
ശ്രീനഗർ: പട്ടുനൂൽ ഉത്പാദനം 15,000 മെട്രിക് ടൺ കൂടി വർദ്ധിപ്പിച്ച് ചൈനയെ മറികടന്ന് ഈ മേഖലയിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ശ്രീനഗറിലെ സെൻട്രൽ സെറി കൾചറൽ റിസർച്ച് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇർഫാൻ ഇല്ലാഹി. കേരളത്തിൽ നിന്നുള്ള പി.ഐ.ബി പ്രതിനിധി സംഘത്തിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ആകെ 42,000 മെട്രിക് ടൺ വാർഷിക ഉത്പാദനവുമായി പട്ടുനൂൽ കൃഷിയിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്താണ്. ചൈനയെ പിന്തള്ളാനുള്ള ഈ പുതിയ ലക്ഷ്യത്തോടെ രാജ്യം വലിയൊരു കാർഷിക മുന്നേറ്റത്തിനാണ് ലക്ഷ്യമിടുന്നത്.
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യവ്യാപകമായി പട്ടുനൂൽ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾക്ക് ഇതിനകം തന്നെ തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ 218 ജില്ലകളിലേക്ക് കൃഷി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ കേരളത്തിലെ വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കർഷകർക്ക് മികച്ച സാങ്കേതിക വിദ്യകൾ പൂർണ്ണമായും സൗജന്യമായി കൈമാറാൻ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറെടുക്കുന്നു. കൂടാതെ ജപ്പാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ വിദേശ രാജ്യങ്ങളുമായി സഹകരിച്ച് നടത്തുന്ന പത്തോളം റിസർച്ച് പ്രൊജക്ടുകളും ഇതിന്റെ ഭാഗമായി നിലവിലുണ്ട്.
നിലവിൽ രാജ്യത്ത് ഏകദേശം 60 ലക്ഷത്തോളം കർഷകരാണ് പട്ടുനൂൽ കൃഷിയെ ആശ്രയിക്കുന്നത്. അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് പട്ടുനൂലിനുള്ള കയറ്റുമതി സാധ്യതകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, കർഷകർക്ക് സബ്‌സിഡികൾ നൽകി കൃഷി കൂടുതൽ വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ പട്ടുനൂൽ കൃഷിയുമായി ബന്ധപ്പെട്ട മൾബറി കേക്ക്, സ്ക്വാഷ്, ജാം തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ വിപണി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് കർഷകർക്ക് കൂടുതൽ മികച്ച അവസരങ്ങൾ തുറന്നു നൽകുമെന്നും വിലയിരുത്തപ്പെടുന്നു.
Published: 08 Sept 2026, 06:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented