കൊരട്ടി : കൊരട്ടി മുത്തിയുടെ പുണ്യംതേടി പൂവൻകുലകളുമായി ഇടവക വിശ്വാസികളെത്തി. കുടുംബയുണിറ്റുകൾക്കു പുറമേ ഈ ദിവസങ്ങളിലായി മർച്ചന്റ്സ് അസോസിയേഷൻ, കൊരട്ടി പോലിസ്, ലയൺസ് ക്ലബ്ബ്, ടാക്സി യൂണിയൻ, വൈ.എം.സി.എ. അടക്കം ഒട്ടേറെ സംഘടനകളും വ്യക്തികളും പൂവൻകുല സമർപ്പണത്തിനെത്തിയിരുന്നു. ഒരോ തിരുനാളിനും എതാണ്ട് 55 മുതൽ 60 ടൺവരെ പൂവൻകുലകളാണ് വേണ്ടിവരുക.

To advertise here,

നാട്ടിൽനിന്നെത്തിക്കുന്ന കുലകൾക്കുപുറമേ തമിഴ്നാട്ടിൽനിന്നാണ് കൂടുതൽ കുലകൾ എത്തിക്കാറ്. ഇത്തവണ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ പള്ളി അധികൃതർ നേരിട്ടെത്തി കുലകളെത്തിക്കാനുള്ള ക്രമീകരണം നടത്തി. നേരത്തേ സ്വന്തം നിലയിലുള്ള വിളവ് ലക്ഷ്യമിട്ട് പള്ളിയിൽനിന്ന് ആവശ്യക്കാർക്ക് രണ്ട് വാഴവിത്തുകൾ കൈമാറിയിരുന്നു.

വിവിധ കുടുംബയൂണിറ്റുകളിൽനിന്നെത്തിച്ച കുലകൾ പള്ളി വികാരി ജോൺസൺ കക്കാട്ട്, ഫാ. ലിജോ കുറിയോടൻ, ഫാ. അമൽ ഒളാട്ട്, ഫാ. ജോമോൻ കൈപ്രമ്പാടൻ, ഫാ. ആന്റണി പുതുകുളങ്ങര എന്നിവർ എറ്റുവാങ്ങി. പൂവൻകുല സമർപ്പണത്തിന് കുടുംബയൂണിറ്റ് കേന്ദ്രസമതി വൈസ് ചെയർമാൻ ജോയ് മറ്റത്തിൽ, ഭാരവാഹികളായ ജസ്റ്റിൻ വർഗീസ്, ഡെയ്‌സൻ കോട്ടയ്ക്കൽ, ലിസി ആന്റോ വെളിയത്ത് എന്നിവർ നേതൃത്വം നൽകി.

പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് കൈക്കാരന്മാരായ ജോമോൻ പള്ളിപ്പാട്ട്, റിജോ റാഫേൽ, ഡോ. ജോജാ നാലപ്പാട്ട് എന്നിവർ നേതൃത്വം നൽകി.