ചേർത്തല : ചേർത്തല-മരുത്തോർവട്ടം റോഡിന്റെ 4.12 കോടിയുടെ പുനർനിർമാണം അനിശ്ചിതത്വത്തിൽ. ചെയ്യേണ്ട ജോലി ചെയ്യാതെ ജല അതോറിറ്റി ‘മുങ്ങി’യതാണ് നിർമാണത്തിനു തടസ്സമായത്. കേവലം മൂന്നുദിവസം കൊണ്ടു ചെയ്യേണ്ട ജോലിയാണ് ഒരു വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാത്തത്. ബജറ്റിൽ ഉൾപ്പെടുത്തി കഴിഞ്ഞവർഷം സംസ്ഥാന സർക്കാർ ഫണ്ടനുവദിച്ച് കരാർ നൽകിയ പദ്ധതിയാണ് ജല അതോറിറ്റിയുടെ നിസ്സംഗതയിൽ അനിശ്ചിതത്വത്തിലായത്.
സമാനതകളില്ലാത്ത നടപടി
ദേശീയപാതയ്ക്കു സമാന്തരമായ 2.91 കിലോമീറ്റർ റോഡ് കാനയും കല്ലുകെട്ടും ഉൾപ്പെടുത്തിയാണ് 4.12 കോടിരൂപ അനുവദിച്ചത്. ആറുമാസം മുൻപ് കരാറായി നാലുമാസം മുൻപ് കരാറുകാരൻ ജോലി ഏറ്റെടുത്തിരുന്നു. ഒരു വർഷം മുന്നേ അമൃത് പദ്ധതിക്കു പൈപ്പിടാനായി റോഡിന്റെ വശങ്ങൾ ജല അതോറിറ്റി പൊളിച്ചിരുന്നു. പൂർവസ്ഥിതിയിലാക്കി നൽകുമെന്ന വ്യവസ്ഥയിലായിരുന്നു പൊളിക്കാനുള്ള അനുമതി. പൈപ്പിടൽ കഴിഞ്ഞതുമുതൽ പൂർവസ്ഥിതിയിലാക്കാൻ പൊതുമരാമത്തു വകുപ്പു രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തില്ല. പദ്ധതിപ്രകാരം റോഡുനിർമാണത്തിനു മുൻപായി അളവെടുക്കാൻ ഇതു പൂർവസ്ഥതിയിലാക്കണം. ഇതു കാട്ടി ആവശ്യപ്പെട്ടിട്ടും ഇടപെട്ടില്ല.
വിവദമായതോടെ ‘മാതൃഭൂമി’ വാർത്ത നൽകി. തുടർന്ന്, പൂർവസ്ഥിതിയിലാക്കുന്ന ജോലികൾ ജലഅതോറിറ്റി തുടങ്ങിയെങ്കിലും ഒരുദിവസം മാത്രം ജോലിചെയ്ത് പൂർത്തിയാക്കാതെ മടങ്ങി. മൂന്നുദിവസം മാത്രം ചെയ്യാവുന്ന ജോലിയാണെന്നു ജലഅതോറിറ്റി തന്നെ വിലയിരുത്തിയതാണ്. മഴമാറിയിട്ടും നടപടികളായിട്ടില്ല. റോഡ് പൂർവസ്ഥിതിയിലാക്കി കണക്കെടുത്താലേ റോഡിന്റെ പുനർനിർമാണ കരാറുകാരനു ജോലി തുടങ്ങാനാകൂ.
ദുരിതം നാട്ടുകാർക്ക്
2.91 കിലോമീറ്റർ റോഡിലൂടെ യാത്രചെയ്യാൻ അപകടം മുന്നിൽകണ്ടിറങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ. യാത്രയിൽ എവിടെയെങ്കിലും അപകടത്തിൽപ്പെടുകയോ ചെളിയിൽ വീഴുകയോ ഉറപ്പാണ്. ദേശീയപാതയിൽ എക്സ്-റേ കവലയിൽ ഉയരപ്പാത പ്രവൃത്തികൾ നടക്കുന്നതിനാൽ റോഡു സമാന്തരമായി ഉപയോഗിക്കാവുന്നതാണ്. എന്നാൽ, നിലവിലെ റോഡിൽ നടക്കാൻപോലുമാകാത്ത സ്ഥിതിയാണ്. റോഡിൽ തകരാത്തഭാഗങ്ങൾ അപൂർവമാണ്. പലയിടത്തും അപകടകരമായാണ് കുഴികൾ. ഇതിനെതിരേ നാട്ടുകാർ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധവുമായെത്തുന്നുണ്ട്.
വികസനസമിതിയിൽ പൊട്ടിത്തെറിച്ച് എം.എൽ.എ.
ജല അതോറിറ്റി ഉദ്യോഗസ്ഥരാണ് റോഡു നിർമാണം അട്ടിമറിക്കുന്നതിനു പിന്നിലെന്ന് പി. പ്രസാദ് എം.എൽ.എ. ആരോപിച്ചു. ഇതിൽ അഴിമതിയുണ്ടെന്നുള്ള ഗുരുതര ആരോപണം എം.എൽ.എ. ജില്ല വികസനസമിതിയോഗത്തിൽ ഉയർത്തി. ജോലിചെയ്യാത്ത കരാറുകാരനെ സംരക്ഷിക്കുന്നതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധങ്ങളുണ്ടെന്നതാണ് തെളിയിക്കുന്നതെന്നും എം.എൽ.എ. ആരോപിച്ചു.
Published: 06 Sept 2026, 01:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented