
ഇൻഡോനീഷ്യയിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ് (Spice islands ) എന്ന പേരിൽ പ്രസിദ്ധമായ ഒരു ദ്വീപസമൂഹമുണ്ട്. മൊളാക്കസ് ദ്വീപ്. ഗ്രാമ്പുവും ജാതിക്കയുമൊക്കെ ഏറ്റവും കൂടുതൽ വിളഞ്ഞിരുന്ന ഇവിടെ അതിലേറെ പ്രചാരമുള്ള ഒരു പലഹാരം ഉണ്ടായിരുന്നു. പേര് നമു നമു (Namu Namu Pastry). നമ്മുടെ നാട്ടിലെ സുഖിയൻ പോലെയോ അല്ലെങ്കിൽ ഇറച്ചി ചേർത്തുണ്ടാക്കുന്ന മീറ്റ് പഫ്സ് പോലെയോ ഉള്ള ഒരു പലഹാരം. മൈദാമാവ് പരത്തി, ഉള്ളിൽ ചേരുവകൾവെച്ച് മടക്കി അർദ്ധചന്ദ്രന്‍റെ ആകൃതിയിലാണ് ഇതുണ്ടാക്കുന്നത്. പരമ്പരാഗത ഇൻഡോനീഷ്യൻ ശൈലിയിൽ ഇതിനുള്ളിൽ പുകച്ചെടുത്ത ട്യൂണ മീനിന്റെ കഷണങ്ങൾ, പച്ചക്കറികൾ, പപ്പായ ചെറുതായി അരിഞ്ഞത്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് ഫില്ലിങ് ആയി നിറയ്ക്കുന്നത്. എണ്ണയിൽ നന്നായി വറുത്തെടുക്കും. വിനാഗിരിയും മുളകും ചേർത്ത് തയാറാക്കുന്ന ചട്ണിക്കൊപ്പമാണിത് കഴിക്കുന്നത്. അവിടുത്തെ പ്രശസ്തമായ പ്രഭാതഭക്ഷണം കൂടെയാണിത്. കൂടാതെ ഇത്തരത്തിലുള്ള വിവിധതരം പേസ്ട്രികളും പലഹാരങ്ങളും വിൽക്കുന്ന നമു ബേക്ക് ഷോപ്പുകളും ഇൻഡോനീഷ്യയിലുണ്ട്.
ഇൻഡോനീഷ്യയിൽ വളരെ പ്രചാരമുള്ള ഈ പലഹാരത്തിന്‍റെ അതേ രൂപമുള്ള ഫലങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു ഫലസസ്യമുണ്ട്-കായ്കൾക്ക് ഈ പലഹാരത്തിന്‍റെ അതേ രൂപം തന്നെ. ഈ ഫലമാണ് നാം നാം പഴം(Nam Nam Fruit). ഒരു പ്രദേശത്തെ ജനതയുടെ ഭക്ഷണക്രമവുമായി ചേർന്ന് നിൽക്കുന്ന ഒരു പഴത്തിന് അതേപേര് തന്നെ നൽകിയത് ഭക്ഷണവും സംസ്കാരവും തമ്മിലുള്ള ബന്ധത്തിന്‍റെ നേർസാക്ഷ്യമാണ് എന്ന് പറയാം.
നാം നാം പഴം-പരിചയം
മലേഷ്യൻ സ്വദേശിയാണ് നാം നാം പഴം. തെക്കുകിഴക്കൻ ഏഷ്യയിലും ഇന്ത്യയിലും ശ്രീലങ്കയിലും വളരുന്നു. നിത്യഹരിത സ്വഭാവം. ‘സൈനോമെട്രാ കോളിഫ്‌ളോറ’ എന്ന സസ്യനാമത്തിലാണ് ഇതറിയപ്പെടുന്നത്. മരം പരമാവധി 15 മീറ്ററോളം ഉയരത്തിൽ വളരും. നിരവധി ശിഖരങ്ങളോടെ വളരുന്ന ഒരിടത്തരം ഫലവൃക്ഷം എന്ന് പറയാം. അത്യാവശ്യം നനവുള്ള താഴ്ന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലും സമതലങ്ങളിലും ഇത് നന്നായി വളരും. വർഷം മുഴുവൻ നല്ല ചൂടും മഴയും ലഭിക്കുന്ന പ്രദേശങ്ങളും ഉത്തമം. ഇലകൾ മിനുമിനുപ്പും മൃദുത്വമുള്ളതുമാണ്. ഇളം ഇലകൾക്ക് റോസ് കലർന്ന പിങ്ക്നിറവും ക്രമേണ കടുത്ത പച്ചനിറവുമാകും.
ഇതിന്‍റെ ചെറിയ പൂക്കൾ തടിയിൽ തന്നെയാണ് വളരുന്നത്. വൃക്കയുടെയോ ചന്ദ്രക്കലയുടെയോ ആകൃതിയിലുള്ള ഫലങ്ങൾ പ്രധാന തടിയിൽ തന്നെയാണ് പിടിച്ചു വളരുന്നത്. ഈ സ്വഭാവത്തിന് "കോളിഫ്‌ളോറി "(Cauliflory )എന്നാണ് പറയുന്നത്. കായ്‌കളുടെ പുറംതോട് ചുളിവുകളുള്ളതായിരിക്കും. ഇതിനുള്ളിലാണ് നേരിയ മധുരവും പുളിയുമുള്ള മാംസളഭാഗമുള്ളത്. കായ്കൾക്ക് ഏകദേശം 5 മുതൽ 10 സെന്റി മീറ്റർ വരെ നീളവും 4 മുതൽ 5 സെന്റി മീറ്റർ വരെ വ്യാസവും ഉണ്ടാകും. കായ്കളുടെ ഒരറ്റം കൂർത്തിരിക്കും. കായുടെ മധ്യഭാഗത്തുകൂടെ ഒരു വര വ്യക്തമായി പോകുന്നതും കാണാം.
കായുടെ പുറംതോട് പരുപരുത്തതും ചുളിവുകൾ ഉള്ളതും ഒക്കെയാണെങ്കിലും കായ് പഴുത്തുപാകമാകുമ്പോൾ പുറം മൃദുവാകുന്നത് അറിയാം. തോടിന്‍റെ പച്ചനിറം മാറി നേരിയ മഞ്ഞനിറം പടരുകയും തുടർന്ന് ബ്രൗൺ നിറമാകുകയും ചെയ്യും. ഉൾക്കാമ്പിന് മഞ്ഞയോ ചന്ദനനിറമോ ഉണ്ടാകും. ബ്രൗൺ നിറത്തിൽ ഒരു വലിയ വിത്തും കാണും. മാംസളഭാഗം ആപ്പിൾ പോലെ കറുമുറാ സ്വഭാവമുള്ളതും ചാറുള്ളതുമാണ്. പഴുത്തുകഴിഞ്ഞാൽ നാം നാം പഴത്തിന് മധുരവും പുളിയുമുള്ള പഴങ്ങളുടെ സ്വാഭാവിക സ്വാദായിരിക്കും. നന്നായി പഴുത്തുകഴിഞ്ഞാൽ പഴത്തിന് പുളിരസം കുറഞ്ഞിരിക്കും.
മറയും തണലും
പ്രാദേശിക സാഹചര്യങ്ങളിൽ ഉത്തമമായ ഒരു തണൽമരം, അലങ്കാരത്തിനും സ്വകാര്യത നൽകാനും കഴിവുള്ള ഒരു Ornamental screening tree. ഈ രണ്ടുഗുണങ്ങൾ പൊതുവെ നാം നാം ഫലവൃക്ഷത്തിനു നൽകിയിരിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഇടതൂർന്ന സാന്ദ്രമായ വൃക്ഷമേലാപ്പ്. അധികം ഉയരത്തിലല്ലാതെ കൊമ്പുകൾ വശങ്ങളിലേക്ക് ശാഖകളും ഇലകളും ചേർന്ന് കുടപോലെയുള്ള ഘടന ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സൂര്യപ്രകാശത്തെ തടഞ്ഞുനിർത്തുന്നു. വീട്ടുവളപ്പുകളിലും അധികം സ്ഥലമെടുക്കാതെ തന്നെ ഒതുക്കിവളർത്താമെന്നതും അധികമേന്മയാണ്.
വർണ്ണഭേദമുള്ള പുതിയ തളിരുകളാണ് എപ്പോഴും ഈ ഫലവൃക്ഷത്തിന് വേറിട്ട ഭംഗി നൽകുന്നത്. റോസ് കലർന്ന പിങ്ക് നിറം, ഓറഞ്ച് നിറത്തിലുള്ള പുതിയ തളിരുകൾ ഇവയൊക്കെ തന്നെ അത്യാകർഷകമാണ്. 15 മീറ്ററോളം ഉയരത്തിൽ വളരാൻ കഴിവുള്ളതുകൊണ്ടുതന്നെ ഇതിന് വളർന്നുകഴിയുമ്പോൾ സ്വാഭാവിക മറ തീർക്കാനും അനായാസം സാധിക്കും. ഇങ്ങനെ സ്വകാര്യത സംരക്ഷിക്കുന്ന മറയായി വളരുമ്പോഴും/ഈ മരത്തിന്‍റെ പ്രത്യേക വളർച്ചാ സ്വഭാവം നിമിത്തം ഇത് കൂടുതൽ ആകർഷകം ആകുകയും ചെയ്യുന്നു.
മരത്തിന്റെ പ്രധാനതടിയിൽ തന്നെ പിടിക്കുന്ന പിങ്കും വെള്ളയും നിറം കലർന്ന ചെറിയ പൂക്കളുടെ കൂട്ടവും ചന്ദ്രക്കലയുടെ ആകൃതിയിൽ തുടർന്ന് വളരുന്ന കായ്‌കളുമൊക്കെ വേറിട്ട ദൃശ്യഭംഗിയും പ്രദാനം ചെയ്യുന്നു. ഭൂദൃശ്യരൂപകല്പനയുടെ അനുയോജ്യ ഘടകം കൂടെയാണ് നാം നാം. ഒരുപക്ഷെ കായകൾ അത്രത്തോളം ചന്തമുള്ളതല്ലെങ്കിലും നാം നാം വൃക്ഷം കാഴ്ചയ്ക്കു മനോഹരമാണ്. അതുകൊണ്ടുതന്നെ ഇത് പല സ്ഥലങ്ങളിലും അലങ്കാരവൃക്ഷമായും വളർത്തുന്ന പതിവുണ്ട്.
കൃഷിയറിവുകൾ
വെള്ളം കെട്ടാത്ത വളപ്പറ്റുള്ള മണ്ണ്; അതും അമ്ല-ക്ഷാരനില 5.5 മുതൽ 7.5 വരെ. ജൈവവളസമ്പത്തുള്ള മണ്ണാണെങ്കിൽ ഏറ്റവും നന്ന്. അല്പം ലവണരസമുള്ള മണ്ണും അധികപ്പറ്റല്ലാത്തതിനാൽ തീരപ്രദേശങ്ങളിലും ഇത് വളരും. വിത്ത് പാകി തൈകൾ മുളപ്പിച്ചുള്ള കൃഷിയാണ് പതിവ്. എന്നാൽ, മുകുളനം(Budding), അപ്പ്രോച് ഗ്രാഫ്റ്റിങ് തുടങ്ങിയ രീതികൾ വഴിയുള്ള തൈ ഉല്പാദനവും പതിവാണ്. ഒരു ചെടിയിൽ നിന്നുള്ള മുകുളം (ബഡ്ഡ്) മറ്റൊരു ചെടിയുടെ തണ്ടുമായി ചേർത്ത് പുതിയൊരു ചെടി വളർത്തിയെടുക്കുന്ന രീതിയാണ് മുകുളനം. മികച്ച കായ്‌ഫലമുള്ളതും രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നതുമായ പുതിയ തൈകൾ ഉണ്ടാക്കാൻ ഇത് സഹായിക്കും.
സ്വതന്ത്രമായി വേരുകളുള്ള രണ്ടു ചെടികളുടെ ശിഖരങ്ങൾ തമ്മിൽ ഒട്ടിച്ചുചേർത്തു ഒരു പുതിയ തൈ വളർത്തുന്ന രീതിയാണ് അപ്പ്രോച് ഗ്രാഫ്റ്റിങ്. ഇവിടെ വേരോടുകൂടിയ ഒരു ചെടിയും (റൂട്ട് സ്റ്റോക്ക്) മറ്റൊരു മാതൃവൃക്ഷത്തിലെ ശിഖരവും (സയോൺ) തമ്മിൽ വേർപെടുത്താതെ തന്നെ തൊലി ചെത്തി യോജിപ്പിച്ചു ഒട്ടിക്കുന്ന രീതിയാണ്. ശിഖരങ്ങൾ തമ്മിൽ നന്നായി ചേർന്നതിനുശേഷം മാതൃവൃക്ഷത്തിൽനിന്നുള്ള ഭാഗം മുറിച്ചു നീക്കുന്നു. ഒരേസമയം കൂടുതൽ മികച്ച തൈകൾ ഉല്പാദിപ്പിക്കാൻ ഈ രീതി സഹായിക്കും. ഇത്തരം തൈകൾക്ക് കുറഞ്ഞ കാലം കൊണ്ട് ഉത്പാദനം തുടങ്ങാനും കഴിയും.
നന്നായി പഴുത്ത നാം നാം പഴത്തിൽനിന്ന് വലിയ പരന്ന വിത്തുകൾ വേർതിരിച്ചെടുക്കുക. ഇവ ഏറെ താമസിയാതെ പാകാൻ ശ്രദ്ധിക്കണം. വിത്തിന്‍റെ കടുപ്പമുള്ള പുറംതോട് മൃദുവാകാനും വേഗം മുളച്ചുകിട്ടാനും വേണ്ടി വിത്തുകൾ പച്ചവെള്ളത്തിൽ 24 മണിക്കൂർ കുതിർക്കുന്നത് നന്നായിരിക്കും. അധികം ചൂടില്ലാത്ത ഇളംചൂടുവെള്ളം ഉപയോഗിക്കുന്നതിലും തെറ്റില്ല. വിത്തുകൾ വേണ്ടത്ര കുതിർന്നു എന്ന് കണ്ടാലുടൻതന്നെ അവ വെള്ളത്തിൽ നിന്നെടുത്തു പാകണം. ഉണങ്ങുന്നതിനു മുൻപ് പാകണം എന്നർത്ഥം. നനവ് മാറി ഉണങ്ങാൻ തുടങ്ങിയാൽ വിത്തിനുള്ളിലെ ഭ്രൂണം കേടായിപ്പോകുമെന്നതിനാലാണിത്.
40% കൊക്കോ പീറ്റ് അല്ലെങ്കിൽ പീറ്റ് മോസ്, 30% നല്ല കമ്പോസ്റ്റ് അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ്, 20% പെർലൈറ്റ് അല്ലെങ്കിൽ പരുപരുത്ത മണൽ,10% സാധാരണ മണ്ണ് അല്ലെങ്കിൽ പശിമ മണ്ണ്; ഇവയാണ് പോട്ടിങ് മിശ്രിതത്തിലെ ചേരുവകൾ. സാധാരണഗതിയിൽ രണ്ടുമുതൽ നാല് ആഴ്ച കൊണ്ട് വിത്തുകൾ മുളച്ചു കിട്ടും. ചിലപ്പോൾ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാനും മതി. വിത്തു മുളപ്പിച്ചു തൈകൾ വളർത്തുമ്പോൾ എത്രതന്നെ ശ്രദ്ധിച്ചാലും അഞ്ചുമുതൽ ആറുവർഷം വരെ എടുക്കും മരം പൂക്കാനും കായ്കൾ പിടിച്ചുകിട്ടാനും.
