പാലക്കാട് : ഗവ. മെഡിക്കൽകോളേജിൽ അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് ഉത്തരവിറക്കി കോളേജധികൃതർ. അടിസ്ഥാന ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൗസ് സർജൻസ് അസോസിയേഷൻ നടത്തുന്ന പണിമുടക്കിനിടെയാണ് ഉത്തരവിറക്കിയത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ മെഡിക്കൽകോളേജ് ഡയറക്ടർ ഡോ. ഒ.കെ. മണിയാണ് വകുപ്പുമന്ത്രിയുടെ നിർദേശാനുസരണം ഉത്തരവിറക്കിയത്. ഉത്തരവ് ഹൗസ് സർജൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി. ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ പണിമുടക്ക് ഞായറാഴ്ച ഒത്തുതീർപ്പായേക്കുമെന്നാണ് സൂചന.

To advertise here,

 

പട്ടികജാതി വികസനവകുപ്പിന്‌ കീഴിലുള്ള കോളേജിൽ ചൊവ്വാഴ്ചയാണ് ഹൗസ് സർജന്മാർ പണിമുടക്ക് ആരംഭിച്ചത്. ബുധനാഴ്ചമുതൽ അത്യാഹിത വിഭാഗത്തിലെ ഹൗസ് സർജന്മാരടക്കം പണിമുടക്കിൽ ചേർന്നിരുന്നു. മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സ്‌റേ, ഫാർമസി, ലാബ്, സി.ടി. സ്കാൻ സംവിധാനങ്ങൾ, അടിയന്തര ആവശ്യങ്ങൾക്കുള്ള മരുന്നുകൾ, മതിയായ ജീവനക്കാർ എന്നിവ യില്ലാത്ത സാഹചര്യത്തിൽ ഇവ ഉറപ്പാക്കാൻ നടപടി യെടുക്കണമെന്നായിരുന്നു ആവശ്യം. ബന്ധപ്പെട്ട അധികൃതർ നേരിട്ടെത്തുകയോ രേഖാമൂലം ഉറപ്പുനൽകുകയോ ചെയ്യുംവരെ സമരം തുടരുമെന്നായിരുന്നു അസോസിയേഷൻ നിലപാട്.

സ്വീകരിച്ച നടപടികൾ

അത്യാഹിത വിഭാഗത്തിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കി, മരുന്നുകളുടെ കുറവ് പരിഹരിച്ചു

എക്സ്‌റേ, ഇ.സി.ജി., ഫാർമസി സംവിധാനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കാൻ നടപടിയെടുത്തു. ഇതിനായി വെള്ളിയാഴ്ച മുതൽ മൂന്നുജീവനക്കാരെ കൂടുതൽ നിയോഗിച്ചു. കൂടുതൽ ജീവനക്കാരെ അടുത്തദിവസംതന്നെ അഭിമുഖം നടത്തി നിയമിക്കും.

എക്സ്‌റേ മെഷീൻ പ്രവർത്തനസജ്ജമാക്കി

രാജിസമർപ്പിച്ച ആശുപത്രി അഡ്മിനിസ്ട്രേഷൻ അധികാരികളുടെ രാജിക്കത്തുകൾ തുടർനടപടിക്കായി സർക്കാരിലേക്കയച്ചു

ആശുപത്രി പ്രവർത്തനത്തിൽ വീഴ്ചവരുത്തിയ ജീവനക്കാർക്ക് വ്യാഴാഴ്ച മെമ്മോനൽകി

അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനായി കമ്മിറ്റി രൂപവത്കരിച്ചു. യൂണിയൻ പ്രതിനിധി, പി.ടി.എ. പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കൃത്യമായി നിരീക്ഷിക്കും.

സി.ടി. മെഷീൻവാങ്ങി സ്ഥാപിക്കാനുള്ള നടപടിക്കായി കെ.എം.എസ്.സി.എൽ. അധികൃതരുമായി ചർച്ച നടത്തി.

മാർച്ച് നടത്തി

ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ ഹൗസ് സർജന്മാർ സിവിൽസ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥയിൽ ജില്ലയിലെ പട്ടികജാതിവികസന വകുപ്പ് ഓഫീസ് അധികൃതരും വകുപ്പുമന്ത്രിയും ജില്ലാ കളക്ടറും ഇടപെടൽ നടത്താത്തതിലും നടപടികളെടുക്കാത്തതിലും പ്രതിഷേധിച്ചാണ് സിവിൽസ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.

ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഗൗതം കൃഷ്ണ ഉദ്ഘാടനംചെയ്തു. മെഡിക്കൽകോളേജിൽനിന്ന് ആരംഭിച്ച മാർച്ച് സിവിൽസ്റ്റേഷൻ കവാടത്തിൽ പോലീസ് തടഞ്ഞു. മാർച്ചിനുശേഷം ശനിയാഴ്ച വൈകീട്ടോടെ കളക്ടർ കെ. സുധീറുമായി സംസാരിച്ചതായും മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ സൂചിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു.