പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം നിലകൊള്ളുന്ന സ്ഥലത്തിന് രേഖകളില്ലാത്തതുകാരണം ആശുപത്രി വികസനം തടസ്സപ്പെടുന്ന പ്രശ്‌നത്തിനു പരിഹാരമായി. സ്ഥലം സർക്കാരിലേക്കു നൽകിയിരുന്നെങ്കിലും കരമടച്ചിരുന്നത് സ്ഥലം വിട്ടുനൽകിയ വ്യക്തിയുടെ പേരിലായിരുന്നു.

To advertise here,

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഉടമ തൈക്കാട്ടുശ്ശേരി അയ്യനാട്ട് പാറായിൽ ആന്റണി തരകനാണ് സ്ഥലം സർക്കാരിലേക്കു രേഖാമൂലം വിട്ടുനൽകാൻ തയ്യാറായത്.

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം വിമൽ രവീന്ദ്രൻ സ്ഥലമുടമയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതോടയാണ് ഉടമ ഇതിന് സന്നദ്ധനായത്. രജിസ്‌ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ ചെയ്യുകയും ചെയ്തു.

ഇതുസംബന്ധിച്ചുള്ള ഇഷ്ടദാന രജിസ്‌ട്രേഷൻ ശനിയാഴ്ച പാണാവള്ളി സബ് രജിസ്ട്രാർ ഓഫീസിൽ നടന്നു. ആരോഗ്യവകുപ്പ് കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലാണ് 36 സെന്റ് സ്ഥലം രജിസ്റ്റർചെയ്തു നൽകിയത്.

 

ആശുപത്രി വളപ്പിൽ ആകെ 69 സെന്റ് സ്ഥലമാണുള്ളത്. 33 സെന്റ് സ്ഥലം അയ്യനാട്ടുപാറായിൽ കുടുംബം നേരത്തേ വിട്ടുനൽകിയതാണ്. നിലവിൽ ആശുപത്രി രേഖകളിലെ ഇല്ലായ്മ വികസനത്തിന് ഫണ്ടനുവദിക്കുന്നതിനെ ബാധിച്ചിരുന്നു.

നാഷണൽ ഹെൽത്ത് മിഷൻ വഴി അനുവദിച്ച തുകയും ഉപയോഗപ്പെടുത്താനായില്ല. ആശുപത്രിയിലെ പ്രധാന കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞാണു നിൽക്കുന്നത്.

അപകടംഭയന്ന് ഇതിനുള്ളിൽനിന്ന്‌ ഒ.പി. വിഭാഗത്തിന്റെ പ്രവർത്തനം മാറ്റി. എന്നിട്ടും ഫാർമസി, ലാബ്, ഡ്രസിങ് മുറി, ശൗചാലയങ്ങൾ എന്നിവ ഇതിനുള്ളിലുണ്ട്. ആശുപത്രിയുടെ സ്ഥലത്തിന് രേഖകളായ സ്ഥിതിക്ക് പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയത്

നിർമിക്കാനുള്ള വഴിയും തെളിഞ്ഞു. ആശുപത്രിയിൽ ഡോക്ടർമാരുടെ രാത്രികാല സേവനം നിലവിലില്ല. കൂടുതൽ കെട്ടിടങ്ങൾ നിർമിക്കുകയും ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും കൂടുതലായി നിയമിക്കുകയും ചെയ്താൽ ഇതു പുനഃസ്ഥാപിക്കാനാകും.

ആശുപത്രി സ്ഥലത്തിന് രേഖകളില്ലാത്തതുമൂലം വികസനം തടസ്സപ്പെടുന്നതു സംബന്ധിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു.