രാമൻ മുതലാളി കളവംകോടത്തെ സംരക്ഷിച്ചോ?

To advertise here,

ചേർത്തല : പുന്നപ്ര-വയലാർ സമരത്തിൽ തൊഴിലാളിശക്തികേന്ദ്രമായിട്ടും കളവംകോടത്തു പട്ടാളം ഇറങ്ങിയില്ല. എട്ടുപതിറ്റാണ്ടു പിന്നിടുമ്പോഴും ഇതിന് കൃത്യമായ ഉത്തരം ആയിട്ടില്ല. കളവംകോടത്തെ കയർ ഫാക്ടറി ഉടമയും പ്രമാണിയുമായിരുന്ന രാമൻ മുതലാളിയുടെ സഹായം ഇതിനു പിന്നിൽ ഉള്ളതായ സൂചനകൾ ചില പുസ്തകങ്ങളിൽ തെളിയുന്നുണ്ട്.

ദിവാനും ജന്മിമാർക്കുമെതിരേ ശക്തമായ തൊഴിലാളി മുന്നേറ്റം നടന്നിട്ടും പട്ടാള കല്പന ലംഘിച്ചു തൊഴിലാളികൾ സംഘടിച്ചിട്ടും പട്ടാളം കളവംകോടത്തിനുനേരേ തോക്കുചൂണ്ടിയില്ല. വയലാറുമായി അതിരിടുന്ന പുല്ലഞ്ചിറ കായലിലൂടെ പട്ടാളം ളളതലയിലേക്കു നീങ്ങിയിട്ടും വിളിപ്പാടകലെയുള്ള കളവംകോടം ക്യാമ്പിനെ തിരഞ്ഞില്ല. പോരാട്ടത്തിൽ വയലാറിനും ഒളതലയ്ക്കും ഒപ്പം പ്രാധാന്യമുണ്ട് കളവംകോടത്തിനും. വയലാർ ക്യാമ്പിൽ ഉൾപ്പെട്ടു വെടിയേറ്റു മരിച്ചവരിലും പരിക്കേറ്റവരിലും കളവംകോടത്തുകാരും ഒട്ടേറെപ്പേരുണ്ട്.

ഒക്ടോബർ 22-നു അനിശ്ചിതകാല തൊഴിലാളി സമരം പ്രഖ്യാപിച്ചപ്പോൾ കളവംകോടത്തു സമരാനുകൂല പ്രകടനങ്ങൾ നടന്നു. ഇതേത്തുടർന്നു ഇടത്തിശ്ശേരിയിൽ തുടങ്ങിയ തൊഴിലാളി ക്യാമ്പിൽ പട്ടാളത്തെ നേരിടാനുറച്ച് 250-നു മേൽ തൊഴിലാളികൾ ഉണ്ടായിരുന്നു.

ജന്മിയും പ്രമാണിയുമെങ്കിലും തൊഴിലാളികളോടു മമത പുലർത്തിയായിരുന്നു രാമൻ മുതലാളിയുടെ പ്രവർത്തനങ്ങൾ. ദിവാനും ജന്മിമാർക്കുമെതിരേ സംഘടിച്ച ഇടത്തിശ്ശേരി ക്യാമ്പിലേക്ക് ഭക്ഷണത്തിനുള്ള സാമഗ്രികൾ എത്തിച്ചത് രാമൻ മുതലാളി ആയിരുന്നെന്ന് എം.ഇ. ആർതറുടെ ‘വയലാർ സമരം അറിയപ്പെടാത്ത ഏടുകൾ’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. സമരനായകരായിരുന്ന സി.കെ. കുമാരപ്പണിക്കരുമായും ടി.വി. തോമസുമായും സൗഹൃദബന്ധങ്ങൾക്കുമപ്പുറം കളവംകോടത്തെ തൊഴിലാളികളോടുള്ള സ്നേഹവും ഇതിൽ തെളിഞ്ഞിരുന്നു. പ്രമാണിയെന്ന നിലയിൽ പട്ടാളത്തിൽ നിന്നു കളവംകോടത്തെ സംരക്ഷിക്കാനുള്ള ഇടപെടലുകൾ നടത്തിയതായ സൂചനകളും പുസ്തകത്തിൽ ചിതറിക്കിടക്കുന്നുണ്ട്.

സമരശേഷവും രാമൻ മുതലാളിയും തൊഴിലാളി സമൂഹവും തൊഴിലാളിയും മുതലാളിയുമായി കലഹിച്ചു തന്നെ മുന്നോട്ടു പോയെങ്കിലും സമരത്തിൽ തൊഴിലാളി പക്ഷം നിന്നതിന്റെ പേരിൽ രാമൻ മുതലാളിയെ പ്രമാണിസമൂഹം ഒറ്റപ്പെടുത്തിയതായാണ് വിവരം.

കാലം പിന്നിട്ടപ്പോൾ തന്റെ കയർ ഫാക്ടറി തൊഴിലാളികളുടെ സഹകരണ സൊസൈറ്റിക്കു രാമൻ മുതലാളി കൈമാറി എന്നതും ചരിത്രം