കൈനകരി : കൈനകരിയിൽ കാർ തോട്ടിലേക്കു മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് ഒൻപതാം വാർഡ് തൊട്ടുവാത്തല ചാണാംപള്ളിയിൽ ഷിന്റോ (മണിക്കുട്ടൻ-27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. ഷിന്റോയുടെ വല്യമ്മയുടെ ഒരാണ്ട് ചടങ്ങിനു വീട്ടിലെത്തിയ ബന്ധുവിനെ കാറിൽ പുത്തൻതോട് ഭാഗത്ത് ഇറക്കിയശേഷം തിരികെ വരുംവഴിയാണ് അപകടം. പഞ്ചായത്ത് റോഡിൽനിന്ന് സമീപത്തെ പൗവ്വത്ത് തോട്ടിലേക്ക് കാർ മറിയുകയായിരുന്നു.

To advertise here,

 

ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് തലകീഴായിക്കിടന്ന കാറുയർത്തി ഷിന്റോയെ പുറത്തെത്തിച്ചത്. തുടർന്ന്, ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തോടിന് ആഴം കൂടുതലായിരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

പിതാവ്: ജോഷി (റിട്ട. സൈനികൻ). മാതാവ്: ഷിബി. ഭാര്യ: അഞ്ജിത. ഏക മകൾ: മിൻഹ (ഏഴുമാസം). സഹോദരൻ: ഷിദിൻ. നെടുമുടി പോലീസ് മേൽനടപടി സ്വീകരിച്ചു.