ചിറ്റൂർ : പറമ്പിക്കുളം-ആളിയാർ ഗ്രൂപ്പ് ഡാമുകളിൽ സംഭരണശേഷിയേക്കാൾ വളരെക്കുറവ് വെള്ളം മാത്രം. ചിറ്റൂർപ്പുഴയുടെ സ്വാഭാവിക നീരൊഴുക്കും നിലച്ചതോടെ കിഴക്കൻമേഖലയിലെ കൃഷിയും ശുദ്ധജലവിതരണവും ആശങ്കയിലായി.
കാലവർഷം വൈകിയെത്തിയെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് കർഷകർ ഒന്നാംവിള ഇറക്കിയത്. എന്നാൽ, ഒരാഴ്ചയിലേറെയായി മഴ തീരേയില്ല. കനാൽവെള്ളവും ലഭിക്കാതായതോടെ കതിർ നിരന്നുതുടങ്ങിയ കൃഷിയിടങ്ങൾ വിണ്ടുകീറിത്തുടങ്ങി.
ആളിയാർ ഡാമിന്റെ പരമാവധി സംഭരണശേഷി 3.865 ടി.എം.സി. ആണ്. നിലവിലുള്ളത് 0.86 ടി.എം.സി. വെള്ളം മാത്രമാണ്. അതിൽത്തന്നെ ഉപയോഗിക്കാൻ കഴിയുന്നത് 0.5 ടി.എം.സി. ജലം മാത്രമാണ്.
ശനിയാഴ്ചവരെ ചിറ്റൂർ പുഴപദ്ധതിക്ക് 80 ക്യൂസെക്സ് വെള്ളം മാത്രമാണ് ലഭിച്ചതെന്ന് ചിറ്റൂർ പുഴ പദ്ധതി എക്സിക്യുട്ടീവ് എൻജിനിയർ കിരൺ എബ്രഹാം തോമസ് പറഞ്ഞു. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം സെപ്റ്റംബർ ആദ്യപകുതിയിൽ സെക്കൻഡിൽ 350 ഘനയടി വെള്ളമാണ് കേരളത്തിന് ലഭിക്കേണ്ടത്. എന്നാൽ, ലഭിക്കുന്നത് 80 ഘനയടി മാത്രമാണ്. ലഭിക്കുന്ന വെള്ളം മൂലത്തറയിൽനിന്ന് 10 സെന്റീമീറ്റർ പുഴയിലേക്കും ബാക്കി തമിഴ്നാട്ടിലെ ഏരികളിലേക്കുമാണ് തുറന്നുവിടുന്നത്.
നിലവിൽ, കുന്നംകാട്ടുപതിയിൽ വെള്ളമുള്ളതുകൊണ്ട് ശുദ്ധജല വിതരണത്തിന് പ്രയാസമില്ലാതെ പോകുന്നുണ്ടെന്നും എക്സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. എന്നാൽ, 80 ക്യൂസെക്സ് എന്ന തോതിൽ തന്നെയാണ് വരുംദിവസങ്ങളിലും വെള്ളം ലഭിക്കുന്നതെങ്കിൽ കുടിവെള്ളവിതരണം പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലും ചിറ്റൂരിന്റെ കിഴക്കൻ മേഖലയിലും ഇത്തവണ മഴ കുറഞ്ഞതാണ് പ്രതിസന്ധിക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.
ക്രമീകരണംവേണ്ടിവന്നേക്കും
പുഴയിലേക്ക് തുറക്കുന്ന വെള്ളം ശുദ്ധജലപദ്ധതികൾക്കു മാത്രമേ തികയൂ, കൃഷിക്ക് നൽകാൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. ഒന്നാംവിള ഇറക്കിയ കർഷകർ കൃഷിക്ക് വെള്ളം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ചിറ്റൂർ ജല അതോറിറ്റിക്കു കീഴിലുള്ള അഞ്ച് ശുദ്ധജലപദ്ധതികളിലൂടെയുള്ള വിതരണത്തിന് പ്രതിദിനം 60മുതൽ 70ദശലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യം. നിലവിലെ സ്ഥിതി തുടർന്നാൽ ആഴ്ചകൾക്കകം ശുദ്ധജലപദ്ധതികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാൻ ജലവിതരണത്തിൽ ക്രമീകരണം ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികൾ വേണ്ടിവന്നേക്കുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു.
Published: 06 Sept 2026, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented