വെൺമണി : മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളെ ബന്ധിപ്പിച്ച് അച്ചൻകോവിലാറിനു കുറുകേയുള്ള ശാർങ്ഗക്കാവ്, പുലക്കടവ് പാലങ്ങൾ ഇരുട്ടിൽ. സന്ധ്യകഴിയുന്നതോടെ രണ്ടു പാലങ്ങളിലൂടെയും യാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. വെൺമണിയെയും വെട്ടിയാറിനെയും ബന്ധിപ്പിക്കുന്ന പുലക്കടവ് പാലം വർഷങ്ങൾക്കു മുൻപ് പണിതതാണ്. എന്നാൽ, പാലത്തിൽ വൈദ്യുതിവിളക്കുകളില്ല. 2018-ലെ പ്രളയത്തിൽ നശിച്ച പാലത്തിനു പകരം നിർമിച്ച ശാർങ്ഗക്കാവ് പാലം കഴിഞ്ഞ വർഷമാണ് തുറന്നുകൊടുത്തത്. 15.57 കോടി ചെലവഴിച്ചാണ് ശാർങ്ഗക്കാവ് പാലം നിർമിച്ചത്. എന്നാൽ, പാലത്തിലൂടെ ആളുകൾ യാത്രചെയ്യുന്നത് തപ്പിത്തടഞ്ഞാണ്. കിഴക്കൻപ്രദേശമായ ഭരണിക്കാവ്, ശാസ്താംകോട്ട, ചാരുംമൂട്, നൂറനാട്, പന്തളം എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്തുന്നതിന് വെൺമണി നിവാസികൾക്ക് പ്രയോജനപ്പെടുന്നതാണ് രണ്ടു പാലങ്ങളും. പാലങ്ങളുടെ നിർമാണത്തിനായി അടങ്കൽ തയ്യാറാക്കിയപ്പോൾ ലൈറ്റുകൾ സ്ഥാപിക്കുന്നത് ഉൾപ്പെട്ടിരുന്നില്ല. ഇനി ലൈറ്റുകൾ സ്ഥാാപിക്കണമെങ്കിൽ പുതിയ പദ്ധതി തയ്യാറാക്കി സർക്കാരിന്റെ അനുമതി ലഭിക്കണം.

To advertise here,

ലൈറ്റ് സ്ഥാപിക്കണമെങ്കിൽ ഫണ്ടുവേണം

:ശാർങ്ഗക്കാവ്, പുലക്കടവ് പാലത്തിൽ ലൈറ്റുകൾ സ്ഥാപിക്കണമെങ്കിൽ ഫണ്ട് അനുവദിക്കണം. ശാർങ്ഗക്കാവ് പാലത്തിന്റെ അടങ്കൽ തയ്യാറാക്കിയപ്പോൾ ലൈറ്റുകൾ സ്ഥാപിക്കുന്നത് ഉൾപ്പെട്ടിരുന്നില്ല. ഇനി ലൈറ്റുകൾ സ്ഥാപിക്കണമെങ്കിൽ 20 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നതെന്ന് മരാമത്ത് (പാലം) വിഭാഗം അധികൃതർ പറയുന്നു. പാലത്തിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇലക്‌ട്രിക്കൽ വിഭാഗത്തിന് കത്തു നൽകിയിരുന്നു. ഇനി പദ്ധതി ടെൻഡർ ചെയ്യണം. പഞ്ചായത്തുമായി ഇക്കാര്യം ചർച്ചചെയ്തെങ്കിലും വലിയ തുകയായതിനാൽ ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചിരുന്നു. പദ്ധതിക്ക് ഭരണാനുമതി ലഭിക്കണമെന്നും അധികൃതർ പറയുന്നു. പുലക്കടവ് പാലത്തിലും ഇലക്‌ട്രിക്കൽ വിഭാഗവുമായി സംസാരിച്ചതിനുശേഷം അടങ്കൽ തയ്യാറാക്കും. ഫണ്ട് ലഭ്യമാകുന്നതിനനുസരിച്ച് പാലത്തിൽ ലൈറ്റുകൾ സ്ഥാപിക്കും.