ഇവിടെയാണ് അത്രതന്നെ കാലാവധി വേണ്ടാത്ത ഇതര പ്രജനന രീതികൾ പ്രയോഗിക്കാവുന്നത്. അടുപ്പിച്ചുള്ള ഒട്ടിക്കൽ രീതിയിൽ വിത്തുപാകി മുളപ്പിച്ചെടുത്ത ഒരു തൈയ്യും, നന്നായി കായ്‌ഫലം തരുന്ന ഒരു മാതൃ വൃക്ഷത്തിന്‍റെ കൊമ്പുമാണ് വേണ്ടത്. ഇവയുടെ വേരുകൾ വേർപെടുത്താതെ തന്നെ പരസ്പരം അടുപ്പിച്ചുവച്ച് ഒട്ടിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. ചട്ടിയിലോ പോളിത്തീൻ സഞ്ചിയിലോ വളർത്തിയെടുത്ത ചെറിയ നാം നാം തൈ മാതൃ വൃക്ഷത്തിനടുത്തേക്ക് കൊണ്ടുവരുന്നു. തൈയ്യുടെ തണ്ടിലേയും മാതൃവൃക്ഷത്തിന്‍റെ കൊമ്പിലേയും തൊലി ഒരേ തോതിലും അളവിലും അല്പം ചെത്തിമാറ്റുന്നു. ഈ രണ്ടു ഭാഗങ്ങളും പരസ്പരം ചേർത്ത് വച്ച് പ്ലാസ്റ്റിക് ടേപ്പൊ ചരടോ ഉപയോഗിച്ച് കാറ്റും വെള്ളവും കടക്കാത്ത വിധം നന്നായി മുറുക്കി കെട്ടുന്നു. കുറച്ചു ദിവസം കഴിയുമ്പോൾ ഇവ തമ്മിൽ ഒട്ടിപ്പിടിച്ചു ഒന്നായി വളരാൻ തുടങ്ങും. അതിനുശേഷം മാതൃ വൃക്ഷത്തിൽനിന്നുള്ള കൊമ്പിന്‍റെ താഴത്തെ ഭാഗം മുറിച്ചുമാറ്റുന്നതോടെ പുതിയ ഗ്രാഫ്റ്റ് തയാറാകുന്നു. ഇത്തരം ഒട്ടുതൈകൾ 3-4 വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങും.
നാം നാം -തുടക്കവും വ്യാപനവും
തെക്കു കിഴക്കൻ ഏഷ്യയിലെ പ്രധാന ഭൂവിഭാഗമായ മലയ് ഉപദ്വീപിന്‍റെ സന്തതിയാണ് നാം നാം ഫലം. അവിടെ ഇത് വളരെ പണ്ടുമുതൽക്കേ വനവൃക്ഷമായി വളരുന്നുണ്ട്. കാലക്രമത്തിൽ ഇത് ഏഷ്യയുടെ തെക്ക്-തെക്കുകിഴക്കൻ ഭാഗങ്ങളിലേക്ക് പ്രചരിക്കുകയായിരുന്നു. വാണിജ്യപരമായി ഇത് അധികം വളർത്താറില്ലെങ്കിലും വനപ്രദേശങ്ങൾ പോലെതന്നെ വീട്ടുവളപ്പുകളിലും ഇത് വളർത്തുന്ന പതിവുണ്ട്. ഉഷ്ണമേഖലകളിലും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലും താഴ്ന്ന സമതലങ്ങളിലും നാം നാം വളരുന്നു. ഇതിന്‍റെ ഫലങ്ങൾ പാചകാവശ്യങ്ങൾക്കും ഔഷധോപയോഗങ്ങൾക്കും ഉപയോഗിച്ച് വരുന്നുണ്ട്. ഇന്നിപ്പോൾ നാം നാം ഫലങ്ങൾ മലയ് ഭൂവിഭാഗപ്രദേശങ്ങൾ ആയ മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലും ഇന്ത്യ, ശ്രീലങ്ക, ഇൻഡോനീഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും വളരുന്നു. അതാതിടത്തെ പ്രാദേശികവിപണികളിലാണ് ഇവ കൂടുതലും എത്തിച്ചേരുന്നതും വിറ്റുപോകുന്നതും.
മലേഷ്യ, ഇൻഡോനീഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ വഴിയോരവിപണികളിലും ശ്രീലങ്കയിലെ തന്നെ ഏറ്റവും വലിയ മൊത്തക്കച്ചവട വിപണിയായ മഹാരാഗമ മാർക്കറ്റിലും വൈവിധ്യമാർന്ന ഉഷ്ണമേഖലാ പഴങ്ങളുടെ വിപണിയായ ഗാലി ഫ്രൂട്ട് മാർക്കറ്റിലും മിക്കവാറും ഈ പഴം വില്പനക്കെത്താറുണ്ട്. ഇങ്ങനെയെത്തുന്ന പഴങ്ങളിലധികവും ചെറിയ വീട്ടുതോട്ടങ്ങളിൽ നിന്നാണെത്തുന്നത്. പാകമാകുന്നതനുസരിച്ചു പഴത്തിന്‍റെ പുളിരസം കാര്യമായി കുറയുകയും മധുരം തെളിയുകയും ചെയ്യും. ഇത്തരം പഴങ്ങളുടെയെല്ലാം പ്രത്യേകത അതുപയോഗിക്കുന്നവർ അടയാളപ്പെടുത്തുന്ന രുചിവൈവിധ്യമാണ്. പേരയ്ക്ക, മാമ്പഴം, പഴുക്കാത്ത ആപ്പിൾ എന്നീ പഴങ്ങളുടെ സമ്മിശ്രരുചിയാണ് നാം നാമിനെന്ന് രേഖപെടുത്തുന്നവരുമുണ്ട്.
കേരളത്തിലെ നല്ല ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയിൽ മഴയും ചൂടുമൊക്കെ ഈ ഫലവൃക്ഷത്തിന്‍റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. ഭാഗികമായ തണലിടങ്ങളിലും ഇടവിളയായി വളർത്താം. ഇടത്തരം വലിപ്പത്തിൽ സാവധാനം വളരുന്ന ഫലവൃക്ഷമാകയാൽ വീട്ടുവളപ്പിലും പറമ്പിലും സ്ഥലലഭ്യത അനുസരിച്ചു നാം നാം വളർത്തുകയും ചെയ്യാം. വലിയ ചട്ടികളിലും ഒതുക്കി വളർത്താൻ ഉത്തമമാണിത്. ഇതിന് 50 മുതൽ 60 സെന്റി മീറ്റർ വരെ വീതിയും ആഴവുമുള്ള വലിയ ചട്ടികളോ പാത്രങ്ങളോ ടബ്ബുകളോ മതിയാകും. ഒരു ഭാഗം മേൽമണ്ണ്, ഒരു ഭാഗം ചകിരിച്ചോർ, ഒരു ഭാഗം ജൈവവളം; ഇത് ഉണങ്ങിയ ചാണകപ്പൊടിയോ, അല്ലെങ്കിൽ കമ്പോസ്റ്റോ മണ്ണിര കമ്പോസ്‌റ്റോ ആകാം. ഇതുതന്നെ കൂടുതൽ മികച്ചതാക്കാൻ ഒരു പിടി വേപ്പിൻപിണ്ണാക്ക്, ഒരു പിടി എല്ലുപൊടി, ഒരു ചെറിയ സ്പൂൺ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ്; ഇത് മണ്ണിന്‍റെ പുളിരസം നിയന്ത്രിക്കാൻ ഉപകരിക്കും. ഈ ചേരുവകളെല്ലാം നന്നായി ഇളക്കി ചേർത്ത് ചട്ടിയിൽ നിറച്ചു വേണം തൈകൾ നടാൻ.
ചട്ടിയിലാകുമ്പോൾ ദിവസവും 6 -8 മണിക്കൂർ നേരം സൂര്യപ്രകാശം കിട്ടണം. ഇതനുസരിച്ചു ചട്ടിയുടെ സ്ഥാനം ക്രമീകരിക്കണം. ചട്ടിയിൽ മൺനിരപ്പ് ഉണങ്ങുന്നതനുസരിച്ചു വേണം നനയ്ക്കാൻ. ജൈവവളങ്ങളായ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് എന്നിവ ഒന്നോ രണ്ടോ മാസം കൂടുമ്പോൾ നൽകാം.
ചട്ടിയിൽ വളർത്തുമ്പോൾ മരം അധികം ഉയരത്തിൽ പോകാതെ നോക്കുന്നത് നല്ലതാണ്. ഇതിന് മരത്തിന്‍റെ മേൽഭാഗം കോതി ഒതുക്കണം. ഇത് കൂടുതൽ ശാഖകൾ വരാൻ സഹായിക്കും. മാത്രമല്ല, ഇതിന്‍റെ കായ്‌കൾ പ്രധാന തടിയിലാണല്ലോ ഉണ്ടാകുന്നത്.
രാസവളങ്ങൾ ചേർക്കാൻ താല്പര്യമുണ്ടെങ്കിൽ മരത്തിന്‍റെ തായ്‌ത്തടിയിൽ നിന്ന് 50 സെന്റി മീറ്റർ മാറി തടമെടുത്തു വേണം ചേർക്കാൻ. ഇതിന് 19:19:19 പോലുള്ള രാസവള മിശ്രിതങ്ങൾ ചേർക്കാം. അതും മഴക്കാലത്തിന്‍റെ തുടക്കത്തിൽ. വളർന്നു കൊണ്ടിരിക്കുന്ന മരമൊന്നിന് 100 ഗ്രാം വരെ മിശ്രിതം നൽകാം. ഇത് തന്നെ നാലാം വർഷം കായ്ക്കാറാകുമ്പോഴേക്കും 500 ഗ്രാം വരെ വർദ്ധിപ്പിക്കാം. അതും വർഷത്തിൽ രണ്ടു തവണയായി വീതിച്ചു നൽകുകയും വേണം. നനയും നിർബന്ധം എന്നോർക്കുക.
ഇതോടൊപ്പം ജൈവവളത്തിന്‍റെയും അളവ് വർധിപ്പിക്കണം. ഒരു മരത്തിന് ഒരു വർഷം 20 മുതൽ 25 കിലോ വരെ ജൈവവളം; എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും വർഷത്തിൽ ഓരോ കിലോ വീതം നൽകുന്നത് കൂടുതൽ കായ്കൾ ഉണ്ടാകാൻ സഹായിക്കും. മണ്ണിലെ പുളിപ്പ് കുറയാൻ 200 ഗ്രാം കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ചുവട്ടിൽ ചേർക്കുകയും ആകാം.
പരമ്പരാഗതമായ ഉപയോഗങ്ങൾ
തെക്കു കിഴക്കൻ ഏഷ്യയിലും ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങളിലും നാം നാം പഴം ഔഷധമായും പാചകാവശ്യത്തിനും പണ്ടുമുതൽക്കേ ഉപയോഗിച്ചിരുന്നു. ഇതിന്‍റെ വിത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ വിവിധ ത്വക് രോഗങ്ങളുടെ ചികിത്സയിൽ, പ്രത്യേകിച്ച് കുഷ്ഠരോഗ ചികിത്സയിൽ ഉപയോഗിച്ചിരുന്നു. ഇലകളും മരത്തിന്‍റെ പുറംതൊലിയും തേയിലവെള്ളത്തിൽ മുക്കിവച്ചു തയാറാക്കുന്ന കഷായം രക്താദിമർദം, പ്രമേഹം, അതിസാരം, മൂത്രാശയ അസ്വസ്ഥതകൾ, ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയുടെ ചികിത്സയിൽ ഔഷധമായിരുന്നു. പഴത്തിന്‍റെ പുളിയുള്ള കാമ്പ് ദഹനസഹായിയായും ഉപയോഗിച്ചിരുന്നു.
ജീവകം സി സമൃദ്ധമാകയാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ആരോഗ്യകരമായ ചർമത്തിന് ആവശ്യമായ ദൃഢതയും ഇലാസ്തികതയും നിലനിർത്തുന്ന കൊളാജൻ ഉത്പാദനം ത്വരിതപ്പെടുത്തുകയും ചെയ്യും. പഴം ധാരാളം നിരോക്സീകാരകങ്ങൾ ഉൾക്കൊള്ളുന്നതാകയാൽ വിട്ടുമാറാത്ത പല ഗുരുതര രോഗങ്ങൾക്കും പരിഹാരവുമാണ്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹനസഹായി ആണ്; ഒപ്പം ശരീരഭാരം കുറയാൻ സഹായിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യമാണ് ഹൃദയാരോഗ്യത്തിനും എല്ലുകളുടെ ബലത്തിനും നിദാനം. കാലറിയും കൊഴുപ്പും കുറവാകയാൽ ദുർമേദസ്സ് കുറയ്ക്കണം എന്നാഗ്രഹിക്കുന്നവർക്കും ആശ്രയമാണ് നാം നാം.
നാം നാം ഫലത്തിന്‍റെ 100 ഗ്രാം ഉൾക്കാമ്പിൽ 85 കാലറി ഊർജം, 20.5 ഗ്രാം അന്നജം, 15.3 ഗ്രാം പഞ്ചസാര, 3.2 ഗ്രാം ഭക്ഷ്യയോഗ്യമായ നാര്, 1.2 ഗ്രാം മാംസ്യം, 0.3 ഗ്രാം കൊഴുപ്പ് എന്നിവയ്ക്ക് പുറമെ ധാതുക്കളായ കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസിയം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. വീഞ്ഞ്, മധുരപലഹാരം, അച്ചാറുകൾ എന്നിവയും ഇതുപയോഗിച്ചു തയാറാക്കാറുണ്ട്.
മരത്തിന്‍റെ തടി അത്യാവശ്യം ഫർണിച്ചറുകൾ പണിയാനും വീടുപണിക്കുമൊക്കെ ഉപയോഗിക്കാറുണ്ട്. ഫലവൃക്ഷം എന്നതിനോടൊപ്പം മരത്തിന്‍റെ ആകർഷകമായ വളർച്ചാസ്വഭാവവും പ്രധാന തടിയിൽതന്നെ കായ്കൾ പിടിക്കുന്നതുമൊക്കെ ഇതിനെ ലാൻഡ് സ്കേപ്പിങ്ങിന് ഉത്തമ ചേരുവയാക്കി മാറ്റിയിരിക്കുന്നു. ഒപ്പം ശക്തിയായ കാറ്റിനെ ചെറുക്കാനുള്ള ശേഷി, തീരദേശത്തെ കാലാവസ്ഥയിലും ലവണ മണ്ണിലും നിലനിൽക്കാനുള്ള കഴിവ് തുടങ്ങിയവയൊക്കെ നാം നാമിന്‍റെ ഭാവി സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന വസ്തുതകളാണ് എന്ന് പറയാം. നാം നാമിന്‍റെ തൈകൾ നേരിട്ടും ഓൺലൈനായും കേരളത്തിൽ വാങ്ങാൻ ലഭ്യമാണ്.
Published: 13 Oct 2026, 03:20 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented