
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
വിത്ത് അടുത്ത തലമുറയ്ക്കുള്ള ഉപാധിമാത്രമല്ല, ചരിത്രത്തിന്റെ മുദ്രകൂടിയാണ്. ഓരോ വിളവെടുപ്പിനുശേഷവും അടുത്ത വിളയ്ക്കായി ശ്രദ്ധാപൂർവം വിത്ത് തയ്യാറാക്കി സൂക്ഷിച്ചുവെക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ, ഹരിതവിപ്ലവത്തിന്റെ അടിസ്ഥാനമായ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളുടെ വരവോടെ ഈ ശീലത്തിന് അറുതിവരുേത്തണ്ടത് അനിവാര്യമായി.
പ്രാദേശിക വിത്തുകൈമാറ്റസ്വഭാവങ്ങൾ പൂർണമായി അവസാനിപ്പിക്കത്തക്കവിധം ആധുനിക വിത്തുവിപണിയുടെ സ്വാധീനം ഉറപ്പാക്കുന്നതിനായി 1966-ൽ ആദ്യത്തെ വിത്തുനിയമം പ്രാബല്യത്തിൽവന്നു. ക്രമേണ സാങ്കേതികവിദ്യയുടെ വികാസത്തോടെ അത്യുത്പാദനശേഷിയുള്ളവയിലേക്കും ഹൈബ്രിഡുകളിലേക്കും ജനിതകമാറ്റം വരുത്തിയ ഇനങ്ങളിലേക്കും വിത്തുശാസ്ത്രം വികസിച്ചു. ഇതോടൊപ്പം സ്വകാര്യമേഖലയുടെ സാന്നിധ്യം സജീവവും പ്രകടവുമായി. വിത്തുവിപണനവുമായി ബന്ധപ്പെട്ട നയങ്ങൾ, ക്രമേണ സ്വകാര്യമേഖലയുടെ സാംഗത്യം അംഗീകരിച്ചുകൊണ്ടുള്ളതുമായിരുന്നു.
വളരെയേറെ വ്യാപ്തിയും വളർച്ചയും രേഖപ്പെടുത്തുന്ന ഒന്നാണ് ഇന്ത്യയിലെ വിത്തുവാണിജ്യരംഗം. ഈ വിപണിയുടെ വളർച്ചയ്ക്ക് ഏറെ അനുകൂലമായ സാഹചര്യമാണ് വരാനിരിക്കുന്നതെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ പരിഗണനയിലിരിക്കുന്ന വിത്തുനിയമത്തെ കാണേണ്ടത്.
ബിൽ മുന്നോട്ടുവെക്കുന്നത്
വിത്തുമേഖലയെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ പുനഃപരിശോധിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമായ കരട് വിത്തുബിൽ-2025, 1966-ലെ വിത്തുനിയമത്തിനും 1983-ലെ വിത്തുനിയന്ത്രണ ഉത്തരവിനും പകരമായി ഉള്ളതാണ്. വിത്തുകളുടെയും നടീൽവസ്തുക്കളുടെയും ഗുണനിലവാരം നിയന്ത്രിക്കുക, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ വിത്തുകളുടെ വിൽപ്പന തടയുക, കർഷകർക്ക് താങ്ങാവുന്നവിലയിൽ ഗുണനിലവാരമുള്ള വിത്തുകൾ ലഭ്യമാക്കുക എന്നിവയാണ് ഭേദഗതിയുടെ ലക്ഷ്യമായി ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കർഷകരെ നഷ്ടത്തിൽനിന്ന് സംരക്ഷിക്കുക, വിത്ത് ഇറക്കുമതി ഉദാരമാക്കുക, വിതരണശൃംഖലയിലുടനീളം സുതാര്യത മെച്ചപ്പെടുത്തുക എന്നിവയും ഇത് വാഗ്ദാനംചെയ്യുന്നു.
ഈ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായി താഴെപറയുന്ന പ്രധാന കാര്യങ്ങൾ ബില്ലിൽ നിർദേശിക്കുന്നു:
വിത്തിനങ്ങളുടെ നിർബന്ധിത രജിസ്ട്രേഷൻ: കർഷകരുടെ പരമ്പരാഗത ഇനങ്ങളും കയറ്റുമതിക്കുമാത്രമായുള്ള വിത്തുകളും ഒഴികെയുള്ള എല്ലാ വിത്തിനങ്ങളും രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. ഇതിനായി ഈ വിത്തുകൾ കൃഷിക്കും ഉപയോഗത്തിനുമുള്ള മൂല്യപരിശോധനയ്ക്ക്, വിവിധ പ്രദേശങ്ങളിൽ വിധേയമാക്കണം. മുളശേഷി-പരിശുദ്ധി മാനദണ്ഡങ്ങൾ പാലിക്കുന്ന ഇനങ്ങൾക്കുമാത്രമേ വിൽപ്പനയ്ക്കായുള്ള അനുവാദം ലഭിക്കുകയുള്ളൂ.
ശക്തമായ വിപണിനിയന്ത്രണം: വിത്തുകൾ വിൽക്കുന്നതിനോ ഇറക്കുമതിചെയ്യുന്നതിനോ കയറ്റുമതിചെയ്യുന്നതിനോ വിത്ത് ഡീലർമാരും വിതരണക്കാരും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
വലിയ കമ്പനികൾക്ക് അനുകൂലമായ പ്രവർത്തനസാഹചര്യം: കേന്ദ്ര അക്രെഡിറ്റേഷൻ ലഭിച്ച കമ്പനികൾക്ക് എല്ലാ സംസ്ഥാനങ്ങളിലും സ്വാഭാവികമായ വിൽപ്പനാനുമതി ലഭിക്കുന്നതാണ്. ഇത് വൻകിട കോർപ്പറേറ്റുകൾക്ക് വളരെയധികം ഗുണകരമാണ്.
കർഷകരുടെ അവകാശങ്ങൾ: ബ്രാൻഡ് നാമത്തിൽ വിൽക്കാൻ പാടില്ല എന്ന വ്യവസ്ഥയോടെ, കൃഷിയിടത്തിൽ സംരക്ഷിച്ച വിത്തുകൾ ‘വളർത്താനും വിതയ്ക്കാനും വീണ്ടും വിതയ്ക്കാനും സംരക്ഷിക്കാനും ഉപയോഗിക്കാനും കൈമാറ്റം ചെയ്യാനും പങ്കിടാനും അല്ലെങ്കിൽ വിൽക്കാനും’ ഒരു വ്യക്തിഗതകർഷകന്റെ അവകാശം ബിൽ സ്ഥിരീകരിക്കുന്നു. പരമ്പരാഗത കർഷകസമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുക, സ്വകാര്യ നഴ്സറികളുടെ നിയന്ത്രണം എന്നിങ്ങനെ സ്വാഗതാർഹമായ ഒട്ടേറെ കാര്യങ്ങൾ ഈ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഗൗരവതരമായ ആശങ്കകളും ഒപ്പമുണ്ട്.
ഇന്ത്യയിലെ വിത്തുവിപണിയുടെ വളർച്ചയ്ക്ക് ഏറെ അനുകൂലമായ സാഹചര്യമാണ് വരാനിരിക്കുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽനിന്നുകൊണ്ടാണ് ഇപ്പോൾ പരിഗണനയിലിരിക്കുന്ന വിത്തുനിയമത്തെ കാണേണ്ടത്
ആശങ്കകൾ
ആരാണ് കർഷകൻ? നിയമത്തിൽ നിർവചനങ്ങൾക്കുള്ള പ്രസക്തി എടുത്തുപറയേണ്ടതില്ലല്ലോ. ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന വിത്തുബില്ലിൽ കർഷകൻ എന്നാൽ ഭൂമിയിൽ സ്വയം കൃഷിചെയ്യുന്ന അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയിലൂടെ കൃഷി മേൽനോട്ടംവഹിച്ച് വിളകൾ കൃഷിചെയ്യുന്ന ഏതൊരു വ്യക്തിയെയും കർഷകൻ എന്ന് നിർവചിച്ചിരിക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശമുള്ളതോ അല്ലാത്തതോ ആയ വ്യക്തികളും ഇതിൽ ഉൾപ്പെടുന്നു. വാണിജ്യാടിസ്ഥാനത്തിൽ വിത്തുകൾ സംഭരിക്കുന്നതിലും വിൽക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും കമ്പനി, വ്യാപാരി അല്ലെങ്കിൽ ഡീലർ എന്നിവർ ഈ നിർവചനപ്രകാരം കർഷകനല്ല. പക്ഷേ, വിത്തുകളുടെ ഉത്പാദനത്തിലും സംഭരണത്തിലും വിതരണത്തിലും നിർണായക പങ്കുവഹിക്കുന്ന അനേകം പ്രസ്ഥാനങ്ങൾ നമുക്കിടയിലുണ്ട്. ഗവൺമെന്റിതര സംഘടനകൾ, സഹകരണസംഘങ്ങൾ, സ്വയംസഹായ സംഘങ്ങൾ എന്നിങ്ങനെ. പരമ്പരാഗത വിത്തിനങ്ങളുടെ കൃഷിയിടസംരക്ഷണത്തിൽ സജീവമായ പങ്കുവഹിക്കുന്ന ജനകീയകൂട്ടായ്മകളുടെ സാംഗത്യം വളരെ വലുതാണ്. ഇവർ കർഷകൻ എന്ന നിർവചനത്തിൽ ഉൾപ്പെടുമോ എന്നത് വ്യക്തമല്ല. അഥവാ അവരെ വാണിജ്യാവശ്യത്തോടെയുള്ള പ്രവർത്തനം എന്നനിലയിൽ കമ്പനിയായി പരിഗണിക്കുമോ എന്ന ആശങ്കയുമുണ്ട്.
വിത്തുമേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് എളുപ്പമാക്കുന്നതിനും ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കായി ഒരു കേന്ദ്ര അക്രെഡിറ്റേഷൻ സംവിധാനം വ്യവസ്ഥചെയ്തിരിക്കുന്നു. ഈ സംവിധാനം സ്വാഭാവികമായും ഈ രംഗത്തെ കോർപ്പറേറ്റുകൾക്കും ബഹുരാഷ്ട്ര കുത്തകക്കമ്പനികൾക്കും ഏറ്റവും സൗകര്യപ്രദമായ ഒരു സാഹചര്യമുണ്ടാക്കുന്നു. സംസ്ഥാനങ്ങൾക്ക് ഇവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം തീർത്തും ഇല്ലാതാകുന്നു. ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന കാർഷിക ആവാസവ്യവസ്ഥകളും കാർഷികരീതികളും നിലവിലുള്ള ഒരു രാജ്യത്ത്, വികേന്ദ്രീകൃത നിയന്ത്രണസംവിധാനമാണ് അഭികാമ്യം.
വിദേശവിത്തുകളെ കൃഷി-ഉപയോഗ മൂല്യപരിശോധനയ്ക്ക് വിധേയമാക്കാൻ ബിൽ അനുവദിക്കുന്നുണ്ട്. ജനിതകമാറ്റം വരുത്തിയ വിത്തുകൾ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ഈ സാഹചര്യം വഴിയൊരുക്കുമോ എന്ന ആശങ്കയുണ്ട്. പുതിയ ബില്ലിൽ വിത്തുവിലനിയന്ത്രണ ഇടപെടലുകൾ സംബന്ധിച്ച് പ്രത്യേകമായ പരാമർശങ്ങളില്ല. ഇക്കാര്യത്തിൽ വിശാലമായ പൊതുതാത്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള സമീപനമാണ് ആവശ്യം. വിത്തുവില നിയന്ത്രണത്തിൽ സർക്കാരിനുള്ള അപരിമിതമായ അവകാശങ്ങൾ ഉറപ്പാക്കുകതന്നെ വേണം
ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യമായിട്ടുകൂടി വ്യാജ വിത്തുകൾ/ഗുണമേന്മയില്ലാത്ത വിത്തുകൾ എന്നിവസംബന്ധിച്ച് കർഷകർക്കുള്ള നഷ്ടപരിഹാരം പരാമർശിക്കുന്ന ഒരു വ്യവസ്ഥയുമില്ല. ബഹുരാഷ്ട്രകമ്പനികളുടെ വിത്ത് ഉപയോഗിച്ചുള്ള വിളകളിൽ അവർ അവകാശപ്പെടുന്നതരത്തിലുള്ള ഗുണഗണങ്ങൾ ഇല്ലാതെയാവുന്ന സന്ദർഭങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്. നമ്മുടെ രാജ്യത്ത്-പ്രത്യേകിച്ചും ജനിതകമാറ്റം വരുത്തിയ പരുത്തിയിനങ്ങളിൽ ഇത് വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നല്ലോ. അത്തരം സാഹചര്യങ്ങളിൽ കർഷകർക്ക് സംഭവിച്ച നഷ്ടം നികത്താനുള്ള നഷ്ടപരിഹാരസംവിധാനം ഏറെ പ്രസക്തമാണ്. എന്നാൽ, ഈ ബില്ലിൽ അത്തരമൊരു സംവിധാനത്തെപ്പറ്റി പരാമർശമില്ല.
വിത്തുസംബന്ധമായ നിയമങ്ങൾ കർഷകസമൂഹത്തിന് അനുകൂലമാക്കുക എന്നതാണ് ഏറ്റവും അഭികാമ്യം. ഭാരതീയകർഷകന്റെ ക്ഷേമം ഉറപ്പാക്കുകയും കൃഷിയിൽ തുടരാനുള്ള സാമ്പത്തികപ്രേരണ നിലനിർത്തുകയും ചെയ്യുക എന്നുള്ളത് സമൂഹത്തിന്റെ ആവശ്യമാണ്, കർത്തവ്യമാണ്. അതുകൊണ്ടുതന്നെ കരടുബില്ലിന്മേൽ പൊതുസമൂഹത്തിന്റെ ആശങ്കകളും നിർദേശങ്ങളും അറിയിക്കാനുള്ള അവസാനതീയതിയായ ഡിസംബർ 11-നകം ആ അവസരം പ്രയോജനപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്.
(കേരള കാർഷിക സർവകലാശാലയിലെ ഡയറക്ടർ ഓഫ് റിസർച്ചും ഐസിഎആർ എമെരിറ്റസ് പ്രൊഫസറുമായിരുന്നു ലേഖിക)
Content Highlights: Implications of India`s proposed Seed Bill 2025. Will it protect farmers or favor corporations? Get key insights and understand the changes.
Published: 20 Nov 2025, 01:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented