കുമളി : സംസ്ഥാനതല വനം-വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് തേക്കടിയിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിക്കും. ഒക്ടോബർ രണ്ടുമുതൽ എട്ടുവരെ വിപുലമായ പരിപാടികളോടെയാണ് ഇത്തവണ വാരാഘോഷം സംഘടിപ്പിക്കുന്നത്. വാരാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സെമിനാറുകളും നടക്കും.

To advertise here,

ഒക്ടോബർ അഞ്ചിന് രാവിലെ നടക്കുന്ന ബഹുജന റാലിക്കുശേഷം രാവിലെ 11-നാണ് ഉദ്ഘാടനസമ്മേളനം. വാരാഘോഷത്തിന്റെ മുന്നോടിയായി തേക്കടി ബാംബു ഗ്രോവിൽ ചേർന്ന ആലോചനായോഗം അഡ്വ. സിറിയക്ക് തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വന്യജീവികളുടെ ആവാസവ്യവസ്ഥയും സംരക്ഷണവും ഉറപ്പാക്കുന്നതുപോലെതന്നെ പ്രദേശവാസികളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു.

കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംഘാടനത്തിനായി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. മത്സരങ്ങൾ വൈകുന്നത് ഒഴിവാക്കുന്നതിനായി മത്സരദിവസങ്ങളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. യോഗത്തിൽ പി.ടി.ആർ. ഡെപ്യൂട്ടി ഡയറക്ടർ മിഥുൻ മോഹൻ, വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് ബാബു, എ.ഡി.സി.എഫ്. ആദർശ്, എ.എഫ്.ഡി. ലക്ഷ്മി ആർ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, ബ്ലോക്ക് പഞ്ചായത്തംഗം കെ. ഷെമീന, പി.ടി.സി.എഫ്. ഗവേണിങ് ബോഡി അംഗം ഷാജി കുരിശുംമൂട്, തേക്കടി റെയ്‌ഞ്ച് ഓഫീസർ ഫ്രാൻസിസ് എം.യോഹന്നാൻ, എ.കെ. രാമചന്ദ്രൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.