ഹരിപ്പാട് : കാർത്തികപ്പള്ളിത്തോടു വൃത്തിയാക്കാൻ ലക്ഷങ്ങളുടെ പദ്ധതികൾ പതിവാണ്. എന്നാൽ, പെരുമഴയത്തുപോലും തോട്ടിലൂടെ വെള്ളമൊഴുകില്ല. റോഡുഗതാഗതം വ്യാപകമാകുന്നതിനു മുൻപ്‌ ജില്ലയിലെ ഏറ്റവും പ്രധാന വാണിജ്യപാതയായിരുന്നു ഈ തോട്. ചരിത്രപരമായ പ്രാധാന്യവും തോടിനുണ്ട്. ‘മയൂരസന്ദേശ’ത്തിൽ പരാമർശിക്കപ്പെടുന്ന അതിപുരാതനമായ ജലസ്രോതസ്സാണിതെന്നും വിശ്വാസമുണ്ട്. കരുവാറ്റ കൊപ്പാറയിൽ തുടങ്ങി കായംകുളം കായലിലെത്തുന്നതാണ് കാർത്തികപ്പള്ളിത്തോട്. ആലപ്പുയ്ക്കും കൊല്ലത്തിനും മധ്യേ ചരക്കുനീക്കം ഇതുവഴിയായിരുന്നു. കാർത്തികപ്പള്ളിയിലെ കയർ പുറംലോകത്തെത്തിച്ചിരുന്നതും ഈ ജലപാതയിലൂടെയാണ്. ഒരുകാലത്ത് നൂറുകണക്കിനു കെട്ടുവള്ളങ്ങളാണ് ഇതുവഴി കടന്നുപോയിരുന്നത്. ഇന്നിപ്പോൾ കടലാസു തോണിപോലും പോകാത്തവിധത്തിൽ ഒഴുക്കുനിലച്ചും മാലിന്യംനിറഞ്ഞും കിടക്കുന്നു.

To advertise here,

ജലസേചനവകുപ്പ് രണ്ടുമാസം മുൻപ്‌ തോടു വൃത്തിയാക്കിയതാണ്. മാലിന്യം നീക്കുന്നതും മണ്ണെടുത്തു മാറ്റുന്നതുമുൾപ്പെടെയുള്ള ജോലികൾ നടന്നു. എന്നാൽ, ഇപ്പോൾ പഴയതിലും മോശമായ അവസ്ഥയാണ്. ഡാണാപ്പടി, കാർത്തികപ്പള്ളി ഭാഗങ്ങളിൽ വലിയതോതിൽ മാലിന്യം നിറഞ്ഞുകിടക്കുന്നു. ജില്ല പഞ്ചായത്തും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നേരത്തേ തോട് വൃത്തിയാക്കിയിരുന്നു. പിന്നീട് വിനോദസഞ്ചാരവകുപ്പിന്റെ പദ്ധതി നടപ്പാക്കി. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ഇടപെടലിലും തോടുസംരക്ഷണത്തിന് പദ്ധതിയുണ്ടായി. ഇതിനുശേഷം ജലസേചനവകുപ്പ്‌ പലപ്രാവശ്യം പണം ചെലവാക്കി. ഓരോ പദ്ധതി കഴിയുമ്പോഴും തോട് കൂടുതൽ ശോഷിക്കുകയാണ്.

ഹരിപ്പാട്ടെയും സമീപപ്രദേശങ്ങളിലെയും ഇറച്ചി, കോഴി കടകളിലെയും അവശിഷ്ടങ്ങൾ തോട്ടിലാണ് തള്ളുന്നത്. ഹരിപ്പാട് നഗരസഭയുടെയും കാർത്തികപ്പള്ളി, ചിങ്ങോലി, കുമാരപുരം, കരുവാറ്റ ഗ്രാമപ്പഞ്ചായത്തുകളുടെയും പരിധിയിൽ വരുന്ന പ്രദേശങ്ങളിലൂടെയാണ് തോടൊഴുകുന്നത്. മാലിന്യം തള്ളുന്നവർക്കെതിരേ ഈ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കുന്നില്ല. പലയിടങ്ങളിലും തോടു കൈയേറി കെട്ടിടങ്ങളും പാലങ്ങളും നിർമിച്ചിരിക്കുകയാണ്. ഇതിനെതിരേയും നടപടിയില്ല.