കാർഷിക പെരുമയുടെ പെരുന്തച്ചൻ വിടവാങ്ങി. പൈതൃക നെൽവിത്തുകളെ ജീവനോളം പരിപാലിക്കുകയും പുതിയ തലമുറയിലേക്ക് കൈമാറുകയുംചെയ്ത രാമേട്ടൻ. ഭാരതത്തിന്റെ അഭിമാനമായി പദ്മശ്രീ പുരസ്കാരം നേടിയ കർഷകൻ. ഇറതാണ വീട്ടിൽനിന്ന് തലയുയർത്തി ഇല്ലായ്മകളോടും പ്രതിസന്ധികളോടെയും പൊരുതിയായിരുന്നു ജീവിതം. രാമന്റെ പുല്ലുപുര പുരസ്കാരങ്ങളുടെയും വീടാണ്. പദ്മശ്രീമുതൽ ഈ വർഷത്തെ പ്രഥമ ഉമ്മൻ ചാണ്ടി പുരസ്കാരംവരെയുള്ള അനേകം ബഹുമതികൾ. മണ്ണിൽ പണിയെടുക്കുന്ന കർഷകന് കിട്ടുന്ന ഏറ്റവുംവലിയ അംഗീകാരംകൂടിയാണ് ഈ പുരസ്കാരങ്ങൾ.
കൃഷിക്കാരൻ അഥവാ ആത്മാർഥതയുള്ളവൻ
ഇക്കാലംവരെയും വയലൊന്നും തരിശിട്ടില്ല. സമയത്തും കാലത്തും വിത്തിറക്കും. പുതിയ നെൽവിത്തുകളൊന്നും വേണ്ട. പഴമയുടെ മൂല്യങ്ങളെ ചേർത്തുപിടിച്ചായിരുന്നു ഇതുവരെയുമുള്ള യാത്ര. വയനാടൻ ഗന്ധകശാലയും ജീരകശാലയുമെല്ലാം രാമന്റെ കൃഷിയിടത്തിലുണ്ട്. അതിനൊപ്പം അപൂർവമായ മറ്റിനം നെൽവിത്തുകളും. ഇതെല്ലാം സി.ആർ. (ചെറുവയൽ രാമൻ) എന്ന ലേബലെഴുതിയ പ്രത്യേകം വയലുകളിൽ കൃഷിചെയ്യും. കൊയ്ത്തുകാലമായാൽ എല്ലാം പ്രത്യേകം പ്രത്യേകമായി വേർതിരിച്ച് കൊമ്മകളിലും മറ്റുമായി സൂക്ഷിക്കും. അങ്ങനെ മുപ്പത്തിരണ്ടിനം നെൽവിത്തുകൾ ശേഖരത്തിലുണ്ട്. ഇവ വയനാടിന്റെ തനതുനെല്ലിനങ്ങളാണ്. ചെമ്പകം, ചെന്താടി, ഓണമൊട്ടൻ, ചേറ്റുവെളിയൻ തുടങ്ങി രാമന്റെ കലവറയിലെ വിത്തുകളുടെ പേരുകൾ നീളുന്നു. ചെറുപ്പകാലംതൊട്ട് കൂടെയുള്ളതും പിന്നീട് ശേഖരിച്ചതുമാണിത്. കൈവശമുള്ള മൂന്നരയേക്കർ പാടത്തിൽ അരയേക്കർ പാടത്ത് ഈ നെൽവിത്തുകളെ വർഷത്തിലും കൃഷിചെയ്യുന്നു. പാരമ്പര്യനെൽവിത്തുകൾ അന്വേഷിച്ചുവരുന്നവരെ നിരാശരാക്കുകയുമില്ല. രണ്ടുകിലോ വിത്തുവരെ പരമാവധി ഓരോ കർഷകനും നൽകും. വിത്തിന് പകരമായി പണം മേടിക്കുന്ന പതിവും ഇന്നോളമില്ല. പണം വേണ്ട അടുത്ത ആണ്ടിൽ അത്രയും നെൽവിത്ത് കൃഷിചെയ്തതിൽനിന്ന് തിരികെയെത്തിച്ചാൽമാത്രം മതി. ഇതുകൊണ്ട് ഒരു കൃഷിക്കാരനെകൂടി സൃഷ്ടിക്കാൻ കഴിയും. പിന്നെ ഇവർതമ്മിൽ ഒരു ആത്മബന്ധവും സ്ഥാപിക്കാൻ കഴിയുമല്ലോ. ഇത്തരത്തിൽ ഇവിടെനിന്ന് വിത്ത് കൊണ്ടുപോയവർ അനേകമുണ്ട്. തിരികെ വിത്തുനൽകി വാക്കുപാലിച്ചവരും ഏറെയുണ്ട്. ഞാൻ ഒറ്റയ്ക്ക് വിചാരിച്ചാൽ നെൽവിത്ത് സംരക്ഷണം എവിടെയുമെത്തില്ല. ഇതിനായി ഒരു കൂട്ടായ്മതന്നെ ഉണരണം. വിദേശത്തുള്ള ജീൻ ബാങ്കിൽ വിത്തുകൾ സൂക്ഷിക്കാമായിരിക്കാം. എന്നാൽ ഇവരുടെ വിത്ത് സൂക്ഷിപ്പിന് പലതരം അജൻഡകളുണ്ട്. ഇതിനായി ഇവർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയില്ല. കൃഷിക്കാരനെന്നാൽ ഈ നാട്ടിൽ ആത്മാർഥതയുള്ളവനെന്നാണ് അർഥം. ഇതാണ് ചെറുവയൽ രാമനെയും വ്യത്യസ്തനാക്കിയത്.
പ്രകൃതി ജീവനം
കതിരുനിരക്കുന്ന നെൽപ്പാടങ്ങൾ വിതയ്ക്കുന്നവന് മാത്രമുള്ളതല്ല. പക്ഷികളും നാനാതരം ജീവികളും ഇതിന്റെ വീതം തേടിവരും. ഇങ്ങനെയാണ് രാമൻ പറയുക. വീട്ടിൽ കൃഷിയെയും നെൽവിത്തുകളെയും അടുത്തറിയാൻ വരുന്നവരെ നിരാശരാക്കാറില്ല. എല്ലാവർക്കും സമയംപോലെ കാര്യങ്ങൾ വിശദീകരിക്കും. പദ്മശ്രീ പുരസ്കാരം ലഭിക്കുന്നതിനു മുന്നെയും പിന്നാലെയുമായി ധാരാളം ആളുകൾ രാമന്റെ വീട്ടിലെത്താറുണ്ട്. രാമന്റെ പുല്ല് മേഞ്ഞ വീടിന്റെ ഇറയത്തിരുന്ന് ഏറെനേരം വർത്തമാനം പറയും. ഒപ്പം ഈ വീട്ടിൽ വയനാടൻ കട്ടൻ കാപ്പിയുടെ രുചിയുമറിഞ്ഞാണ് ഇവരെല്ലാം തിരിച്ചുപോവുക. പോകുമ്പോൾ കാലത്തിന് മുന്നിലോ പിന്നിലോ നടക്കുന്ന ഒരു കർഷകന്റെ ജീവിതം ഇവരുടെയെല്ലാം ഹൃദയത്തിലുണ്ടാകും. ഒട്ടേറെ ദേശീയ മാധ്യമങ്ങളടക്കം ഇവിടെ വരാറുണ്ട്. ഡോക്യുമെന്ററി എന്ന ആവശ്യവുമായും ആളുകളെത്തും. കൃഷിചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങളാണ് അവർക്കാവശ്യം. അതിനിടയിൽ സ്കൂൾ, കോളേജ് വിദ്യാർഥികളും ഗവേഷകരുമെല്ലാമുണ്ട്. ചിലർ വീടിന്റെ വിശേഷങ്ങളറിയാനുമെത്തും. ചുരുക്കിപ്പറഞ്ഞാൽ എന്നും തിരക്കുതന്നെ. എന്നാൽ കൃഷിചെയ്യുന്നതിന് ഇതൊരു തടസ്സമല്ല. അവരെല്ലാം കൃഷിയിടത്തിൽ വന്നാണ് എന്നോട് സംസാരിച്ചുപോവുക. നിരന്തരമായി കാർഷിക മേളയിൽ പരമ്പരാഗത നെൽവിത്തുകളുടെ എക്സിബിഷൻ നടത്താൻ പലരും വിളിക്കും. എന്നാൽ കൃഷിയുടെ ഇടവേളകളിൽ വരുന്നതുമാത്രമാണ് സ്വീകരിക്കുക. കാർഷിക പ്രദർശനത്തിൽ സ്റ്റാളുകൾക്ക് മുന്നിൽ എപ്പോഴും തിരക്കുണ്ടാകും. ഇവരോടെല്ലാം നെൽവിത്തുകളുടെ ഗുണഗണങ്ങൾ പറഞ്ഞ് എല്ലാം മനഃപാഠമായിരിക്കുന്നു. ഫോണിലൂടെയും അപരിചിതരായ അനേകം പേരുടെ വിളി ദിവസവുമുണ്ടാകും. ഇതും ഒരു സന്തോഷം നൽകുന്ന പ്രവർത്തനംതന്നെയാണ്. നെൽകൃഷി തുടങ്ങിയാൽ പിന്നെ തെറ്റാൻ നേരമില്ല. ഇവ മെതിച്ചെടുത്ത് പത്താത്തിലാക്കുന്നതുവരെ മനസ്സിനും ശരീരത്തിനും വിശ്രമമില്ല. ഈ തിരക്കുകൾക്കിടയിൽനിന്ന് ക്ഷണിക്കുന്ന പരിപാടികളിലേക്കും രാമനെത്തും. ആരോടും പരിഭവമില്ല. ഇതിനെല്ലാം സാക്ഷ്യമാണ് രാമന്റെ പൈതൃകജീവിതം. നാളെയും രാവിലെ പാടത്തിറങ്ങണം. മഴ വൈകിയാണെത്തിയത്. നാട്ടിപ്പണി തീർന്നതേയുള്ളൂ. നെൽപ്പാടങ്ങൾ പച്ചപ്പണിഞ്ഞുവരുന്നു. ഇതിന്റെ സന്തോഷം രാമേട്ടന്റെ മുഖത്ത് കാണാം. നാടിന്റെ നന്മയും നാട്ടുരുചിയുമുളള തനത് ഭക്ഷണ രീതികളും പാരമ്പര്യ അറിവുകളുമെല്ലാം ചേർന്ന് ചെറുവയൽ കുറിച്യത്തറവാട് വരച്ചിടുന്നത് പോയകാല വയനാടിന്റെ സമൃദ്ധിയാണ്. നെൽകൃഷി നഷ്ടമാണെന്ന് ആവർത്തിക്കുന്നവർക്കിടയിൽ ലാഭനഷ്ട കണക്കുകളൊന്നുമില്ലാതെ നെൽകൃഷിയുടെ പെരുമമാത്രമാണ് ഈ മാതൃകാ കർഷകന് പറയാനുളളത്. സ്വന്തം പാടത്തുവിളഞ്ഞ കുത്തരിച്ചോറിന്റെ സ്വാദും സ്വയം പര്യാപ്തവുമായ ഭക്ഷ്യസംസ്കാരത്തിന്റെ ശീലങ്ങളുമാണ് രാമനെ പാരമ്പര്യകർഷകനാക്കുന്നത്. കൃഷി വ്യവസായമല്ല ജീവിതംതന്നെയാണെന്നാണ് അനുഭവത്തിൽനിന്ന് രാമൻ പറയുന്നത്.
പുല്ലുമേഞ്ഞ വീട്
രാമന്റെ പുല്ലുമേഞ്ഞ വീട് മലയാളക്കരയുടെ പുണ്യമാണ്. മൂന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ വീടിന്റെ കുലീനതയിൽ അതിഥികളായെത്തിയവർ അനേകംപേരുണ്ട്. മാറിമറിയുന്ന മലയാളി സംസ്കാരത്തിൽ ഈ വീട് പങ്കിടുന്നതും കൃഷിയെ പുണരുന്ന ഒരു കാലത്തിന്റെ കഥകളാണ്. എല്ലാവർഷവും മഴക്കാലത്തിനുമുൻപേ വീട് വൈക്കോൽകൊണ്ട് മേയണം. ചോമാല, വെളിയൻ, ഗന്ധകശാല നെല്ലിന്റെ വൈക്കോലാണ് പുരമേയാൻ പൊതുവേ തിരഞ്ഞെടുക്കുക. നെല്ലിന്റെ നീളക്കൂടുതലാണ് ഇതിനുകാരണം. മുളകൊണ്ടാണ് കഴുക്കോലുകളും വരിച്ചിലുകളുമെല്ലാം. ഇതും ഇടയ്ക്കിടെ മാറ്റണം. പാഴ്ചെലവുകളില്ലാത്ത പുനർനിർമിക്കാൻ കഴിയുന്ന ഈ വീട് ലാളിത്യത്തിന്റെ അടയാളമാണ്. മഴയും വെയിലും മാറിമാറിവന്നാലും ഈ വീടിന്റെ വരാന്തയിൽ ഒരേ കാലാവസ്ഥയാണ്. ചാണകം മെഴുകിയ മൺതറയിൽ ചെരുപ്പില്ലാതെ ചവിട്ടിനടന്നവരാണ് രാമന്റെ മുൻ തലമുറക്കാരും. ഈ ശീലങ്ങളുടെ പാതകൾ പിന്തുടർന്ന് ചെരുപ്പില്ലാതെ പുറത്തെല്ലാം നടക്കാനും കഴിഞ്ഞെന്ന് രാമൻ പറയുന്നു. ഈ പുല്ലുപുരയിൽ ഇരുട്ടുനിറഞ്ഞ അകത്തളങ്ങളിലേക്ക് വിരൽചൂണ്ടി രാമൻ തനിക്കുകിട്ടിയ ആദരവുകളെയെല്ലാം അടയാളപ്പെടുത്തുന്നു. വീണ്ടുമൊരു നഞ്ചകൃഷിക്കാലം പച്ചപ്പണിയുമ്പോൾ നാളേക്കുള്ള വിത്തുകളും ഇവിടെ മുളപൊട്ടുകയാണ്.
അസ്തമിക്കുന്നത് ഒരു കാലം
മണ്ണിന്റെ മനസ്സറിഞ്ഞ കർഷകനായിരുന്നു ചെറുവയൽ രാമൻ. മണ്ണിന്റെ ജീവനും അതിന്റെ തുടിപ്പിനെക്കുറിച്ചുമായിരുന്നു രാമന് ഏറെയും പറയാനുണ്ടായിരുന്നത്. പാടത്തും വീടിന്റെ മുറ്റത്തുമെല്ലാം എപ്പോഴും അതിഥികളുണ്ടാകും. മുതിർന്നവർമുതൽ പുതിയ തലമുറകളിലെ കുട്ടികൾവരെയും ഇവിടെയെത്തും. ഇവരോടെല്ലാമായി രാമൻ കൂട്ടുകാരനാകും. പാടത്ത് നടത്തിയും പാട്ടുപാടിയും കഥകൾ പറഞ്ഞും... കൃഷിപാഠമാകുന്നതും ഇവിടെനിന്നാണ്. രാമേട്ടന്റെ വിടവാങ്ങൽ ഈ തലമുറകൾ ഇഴപിരിയുന്ന ഒരു കണ്ണിമുറിയൽകൂടിയാണ്.
Published: 14 Oct 2026, 06:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented