
കിഴക്കൻ പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന 'എൽ നിനോ' (El Niño) കാലാവസ്ഥാ പ്രതിഭാസം ഇന്ത്യയുടെയും, പ്രത്യേകിച്ച് കേരളത്തിന്റെയും കാർഷിക മേഖലയ്ക്ക് വൻ ഭീഷണിയുയർത്തുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമാകുന്നതിലൂടെ രാജ്യത്തുടനീളം കടുത്ത ജലക്ഷാമത്തിനും കാർഷിക വരൾച്ചയ്ക്കും എൽ നിനോ വഴിവെയ്ക്കുന്നു. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന നെല്ല്, ചോളം തുടങ്ങിയ പ്രധാന വിളകളുടെ ഉത്പാദനത്തെ ഇത് പ്രതികൂലമായി ബാധിക്കാം. കേരളത്തിന്റെ കാർഷിക അന്തരീക്ഷത്തിലും അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഈ പ്രതിഭാസം, ഉയർന്ന താപനിലയ്ക്കും മഴയുടെ ക്രമരഹിതമായ വിതരണത്തിനും കാരണമാകുന്നു. സംസ്ഥാനത്തെ പ്രധാന വിളകളായ നെല്ല്, പച്ചക്കറികൾ, റബ്ബർ, കുരുമുളക് എന്നിവയുടെ വിളവിനെ പ്രതികൂലമായി ബാധിക്കുമ്പോൾ, കർഷകരുടെ ഉപജീവനത്തെയും പ്രദേശത്തിന്റെ ഭക്ഷ്യസുരക്ഷയെയും ഒരുപോലെ സങ്കീർണ്ണമായ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടാം.
ഇത്തരത്തിൽ കാർഷികമേഖലയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന എൽ നിനോയുടെ ആഘാതത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) ഗൗരവതരമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. 'എൽ നിനോ - സതേൺ ഓസിലേഷൻ' (ENSO) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം, ഉഷ്ണമേഖലാ പസഫിക് സമുദ്രോപരിതലത്തിലെ ജലം അസാധാരണമായി ചൂടുപിടിക്കുന്നതിലൂടെയാണ് ഉണ്ടാകുന്നത്. എഫ്.എ.ഒയുടെ (FAO) കാർഷിക ആദ്യകാല മുന്നറിയിപ്പ് സംവിധാനം അനുസരിച്ച്, 2027 ഫെബ്രുവരി വരെ നീണ്ടുനിൽക്കാവുന്ന എൽ നിനോ ആഗോള തലത്തിൽ കാർഷികോൽപ്പാദനത്തെ തകിടം മറിക്കും. തെക്കേ ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യയിൽ മൺസൂൺ മഴ കുറയുന്നതിനും തെക്കുകിഴക്കൻ ഏഷ്യൻ മേഖലകളിൽ വരൾച്ച കടുക്കുന്നതിനും സമുദ്രോപരിതലത്തിലെ ഈ പ്രതിഭാസം കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
സമുദ്രോപരിതലത്തിലെ ഈ താപനില വ്യതിയാനം ആഗോള കാലാവസ്ഥയെത്തന്നെ മാറ്റിമറിക്കുന്നതിന് പിന്നിൽ സങ്കീർണ്ണമായ സമുദ്ര-അന്തരീക്ഷ പ്രക്രിയകളുണ്ട്. സാധാരണഗതിയിൽ പസഫിക് സമുദ്രത്തിന് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങൾ എൽ നിനോ കാലഘട്ടത്തിൽ ദുർബലപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി ചൂടുള്ള സമുദ്രജലത്തിന്റെ ഒരു വൻ പ്രവാഹം പെറു തീരത്തേക്ക് നീങ്ങുകയും തണുത്ത സമുദ്രജലത്തിന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ പെറുവിലെ മുക്കുവരാണ് ക്രിസ്മസ് കാലത്ത് പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസത്തിന് 'ഉണ്ണിയേശു' അഥവാ 'ചെറിയ ആൺകുട്ടി' എന്ന് സ്പാനിഷിൽ അർത്ഥം വരുന്ന 'എൽ നിനോ' എന്ന് നാമകരണം ചെയ്തത്. സമുദ്രത്തിലെ ഈ അസാധാരണ ചൂട് മത്സ്യബന്ധന മേഖലയെയും തകർക്കുന്നു.
