വണ്ണപ്പുറം-ചേലച്ചുവട് പാതയിൽ അപകടങ്ങളും അവഗണനയും

To advertise here,

വണ്ണപ്പുറം : പേര് സംസ്ഥാന പാത, പക്ഷേ, പഞ്ചായത്ത്‌ റോഡിന്റെ പോലും പരിഗണനയില്ല.

ആലപ്പുഴ-മധുര സംസ്ഥാന പതയുടെ ഭാഗമായ വണ്ണപ്പുറം-ചേലച്ചുവട് റോഡിനോട് ആണ് ഇത്രയും അവഗണന.

റോഡിൽ ചീങ്കൽ സിറ്റിക്ക് അടുത്ത് രണ്ടുതോടിന് കുറുകെ കലുങ്ക് പണി തുടങ്ങിയിട്ട് എട്ടു മാസം ആയി. ഒരുവശം പണിതിട്ടിരിക്കുന്ന കലുങ്കിന്റെ ബാക്കി പണി പൂർത്തിയാക്കുന്നില്ല.

ഇതേ കലുങ്കിന്റെ വശങ്ങളിൽ കമ്പികൾ കൂർത്തുനിൽക്കുന്നുണ്ട്.

ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ പകുതി പണിത കലുങ്കിലെ കമ്പികളിൽ തട്ടി അപകടം ഉണ്ടാകുന്ന സംഭവവും പതിവാണ്. ജല അതോറിറ്റി പൈപ്പ് മാറ്റത്തതാണ് കലുങ്ക് പണി പൂർത്തിയാക്കാൻ തടസ്സം എന്നാണ് നിർമാണ ഏജൻസിയായ റോഡ് ഫണ്ട്‌ ബോർഡിന്റെ നിലപാട്.

അച്ചൻകവലയിൽ അരികിടിഞ്ഞു

നെയ്യശ്ശേരി-തോക്കുമ്പൻ റോഡും ആലപ്പുഴ-മധുര സംസ്ഥാന പാതയും ചേരുന്നിടത്ത് റോഡിന്റെ അരിക് ഇടിഞ്ഞ് അപകടാവസ്ഥയിൽ ആണ്. ഇവിടെ മണ്ണ് ഇടിഞ്ഞുപോന്നാൽ പതിക്കുന്നത് നെയ്യശ്ശേരി-തോക്കുമ്പൻ റോഡിന്റെ ഭാഗമായ നാരങ്ങാനം-അച്ചൻകവല റോഡിലേക്കാണ്. ഇത് ഇതുവഴി വരുന്ന വാഹനങ്ങൾക്കും ആളുകൾക്കും അപകടഭീഷണി ഉയർത്തുന്നുണ്ട്.

ഹൈറേഞ്ചിലേക്കുള്ള പ്രധാനപാതയിൽ ഇത്രയേറെ അപകടസാഹചര്യം നിലനിന്നിട്ടും അധികൃതർ അലംഭാവം തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു.

ബി.എം.ബി.സി.നിലവാരം വേണം

വണ്ണപ്പുറം മുതൽ കള്ളിപ്പാറ വരെയുള്ള റോഡിന്റെ ഭാഗം മിക്കയിടങ്ങളിലും വലിയകുഴികൾ രൂപപ്പെട്ടിട്ടുണ്ട് പലയിടത്തും റോഡ് തകർന്നിട്ടുമുണ്ട്.

ബി.എം.ബി.സി. നിലവാരത്തിൽ പണിയുമെന്ന് പറയുന്നതല്ലാതെ ഇതുവരെ നടപടിയില്ല. ഇതുവഴി ദിവസവും ആയിരകണക്കിന് വാഹനങ്ങൾ ആണ് പോകുന്നത്. ഇതിൽ ടുറിസ്റ്റ് ബസുകളും സർവീസ് ബസുകളും സ്കൂൾ ബസുകളും ഉൾപ്പെടുന്നു.