ചെങ്ങന്നൂർ : പ്രളയത്തിൽ വെള്ളംകയറിയ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും സാമ്പത്തികസഹായം നൽകാനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ കൃഷിനാശം സംഭവിച്ച കർഷകർക്ക് സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. പ്രളയത്തിൽ കരക്കൃഷി വ്യാപകമായിട്ടാണ് നശിച്ചത്. വാഴക്കർഷകർക്കാണ് നഷ്ടം കൂടുതൽ. വെള്ളംകയറിയ സ്ഥലങ്ങളിലെ വാഴകൾ വീണുകൊണ്ടിരിക്കുകയാണ്. ഇതിൽ കുലയ്ക്കാറായവയും ഉൾപ്പെടും. പാണ്ടനാട് വടക്ക് മുക്കത്ത് എം.എ. തോമസിന്റെ 100 വാഴകൾ പൂർണമായും നശിച്ചനിലയിലാണ്. കൂടാതെ, 400 മൂട് കപ്പയും ചേനയും വെള്ളംകയറി നശിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചുപോയതല്ലാതെ നഷ്ടപരിഹാരം എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം വൈകുമെന്നാണ് കൃഷിവകുപ്പധികൃതർ പറയുന്നത്. ഇതിനുള്ള അപേക്ഷകൾ കർഷകർ കൃഷിവകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായി സമർപ്പിക്കണം. ശേഷം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന, ജിയോ ടാഗിങ് എന്നിവ നടത്തിയാണ് സഹായത്തിനു ശുപാർശചെയ്യുന്നത്. കാലവർഷക്കെടുതിയായതിനാൽ നഷ്ടപരിഹാരം അനുവദിക്കണമെങ്കിൽ സർക്കാർ തുകയനുവദിക്കണം. ഇക്കാര്യത്തിൽ കാലതാമസം കൂടാതെയുള്ള നടപടിയുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.
വെള്ളംകയറിയ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും 10,000 രൂപ വീതം നൽകാൻ റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സംഘം ഫീൽഡ് പരിശോധന നടത്തിവരുകയാണ്. സഹായധനം ഈമാസംതന്നെ വിതരണംചെയ്യുമെന്നാണ് റവന്യൂവകുപ്പധികൃതർ പറയുന്നത്. ഈ സാഹചര്യത്തിൽ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം.
Published: 06 Sept 2026, 01:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented