ചേർത്തല : എക്സ്-റേ കവലയിൽ ഗതാഗതക്കുരുക്കു മുറുകുമ്പോഴും കാനയുടെ തകരാർ പരിഹരിക്കുന്നതു നീളുന്നു. നിലവിൽ എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന സർവീസ് റോഡിനോടു ചേർന്ന കാനയുടെ മൂടിയാണു തകർന്നത്. സർവീസ് റോഡിൽ രണ്ടുവരിയായി വരുന്ന വാഹനങ്ങൾ കാന തകർന്ന ഭാഗത്ത് ഒറ്റവരിയായി മാറുമ്പോൾ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. ഇവിടെ തകർന്നുകിടക്കുന്ന റോഡിന്റെ പുനർനിർമാണത്തിലും നടപടിയായിട്ടില്ല.
പരാതികളുടെ അടിസ്ഥാനത്തിൽ ഗതാഗത എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തി അടിയന്തരമായി കാനയുടെ മൂടി പുനഃസ്ഥാപിക്കാൻ കരാർ കമ്പനിക്കു നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതിലൂടെ കുടിവെള്ളക്കുഴൽ കടന്നുപോകുന്നതിനാൽ അവരുടെ സാന്നിധ്യത്തിലേ അറ്റകുറ്റപ്പണി നടത്താനാകൂവെന്ന നിലപാടിലാണ് കരാർ കമ്പനി. മണിക്കൂറുകൾക്കുള്ളിൽ പരിഹരിക്കാവുന്ന തകരാറാണ് വലിച്ചുനീട്ടുന്നതെന്ന വിമർശം ഉയർന്നിട്ടുണ്ട്. നഗരസഭയും ട്രാഫിക് പോലീസും ഇതേ ആവശ്യവുമായി കഴിഞ്ഞദിവസം കരാർകമ്പനിക്കു നിർദേശം നൽകിയിരുന്നു.
ഇവിടെ കുരുക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പലസമയത്തും 30-45 മിനിട്ടുവരെ കുരുക്ക് നീളുന്ന സ്ഥിതിയുണ്ട്. വാഹനങ്ങളുടെ നിര പതിനൊന്നാം മൈലും കടന്ന് മായിത്തറ വരെയാണ് നീളുന്നത്. നഗരസഭ ഇടപെട്ട് വിളിച്ചുകൂട്ടിയ സംയുക്തയോഗത്തിന്റെ തീരുമാനപ്രകാരം പണികഴിഞ്ഞ ഭാഗത്തെ ബാരിക്കേഡുകൾ ഭാഗികമായി നീക്കിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായിട്ടില്ല.
Published: 25 Oct 2026, 02:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented