കറ്റാനം : സെയ്ന്റ് സ്റ്റീഫൻസ് എൽ.പി. സ്‌കൂളിലെ ക്ലാസുകളുടെ നഷ്ടപ്പെട്ട അംഗീകാരം വീണ്ടും ലഭ്യമാക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം. ലിജു പറഞ്ഞു. ഞായറാഴ്ച രാവിലെ സ്‌കൂൾ സന്ദർശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടറെ നേരിൽക്കണ്ട് ക്ലാസുകളുടെ അംഗീകാരം വാങ്ങുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്ന്‌ സ്കൂൾ മനേജ്‌മെന്റിനും രക്ഷിതാക്കൾക്കും മന്ത്രി ഉറപ്പുനൽകി. രണ്ടും നാലും ക്ലാസുകൾ പ്രവർത്തിക്കുന്ന മുറികൾക്കു മാത്രമാണ് നിലവിൽ ഫിറ്റ്‌നസുള്ളത്. ഡിസംബർ 31 വരെയാണ് ഇവയ്ക്കും ഫിറ്റ്‌നസുള്ളത്. രണ്ടും നാലും ക്ലാസുകൾ പ്രവർത്തിക്കുന്ന ക്ലാസ്‌മുറികളുടെ ഫിറ്റ്‌നസ് കാലാവധി 2017 മാർച്ച് 31 വരെ നീട്ടിനൽകുന്നതിനുള്ള ഇടപെടൽ നടത്തുകയും അക്കാര്യം ഉറപ്പുവരുത്തുകയും ചെയ്യും. പുതിയ കെട്ടിടം നിർമിക്കുന്നതിനുവേണ്ട നടപടികളുമായി മുന്നോട്ടുപോകാൻ മാനേജ്‌മെന്റ് പ്രതിനിധികൾക്കും രക്ഷിതാക്കൾക്കും മന്ത്രി നിർദേശം നൽകി. കെട്ടിടനിർമാണത്തിനു വേണ്ട സാമ്പത്തിക സഹായമടക്കം ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.

To advertise here,

ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 41 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അംഗീകാരം നഷ്ടമായതോടെ രണ്ടാഴ്ചയിലധികമായി ഒന്ന്, മൂന്ന് ക്ലാസുകളിലെ 18 കുട്ടികൾ സ്‌കൂളിലെത്തിയിരുന്നില്ല. മറ്റ് സ്‌കൂളുകളിൽ ഇവർ പ്രവേശനം നേടുകയും ചെയ്തില്ല. ഇതോടെ ഒന്ന്, മൂന്ന് ക്ലാസുകളിലെ 18 കുട്ടികളുടെ പഠനം പ്രതിസന്ധിയിലായിരുന്നു. നിലവിൽ പ്രധാനാധ്യാപിക ഉൾ​പ്പെടെ രണ്ട് അധ്യാപകർ മാത്രമാണ് സ്‌കൂളിലുള്ളത്. ഒന്നും മൂന്നും ക്ലാസുകളിൽ പഠിപ്പിക്കുന്നതിനായി മുൻപുണ്ടായിരുന്ന താത്കാലിക അധ്യാപികമാരെ വീണ്ടും ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചിരുന്നു.