കുമളി : ശബരിമല തീർഥാടനകാലത്ത് കുമളിയിലെത്തുന്ന അയ്യപ്പഭക്തർക്കായി പരമാവധി സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

To advertise here,

സീസണിൽ കുമളി ടൗണിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ചേർന്ന പ്രഥമ ട്രാഫിക് കമ്മിറ്റി യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്.

വാഹനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് കുമളി ബസ്‌സ്റ്റാൻഡ് മുതൽ കുളത്തുപാലം വരെ റോഡിനിരുവശവും വാഹന പാർക്കിങ് പൂർണമായി നിരോധിക്കും.

നടപ്പാത കൈയേറിയുള്ള വ്യാപാരങ്ങൾക്ക് അനുമതി നൽകില്ലെന്നും താത്‌കാലിക കടകൾക്ക് പഞ്ചായത്ത് ലൈസൻസ് നൽകില്ലെന്നും ഭരണസമിതി വ്യക്തമാക്കി.

കൂടാതെ, ബസ്‌സ്റ്റാൻഡിൽനിന്ന് അമ്പാടിക്കവലവഴി ചെറിയ വാഹനങ്ങൾക്ക് വൺവേ ഏർപ്പെടുത്താനും കുമളി വണ്ടൻമേട് ജങ്ഷൻ, ഒന്നാംമൈൽ, ചെളിമട എന്നിവിടങ്ങളിലെ ബസ്‌സ്റ്റോപ്പുകൾ താത്‌കാലികമായി മാറ്റാനും അന്യസംസ്ഥാന ആഡംബര ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ആലോചനയുണ്ട്.

പദ്ധതികൾ നടപ്പാക്കുന്നതിനായി കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുടമ അസോസിയേഷൻ എന്നിവരുടെ അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്.

പോലീസ്, പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി. ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ യോഗം ഉടൻ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അറിയിച്ചു.

യോഗത്തിൽ പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി, വിവിധ രാഷ്ട്രീയ-സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.