യാത്രക്കാർക്കു ഭീഷണിയാകുന്നു

To advertise here,

കായംകുളം : നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം കൂടിയത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ഭീഷണിയാകുന്നു. കൂട്ടത്തോടെ എത്തിയാണ് ഇവ ആളുകളെ ആക്രമിക്കുന്നത്. രാവിലെ നടക്കാനിറങ്ങുന്നവർക്കും വിദ്യാർഥികൾക്കും പത്രവിതരണക്കാർക്കുമാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കൂട്ടമായി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ യാത്രക്കാരെ ആക്രമിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.

കൊറ്റുകുളങ്ങര, എരുവ, മേടമുക്ക്, താലൂക്ക് ആശുപത്രിക്കു സമീപം, കെ.എസ്.ആർ.ടി.സി. പരിസരം, പുതിയിടം തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം കൂടുതലാണ്. രാവിലെയും വൈകുന്നേരവും വിദ്യാർഥികളെ വീട്ടുകാർ സ്‌കൂളുകളിൽ കൊണ്ടുവിടേണ്ട അവസ്ഥയാണ്. ഇരുചക്രവാഹനങ്ങൾക്കു പിന്നാലെ ഇവ ചാടിച്ചെല്ലുന്നത് അപകടഭീഷണി ഉയർത്തുന്നുമുണ്ട്. രാവിലെ നടക്കാനിറങ്ങുന്നവർക്കും പത്രം വിതരണംചെയ്യുന്നവർക്കും തെരുവുനായ്ക്കളുടെ ശല്യമാണ്. കൂട്ടത്തോടെയാണ് ഇവ ചാടിയെത്തുന്നത്. തെരുവുനായ്ക്കൾ ഇടിച്ച് ഇരുചക്രവാഹനങ്ങളിലും സൈക്കിളുകളിലും യാത്രചെയ്യുന്നവർ അപകടത്തിൽപ്പെടുന്നുമുണ്ട്. പ്രായമായവരും കുട്ടികളുമാണ് പലപ്പോഴും ആക്രമിക്കപ്പെടുന്നത്.

വളർത്തുമൃഗങ്ങളെയും കടിച്ചുകൊല്ലുന്നതും നിത്യസംഭവമാണ്. റോഡരികിൽ മാലിന്യം കൊണ്ടിടുന്നതാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം പുതുപ്പള്ളി കൊച്ചുവീട്ടിൽ ജങ്ഷൻ സി.എം.എസ്. സ്‌കൂളിനു സമീപം കൂട്ടമായെത്തിയ തെരുവുനായ്ക്കൾ ആടിനെ കടിച്ചുകൊന്നിരുന്നു. വീടിനു സമീപം കെട്ടിയിട്ടിരുന്ന ആടിനെയാണ് ആക്രമിച്ചത്. സ്‌കൂൾമൈതാനം തെരുവുനായ്ക്കളുടെ താവളമാകുന്നതായും പരാതിയുണ്ട്. അധികൃതർ തെരുവുനായ്ക്കളുടെ ശല്യത്തിനു പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.