പെറുവിയൻ തീരത്തുനിന്നു തുടങ്ങിയ ഈ അസാധാരണ കാലാവസ്ഥാ പ്രതിഭാസം ഇരുപതാം നൂറ്റാണ്ടോടെ വൻ വിനാശകാരിയായ ചരിത്രദുരന്തങ്ങൾക്ക് വഴിവെച്ചു. 1997-1998 കാലഘട്ടത്തിലാണ് ലോകചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസം ഉണ്ടായത്. അന്ന് ആഗോളതലത്തിൽ 2,100-ലധികം ആളുകളുടെ ജീവൻ പൊലിയുകയും 1,48,500 കോടി രൂപയുടെ ഭീമമായ സാമ്പത്തികനഷ്ടം ഉണ്ടാകുകയും ചെയ്തു. വൻതോതിലുള്ള വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, വിളനാശം എന്നിവ വിതച്ച ആ ദുരന്തകാലം, പുതിയ കാലഘട്ടത്തിലും ആവർത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ലോകം. നിലവിലെ കാലാവസ്ഥ വ്യതിയാനങ്ങൾ വരാനിരിക്കുന്ന എൽ നിനോ കാലഘട്ടത്തിലും സമാനമായ ഭീഷണി ഉയർത്തുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ആഗോളതലത്തിലുണ്ടാകുന്ന ഇത്തരം ഭീമമായ സാമ്പത്തിക നഷ്ടങ്ങൾ ഇന്ത്യയുടെ കാർഷിക സമ്പദ്‌വ്യവസ്ഥയെയും മൊത്ത ആഭ്യന്തര ഉൽപ്പാദനത്തെയും (GDP) ഗുരുതരമായി ബാധിക്കാറുണ്ട്. ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകളെ ദുർബലപ്പെടുത്തുന്നതിലൂടെ രാജ്യവ്യാപകമായി മഴ ലഭ്യത ഗണ്യമായി കുറയുന്നു. മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന വലിയൊരു വിഭാഗം കർഷകരുടെ ഉൽപ്പാദനം തടസ്സപ്പെടുന്നതോടെ വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും സാമ്പത്തിക മന്ദഗതി ഉണ്ടാകുകയും ചെയ്യുന്നു. ഇത് ഗ്രാമീണ മേഖലയിലെ കർഷകരുടെ വരുമാനത്തിൽ വൻ ഇടിവ് വരുത്തുകയും രാജ്യത്തെ ഭക്ഷ്യസപ്ലൈ ചെയിൻ തകരാറിലാക്കുകയും ചെയ്യുന്നു.
ദേശീയ തലത്തിലെ ഈ കാർഷിക പ്രതിസന്ധി കേരളത്തിലെ കർഷക കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ ഉയർന്ന താപനില രേഖപ്പെടുത്തുന്നതും മഴലഭ്യതയിൽ വലിയ കുറവുണ്ടാകുന്നതും സാധാരണ കാർഷികരീതികളെ പൂർണ്ണമായും തകിടം മറിക്കുന്നു. മണ്ണിലെ ഈർപ്പം വേഗത്തിൽ വറ്റുന്നതും കുടിവെള്ള സ്രോതസ്സുകൾ വറ്റിവരളുന്നതും നെല്ല്, പച്ചക്കറി, റബ്ബർ, കുരുമുളക് തുടങ്ങിയ വിളകളുടെ വളർച്ചയെയും ഉൽപാദനത്തേയും സാരമായി ബാധിച്ചേക്കാം. പരമ്പരാഗത ജലസേചന രീതികൾ മാത്രം അവലംബിക്കുന്ന കർഷകർ കർഷകർ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കും കടക്കെണിയിലേക്കും തള്ളപ്പെടാൻ എൽ നിനോ വഴിയൊരുക്കുന്നു.
ഈ ഗുരുതര കാർഷിക പ്രതിസന്ധിയെ മറികടക്കാൻ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള അനുയോജ്യമായ മാതൃകാ വിളകൾ തിരഞ്ഞെടുക്കുക മാത്രമാണ് പ്രായോഗിക വഴി. കുറഞ്ഞ ജലലഭ്യതയിലും ഉയർന്ന താപനിലയിലും വളരുന്ന ചാമ, തിന, കുതിരവാലൻ, റാഗി തുടങ്ങിയ ചെറുധാന്യങ്ങൾ കൃഷി ചെയ്യാൻ കർഷകർ തയ്യാറാകണമെന്ന് വിഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഇതിനുപുറമേ കുറഞ്ഞ ജലസേചനം ആവശ്യമുള്ള പയർ, ഉഴുന്ന്, ചെറുപയർ, തുവര തുടങ്ങിയ പയർവർഗ്ഗങ്ങളും, മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ് എന്നീ കിഴങ്ങുവിളകളും എൽ നിനോ കാലത്ത് കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ സഹായിക്കുന്ന അനുയോജ്യമായ വിളകളാണ്.
വരൾച്ചയെ പ്രതിരോധിക്കുന്ന വിളകൾ തിരഞ്ഞെടുക്കുന്നതിനൊപ്പം പ്രകൃതിസൗഹൃദ മണ്ണുസംരക്ഷണ പ്രവർത്തനങ്ങളും നൂതന ജലസേചന മാർഗ്ഗങ്ങളും കാർഷിക തന്ത്രങ്ങളിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പയർവർഗ്ഗങ്ങളുടെ വേരുകളിലുള്ള റൈസോബിയം ബാക്ടീരിയകൾ അന്തരീക്ഷത്തിലെ നൈട്രജനെ മണ്ണിൽ എത്തിച്ച് ഫലഭൂയിഷ്ഠത നിലനിർത്താൻ സഹായിക്കുന്നു. മണ്ണിലെ ഈർപ്പം വറ്റിപ്പോകാതിരിക്കാൻ പുതയിടൽ (mulching), തുള്ളിനന (drip irrigation), മഴവെള്ള സംഭരണം, മണ്ണിലെ ജൈവാംശം വർദ്ധിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ നടപ്പിലാക്കി എൽ നിനോയെ ഒരു പരിധിവരെ പ്രതിരോധിക്കാവുന്നതാണ്. കൂടാതെ കൃഷിയിടത്തിൽ സമ്മിശ്ര വിള സമ്പ്രദായങ്ങളും കാർഷിക സാങ്കേതികവിദ്യകളും ഏകോപിപ്പിക്കുന്നതിലൂടെ എൽ നിനോ പ്രതിഭാസത്തിന്റെ ആഘാതം വലിയ അളവിൽ കുറയ്ക്കാൻ സാധിക്കും.
എൽ നിനോ ഉയർത്തുന്ന കാലാവസ്ഥാ വെല്ലുവിളികളെ കൃത്യമായ ആസൂത്രണത്തിലൂടെയും ശാസ്ത്രീയ പ്രതിരോധ മാർഗ്ഗങ്ങളിലൂടെയും കർഷകർക്ക് അതിജീവിക്കാൻ പ്രാപ്തരാക്കേണ്ടതുണ്ട്. മുൻകൂട്ടിയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും സർക്കാർ സഹായങ്ങളും കൃഷി വകുപ്പിന്റെ സജീവ പിന്തുണയും ഉറപ്പാക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലെയും കേരളത്തിലെയും കാർഷിക മേഖലയ്ക്ക് എൽനിനോ പ്രതിസന്ധി മറികടക്കുന്നതിന് ഒരു പരിധിവരെ സഹായകരമായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ പ്രകൃതി സൗഹൃദ കൃഷി രീതികളും വിള വൈവിധ്യവൽക്കരണവും ജലസംരക്ഷണവും ശീലമാക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന കാർഷിക പ്രതിസന്ധികളെ ചെറുത്തുതോൽപ്പിക്കാനും നാളത്തെ ഭക്ഷ്യസുരക്ഷ സുരക്ഷിതമാക്കാനും കാർഷിക മേഖലയ്ക്ക് സാധിക്കും.
Published: 25 Sept 2026, 06:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented