഓഗസ്റ്റ് മാസത്തിലെ രണ്ടാംശനിയാഴ്ചയാണ് പതിവായി നടന്നുപോന്നിരുന്നത്. എന്നാൽ, രണ്ടുവർഷമായി പ്രകൃതിദുരന്തങ്ങൾമൂലം മറ്റൊരു തീയതിയിലാണ് മത്സരം നടത്തുന്നത്. ലോകസഞ്ചാരികളെ ആലപ്പുഴയിലേക്കാകർഷിക്കാൻ വള്ളംകളിയോളം മറ്റൊരു ഇനമില്ല. എന്നാൽ, അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച നെഹ്റുട്രോഫി കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർഷാവർഷം കുറഞ്ഞുവരുകയാണ്.
ആഗോളതലത്തിൽ വലിയ പ്രചാരണവും പരസ്യവും നൽകി സഞ്ചാരികളെ എത്തിച്ചാൽ വലിയ വരുമാനവും ടൂറിസം നേട്ടവും ജില്ലയ്ക്കുണ്ടാകും.
Published: 26 Oct 2026, 12:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented