തിരുവനന്തപുരം: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുക, രാസവളങ്ങളുടെ സന്തുലിതവും വിവേകപൂർണവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക, മണ്ണ്–ജല സംരക്ഷണവും മഴവെള്ള സംഭരണവും വ്യാപിപ്പിക്കുക, പ്രകൃതികൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ദേശീയ ക്യാമ്പയിനായ ‘ഖേത് ബചാവോ അഭിയാൻ’ കേരളത്തിലും സംഘടിപ്പിക്കും. 2026 ഒക്ടോബർ 22 മുതൽ നവംബർ 30 വരെയാണ് ക്യാമ്പയിൻ നടത്തപ്പെടുക. സംസ്ഥാനത്തെ 14 ജില്ലകളിലായി 152 ബ്ലോക്കുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ക്യാമ്പയിനിലൂടെ 3.42 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

To advertise here,

ഓരോ ബ്ലോക്കിലും 30 പരിപാടികൾ വീതം സംഘടിപ്പിക്കും. ഒരു പരിപാടിയിൽ 75 കർഷകർ വീതം പങ്കെടുക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൂടെ മണ്ണിന്റെ ആരോഗ്യപരിപാലനം, ശാസ്ത്രീയ വളപ്രയോഗം, പ്രകൃതിവിഭവ സംരക്ഷണം, സുസ്ഥിര കാർഷിക രീതികൾ എന്നിവ സംബന്ധിച്ച് കർഷകർക്ക് അറിവും പ്രായോഗിക മാർഗനിർദേശങ്ങളും ലഭ്യമാക്കും.

മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ വളപ്രയോഗം നടത്തുക, മണ്ണ് ആരോഗ്യ കാർഡ് ഫലപ്രദമായി വിനിയോഗിക്കുക, സംയോജിത പോഷകപരിപാലനവും സംയോജിത കീടനിയന്ത്രണവും പ്രോത്സാഹിപ്പിക്കുക, ജൈവ–ജൈവിക ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ച് കർഷകർക്ക് പരിശീലനം നൽകുക എന്നിവ ക്യാമ്പയിന്റെ പ്രധാന പ്രവർത്തനങ്ങളാണ്. പ്രകൃതികൃഷി, വിളവൈവിധ്യവത്കരണം, വിളാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിപാലനം, ജലസംരക്ഷണം, മഴവെള്ള സംഭരണം, കാലാവസ്ഥാ പ്രതിരോധ കൃഷിരീതികൾ എന്നിവയിലും ബോധവത്കരണം നടത്തും.

എണ്ണക്കുരു വിളകൾ, പയർവർഗങ്ങൾ, ഹോർട്ടികൾച്ചർ വിളകൾ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നെൽകൃഷിക്ക് ശേഷം തരിശായി കിടക്കുന്ന പാടശേഖരങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിനും പ്രാധാന്യം നൽകും. വളങ്ങളുടെയും കീടനാശിനികളുടെയും ആവശ്യാനുസൃതവും ശാസ്ത്രീയവുമായ ഉപയോഗത്തിലൂടെ കൃഷിച്ചെലവ് നിയന്ത്രിക്കാനും മണ്ണിന്റെയും ജലത്തിന്റെയും ഗുണനിലവാരം സംരക്ഷിക്കാനും കർഷകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (KVK), കേരള കാർഷിക സർവകലാശാല, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (CPCRI), കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (CTCRI), കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനം (CIFT), കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (CMFRI), സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് സെന്ററുകൾ (CIPMC), നബാർഡ് (NABARD), ലീഡ് ബാങ്കുകൾ, കൃഷി എൻജിനീയറിങ് വിഭാഗം, കൃഷിയുമായും അനുബന്ധ മേഖലകളുമായും ബന്ധപ്പെട്ട വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, മറ്റ് പങ്കാളികൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്ക് ക്യാമ്പയിന്റെ സന്ദേശം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യും. കർഷകർക്ക് പ്രാദേശികതലത്തിൽ അറിവും പരിശീലനവും ലഭ്യമാക്കുന്നതിനൊപ്പം വിവിധ കാർഷിക പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും അവബോധവും നൽകും.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN), പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY), കിസാൻ ക്രെഡിറ്റ് കാർഡ് (KCC) എന്നിവയുടെ പ്രയോജനങ്ങൾ സംബന്ധിച്ച ബോധവത്കരണവും അർഹരായ കർഷകരെ പദ്ധതികളുടെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തും.

മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുക, ജലവും മറ്റ് പ്രകൃതിവിഭവങ്ങളും കാര്യക്ഷമമായി വിനിയോഗിക്കുക, ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ കൃഷിരീതികൾ സ്വീകരിക്കുക എന്നിവയിലൂടെ കാർഷിക മേഖലയെ കൂടുതൽ സുസ്ഥിരമാക്കുകയാണ് ‘ഖേത് ബചാവോ അഭിയാൻ’ ലക്ഷ്യമിടുന്നത്.