മാങ്കാംകുഴി : നാല്പത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് തഴക്കര ഗ്രാമപ്പഞ്ചായത്തിലെ പുതുച്ചിറ, കൊമ്മ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനായി നിർമിച്ച സബ് കനാൽ ഇന്ന് മാലിന്യക്കൂമ്പാരമാണ്. ഇവിടത്തെ ഉപയോഗശേഷമുള്ള വെള്ളം നഷ്ടപ്പെടാതെ നൂറനാട് ഗ്രാമപ്പഞ്ചായത്തിലെ പെരുവേലിൽചാൽ പുഞ്ചയിലെത്തിക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള ബൃഹത്‌പദ്ധതി നാളിതുവരെ എങ്ങുമെത്തിയില്ല.
പുതുച്ചിറ, കൊമ്മ പാടശേഖരങ്ങളിൽ പതിറ്റാണ്ടുകളായി നെൽക്കൃഷിയില്ലാതെ തരിശുകിടക്കുന്നു. വേനൽക്കാലത്ത് വെട്ടിയാർ ഗവ. ആയുർവേദ ആശുപത്രിക്കു സമീപംവരെയുള്ള കനാൽ ഭാഗങ്ങളിൽ ചെറിയ അളവിൽ വെള്ളം തുറന്നുവിടാറുണ്ട്. ഇത് ജലക്ഷാമത്തിന് ഒരു പരിഹാരമാണ്. പെരുവേലിൽചാൽ പുഞ്ചയിലേക്കു വെള്ളമെത്തിക്കുന്നതിന് ഈ കനാലിനെ ആശ്രയിക്കേണ്ട കാര്യമില്ല. അതിനാൽ ഇതുവഴി വെള്ളമൊഴുക്കാനായി പി.ഐ.പി.യോട് ആരും ആവശ്യപ്പെടാറില്ല. അച്ചൻകോവിലാറിനു തീരത്തായതിനാൽ വേനൽക്കാലത്തുപോലും ആരും വെള്ളം ചോദിക്കാറില്ല.
മാങ്കാംകുഴി കോട്ടമുക്കിനു സമീപത്തുള്ള പി.ഐ.പി. ടണലിൽനിന്നു തുടങ്ങി തഴക്കര പഞ്ചായത്തിലെ ഏഴ്, എട്ട്, ഒൻപത് വാർഡുകളിലൂടെ നൂറനാട് പഞ്ചായത്തിലെ ഇടപ്പോൺ വരെ അഞ്ചു കി.മീ. ദൈർഘ്യത്തിലാണ് ഈ സബ് കനാൽ നിർമിച്ചിരിക്കുന്നത്. വെള്ളമൊഴുകാതായതോടെ കാലപ്പഴക്കത്താൽ മാലിന്യം നിറഞ്ഞ് തകർന്നുകിടക്കുന്നു. അറ്റകുറ്റപ്പണികൾക്കായി പി.ഐ.പി. തുകയും നൽകാറില്ല. പലയിടങ്ങളിലും സ്വകാര്യവ്യക്തികളുടെ കൃഷിഭൂമിക്കു നടുവിലൂടെയാണ് കനാൽ പോകുന്നത്. ഭൂമി സംരക്ഷിക്കുന്നതിനായി കനാലിനു കുറുകേ ഒട്ടേറെയിടങ്ങളിൽ വേലികെട്ടി അടച്ചിരിക്കുന്നു.
Published: 06 Sept 2026, 01:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented