കല്ലടിക്കോട് : പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് മീൻവല്ലം പാതയിലെ 'ഇരുട്ടുകുഴി' പ്രദേശം അപകടഭീഷണിയാവുന്നു. തുപ്പനാട് പുഴയുടെ ഭാഗമായ ഈ മേഖലയിൽ ഇറങ്ങി വെള്ളത്തിൽ കളിക്കുന്നതും നീന്തുന്നതുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.
കഴിഞ്ഞ ദിവസം പാലക്കാട്ടുനിന്ന് എത്തിയ മൂന്നംഗ സംഘത്തിലെ യുവാവ് മുങ്ങിമരിച്ചതോടെ പ്രദേശത്തെ സുരക്ഷാ വീഴ്ചകൾ വീണ്ടും ചർച്ചയാവുകയാണ്. വൈകീട്ട് നാലുമണിക്ക് മീൻവല്ലം വനസംരക്ഷണ സമിതിയുടെ (വി.എസ്.എസ്) ടിക്കറ്റ് കൗണ്ടർ അടയ്ക്കുന്നതോടെ, വെള്ളച്ചാട്ടം കാണാൻ കഴിയാതെ നിരവധി പേർ മടങ്ങിപോകാറുണ്ട്. ചിലർ വിജനമായ ഇരുട്ടുകുഴി ഭാഗത്ത് ഇറങ്ങുന്നുമുണ്ട്.
ഒറ്റനോട്ടത്തിൽ ആഴമില്ലെന്ന് തോന്നുമെങ്കിലും വെള്ളത്തിനടിയിലെ പാറയിടുക്കുകളും അടിയൊഴുക്കുമാണ് ഇവിടെ അപകടകാരണം. മീൻവല്ലം ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉത്പാദനം ആരംഭിക്കുമ്പോൾ പെൻസ്‌റ്റോക്കിലൂടെ വെള്ളം കൂടുതൽ വരുകയും പുഴയിലെ ജലനിരപ്പ് ഉയരുകയും ചെയ്യും. ഇത് എല്ലാദിവസവും വൈകുന്നേരങ്ങളിലാണ് നടക്കുക. അതിനാൽ ആറുമണിക്കുശേഷം പുഴയിൽ വലിയ തോതിൽ ജലനിരപ്പ് ഉണ്ടാകാറുണ്ട്. പരിസരവാസികൾപോലും ഈ സമയങ്ങളിൽ പുഴയിലേക്ക് ഇറങ്ങാറില്ല.
കാടുപിടിച്ച പ്രദേശമായതിനാൽ വൈകുന്നേരങ്ങളിലും രാത്രിയും ഇവിടെ വന്യമൃഗങ്ങളുടെ സാന്നിധ്യവും ഭീഷണിയാണ്. മീൻവല്ലം ഗേറ്റിനകത്ത് വി.എസ്.എസ്. ജീവനക്കാരുടെ സുരക്ഷാ മേൽനോട്ടമുണ്ടെങ്കിലും വഴിയിലെ ഇത്തരം അപകടമേഖലകളിൽ ശ്രദ്ധിക്കാനാവില്ല. ഇരുചക്ര വാഹനങ്ങളിലും മറ്റുമെത്തുന്ന ദൂരദേശക്കാരായ സഞ്ചാരികൾ അപകടസാധ്യത അറിയാതെയാണ് പുഴയിലേക്കിറങ്ങുന്നത്. വഴിയിൽ പലയിടത്തായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ടതുണ്ട്. അപകടമേഖലയാണെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ പുഴയുടെ ആഴവും അപകടസാധ്യതയും ചൂണ്ടിക്കാണിക്കുന്ന നിർദേേശങ്ങൾ സഹിതം സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. സംരക്ഷണവേലിയും തെരുവ് വിളക്കുകളും ഒരുക്കണം.
പഞ്ചായത്തും വനംവകുപ്പുംചേർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും വിലപ്പെട്ട മനുഷ്യജീവനുകൾ ഇവിടെ പൊലിയുമെന്ന ആശങ്കയിലാണ് വനം സംരക്ഷണസമിതി പ്രവർത്തകരും നാട്ടുകാരും.
Published: 06 Sept 2026, 02:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented