നിയന്ത്രണം വിട്ട മിനിലോറി ഡിവൈഡറിലേക്ക്‌ ഇടിച്ചുകയറി ഡ്രൈവർക്കും കൂടെയുള്ളയാൾക്കും പരിക്ക്

To advertise here,

കലവൂർ : ദേശീയപാതയിൽ കലവൂരിൽ രണ്ടിടത്തുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ദേശീയപാത മേൽപ്പാതയിൽ മണൽക്കൂനയിൽ തട്ടി കാർ തലകീഴായി മറിഞ്ഞു. ഡ്രൈവർ കണിച്ചുകുളങ്ങര സ്വദേശി വിനീതിനു പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. നിർമാണാവശിഷ്ടങ്ങളായ മെറ്റലും മണലും റോഡിന്റെ വലതുവശത്ത് കൂട്ടിയിട്ടിരുന്നു. ഇറക്കമിറങ്ങി വരുന്ന വഴി ഈ മണൽക്കൂനയിൽ തട്ടി കാർ തലകീഴായി റോഡിനു നടുവിലേക്ക് മറിയുകയായിരുന്നു. കാർ ഭാഗികമായി തകർന്നു. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്.

പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ പെട്ടെന്നു ബ്രെയ്‌ക്ക്‌ ചെയ്ത്‌ വെട്ടിച്ചുമാറ്റിയതിനാൽ വലിയ ദുരന്തമൊഴിവായി. വഴിവിളക്കില്ലാത്തതിനാൽ മണൽക്കൂന ഡ്രൈവർമാർക്ക് ദൂരെനിന്നു കാണാനാകില്ല. മുന്നറിയിപ്പു ബോർഡുമില്ല. അപകടംകണ്ട് നിർത്തിയ വാഹനങ്ങളിലുള്ളവരും പ്രദേശവാസികളും ചേർന്നാണ് കാർ മാറ്റിയത്.

കഴിഞ്ഞദിവസവും ഇതേസ്ഥലത്ത് സമാന അപകടമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. മേൽപ്പാതയിലേക്ക് കയറുന്ന മറുവശത്തെ റോഡിലും മണൽക്കൂനയുണ്ട്. ഇവിടെയും സൂചനാബോർഡില്ല. കൃപാസനത്തിനു മുൻവശം നിർമാണം നടക്കുന്ന ഭാഗത്ത് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു പതിവാണ്. ദേശീയപാതയ്ക്ക് ഇവിടെ വീതി കുറവാണ്.

കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി. ബസ് സ്കൂട്ടറിലിടിച്ച് സ്ത്രീക്കു പരിക്കേറ്റിരുന്നു.

കലവൂർ : മിനിലോറി നിയന്ത്രണംവിട്ട് ദേശീയപാതയ്ക്കും സർവീസ് റോഡിനുമിടയിലുള്ള സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി. ഡ്രൈവറുടെയും കൂടെയുണ്ടായിരുന്ന യാത്രക്കാരന്റെയും കാലൊടിഞ്ഞു. ചൊവ്വാഴ്ച രാവിലെ 9.30-ഓടെ ചെറിയകലവൂർ ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

സംരക്ഷണഭിത്തിയിൽ കുടുങ്ങിയ മിനിലോറിയുടെ മുൻവശം നാട്ടുകാർ വടംവെച്ച് വലിച്ചുനീക്കിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. എറണാകുളത്തുനിന്ന്‌ ആലപ്പുഴയിലേക്കു വാഹനങ്ങളുടെ ബാറ്ററിയുമായി പോയതായിരുന്നു മിനിലോറി. ആലപ്പുഴ, ചേർത്തല അഗ്നിരക്ഷാസേന സ്ഥലത്തെത്തി.