സാമഗ്രികളില്ലാത്തതിനാൽ നിലച്ച റോഡ് പണി തുടങ്ങുന്നു
മറയൂർ : കാന്തല്ലൂർ നിവാസികൾക്ക് ആശ്വാസമായി മറയൂർ കാന്തല്ലൂർ റോഡിൽ പയസ് നഗർ ആനക്കോട്ടപ്പാറ മുതൽ കാന്തല്ലൂർ വരെയുള്ള ഒൻപത് കിലോമീറ്റർ പാതയുടെ നവീകരണം വ്യാഴാഴ്ച പുനരാരംഭിക്കും. ഏഴുകോടി രൂപ ചെലവിലാണ് പാത നവീകരിക്കുന്നത്. രണ്ടുമാസം മുൻപ് ബിഎംബിസി നിലവാരത്തിൽ ടാറിങ് ആരംഭിച്ചിരുന്നെങ്കിലും തമിഴ്നാട് സർക്കാരിന്റെ തീരുമാനംമൂലം നിർത്തിവെയ്ക്കേണ്ടി വന്നു.അനധികൃത ക്വാറികൾ പൂട്ടുകയും മെറ്റലും എംസാൻഡും അടക്കമുള്ള നിർമാണ സാമഗ്രികൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതും മൂന്നുമാസത്തേക്ക് പൂർണമായി നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങിയതിനാലാണ് റോഡിന്റെ പണി നിർത്തിവെയ്ക്കേണ്ടി വന്നത്. പഴനിക്കുസമീപം പാപ്പംപട്ടിയിൽ ടാറിങ് മിക്സിങ് പ്ളാന്റ് സ്ഥാപിച്ച് ആവശ്യത്തിനുള്ള മെറ്റലും ടാറും പ്ളാന്റിൽ എത്തിച്ചിരുന്നു. നിലവിലുള്ള റോഡിലെ ടാറിങ് കുത്തിപൊളിച്ചു ലെവലാക്കിയതിന് ശേഷമാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.മെറ്റലും എം സാൻഡും കൊണ്ടുവരുന്നതിന് തടസ്സം ഉണ്ടെങ്കിലും ടാർ മിക്സിങ് കൊണ്ടുവരുന്നതിന് മന്ത്രിമാർ,തിരുപ്പൂർ, ദിണ്ഡുക്കൽ ജില്ല കളക്ടർമാർ തുടങ്ങി നിരവധിയാളുകളെ സമീപിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. നിലവിലെ റോഡ് പൊളിച്ചു മാറ്റിയതിനാൽ ഗതാഗതം കൂടുതൽ ദുഷ്കരമാവുകയും പ്രാദേശികമായി പ്രതിഷേധം ഉയരുകയും ചെയ്തു.
ഒടുവിൽ ഉടുമ്പൻചോലയിൽ പ്ളാന്റ് സ്ഥാപിച്ച് കോതമംഗലം പരിസരത്തുനിന്നും മെറ്റൽ എത്തിച്ച് ടാറിങ്ങിന്റെ ഒന്നാം ഘട്ടം പൂർത്തികരിക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സെപ്റ്റംബർ 22, 23 തീയതികളിൽ ഭാഗികമായും 24 മുതൽ ടാറിങ് പണി തീരും വരെ പൂർണമായും ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
Published: 24 Sept 2026, 02:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented