ബുധനൂർ : ഇലഞ്ഞിമേൽ വള്ളിക്കാവ് ക്ഷേത്രാങ്കണത്തിലെ വാനരന്മാരെ കാണാൻ കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി സ്‌കൂളിലെ കുട്ടികൾ എത്തിയത് കൗതുകമായി. വെള്ളിയാഴ്ച രാവിലെയാണ് ശ്രീഭുവനേശ്വരി സ്‌കൂളിലെ എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളിലെ നൂറ്റിയഞ്ചോളം കുട്ടികൾ അധ്യാപകരുമായി പ്രകൃതിയോട് ഇണങ്ങിച്ചേർന്നു നിൽക്കുന്ന വള്ളിക്കാവ് ദേവീക്ഷേത്രത്തിൽ എത്തിയത്.

To advertise here,

ഏകദേശം 10 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്രസമുച്ചയത്തിലെ എട്ടേക്കറോളം വരുന്ന മനോഹരമായ കാവിൽനിന്ന്‌ ഇറങ്ങിവന്ന വാനരന്മാർക്കു മുന്നിൽ കുട്ടികൾ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് കളിച്ചും ചിരിച്ചും അവർക്കൊപ്പം കൂടി. പഴവർഗങ്ങളും കപ്പലണ്ടികളും നൽകിയതോടെ അവർ കളിക്കൂട്ടുകാരായി മാറി. ഒന്നരമണിക്കൂറോളം ക്ഷേത്രാങ്കണത്തിൽ ചെലവഴിച്ചുകൊണ്ടുള്ള കുട്ടികളുടെ ഈ ആഹ്ളാദയാത്രയിൽ പങ്കുചേരാൻ ബുധനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. പ്രമോദ് കുമാർ, വൈസ് പ്രസിഡന്റ് ശ്രീജാ ശ്രീകുമാർ, വാർഡംഗം അശ്വതി എന്നിവരും എത്തിയിരുന്നു. കുട്ടികളെയും അധ്യാപകരെയും ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഗോപൻ സ്വീകരിച്ചു.

ഭുവനേശ്വരി സ്‌കൂൾ സെക്രട്ടറി ഗണേഷ്‌കുമാർ, അധ്യാപികമാരായ എം.എസ്. രാജേശ്വരി, പ്രീതാ പ്രദീപ്, ജി. കൃഷ്ണപ്രിയ, ധന്യ രംഗൻ, എസ്. ശ്രുതി, പി.ടി.എ. അംഗം മനു മാന്നാർ എന്നിവർ കുട്ടികളുടെ യാത്രയ്ക്കു നേതൃത്വം നൽകി.