ലോകത്തിന്റെ കാലാവസ്ഥ തകിടം മറിയുന്ന ദിവസങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്. മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്ന കാലവർഷം, മഴക്കാലം എന്നതിലുപരി കേരളത്തിൽ കൃഷി കലണ്ടറിന്റെ ഭാഗം കൂടിയാണ്. മിക്കവാറും എല്ലാത്തരം കാലാവസ്ഥകളും ഒരേസമയം നിലനിൽക്കുന്ന കേരളത്തിന്റെ വിവിധ കാർഷിക മേഖലകളിൽ എൽ നിനോയുടെ ആഘാതം എങ്ങനെയാവുമെന്ന് നോക്കാം. നമ്മുടെ അടിസ്ഥാന ഭക്ഷണവും ഏറ്റവും വലിയ കൃഷിയുമായ അരിയിൽ അഥവാ നെൽകൃഷിയിൽ എൽ നിനോ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാവും?
നെൽകൃഷിക്കായുള്ള ഭൂമി ഒരുക്കൽ, ഞാറു നടീൽ, ജലസേചനം, വിളയുടെ വളർച്ച, കൊയ്ത്ത് - ഈ ഘട്ടങ്ങളിലെല്ലാം മഴയുടെ വരവും വ്യാപ്തിയും ക്രമവും കൃഷിയെ നേരിട്ട് സ്വാധീനിക്കുന്നു. അങ്ങനെ, പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ എന്ന ആഗോള കാലാവസ്ഥാ പ്രതിഭാസം നമ്മുടെ നെൽകൃഷിയെയും നേരിട്ടു ബാധിക്കുന്നു. തെക്കുപടിഞ്ഞാറൻ മൺസൂണിൽനിന്ന് ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് കേരളത്തിലെ നെൽകൃഷി പ്രധാനമായും മുന്നോട്ടുപോകുന്നത്. എൽ നിനോ കാരണം മൺസൂൺ വൈകുകയോ ദുർബലമാകുകയോ ക്രമം തെറ്റുകയോ ചെയ്താൽ, വിളയുടെ ആദ്യഘട്ടങ്ങളിൽ ആവശ്യമായ മണ്ണിലെ ഈർപ്പം നിലനിർത്താൻ കർഷകർ ബുദ്ധിമുട്ട് നേരിടും.
ഒരു സീസണിൽ ലഭിക്കുന്ന ആകെ മഴയുടെ അളവുമാത്രം നോക്കിയല്ല വിളയുടെ മികച്ച പ്രകടനം നിർണ്ണയിക്കുന്നത്. ഒരു സീസണിൽ സമൃദ്ധമായി മഴ ലഭിച്ചാലും, മഴയ്ക്കിടയിൽ നീണ്ട വരണ്ട ഇടവേളകൾ ഉണ്ടായാൽ അത് ചെടികൾക്ക് വലിയ ജലസമ്മർദ്ദമുണ്ടാക്കാം. നെല്ലിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കൃത്യസമയത്ത് വെള്ളം ലഭ്യമാകുന്നുണ്ടോ എന്നതാണ് കർഷകരെ സംബന്ധിച്ച് ഏറെ പ്രധാനം. ഇപ്പോൾ കേരളത്തിലെ നെൽ കർഷകർ കടന്നുപോകുന്നതും ഇതേ സാഹചര്യത്തിലൂടെയാണ്.
വരൾച്ച പോലെ തന്നെ അമിതമായ മഴ ലഭിക്കുന്നതും വിളവ് കുറയാൻ ഇടയാക്കും. കൂടുതൽ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ വരാൻ സാധ്യതയുണ്ട്. ഉയർന്ന താപനില കാരണം ബാഷ്പീകരണവും ചെടികളിലൂടെയുള്ള ജലനഷ്ടവും വർദ്ധിക്കുന്നു. ചൂടേറിയ കാലാവസ്ഥയിൽ നെൽച്ചെടികളുടെ ജലാവശ്യവും ജലസേചന ആവശ്യകതയും വർദ്ധിക്കും. കേരളത്തിലെ നെൽക്കർഷകരുടെ പ്രധാന ആശങ്ക കാലാവസ്ഥയിലെ അനിശ്ചിതത്വമാണ്. നീണ്ട വരണ്ട ഘട്ടങ്ങൾക്കുശേഷം പെട്ടെന്ന് ഉണ്ടാകുന്ന കനത്ത മഴ, ഒരു ഘട്ടത്തിൽ ജലക്ഷാമവും അടുത്ത ഘട്ടത്തിൽ വെള്ളക്കെട്ടും സൃഷ്ടിക്കുന്നു. എൽ നിനോയ്ക്കു മുന്നിൽ പകച്ചുനിൽക്കാതെ എങ്ങനെയൊക്കെ നേരിടാമെന്ന് നോക്കാം.
പാടങ്ങളിൽ ചാലുകൾ ഒരുക്കിയിട്ടില്ലെങ്കിൽ കനത്ത മഴ വിളനാശമുണ്ടാക്കാം. കാലാവസ്ഥാ മുന്നറിയിപ്പുകൾ അനുസരിച്ച് ചാലുകൾ തുറന്നുകൊടുത്ത് വിള സംരക്ഷിക്കാം. വിതയ്ക്കൽ, ഞാറു നടീൽ, പൂവിടൽ, ധാന്യം നിറയൽ തുടങ്ങിയ നിർണ്ണായക ഘട്ടങ്ങളിൽ കാലാവസ്ഥാ പ്രവചനങ്ങളും കാർഷിക നിർദ്ദേശങ്ങളും കർഷകർ കൃത്യമായി പിന്തുടരണം. പ്രതിസന്ധി ഉണ്ടാകുന്നതിന് മുൻപ് തന്നെ ജലപരിപാലന നടപടികൾ ആരംഭിക്കണം. കുളങ്ങളും മറ്റ് ജലസംഭരണികളും പരിപാലിക്കുക, പാടങ്ങളിലെ കനാലുകൾ അറ്റകുറ്റപ്പണി നടത്തുക, അനാവശ്യ ജലനഷ്ടം കുറയ്ക്കുക, കനത്ത മഴയ്ക്ക് മുൻപ് ചാലുകൾ പ്രവർത്തനക്ഷമമാക്കുക എന്നിവ ഉറപ്പാക്കുക.
പൊതുവേ
നെല്ലിന് കൂടുതൽ വെള്ളം ആവശ്യമാണ്. എന്നാൽ, എല്ലാ വളർച്ചാ ഘട്ടങ്ങളിലും ഒരേ അളവിൽ വെള്ളം വേണമെന്നില്ല. ജല ലഭ്യത കുറവായിരിക്കുമ്പോൾ കർഷകർക്ക് ജലസേചനം നിയന്ത്രിക്കാം. അടുത്ത തവണ നനയ്ക്കുന്നതിന് മുമ്പ് വയലിലെ ഈർപ്പം കുറയാൻ അനുവദിക്കുക. ഞാറു നടീൽ, പൂവിടൽ, മണി പിടിക്കുന്ന ഘട്ടങ്ങൾ തുടങ്ങിയവയിൽ ജലക്ഷാമം വിളവ് ഗണ്യമായി കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ, ഈ സമയങ്ങളിൽ ജലത്തിന് മുൻഗണന നൽകുക. മഴ മൂലം ആവശ്യത്തിന് ഈർപ്പം ലഭിച്ചിട്ടുണ്ടെങ്കിൽ ആവശ്യമില്ലാത്ത ജലസേചനം ഒഴിവാക്കുക. ശക്തമായ മഴ മൂലം ദീർഘനേരം വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ ആവശ്യമായ നീർവാർച്ചാ സൗകര്യം ഉറപ്പാക്കുക.
മഴ ലഭിക്കുന്നതിനുള്ള ഇടവേളകൾ നീണ്ടുപോയേക്കാം. കൃത്യസമയത്ത് ജലസേചനം നടപ്പാക്കുന്നത് ജലവിതരണം കൂടുതൽ കാലത്തേക്ക് നിലനിർത്താൻ സഹായിക്കും. ചൂട് അമിതമായി വർദ്ധിക്കുമ്പോഴും പെട്ടെന്ന് അമിതമായ മഴയോ വെള്ളക്കെട്ടോ ഉണ്ടാകുമ്പോഴും കീടരോഗ നിയന്ത്രണത്തിൽ അതീവശ്രദ്ധ വേണം. ആരംഭഘട്ടത്തിൽ തന്നെ രോഗങ്ങളും കീടങ്ങളും നിയന്ത്രണവിധേയമാക്കുന്നത് തന്നെയാണ് ഫലപ്രദമായ രീതി.
ജലപരിപാലനം കൂടുതൽ ഫ്‌ലെക്‌സിബിൾ ആക്കുകയാണ് എൽ നിനോ കാലത്ത് ശ്രദ്ധിക്കേണ്ട പ്രധാന പാഠം. പസഫിക് സമുദ്രത്തിലെ താപനിലയോ മൺസൂണിന്റെ രീതിയോ മാറ്റാൻ നമുക്ക് കഴിയില്ലെങ്കിലും, ജലസംരക്ഷണം, അനുയോജ്യമായ വിത്തിനങ്ങൾ എന്നിവയിലൂടെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സാധിക്കും. എൽ നിനോ സംഭവിച്ചാൽ ഉടൻ നെൽകൃഷി മോശമാകുമെന്ന് അർത്ഥമില്ല. പാടവും കാലാവസ്ഥാ പ്രവചനവും ജലസ്രോതസ്സും ഒരുപോലെ നിരീക്ഷിച്ച് മുന്നേറുന്ന കർഷകർക്ക് മാറുന്ന മൺസൂൺ രീതികളെ അതിജീവിക്കാൻ കഴിയും.
എൽ നിനോയ്ക്കു മുന്നിൽ പകച്ചുനിൽക്കുകയല്ല, കൂടുതൽ സുരക്ഷിതമായ മാർഗങ്ങൾ കണ്ടെത്തുകയാണ് അതിജീവനത്തിനുള്ള പോംവഴി. കർഷകരെ അക്കാര്യത്തിൽ സഹായിക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്തമാണ്. കൂടുതൽ കരുത്തോടെ മുന്നേറാൻ, എൽ നിനോയെ നേരിടാൻ കർഷകർക്ക് തണലായി മാറാം. കേരളത്തിന്റെ മറ്റൊരു കൃഷിമേഖലയെ എൽ നിനോ എങ്ങനെ ബാധിക്കുമെന്ന് അടുത്ത ഭാഗത്തിൽ പരിശോധിക്കാം.
Published: 07 Oct 2026, 09:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented