ഓരോ മാസവും ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നതിനാണ് അനുയോജ്യമെന്നും ഓരോ വിളകൾക്കും ആവശ്യമായ വളപ്രയോഗവും മറ്റു പരിപാലനരീതികളും എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് കർഷകരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഒക്ടോബർ കൂൺകൃഷി ആരംഭിക്കാൻ അനുയോജ്യമായ സമയമാണ്. അടുത്ത ഓണത്തിന് വിളവെടുക്കുന്നതിനായി വാഴകൃഷിക്കുള്ള തയ്യാറെടുപ്പുകൾ ഒക്ടോബർ അവസാനം ആരംഭിക്കണം. തുലാമഴയ്ക്കു മുന്നോടിയായുള്ള ഒരുക്കങ്ങൾ സ്വീകരിക്കേണ്ട സമയവുമാണിത്. ഒക്ടോബർ മാസത്തെ കൃഷി പരിപാലനം എങ്ങനെയാണെന്ന് അറിയാം.

To advertise here,

നെല്ല്

മുണ്ടകൻ നെൽകൃഷി സാധാരണയായി ഒക്ടോബർ- നവംബർ മാസങ്ങളിൽ ആരംഭിച്ച് ജനുവരി- ഫെബ്രുവരി മാസങ്ങളിൽ കൊയ്ത്ത് പൂർത്തിയാക്കുന്നു. വിളവ് മെച്ചപ്പെടുത്തുന്നതിനായി കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ്.

1. നിലമൊരുക്കൽ: കൊയ്ത്തിനുശേഷം വയലിൽ വെള്ളം കയറ്റി മണ്ണിൽ ഈർപ്പം നിലനിർത്തുക. രണ്ടുമൂന്നു തവണ ഉഴുത് പാടം നിരപ്പാക്കണം. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാൻ കുമ്മായം ചേർത്തുകൊടുക്കാം. സാധാരണഗതിയിൽ ഒരേക്കറിന് 200- 300 കിലോ ഗ്രാം കുമ്മായം പാടത്ത് വിതറി ഉഴുതുചേർക്കണം. 48 മണിക്കൂറിനുശേഷം വെള്ളം കയറ്റി കഴുകി തുറക്കണം.

2. ജൈവവളം: മണ്ണിൻ്റെ ഘടനയും ഫലഭൂയിഷ്ഠതയും വർധിപ്പിക്കാൻ ജൈവവളം അനിവാര്യമാണ്. മണ്ണിര കമ്പോസ്റ്റ്, കാലിവളം, കമ്പോസ്റ്റ്, പച്ചിലവളങ്ങൾ എന്നിവയെല്ലാം ചേർക്കാം. ചേർക്കേണ്ട ശരാശരി അളവ് ഒരേക്കറിന് 2-3 മെട്രിക് ടൺ എന്നതാണ്.

3. രാസവളം: നെൽകൃഷിക്ക് ആവശ്യമായ നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാഷ് വളങ്ങൾ ശുപാർശ പ്രകാരംതന്നെ നൽകണം. കുമ്മായം ചേർത്ത് ഒരാഴ്‌ചയെങ്കിലും കഴിഞ്ഞുവേണം രാസവളപ്രയോഗം നടത്താൻ

ഇനംയൂറിയരാജ്ഫോസ്പൊട്ടാഷ്
മധ്യമൂപ്പുള്ള ഇനങ്ങൾ(ഉമ, ജ്യോതി)809030

മൂപ്പ് കുറഞ്ഞ ഇനങ്ങൾ നിലം കൃഷി

627024
കരകൃഷി526021
നാടൻ ഇനങ്ങൾ309021
കുട്ടനാട് പൊതുശുപാർശ809030
കോൾനിലം ഹ്രസ്വ ഇനം807030
കോൾനിലം ഇടത്തരം മൂപ്പ്969030

കോൾനിലം

നെല്ലിന്റെ പ്രധാന വളർച്ചാഘട്ടങ്ങളായ ഞാറ് പരുവത്തിലും ചിനപ്പു പൊട്ടുമ്പോഴും അടിക്കണ പരുവത്തിലുമായി മൂന്ന് തുല്യ അളവുകളായി നൈട്രജൻ, പൊട്ടാഷ് ഇവ നൽകണം. ഫോസ്‌ഫറസ് പൂർണമായും അടിവളമായാണ് നൽകേണ്ടത്.

വിത്ത് വിതയ്ക്കാൻ ഡ്രം സീഡർ ഉപയോഗിക്കാം. ഞാറ് പറിച്ചുനടുന്നതിനായി യന്ത്രങ്ങൾ ഉപയോഗിക്കുന്ന പാടങ്ങളിൽ പായ് ഞാറ്റടി തയ്യാറാക്കണം. ഇപ്രകാരം നടുന്ന നെല്ല് വീഴാതിരിക്കുകയും ഒപ്പം വിളവ് കൂടുതലായും ലഭിക്കുന്നു. വിത്ത് വിതയ്ക്കുന്ന സമയത്ത് വിത്തുപരിചരണത്തിനായി സ്യൂഡോമോണസ് ഉപയോഗിക്കാം. ഇത് രോഗനിയന്ത്രണത്തിന് ഫലപ്രദമാണ്. ഒരു കിലോ ഗ്രാം വിത്തിന് 10 ഗ്രാം സ്യൂഡോമോണസ് എന്ന തോതിൽ ഒരു ലിറ്റർ വെള്ളത്തിൽ 12-16 വരെ മണിക്കൂർ കുതിർത്തശേഷം വിത്ത് സാധാരണ പോലെ മുളപ്പിച്ച് വിതയ്ക്കാം. സെപ്റ്റംബർ മാസം കൃഷിയിറക്കിയ പാടങ്ങളിൽ ഈ മാസം മേൽവളം നൽകണം. അതായത് നടീൽ കഴിഞ്ഞ് 14-21 ദിവസത്തിനകം വളപ്രയോഗം നടത്തണം. പാടത്തുനിന്നു വെള്ളം വാർത്ത് മണ്ണ് നനഞ്ഞ് നിൽക്കുന്ന രീതിയിൽ വളമിടണം.

വളപ്രയോഗം നടത്തി രണ്ടു ദിവസത്തിനുശേഷം പാടത്തേയ്ക്ക് വെള്ളം കയറ്റാം. വേരു പിടിക്കാത്ത നെൽച്ചെടികൾക്ക് പകരം തിങ്ങി വളർന്ന സ്ഥലങ്ങളിൽനിന്നു തൈകൾ പിഴുതെടുത്ത് നടാവുന്നതാണ്. കളനിയന്ത്രണം ഈ സമയത്ത് പ്രധാനമാണ്. കോണോവീഡർ ഉപയോഗിക്കുന്നത് നെൽച്ചെടിയുടെ വേരോട്ടം ശക്തമാകുവാൻ സഹായിക്കും.

ജൈവകൃഷിരീതികൾ അവലംബിക്കുന്ന പാടങ്ങളിൽ ജീവാമൃതം, പഞ്ചഗവ്യം എന്നിവയും നൽകാം. നെൽപ്പാടങ്ങളിൽ സംയോജിത കീടനിയന്ത്രണം അവലംബിക്കുന്നത് വളരെ ഫലപ്രദമാണ്. ട്രൈക്കോഗ്രമ്മ കാർഡുകൾ ഓല ചുരുട്ടി, തണ്ടുതുരപ്പൻ എന്നിവയ്ക്കെതിരെ ഫലപ്രദമാണ്. ഒരേക്കറിന് 40,000 മുട്ടകൾ ഒരു തവണ വേണ്ടിവരും. ഇപ്രകാരം 4-6 തവണകൾവരെ ഒരു കൃഷിയ്ക്ക് ഉപയോഗിക്കേണ്ടതാണ്. കാർഡുകൾ വാങ്ങി ഉടൻതന്നെ ചെറുതുണ്ടുകളാക്കി ചെടികളിലോ കമ്പുകൾ നാട്ടിയോ സ്ഥാപിക്കാം.

ആക്രമണം രൂക്ഷമായാൽ കാർട്രാപ്പ് ഹൈഡ്രോക്ലോറൈഡ് 400 ഗ്രാം ഒരേക്കറിന് എന്ന അളവിൽ 200-400 ലിറ്റർ വരെ വെള്ളത്തിൽ ലയിപ്പിച്ച് തളിച്ച് കൊടുക്കാം.

നെല്ലിലെ കുലവാട്ടം, പോളരോഗം എന്നീ രോഗങ്ങൾക്കെതിരെ സ്യൂഡോമോണസ് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ പറിച്ചെടുത്ത ഞാറുകൾ മുക്കിയശേഷം നടാം. സ്യൂഡോമോണസ് ഒരു കിലോഗ്രാം 50 കിലോ ഗ്രാം ഉണക്കിപ്പൊടിച്ച ചാണകവുമായി തലേദിവസം ചേർത്തുവെച്ചശേഷം വിതറിക്കൊടുക്കണം.

തെങ്ങ്

തുലാമഴ ആരംഭിക്കുന്നതിന് മുൻപ് തെങ്ങിന്റെ മണ്ടവൃത്തി, രോഗകീട പ്രതിരോധ മാർഗങ്ങൾ അവലംബിക്കണം. കളകൾ നീക്കം ചെയ്ത് ഇട കിളയ്ക്കാനുള്ള സമയമാണിത്. തുലാമഴയ്ക്കു മുന്നോടിയായി ജലസംഭരണ പ്രവർത്തനങ്ങൾ നടപ്പാക്കണം. ഇതിനായി തോട്ടത്തിൽ ചാലുകൾ എടുത്ത് തൊണ്ട് മലർത്തി അടുക്കി മണ്ണിട്ട് മൂടുക. കൂടാതെ മഴക്കുഴികൾ എടുക്കുക, കരിയിലയും പച്ചിലയും ഉപയോഗിച്ച് പുതയിടുക എന്നിവയെല്ലാം അനുവർത്തിക്കാവുന്നതാണ്. തെങ്ങിൻതോപ്പുകളിൽ ഇടവിളയായി വാഴ, പയർ വർഗങ്ങൾ, മഞ്ഞൾ, പച്ചക്കറികൾ എന്നിവ നടുന്നതിന് യോജിച്ച സമയമാണിത്. തെങ്ങിൻ തോപ്പിൽ അതിരുകളിലായി ശീമക്കൊന്ന കമ്പുകൾ നടുന്നത് അനുയോജ്യസമയമാണ്. ഇത് തെങ്ങിൻതോപ്പുകളിൽ പച്ചിലവളങ്ങളുടെ ലഭ്യത ഉറപ്പാക്കും. ഒക്ടോബർ മാസം തെങ്ങിന്റെ വിളവെടുപ്പ് കാലം കൂടിയാണ്. തെങ്ങിന്റെ മണ്ട വൃത്തിയാക്കലും ഇതോടൊപ്പം ചെയ്യാൻ മറക്കരുത്.

തീരപ്രദേശങ്ങളിലും മണൽപ്രദേശങ്ങളിലും മഴയ്ക്ക് മുമ്പ് മണ്ണ് കൂനകൂട്ടി ജലം പരമാവധി മണ്ണിലേക്ക് ഊർന്നിറങ്ങാൻ സാഹചര്യം ഒരുക്കാം. കൂടാതെ കളനിയന്ത്രണത്തിനും ഇത് ഫലപ്രദമാണ്. തെങ്ങിൻ്റെ മണ്ട വൃത്തിയാക്കുന്ന അവസരങ്ങളിൽ കൊമ്പൻചെല്ലിയെ നിയന്ത്രിക്കുന്നതിനായി ഓലക്കവിളുകളിൽ വേപ്പിൻ പിണ്ണാക്ക് കലർത്തിയ മണൽ ഇട്ടുകൊടുക്കാം. ചെമ്പൻ ചെല്ലിയെ നിയന്ത്രിക്കുന്നതിനായി മെറ്റാറൈസിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ തെങ്ങിൻ മണ്ടയിലും അടിയിൽ തുളകൾ ഉണ്ടെങ്കിൽ അതിനുള്ളിലേക്കും ഒഴിച്ചുകൊടുക്കേണ്ടതാണ്. വളക്കുഴികളിൽ ഒരു ക്യൂബിക് അടിക്ക് മെറ്റാറൈസിയം കൾച്ചർ മൂന്ന് മില്ലി ലിറ്റർ എന്ന തോതിൽ ചേർത്ത് കൊടുക്കണം. കൂടാതെ ചെല്ലിയെ നിയന്ത്രിക്കുന്നതിനായി ഫിറോമോൺ കെണികളും തോട്ടത്തിൽ സ്ഥാപിക്കണം. പൂങ്കുലച്ചാഴിയെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത കീടനാശിനികളായ നിംബിസിഡിൻ, നീമസാർ തുടങ്ങിയവ നാല് മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ തളിച്ചുകൊടുക്കാം.

കൂമ്പുചീയലിനുള്ള സാധ്യത വളരെ കൂടുതലുള്ള സമയമാണിത്. രോഗസാധ്യതയുള്ള പ്രദേശങ്ങളിൽ മഴക്കാലം ആരംഭിച്ചാൽ ഉടൻതന്നെ പൊട്ടാസ്യം ഫോസ്ഫണേറ്റ് (അകോമിൻ- 40) എന്ന കുമിൾനാശിനി എല്ലാ തെങ്ങുകളിലും പ്രയോഗിക്കുകയാണെങ്കിൽ ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാം. ഒരു തെങ്ങിന് 1.5 മില്ലി ലിറ്റർ അകോമിൻ 300 മില്ലി ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കുരുത്തോലയുടെ തൊട്ടടുത്ത ഓലക്കവിളുകളിൽ മഴയില്ലാത്ത ദിവസം ഒഴിച്ചുകൊടുക്കണം. രോഗം ബാധിച്ചു കഴിഞ്ഞാൽ നാമ്പോല വലിച്ചാൽ എളുപ്പത്തിൽ ഊരിവരിക, അഴുകിയ മണ്ടയിൽനിന്ന് അസഹ്യമായ ദുർഗന്ധം ഉണ്ടാവുക എന്നിവ ലക്ഷണങ്ങളാണ്. ചീത്തഭാഗം ചെത്തിമാറ്റി തീയിട്ടു നശിപ്പിക്കുക. മുറിപ്പാടിലും അതിനു ചുറ്റിലുമായി ബോർഡോ കുഴമ്പ് പുരട്ടുകയും വേണം. മൊട്ടുസൂചികൊണ്ട് തുളയിട്ട പോളിത്തീൻ പായ്ക്കുകളിൽ മാങ്കേസെബ് രണ്ട് ഗ്രാം വീതം നിറച്ച് നാമ്പോലയ്ക്ക് തൊട്ടുതാഴെയുള്ള രണ്ടുമൂന്ന് ഓലക്കവിളുകളിൽ വയ്ക്കുന്നതും രോഗനിയന്ത്രണ മാർഗമാണ്.

വാഴ

അടുത്ത ഓണത്തിന് വിളവെടുക്കുന്നതിനായി വാഴകൃഷിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാം. ഈ മാസം അവസാനത്തോടുകൂടി നടീൽ തുടങ്ങണം. രോഗകീടബാധ ഇല്ലാത്ത നല്ലയിനം സൂചിക്കന്നുകൾ ഇളക്കി പുറംതൊലി ചെത്തി കേടുവന്ന മാണഭാഗങ്ങൾ നീക്കി ചാണകം ചാരക്കുഴമ്പിൽ മുക്കി മൂന്നുനാലു ദിവസം വെയിലത്ത് ഉണക്കിയശേഷം രണ്ടാഴ്ച തണലിൽ സൂക്ഷിക്കണം. നടുന്നതിന് രണ്ടാഴ്ച മുമ്പ് കുഴിയെടുത്ത് സൂര്യപ്രകാശം കൊള്ളിക്കുന്നതും കീടനിയന്ത്രണത്തെ സഹായിക്കും.

വാഴയ്ക്ക് നൽകേണ്ട രാസവളപ്രയോഗം (ഗ്രാമിൽ) ടേബിളിൽ ചേർക്കുന്നു.

വളം നൽകേണ്ട ഘട്ടങ്ങൾയൂറിയരാജ്ഫോസ്പൊട്ടാഷ് (MOP)
നട്ട് ഒരു മാസത്തിന് ശേഷം8736196
നട്ട് രണ്ട് മാസത്തിന് ശേഷം65278100
നട്ട് മൂന്ന് മാസത്തിന് ശേഷം6500100
നട്ട് നാല് മാസത്തിന് ശേഷം650060
നട്ട് അഞ്ച് മാസത്തിന് ശേഷം650060
കുലച്ചതിന് (ഉടനെ)650000

വാഴ നട്ട് നാലാം മാസം പിണ്ടിപ്പുഴുവിന്റെ ആക്രമണത്തിന് സാധ്യതയുണ്ട്. ഇതിനെതിരെ ബ്യൂവേറിയ ബാസിയാന 5 മില്ലി ലിറ്റർ/20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ നന്മ 5%/50 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ വാഴയുടെ ഇലക്കവിളിൽ സ്പ്രേ ചെയ്തു കൊടുക്കാം. മിത്രകുമിളിനായി അടുത്തുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിലോ കൃഷി വകുപ്പിന്റെ കീഴിലുള്ള ബയോകൺട്രോൾ ലാബുമായോ (0487-2374605) ബന്ധപ്പെടുക.

ഇലപ്പുള്ളി രോഗം ബാധിച്ച തോട്ടങ്ങളിൽ 1% ബോർഡോ മിശ്രിതം ഫലപ്രദമാണ്. രൂക്ഷമായി രോഗം ബാധിച്ച ഇലകൾ മുറിച്ചുമാറ്റി നശിപ്പിച്ചു കളയുക. മഴക്കാലമായതിനാൽ കടചീയൽ രോഗവ്യാപനത്തിനും സാധ്യതയുണ്ട്. വാഴത്തോട്ടങ്ങളിൽ നീർവാർച്ച ഉറപ്പു വരുത്തുക. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുക എന്നിവ രോഗത്തെ പ്രതിരോധിക്കും. രോഗബാധയുള്ള വാഴകൾക്ക് ബ്ലീച്ചിങ് പൗഡർ കിഴി കെട്ടി ചുവട്ടിൽ ഇട്ടുകൊടുക്കുക. രോഗബാധ രൂക്ഷമെങ്കിൽ കോപ്പർ ഹൈഡ്രോക്ലോറൈഡ്(കോസെഡ്) രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. സിഗാടോക്ക രോഗം ബാധിച്ച വാളകൾക്ക് കോണ്ടാഫ്/ ടിൽറ്റ് (ഒരു മില്ലി ലിറ്റർ) ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പശ (സാൽഡോവീറ്റ് ഒരു മില്ലി ലിറ്റർ 1 ലി.ലായനിക്ക്) ചേർത്ത് സ്പ്രേ ചെയ്യുക.

കമുക്

കഴിഞ്ഞ മാസം വളം നൽകിയില്ലെങ്കിൽ ഇപ്പോഴും നൽകാം. കാലിവളം/കമ്പോസ്റ്റ്/ജൈവവളം 10 കിലോ ഗ്രാം വീതം നൽകണം. രണ്ടാഴ്ചയ്ക്കുശേഷം യൂറിയ 100 ഗ്രാം, മസൂറി ഫോസ് 100ഗ്രാം, 120 ഗ്രാം പൊട്ടാഷ് ഇവകൂടി ചേർക്കുക. മഴ ആരംഭിക്കുന്നതിന് മുമ്പ് ബോർഡോ മിശ്രിതം തളിക്കുന്നത് കുമിൾരോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ട്രൈക്കോഡർമ്മ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകം രണ്ട് കിലോ ഗ്രാം നൽകുന്നതും കുമിൾ രോഗങ്ങളെ തടയാൻ സഹായിക്കും.

കശുമാവ്

ഇപ്പോൾ രാസവളം ചേർത്തുകൊടുക്കാം. മരത്തിന് ചുറ്റും 10 സെന്റി മീറ്റർ ആഴത്തിൽ 05.3 മീറ്റർ ചുറ്റളവിൽ വളം വിതറിയശേഷം മണ്ണുമായി യോജിപ്പിക്കണം. മരം ഒന്നിന് യൂറിയ 1.5 കിലോ ഗ്രാം സൂപ്പർ ഫോസ്ഫേറ്റ് 2 കിലോ ഗ്രാം, പൊട്ടാഷ് 1.2 കിലോ ഗ്രാം എന്നിങ്ങനെ നൽകണം. തൈ നട്ട് ആദ്യകാലങ്ങളിൽ കശുമാവിൻ തോട്ടങ്ങളിൽ ഇടവിളയായി കൈതച്ചക്ക കൃഷിയും അനുകൂലമാണ്. കുമിൾ രോഗങ്ങളെ ചെറുക്കുന്നതിനായി 1% ബോർഡോ മിശ്രിതം തളിച്ചുകൊടുക്കാം.

മാവ്

വളപ്രയോഗത്തിനുള്ള സമയമാണിത്. 10 വർഷത്തിന് മുകളിൽ പ്രായമുള്ള മാവുകൾക്ക് യൂറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 550 ഗ്രാം, 900 ഗ്രാം, 625 ഗ്രാം എന്നിങ്ങനെ മരമൊന്നിന് നൽകണം. 4-5, 6-7, 8-10 വർഷം പ്രായമായവയ്ക്ക് ഇവ യഥാക്രമം 100-90-80, 250,425,170, 430, 610, 335 ഗ്രാം എന്ന തോതിലും ചേർക്കണം. മരത്തിന്റെ ചുവട്ടിൽനിന്ന് 1.5- 3 മീറ്റർ അകലത്തിൽ ചുറ്റിനുമായി 25-30 സെന്റി മീറ്റർ ആഴത്തിൽ ചാലുണ്ടാക്കി രാസവളമിട്ട് മണ്ണിട്ട് മൂടണം. വളമിടുന്ന സമയത്ത് മണ്ണിൽ നനവുണ്ടായിരിക്കാൻ പ്രത്യേക ശ്രദ്ധവേണം.

മാവ് പൂക്കുന്നതിന് കൾടാർ പ്രയോഗം ഈ മാസം ആദ്യം തന്നെ നടത്തണം. അതിന് ഒരാഴ്ചമുമ്പ് സൾഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം /ലിറ്റർ) വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നത് പൂവിടലിന് ഗുണം ചെയ്യും. ജൈവവളം 25 കിലോ (ചാണകം ട്രൈക്കോഡർമ്മ ചേർത്തത്) നൽകുന്നത് പ്രയോജനപ്രദമാണ്. തുലാവർഷം ആരംഭത്തിന് മുന്നോടിയായി ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ചാലുകൾ തയ്യാറാക്കണം. മാവിൻ തൈകൾ നടുന്നതിനും അനുയോജ്യമായ സമയമാണിത്.

പുലാസാൻ, റംബൂട്ടാൻ

വിളവെടുപ്പ് കഴിഞ്ഞ ചെറുചില്ലകൾ രണ്ട് ഇലകൾ സഹിതം മുറിച്ച് മാറ്റണം. തുടർന്ന് നാനോ DAP സ്പ്രേ ചെയ്യുന്നത് തൊട്ട് താഴെ പുതിയ മുകുളങ്ങൾ വരാൻ സഹായിക്കും. ഈ മുകുളങ്ങളിൽ അടുത്ത വർഷം കൂടുതൽ പൂക്കളുണ്ടാകും മഴക്കാലത്ത് വ്യാപകമായി കണ്ടുവരുന്ന കുമിൾരോഗത്തിനെതിരായി സ്യൂഡോമോണസ് സ്പ്രേ ചെയ്യണം.

ഏലം

വിത്ത് ശേഖരണം നടത്താം. അത്യുൽപ്പാദനശേഷിയും രോഗബാധയില്ലാത്തതുമായ മാതൃചെടികൾ വിത്ത് ശേഖരണത്തിന് തിരഞ്ഞെടുക്കണം. വിളവെടുപ്പ് തുടരാം. പാകമായ കായ്കൾ പഴുക്കുന്നതിനു മുമ്പ് പറിച്ച് സംസ്കരണം നാടത്തിയാലേ നല്ല പച്ചനിറം ലഭിക്കുകയുള്ളൂ. തൈകൾക്കായി വിത്ത് പാകാനും അനുയോജ്യമായ സമയമാണിത്. വിത്ത് പാകാൻ ഒരു മീറ്റർ വീതിയും 20-30 സെന്റി മീറ്റർ ഉയരവുമുള്ള വാരങ്ങൾ സൗകര്യപ്രദമായ നീളത്തിൽ തയ്യാറാക്കി 10 സെന്റി മീറ്റർ അകലത്തിൽ നിരകളായി വിത്തിടണം. ശേഷം പൊടിമണ്ണ് വിതറി പുതയിടണം. മഴയില്ലെങ്കിൽ നനച്ചു കൊടുക്കണം.

തോട്ടങ്ങളിൽ രണ്ടാം വളപ്രയോഗത്തിനുള്ള സമയമായി. ജൈവവളം/കമ്പോസ്റ്റ് 2.5 - 5 കിലോ ഗ്രാംവരെ ഒരു ചെടിക്ക് നൽകാം. യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, എന്നിവ യഥാക്രമം 35, 75, 50 കിലോ ഗ്രാം ഏക്കറിന് എന്ന അളവിൽ ചുവട്ടിൽനിന്ന് ഒന്നരയടി വാട്ട് 20 സെന്റി മീറ്റർ വീതിയിൽ വൃത്താകൃതിയിൽ വിതറി കൊത്തിച്ചേർക്കുക. കുമിൾ രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചുകൊടുക്കാം. തോട്ടത്തിൽനിന്നു കളകൾ നീക്കം ചെയ്‌തു പുതയിടൽ നടത്തുക. മഴയ്ക്ക് മുന്നോടിയായി മഴവെള്ളം പരമാവധി മണ്ണിലേക്ക് ഇറങ്ങാനുള്ള സംവിധാനങ്ങൾ കൂടി തോട്ടങ്ങളിൽ തയ്യാറാക്കുക

കുരുമുളക്

കുരുമുളക് ചെടികളിലെ ദ്രുതവാട്ടം പ്രതിരോധിക്കുന്നതിനായി സ്യൂഡോമോണസ് ലായനി ചെടിയുടെ തണ്ടിനോട് ചേർത്ത് ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. തണ്ടിലും ഇലകളിലും സ്പ്രേ ചെയ്യുന്നതും വളരെ പ്രയോജനകരമാണ്. സാവധാനവാട്ടം ബാധിച്ച കുരുമുളക് ചെടികളുടെ ചുവട്ടിൽ പിജിപിആർ 2, അസോസ്പെറില്ലം 40 ഗ്രാം വീതവും ഇപിഎൻ 2 ഗ്രാം എന്നിവ തണ്ടിനോട് ചേർത്ത് മണ്ണിൽ ഒഴിച്ചുകൊടുക്കുക. ഒരു മാസം കഴിഞ്ഞ് ഒരിക്കൽക്കൂടി ആവർത്തിക്കുക.

രണ്ടാം വളപ്രയോഗത്തിനുള്ള സമയമായി. യൂറിയ 50 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 150 ഗ്രാം, പൊട്ടാഷ് 120 ഗ്രാം എന്നിവ തടത്തിൽ വിതറി മണ്ണിട്ടു മൂടണം. ചെടിയുടെ ചുവട്ടിൽനിന്നു 30 സെന്റി മീറ്റർ അകലത്തിൽ വേണം വളമിടാൻ. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് ഇളം കുരുമുളക് മണികളിലെ പൊള്ളുവണ്ടിന്റെ ആക്രമണം തടയാം. താങ്ങുമരങ്ങളുടെ കൊമ്പുകോതൽ നടത്താനും ഇപ്പോൾ അനുയോജ്യമായ സമയമാണ്.

ഇഞ്ചി, മഞ്ഞൾ

കളനിയന്ത്രണം നടത്തണം. ഇഞ്ചിയിൽ തണ്ടുതുരപ്പൻ പുഴുവിന്റെ ശല്യത്തിന് സാധ്യതയുണ്ട്. ഇവയുടെ മുട്ടകളെ നശിപ്പിക്കാൻ ട്രൈക്കോ കാർഡുകളും പുഴുക്കളെ നിയന്ത്രിക്കാൻ ഇപിഎന്നും ഫലപ്രദമാണ്. കടചീയൽ നിയന്ത്രിക്കുന്നതിനായി സ്യൂഡോമോണസ് ചെടിയുടെ കടഭാഗത്ത് വീഴത്തക്കവിധം തളിച്ചുകൊടുക്കണം. ഇഞ്ചി, മഞ്ഞൾ ഇവയുടെ ഇലചീയൽ രോഗം നിയന്ത്രിക്കുന്നതിനായി ബോർഡോമിശ്രിതം പ്രയോഗിക്കാം. കളനിയന്ത്രണവും ഇപ്പോൾ വളരെ പ്രധാനമാണ്. ഇഞ്ചിക്ക് ചുറ്റും മണ്ണടുപ്പിച്ച് കൊടുക്കണം. ജൈവവളം, കമ്പോസ്റ്റ് ഇവ കൂടി ചേർത്ത് കൊടുത്താൽ കൂടുതൽ വിളവ് ലഭിക്കാൻ സഹായിക്കും.

ജാതി, ഗ്രാമ്പൂ

തുലാവർഷത്തിന് മുന്നോടിയായി ചെടികളുടെ ചുറ്റുമുള്ള കളകൾ നീക്കം ചെയ്‌ത് മഴവെള്ളം കെട്ടനിൽക്കാതിരിക്കാനുള്ള സംവിധാനം ഒരുക്കുക. ചെടിയുടെ വേര് ഭാഗത്തേക്ക് നല്ല രീതയിൽ മണ്ണടുപ്പിച്ച് നൽകണം. ചെടിയൊന്നിന് കമ്പോസ്റ്റ്/ജൈവ വളം 10-15 കിലോ ഗ്രാം വീതം നൽകാം. രാസവളവും ആവശ്യാനുസരണം നൽകാവുന്നതാണ്. ഇലപ്പൊട്ട്, ചില്ല കരിച്ചിൽ തുടങ്ങിയ കുമിൾ രോഗങ്ങൾ ബോർഡോ മിശ്രിതം (1%) തളിച്ച് നിയന്ത്രിക്കുക.

കുറ്റിമുല്ല ഇപ്പോൾ നടാം

കുറ്റിമുല്ല നടാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. നടാൻ രോഗകീടബാധയില്ലാത്ത ആരോഗ്യമുള്ള തൈകൾ തിരഞ്ഞെടുക്കുക. കുറഞ്ഞത് ആറു മാസമെങ്കിലും പ്രായമുള്ള തൈകളാണ് നടാൻ ഏറ്റവും ഉത്തമം. തൈകളുടെ ഉയരം 20-30 സെന്റി മീറ്റർ ആകാം. തൈകൾക്ക് ശക്തമായ 2-3 ശാഖകൾ ഉണ്ടാവണം. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും ജലസേചന സൗകര്യമുള്ളതുമായ സ്ഥലമാണ് കുറ്റിമുല്ല കൃഷിക്ക് അനുയോജ്യം. 60-70 സെന്റി മീറ്റർ വീതിയുള്ളതും 30-40 സെൻ്റി മീറ്റർ ഉയരമുള്ളതുമായ പണകളിൽ 40 സെന്റി മീറ്റർ അകലത്തിൽ തൈകൾ നടാം.

തടമൊന്നിന് 5-10 കിലോ ഗ്രാം ജൈവ വളം ചേർക്കണം. തൈകൾ നട്ട് 2-3 ആഴ്ചകൾക്ക് ശേഷം തൈ ഒന്നിന് യൂറിയ 3-5 ഗ്രാം, രാജ്ഫോസ് 5-7 ഗ്രാം, പൊട്ടാഷ് 3-5 ഗ്രാം എന്നീ അളവിൽ തടത്തിന് ചുറ്റും മണ്ണിളക്കി വളമിടുക. വളമിട്ടശേഷം മണ്ണിൽ നനവുണ്ടാകാൻ പ്രത്യേക ശ്രദ്ധവേണം.

കീടനിയന്ത്രണത്തിനായി മഞ്ഞക്കെണി, വേപ്പെണ്ണ എന്നിവ പ്രയോഗിക്കാം.

സാധാരണയായി കണ്ടുവരുന്ന കുമിൾ രോഗബാധയ്‌ക്കെതിരേ പൗഡറി മിൽഡ്യൂ കോപ്പർ ഓക്‌സിക്ലോറൈഡ് നാല് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ യോജിപ്പിച്ച് തളിച്ചുകൊടുക്കണം. നട്ട് 6-8 മാസം കഴിയുമ്പോഴേക്കും ചെടികൾ മൊട്ടിട്ടു തുടങ്ങും.

ശീതകാല പച്ചക്കറികൃഷിയ്ക്കായി തയ്യാറെടുക്കാം

നല്ല നീർവാർച്ചയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. സെന്റിന് 1-2 കിലോ ഗ്രാം കുമ്മായം ചേർത്ത് മണ്ണ് പരുവപ്പെടുത്തണം. മണ്ണ് നന്നായി ഇളക്കി കട്ടകൾ ഉടച്ച് ചേർക്കുക. 1-1-2 മീറ്റർ വീതി 15-20 സെന്റി മീറ്റർ ഉയരം, നീളം സൗകര്യാർത്ഥം എന്ന രീതിയിൽ പണകൾ തയ്യാറാക്കുക. ഇടയ്ക്ക് 30-40 സെന്റി മീറ്റർ വീതിയുള്ള ചാലുകൾ ഇടണം. ഒരു ഹെക്ടറിന് 10-15 ടൺ ജൈവവളം ചേർത്ത് നൽകാം. സെപ്റ്റംബർ അവസാന ആഴ്‌ചയിലോ ഒക്ടോബർ ആദ്യവാരത്തിലോ തൈകൾ നടാവുന്നതാണ്.

കാബേജ്, കോളിഫ്ളവർ, കാപ്സിക്കം, തക്കാളി, വഴുതന ഇവയുടെ തൈകൾ പ്രോട്രേയിൽ വേണം തയ്യാറാക്കാൻ. ആദ്യ ആഴ്‌ചയിൽ തന്നെ നഴ്സറി ഒരുക്കാം. 25-30 ദിവസത്തിനുള്ളിൽ തൈകൾ നടാൻ പാകത്തിലാകും. കാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി ഇവ നേരിട്ട് തടത്തിൽ വിത്ത് പാകേണ്ടതാണ്. തൈകൾ നടുന്നതിന് മുന്നോടിയായി ട്രൈക്കോഡർമ്മ തടങ്ങളിൽ ചേർത്ത് കൊടുക്കുന്നത് കുമിൾരോഗബാധ തടയാൻ ഫലപ്രദമാണ്.

നടീൽ

കൃത്യമായി അകലം പാലിച്ച് തടത്തിനുള്ളിൽ നടാം. മിക്ക ശീതകാല പച്ചക്കറികൾക്കും 45 സെന്റി മീറ്റർ നടീൽ അകലം നൽകണം. മഴസമയത്ത് വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക. കളനിയന്ത്രണം കൃത്യമായി നടത്തണം. ഗുണനിലവാരമുള്ള തൈകളും വിത്തുകളും കൃഷിഭവൻ, കൃഷിവകുപ്പ് ഫാമുകൾ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ. എന്നിവിടങ്ങളിൽനിന്നു ലഭിക്കും.

പച്ചക്കറികൾ

പച്ചക്കറികൾക്ക് മേൽവളം നൽകാം. ജൈവകൃഷിരീതികൾ അവലംബിക്കുന്ന തോട്ടങ്ങളിൽ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ ഓരോ കിലോ വീതം 10 ലിറ്റർ വെള്ളത്തിൽ അഞ്ചു ദിവസം പുളിപ്പിച്ച ശേഷം ഇരട്ടി നേർപ്പിച്ച് ഒരു ലിറ്റർ വീതം തടങ്ങളിൽ ആഴ്‌ചയിൽ ഒരിക്കൽ ഒഴിച്ചു കൊടുക്കുക.

രാസവളം നൽകേണ്ടത് ഒരു സെന്റിന് ഒരു ഗ്രാമിൽ

ഇനംയൂറിയരാജ്‌ഫോസ്മ്യുറേറ്റ് ഓഫ് പൊട്ടാഷ്
ചീര400  
വെണ്ട220  
പയർ85  
കത്തിരി330 85
വഴുതനങ്ങ330 85
തക്കാളി330 85
മുളക്330 85
വെള്ളരി300  
പടവലം300  

കീടനിയന്ത്രണം പ്രധാനം

പുഴു, ഈച്ച, വണ്ട്, നീരൂറ്റി കുടിക്കുന്ന കീടങ്ങൾ ഇവയുടെയെല്ലാം ആക്രമണം പച്ചക്കറിയിൽ സാധാരണമാണ്. വേപ്പധിഷ്ഠിത കീടനാശിനിയായ അസാഡിറക്റ്റിൽ 1% 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് വളരെ ഫലപ്രദമാണ്. വെള്ളരി വർഗങ്ങളിൽ കാണുന്ന കായീച്ചകളെ ഫെറോമോൺ ട്രാപ്പുകൾ ഉപയോഗിച്ച് (cue lure 15 എണ്ണം ഒരു ഹെക്ടറിന്) നിയന്ത്രിക്കാം. കൃഷിയിടത്തിൽ മഞ്ഞ, നീല കെണികൾ കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം. നീരൂറ്റി കുടിക്കുന്ന കീടങ്ങളുടെ ആക്രമണം രൂക്ഷമായാൽ കോൺഫിഡോർ 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യാവുന്നതാണ്.

മുളക്, വഴുതന, വെള്ളരി, തക്കാളി എന്നിവയിലെ ആക്രമണത്തിനെതിരെ ഒബറോൺ 0.8 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് കീടനിയന്ത്രണം സാധ്യമാക്കാം. തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായാൽ ഫ്യൂബെൻഡയമൈഡ് 480 രെ ഒരു മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് തളിച്ച് നിയന്ത്രിക്കാം. കൂടാതെ, ജൈവകീടനാശിനികളായ സ്യൂഡോമോണസ്, ബ്യൂവേറിയ ബാസിയാന എന്നിവ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി കീട ആക്രമണത്തിന്റെ പ്രാരംഭദിശയിൽ തന്നെ പ്രയോഗിക്കണം. കീടങ്ങളുടെ ആക്രമണം നിയന്ത്രണവിധേയമായില്ലെങ്കിൽ മാത്രം രാസ കീടനാശിനികൾ പ്രയോഗിച്ചാൽ മതിയാകും.

ചീരയുടെ ഇലപ്പുള്ളി രോഗത്തിനെതിരെ സ്യൂഡോമോണസ് തളിച്ചുകൊടുക്കാം. കൂടാതെ, 4 ഗ്രാം മഞ്ഞൾപൊടി, ഒരു ഗ്രാം അലക്കുകാരം അൽപ്പം കായവും കൂടി ഒരു ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ച് തളിച്ചും ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കാം. എല്ലാതരം പച്ചക്കറികൾക്കും മത്തി ശർക്കര മിശ്രിതം തളിച്ചു കൊടുക്കുന്നത് ഉത്തമമാണ്. ഇത് കീടങ്ങളെ അകറ്റിനിർത്തുന്നതോടൊപ്പം പൂക്കളുടെയും കായ്കളുടെയും എണ്ണവും ഗുണമേന്മയും വർധിപ്പിക്കുന്നു. ഇതോടൊപ്പം, ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. രണ്ട് ഗ്രാം ഫിഷ് അമിനോ ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികളിൽ സ്പ്രേ ചെയ്യുകയാണ് വേണ്ടത്.

ഓർക്കിഡ് കൃഷി പരിപാലനം

ഓർക്കിഡ് ചെടികളിൽ കുമിൾരോഗബാധ കാണുന്നുവെങ്കിൽ സാഫ് 1.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളിൽ സ്പ്രേ ചെയ്തു നൽകാം. 19:19:19 രാസവള മിശ്രിതം രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ചും നൽകാവുന്നതാണ്.

മികച്ച വരുമാനം നേടാൻ കൂൺകൃഷി ആരംഭിക്കാം

ഒക്ടോബർ കൂൺകൃഷി ആരംഭിക്കാൻ അനുയോജ്യമായ സമയമാണ്. പരിമിതമായ സ്ഥലത്തും കുറഞ്ഞ മുതൽമുടക്കിലും നടത്താവുന്ന ഈ സംരംഭം വീട്ടമ്മമാർക്കും യുവാക്കൾക്കും ചെറുകിട കർഷകർക്കും അധികവരുമാനം നേടാനുള്ള മികച്ച അവസരമാണ്. വീട്ടുവളപ്പിലോ ചെറിയ മുറിയിലോ പോലും കൂൺകൃഷി ആരംഭിക്കാം എന്നത് കൂൺകൃഷി കൂടുതൽ ആകർഷകമാക്കുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് Pleurotus ഇനങ്ങളായ ചിപ്പിക്കൂൺ സാധാരണയായി നന്നായി അനുയോജ്യമാണ്.

കേരള കാർഷിക സർവകലാശാല വികസിപ്പിച്ച ‘അനന്തൻ’ ഇനം കുറഞ്ഞ വിളക്കാലവും മികച്ച വിളവും നൽകുന്നു. കൂടാതെ വെള്ള ചിപ്പിക്കൂൺ, പിങ്ക് ചിപ്പിക്കൂൺ, ഗ്രേ ചിപ്പിക്കൂൺ എന്നിവയും പ്രചാരത്തിൽ ഉണ്ട്. ഒരു കിലോ ഗ്രാം വൈക്കോലിൽ അനുയോജ്യമായ സാഹചര്യങ്ങളിൽ ഏകദേശം 800 ഗ്രാം വരെ കൂൺ ലഭിക്കാം. അതിനാൽ, ചെറിയ തോതിൽ ആരംഭിച്ചാലും ക്രമേണ ഉൽപാദനം വർധിപ്പിച്ച് സ്ഥിരമായ വരുമാനം നേടാൻ കഴിയും. ശുദ്ധമായ വൈക്കോൽ, ഗുണമേന്മയുള്ള spawn, ശരിയായ താപനില, നിയന്ത്രിത ഈർപ്പം, നല്ല വായുസഞ്ചാരം എന്നിവയാണ് വിജയകരമായ കൂൺകൃഷിയുടെ അവശ്യ ഘടകങ്ങൾ.

കൂൺകൃഷി ആരംഭിക്കുന്നതിന് മുമ്പ് പരിശീലനം നേടുകയും ഉൽപാദനരീതി കൃത്യമായി മനസ്സിലാക്കുകയും വേണം. കൂൺ വിത്ത് ചേർത്ത് തയ്യാറാക്കിയ കൂൺ ബെഡുകൾ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാത്തതും വൃത്തിയുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കണം. ആവശ്യമായ ഈർപ്പം നിലനിർത്തുന്നതിനായി ഇടയ്ക്കിടെ വെള്ളം തളിക്കാം; എന്നാൽ അമിതമായ ഈർപ്പം രോഗബാധയ്ക്കും പൂപ്പൽ വളർച്ചയ്ക്കും കാരണമാകുന്നതിനാൽ ശ്രദ്ധ വേണം.

ഉൽപാദനം ആരംഭിക്കുന്നതിന് മുമ്പ് വിപണി ഉറപ്പാക്കുന്നതും പ്രധാനമാണ്. പച്ചക്കറി വിപണികൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, സൂപ്പർമാർക്കറ്റുകൾ, സമീപവാസികൾ എന്നിവിടങ്ങളിൽ നേരിട്ടുള്ള വിൽപ്പന നടത്താം. പുതുതായി ലഭിക്കുന്ന കൂൺ വേഗത്തിൽ വിറ്റഴിക്കാനാകാത്ത സാഹചര്യത്തിൽ ഉണക്കിയകൂൺ, കൂൺഅച്ചാർ, കൂൺപൊടി, കൂൺ കട്ട്ലറ്റ് എന്നീ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാം. ഇതിലൂടെ ഉൽപന്നത്തിന്റെ സംഭരണകാലം വർധിപ്പിക്കാനും കൂടുതൽ വരുമാനം നേടാനും സാധിക്കും. ശുചിത്വം, ഗുണമേന്മയുള്ള വിത്ത്, ശരിയായ പരിപാലനം, വിപണി ബന്ധം എന്നിവ ഉറപ്പാക്കിയാൽ കൂൺകൃഷി ചെറിയ തോതിൽ ആരംഭിച്ച് ലാഭകരമായ സംരംഭമായി വികസിപ്പിക്കാം.

ചെറുപയറും വൻപയറും കൃഷി ചെയ്യൂ, വരുമാനം ഉറപ്പാക്കൂ

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവ് ചെറുപയറും വൻപയറും കൃഷി ചെയ്യാൻ അനുയോജ്യമാണ്. കുറഞ്ഞ കാലയളവിൽ വിളവെടുക്കാവുന്നതും പോഷകസമൃദ്ധവും വിപണിയിൽ സ്ഥിരമായ ആവശ്യകതയുള്ളതുമായ ഇവ മണ്ണിന്റെ ഫലഭൂയിഷ്ഠതയും മെച്ചപ്പെടുത്തുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ഇനങ്ങൾ മാത്രം തിരഞ്ഞെടുക്കണം. ഒക്ടോബറിൽ ചെറുപയറിന് കൃഷിവകുപ്പും കേരള കാർഷിക സർവകലാശാലയും ശുപാർശ ചെയ്യുന്ന Pusa Baisakhi, NP-24, CO-2, Philippines, Madiera, Pusa-8973 എന്നി ചെറുപയർ ഇനങ്ങൾ തിരഞ്ഞെടുക്കാം. കുറ്റിപ്പയർ ഇനങ്ങൾ ആയ ഭാഗ്യലക്ഷ്മി, മഞ്ചേരി, KMV-1 എന്നീ ഇനങ്ങളും പരിഗണിക്കാം. വിത്ത് ലഭ്യതയും പ്രദേശിക ശുപാർശകളും കൃഷിഭവനിൽനിന്ന് ഉറപ്പാക്കുന്നത് നല്ലതാണ്. ചെറുപയർ സാധാരണയായി 60–75 ദിവസത്തിനും വൻപയർ (കുറ്റിപ്പയർ)70–90 ദിവസത്തിനും വിളവെടുക്കാം.

നല്ല നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ് അനുയോജ്യം. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ ഒഴിവാക്കി ഉയർത്തിയ തടങ്ങളിലോ വരമ്പുകളിലോ കൃഷി ചെയ്യണം. സർട്ടിഫൈഡ് വിത്തുകൾ ഉപയോഗിച്ച് 25–30 സെന്റി മീറ്റർ വരിയകലത്തിലും 10 സെന്റിമീറ്റർ ചെടിയകലത്തിലും വിതയ്ക്കാം. വിത്തിന് റൈസോബിയം കൾച്ചർ ഉപയോഗിച്ച് പരിചരണം നൽകുന്നത് നല്ലതാണ്. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ജൈവവളം, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ നൽകുക; അമിത യൂറിയ ഒഴിവാക്കണം. കേരളത്തിലെ മഴയും മണ്ണിലെ ഈർപ്പവും കണക്കിലെടുത്ത് ജലസേചനം ക്രമീകരിക്കുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും വേണം. വിതച്ചതിന് ശേഷം 15–20 ദിവസത്തിനകം കളനീക്കം നടത്തണം. മുഞ്ഞ, വെള്ളീച്ച, കായ്തുരപ്പൻ തുടങ്ങിയ കീടങ്ങളും ഇലപ്പുള്ളി, വാടൽരോഗം തുടങ്ങിയ രോഗങ്ങളും നിരീക്ഷിച്ച് സംയോജിത കീടനിയന്ത്രണം സ്വീകരിക്കണം.