ഗ്രീസിലെ അയോണിയൻ കടലിൽ മനോഹരമായ ഒരു ദ്വീപുണ്ട്; പേര് കോർഫു. അതിമനോഹരവും ഹരിതാഭവുമായ കടൽത്തീരങ്ങൾക്കും പൈതൃകം വിളംബരം ചെയ്യുന്ന കോട്ടകൾക്കും പേരെടുത്ത പ്രദേശം. ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടെയാണിത്. കോർഫു ദ്വീപിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായകപങ്കുള്ള ഒരു ചെറിയ ഫലമുണ്ട് -കോർഫുവിന്‍റെ കാർഷിക വിനോദസഞ്ചാരത്തിലും കരകൗശല മേഖലയിലും കാർഷിക കയറ്റുമതിയിലുമൊക്കെ പ്രകടമായ സ്വാധീനം ഉള്ള ഒരു പ്രാദേശികഫലം; ദ്വീപിന്‍റെ വടക്കൻ ഭാഗത്തെ ഭൂരിഭാഗം പ്രദേശത്തും അവിടുത്തെ കർഷകരുടെയും കുടുംബങ്ങളുടെയും മുഖ്യവരുമാന മാർഗം കൂടെയാണ് ഈ പഴവും ഇതിൽനിന്ന് തയാറാക്കി വരുന്ന സവിശേഷ ഉത്പന്നങ്ങളും. കോർഫു ദ്വീപിന്‍റെ സാമ്പത്തിക-സാമൂഹ്യ മേഖലകളിൽ നിർണായക സ്വാധീനമുള്ള ഈ ചെറിയ പഴമാണ് കംക്വാറ്റ് എന്ന പേരിലറിയപ്പെടുന്ന ഗോൾഡൻ ഓറഞ്ച്.

To advertise here,

1864-ലാണ് ഇംഗ്ലീഷ് സസ്യശാസ്ത്രജ്ഞനായ സിഡ്‌നി മെർലിൻ ആണ് കംക്വാറ്റ് പഴത്തെ ആദ്യമായി കോർഫു ദ്വീപിലെത്തിക്കുന്നത്. അന്ന് അപരിചിതമായിരുന്ന കംക്വാറ്റ് ഇന്നിപ്പോൾ പ്രതിവർഷം 140 ടൺ പഴങ്ങൾ ഉത്പാദിപ്പിച്ചു ഈ രംഗത്ത് മുൻനിരയിൽ എത്തിച്ചിരിക്കുന്നു. കോർഫുവിന്‍റെ പ്രാദേശിക സമ്പദ്ഘടനയേയും കർഷക-കരകൗശലക്കാരുടെയും ജീവിതത്തെ വളരെയേറെ സ്വാധീനിച്ച ഫലം എന്ന നിലയ്ക്ക് കംക്വാറ്റിന് ഭൂപ്രദേശ സൂചികയും (പ്രൊട്ടക്റ്റഡ് ഡെസിഗ്‌നേഷൻ ഓഫ് ഒറിജിൻ ) ലഭിച്ചു. ഈ പഴങ്ങളിൽനിന്ന് തയാറാക്കുന്ന നല്ല ഓറഞ്ച് നിറമുള്ള "കവും കോവാറ്റ് "എന്ന മദ്യം ഇവിടുത്തെ ഒരു പ്രധാന വാണിജ്യ ഉത്പന്നവുമാണ്. കൂടാതെ, ഗ്രീസിലെ പരമ്പരാഗത മധുരപലഹാരങ്ങളായ മാർമലേയ്‌ഡ്‌, ക്യാൻഡി, കംക്വാറ്റ് സ്പൂൺ സ്വീറ്റ് തുടങ്ങിയവയും ഇതിൽനിന്ന് തയാറാക്കുന്നു.

കോർഫുവിലെ ചെറുകിട കംക്വാറ്റ് കർഷകർ വിനോദസഞ്ചാരികളെ തങ്ങളുടെ തോട്ടങ്ങളിലേക്കു സ്വീകരിക്കുകയും അവർക്ക് തോട്ടത്തിൽനിന്ന് നേരിട്ട് പഴങ്ങൾ വിളവെടുക്കാനും ആസ്വദിക്കാനും അവസരം നൽകുകയും ചെയ്തു. മാത്രമല്ല, ഗ്രീസിലെ പ്രധാനവിപണികളിലും അന്തർദേശീയ വിമാനത്താവളങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഒക്കെ ഈ സവിശേഷ ഫലം ഇടതടവില്ലാതെ ലഭ്യമാകുന്നു എന്നുറപ്പാക്കുകയും ചെയ്തിരുന്നു. ഇവിടെയെല്ലാം കംക്വാറ്റിൽനിന്ന് തയാറാക്കുന്ന വിവിധ ഭക്ഷ്യവിഭവങ്ങളും ജാം, പ്രിസെർവ്, സിറപ്പ്, ഡിസ്സേർട്ട് എന്നിവയ്ക്ക്പുറമെ കംക്വാറ്റ് മദ്യവും ആവശ്യക്കാർക്ക് വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി ലഭ്യമാക്കിയിരുന്നു. ഇത്തരത്തിൽ ഉത്പന്നങ്ങൾ തയാറാക്കുന്ന വ്യവസായ ശാലകളും ഡിസ്റ്റില്ലെറികളും സന്ദർശിക്കാനും അവസരം ഒരുക്കിയിരുന്നു.

എങ്ങനെയാണ് ഇത്തിരിപ്പോന്ന ഒരു ഫലം ഒരു ദ്വീപസമൂഹത്തിന്‍റെ ബ്രാൻഡായി മാറിയത് എന്നതിനുത്തമ ദൃഷ്ടാന്തമാണ് കംക്വാറ്റും കോർഫു ദ്വീപും തമ്മിലുള്ള പരസ്പര പൂരകബന്ധം എന്ന് പറയാം.

ഇത്തിരിഫലത്തിന്‍റെ നാൾവഴികൾ

ദക്ഷിണ ചൈനയിലാണ് കംക്വാറ്റിന്‍റെ പിറവി. അവിടെയിത് നൂറ്റാണ്ടുകളായി കൃഷി ചെയ്തുവരുന്നു. 1178 സി.ഇയിൽ തന്നെയുള്ള ചീനരുടെ കാർഷികഗ്രന്ഥമായ ‘മോണോഗ്രാഫ് ഓഫ് ഓറഞ്ചസ്’ തന്നെ കംക്വാറ്റിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ ഈ ഫലം പഴത്തിന്‍റെ മധുരത്തിനുവേണ്ടി മാത്രമല്ല ഉപയോഗിച്ചിരുന്നത്; പുതിയ ചാന്ദ്ര വർഷത്തിൽ സുഹൃത്തുക്കൾക്കും മറ്റും സമ്മാനമായും നൽകുക പതിവായിരുന്നു. സ്കോട്ലൻഡുകാരനായ സസ്യശാസ്ത്രജ്ഞൻ റോബർട്ട് ഫോർച്യൂൺ ആണ് 1846-ൽ ലണ്ടൻ ഹോർട്ടികൾച്ചറൽ സൊസൈറ്റിയിൽനിന്ന് കംക്വാറ്റ് യൂറോപ്പിൽ എത്തിക്കുന്നത്. റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിക്ക് വേണ്ടി പുതിയ ചെടികളെ കണ്ടെത്തുന്ന അന്വേഷണത്തിനിടയിലാണ് ഫോർച്ച്യൂൺ നാരങ്ങാകുലമായ സിട്രസ് ജനുസ്സിൽ പെട്ട കംക്വാറ്റിനെ കണ്ടെത്തുന്നത്. ഇദ്ദേഹത്തിന്‍റെ ബഹുമാനാർത്ഥമാണ് "ഫോർച്യുണെല്ല "എന്ന ജനുസ്സ് സസ്യവർഗ്ഗീകരണ ശാസ്ത്രജ്ഞർ കണ്ടെത്തുന്നത് തന്നെ. ഏതാണ്ട് ഇതേ കാലത്തുതന്നെയാണ് ഇംഗ്ലീഷ് പ്രഭുവായ സിഡ്‌നി മെർലിൻ ഇത് ഗ്രീക്ക് ദ്വീപായ കോർഫുവിൽ എത്തിക്കുന്നതും. കോർഫുവിൽ ഇത് ഒരു സിഗ്നേച്ചർ വിളയായി മാറുകയും ചെയ്തു. ചൈനയിലെ പ്രസിദ്ധഗ്രന്ഥമായ "എൻസൈക്ളോപീഡിയ ഓഫ് ട്രഡീഷണൽ ചൈനീസ് മെഡിസിൻസ് "എന്ന വൈദ്യശാസ്ത്ര പുസ്തകത്തിൽ കംക്വാറ്റിന്‍റെ പഴങ്ങളും ഇലകളുമെല്ലാം വിഷാദം, കരൾരോഗങ്ങൾ, അമിതമദ്യപാനം നിമിത്തമുള്ള മന്ദത, ഡി.എൻ.എ തകരാറുകൾ പരിഹരിക്കൽ തുടങ്ങിയവയിൽ ഉപയോഗിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. പഴത്തിന്‍റെ 80 ശതമാനമുള്ള ജലാംശമാണ് ഈ ഫലത്തിന്‍റെ സവിശേഷതയും. ചൈനയിലും ജപ്പാനിലും വ്യാപിച്ചതിനു ശേഷമാണ് ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്. ഉഷ്ണമേഖല- ഉപോഷ്ണമേഖല പ്രദേശങ്ങളിൽ വളരുന്ന ഇത് ഉയരമുള്ള പ്രദേശങ്ങളിൽ സാമാന്യം നന്നായി വളരുകയും വിളവ് തരുകയും ചെയ്യുന്നു.

ചൈനീസ് കപ്പലുകൾവഴിയാണ് കംക്വാറ്റ് ജപ്പാനിലെത്തുന്നത്. അവിടെയിത് കിങ്‌കാൻ എന്നാണറിയപ്പെട്ടത്. 1712-ൽതന്നെ ജപ്പാനിലെ കൃഷിയെക്കുറിച്ചുള്ള രേഖപ്പെടുത്തലുകളിൽ കംക്വാറ്റും ഇടംപിടിച്ചിട്ടുണ്ട്. ജപ്പാന് പുറമെ തായ്‌വാൻ, തെക്കുകിഴക്കൻ ഏഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും ഇത് വ്യാപിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെയാണ് അമേരിക്കൻ ഐക്യനാടുകളിലേക്കും മറ്റും ഇതിന്‍റെ കൃഷി വ്യാപിക്കുന്നത്. ഇവിടെ ഇത് മിതോഷ്ണ കാലാവസ്ഥയുള്ള ഫ്ലോറിഡ, കാലിഫോർണിയ തുടങ്ങിയ പ്രദേശങ്ങളിലും വിപുലമായി കൃഷി ചെയ്യാൻ തുടങ്ങി. ഇതര നാരകഫലങ്ങളെ പോലെ ഇന്ത്യയിൽ ഇതത്ര വ്യാപകമല്ലെങ്കിലും ഇന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ മധുരഫലം വളർത്താൻ തുടങ്ങിയിരിക്കുന്നു. കംക്വാറ്റ് എന്ന പേരിലാവില്ല ഇത് പുതിയ കൃഷിയിടങ്ങളിലും പ്രാദേശികവിപണികളിലും എത്തിച്ചേരുന്നത്. ചൈനീസ് ഓറഞ്ച് എന്നാണ് അറിയപ്പെടുന്നത്.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ,1912-ൽ, അമേരിക്കയുടെ വടക്കൻ നഗരങ്ങളിലേക്ക് ട്രെയിൻ മാർഗം ഈ പഴങ്ങൾ കയറ്റി അയക്കാനും തുടങ്ങി. അവിടെയിതുപയോഗിച്ച് സ്വാദിഷ്ടമായ മാർമലെയിഡ് ഉണ്ടാക്കുക പതിവായി. അമേരിക്കൻ പാചകരീതികളിൽ ഇത് പേരെടുക്കുകയും ചെയ്തു. ഇന്നും ജാം, കാൻഡി, സാലഡ് എന്നിങ്ങനെ വിവിധ ഭക്ഷ്യപദാർത്ഥങ്ങൾ തയാറാക്കാൻ കംക്വാറ്റ് വ്യാപകമായി ഉപയോഗിച്ച് വരുന്നു. വളർച്ചയിലെ പ്രത്യേകത നിമിത്തം ഇതൊരു അലങ്കാരച്ചെടിയായും വളർത്താറുണ്ട്. മറ്റൊരു പ്രത്യേകത കൂടെ ഈ മധുരഫലത്തിനുണ്ട്, ഇതര നാരകപ്പഴങ്ങൾ പോലെയും ഓറഞ്ച് പോലെയും ഇതിന്‍റെ പുറംതൊലി പൊളിച്ചുനീക്കേണ്ടതില്ല കഴിക്കാൻ. പുറംതൊലിയും കനം കുറവും മാംസളവും നല്ല മധുരമുള്ളതുമാകയാൽ പഴം അതേപടി കഴിക്കാം. മധുരത്തെ തുടർന്നുള്ള പുളിയും ആസ്വാദ്യകരമാണ്. മാത്രമല്ല, ഒട്ടുമിക്ക നാരക പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന്‍റെ വലിപ്പം താരതമ്യേന വളരെ കുറവുമാണ്. പഴം അതേപടി വൃത്തിയാക്കിയിട്ടു കഴിച്ചാൽ പ്രത്യേക രസവ്യത്യാസം അനുഭവപ്പെടുകയും ചെയ്യും. മധുരമുള്ള പുറംതൊലിക്ക് പ്രത്യേകതരത്തിലുള്ള പുളിയും കവർപ്പുമാണ്. കൂടാതെ, പുളിയുള്ള അനന്തരരുചിയും. ഇതാണ് കംക്വാറ്റ് എന്ന സ്വീറ്റ് ഓറഞ്ചിന്‍റെ സവിശേഷത. ഈ മധുരഫലത്തിന് പരശ്ശതം ആരാധകരെ സമ്പാദിച്ചു കൊടുത്തതും ഈ രസവൈവിധ്യമാണ് താനും.

കംക്വാറ്റ് -പരിചയം

ഏകദേശം 2.5 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെറുമരം അല്ലെങ്കിൽ കുറ്റിച്ചെടി എന്ന് കംക്വാറ്റിനെ വിശേഷിപ്പിക്കാം. ഇതുതന്നെ കുറച്ചുകൂടെ ഉയരം കുറഞ്ഞ 1.8 മുതൽ 2.4 മീറ്റർ വരെയുള്ള കുറ്റിച്ചെടികളുമുണ്ട്. എന്നാൽ, വലിയ ചട്ടികളിൽ വളർത്തുമ്പോൾ കഷ്ടിച്ച് 45 സെന്റി മീറ്റർ മുതൽ 75 സെന്റി മീറ്റർ വരെ ഉയരമുള്ള ചെടികളുമുണ്ട്. കുറച്ചുകൂടെ വലിയ ചട്ടികളിലാണെങ്കിൽ ഇത് 1.8 മീറ്റർ വരെ ഉയരത്തിലും വളരും. ഇടതൂർന്നു ശിഖരങ്ങൾ വളരുന്ന സ്വഭാവമാണ് ഇതിന്. ചില ഇനങ്ങളിൽ ശാഖകളിൽ ചെറിയ മുള്ളുകളും കാണാം. ശാഖകളിൽ ഇരുണ്ട പച്ചനിറമുള്ള ഇലകൾ. ഇവയുടെ പുറംഭാഗം തിളക്കമുള്ളതും അടിവശം ഇളംനിറവുമാണ്. നാരകത്തിന്റെ ഇലകൾ പോലെതന്നെ ഇലകൾ ഞെരടിയാൽ സുഗന്ധമുണ്ടാകും. അതുകൊണ്ടുതന്നെ ഈ സുഗന്ധയിലകൾ ചില പരമ്പരാഗത ഔഷധങ്ങളിലും ചായയ്ക്ക് സുഗന്ധം പകരാനും ഉപയോഗിക്കാറുണ്ട്. പൂക്കൾ ചെറുതും നക്ഷത്രാകൃതി ഉള്ളതുമാണ്. സുഗന്ധവാഹിയാണ്. ഒറ്റയ്ക്കോ ചെറിയ കൂട്ടമായോ ഇവ ഇലയിടുക്കുകളിൽനിന്ന് വളരും. ഇനി കായ്കളുടെ കാര്യം; സാധാരണ ഓറഞ്ചിൽനിന്ന് വ്യത്യസ്തമായി ഇവയുടെ തൊലിക്ക് നല്ല മധുരവും കാമ്പിനു പുളിയുമാണ്. കായ്കൾക്ക് ഗോളാകൃതിയോ അണ്ഡാകൃതിയോ ആകാം. വേനൽക്കാലത്തോടെയാണ് ഇതിൽ സുഗന്ധമുള്ള ചെറിയ പൂക്കൾ ഉണ്ടായി കാണുന്നത്.

ഇനവൈവിധ്യം

നമ്മുടെ നാട്ടിൽ കംക്വാറ്റിനെ സംബന്ധിച്ച് അത്ര ഇനവൈവിധ്യം ഒന്നും പറയാറായിട്ടില്ലെങ്കിലും യഥാർഥത്തിൽ ഇതിന് ആറ് വ്യത്യസ്ത ഇനങ്ങളുണ്ട് . ഇതിലൊന്നാണ് ഗോളാകൃതിയുള്ള റൗണ്ട് കംക്വാറ്റ്; ഇതിന് ഉരുണ്ടതോ മുട്ടയുടെ ആകൃതിയോ ആണ്. സ്വർണ മഞ്ഞനിറമാണ് പഴങ്ങൾക്ക്. ഇതിന്‍റെ പുറംതോലിന് അതിമധുരമാണ്. എന്നാൽ, ഉൾഭാഗത്തിനു ചെറിയ പുളിയുണ്ട്. ജാം,ജെല്ലി, മാർമ്മലൈഡ് തുടങ്ങിയവ തയാറാക്കാൻ ഇതുപയോഗിക്കുന്നുണ്ട്.

ഇനിയൊന്നാണ് ഓവൽ കംക്വാറ്റ്; നഗമി കംക്വാറ്റ് എന്നും ഇതിനു പേരുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഇതിനു ദീർഘവൃത്താകൃതിയാണ്. ഇതിന്റെയും പുറംതൊലിക്ക് നല്ല മധുരമാണ്. കാമ്പിനു പുളിയുണ്ടെങ്കിലും കാമ്പും തൊലിയും ഒരുമിച്ചു കഴിക്കുമ്പോൾ സമതുലിതമായ സ്വാദാണ് അനുഭവപ്പെടുന്നത്. ഇതിൽനിന്നുതന്നെ രൂപംകൊണ്ട മറ്റൊരിനവും കൂടെയുണ്ട്; പേര് സെന്‍റെനിയൽ വേരിഗേറ്റഡ്; ഇതിന്‍റെ പുറംതൊലിയിൽ മഞ്ഞയും പച്ചയും വരകൾ ഉണ്ടാകും.

മെയ്വ കംക്വാറ്റാണ് മറ്റൊരിനം; ഇതിനും ദീർഘവൃത്താകൃതിയാണ്. മറ്റിനങ്ങളെക്കാൾ കൂടുതൽ വിത്തുകളുണ്ടാകും. ഹോങ് കോങ്ങ് കംക്വാറ്റാണ് അടുത്തത്; ഇതാകട്ടെ തീരെ ചെറുതാണ് താനും. ഇതിനു നേരിയ കയ്പുരസമാണ്. കാമ്പും അത്ര മാംസളമല്ല. വിത്തുകളും കൂടുതൽ. ഇതിൽനിന്നു ഉത്പാദിപ്പിച്ച മറ്റൊരിനമാണ് ഗോൾഡൻ ബിൻ കംക്വാറ്റ്. അടുത്തത് ജിയാങ്‌സു കംക്വാറ്റാണ്; ഇതിനു ഫുക്കുഷു കംക്വാറ്റ് എന്നും പേരുണ്ട്. നല്ല തെളിഞ്ഞ ഓറഞ്ച് നിറമാണിതിന്റെ പഴങ്ങൾക്ക്. ഉരുണ്ടതോ മണിയുടെ ആകൃതിയാകാം. ജെല്ലി,മാർമലെയിഡ് എന്നിവ തയാറാക്കാൻ ഉപയോഗിക്കുന്നു. ഹെഡ്‌ജ്‌ ലൈം എന്നും പേരുള്ള മലേഷ്യൻ കംക്വാറ്റാണ് മറ്റൊരിനം; ധാരാളം കാമ്പും നേർത്ത പുറംതൊലിയും ആണിതിന്‍റെ സവിശേഷത.

കൃഷിവിശേഷങ്ങൾ

നേരിയ പുളിരസമുള്ള മണ്ണ്; 5.5 നും 6.5 നും ഇടയ്ക്കുള്ള അമ്ലക്ഷാരനില. നല്ല സൂര്യവെളിച്ചം കിട്ടുന്നിടം; ദിവസവും 6 മുതൽ 8 മണിക്കൂർ വരെ നേരിട്ടുള്ള സൂര്യവെളിച്ചം കിട്ടിയാൽ ഇലകളും ശിഖരങ്ങളും കരുത്തോടെ വളരും. നല്ല വിളവും കിട്ടും. മണലും ചെളിയും കളിമണ്ണും സമതുലിതമായി കലർന്ന ലോം മണ്ണാണ് ഇതിനുത്തമം. ഇതാകുമ്പോൾ ഈർപ്പം പിടിച്ചുനിർത്താനും വെള്ളം എളുപ്പത്തിൽ വാർന്നു പോകാനും കഴിവുണ്ട്. കൂടാതെ ഇതിൽ ജൈവാംശവും പോഷകങ്ങളും ധാരാളമുണ്ടുതാനും. നീരൊഴുക്കുള്ള മണ്ണ് നിർബന്ധം. ചട്ടികളിലോ ബാരലുകളിലോ വളർത്തുമ്പോൾ പോട്ടിങ് മിശ്രിതത്തോടൊപ്പം കമ്പോസ്റ്റും കുറച്ചു പരുപരുത്ത മണലും ചേർക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മതിയാകും നന. അതും മുകൾഭാഗത്തെ 2 മുതൽ 3 ഇഞ്ചു വരെയുള്ള മേൽമണ്ണ് ഉണങ്ങുന്നു എന്നറിയുമ്പോൾ. അമിത നനയും വെള്ളക്കെട്ടിലെ വേരുകളും വരൾച്ചയും ഒരുപോലെ തന്നെ കംക്വാറ്റിന് ഇഷ്ടമല്ല എന്നറിയുക. കട്ടിയുള്ള മണ്ണാണെങ്കിൽ കുറച്ചു ചാണകപ്പൊടികമ്പോസ്റ്റ് അല്ലെങ്കിൽ ചകിരിച്ചോറ് ചേർത്തിളക്കിയാൽ മണ്ണ് അയഞ്ഞു പരുവപ്പെട്ടു കിട്ടും.

ഉഷ്ണമേഖല- മിതോഷ്ണമേഖല കാലാവസ്ഥകളിലാണ് നന്നായി വളരുന്നതെന്ന സ്വഭാവം കംക്വാറ്റിനെ കേരളത്തിലും വളർത്താൻ അനുയോജ്യമാക്കുന്നു എന്നുപറയാം. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ കിട്ടുന്ന സൂര്യപ്രകാശവും മിതമായ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷവും ഒക്കെ ഇവിടെ അനുകൂലഘടകങ്ങളാണ്. കൂടാതെ മഞ്ഞുകാലത്തെ തണുപ്പ് കേരളത്തിൽ അധികം രൂക്ഷമാകാത്തതിനാൽ ചെടിക്കു വർഷം മുഴുവൻ വളരാനും വിളവ് തരാനും സാധിക്കും. കേരളത്തിൽ നല്ല മഴയത്തു അമിതമായി വരുന്ന വെള്ളം ചെടിക്കു ഗുണകരമാകാത്തതിനാൽ ഇത് 30 -50 സെന്റി മീറ്റർ വലിപ്പമുള്ള വലിയ ചട്ടികളിലും നടാം.

മണ്ണും മണലും ചാണകപ്പൊടിയുമാണ് ചട്ടിയിലെ പോട്ടിങ് മിശ്രിതത്തിലെ ചേരുവകൾ. 40% മേൽമണ്ണ് 30% ചാണകപ്പൊടിയോ കമ്പോസ്റ്റോ 30% മണലോ ചകിരിച്ചോറോ എന്നതാണ് ഏകദേശ തോത്. ഇതോടൊപ്പം പെർലൈറ്റ്, പീറ്റ് മോസ് എന്നിവയും ചേർക്കുന്നത് നല്ലതാണ്. ഇതിൽ ചകിരിച്ചോറ് വേരുകളിലേക്ക് വായുസഞ്ചാരം ലഭിക്കാനും വെള്ളം കെട്ടാതിരിക്കാനും ഉപകരിക്കും. കമ്പോസ്റ്റ് ആവശ്യമായ പോഷകങ്ങൾ നൽകും. പെർലൈറ്റ് അമിതമായി വെള്ളം അടിയുന്നത് തടയും. പീറ്റ് മോസ് ആകട്ടെ മണ്ണിന്‍റെ പുളിരസം അഥവാ അമ്ലത നിലനിർത്തും.

പതി വച്ചും ഒട്ടിച്ചും നല്ല തൈകൾ

വിത്തുകൾ വഴിയുള്ള പ്രജനനം സാധ്യമെങ്കിലും കംക്വാറ്റിൽ എയർ ലയറിങ് ഗ്രാഫ്റ്റിങ് രീതികളിലൂടെ തൈകൾ തയാറാക്കി വളർത്തുന്നതിനാണ് പ്രചാരം കൂടുതൽ. പഴുത്ത കംക്വാറ്റ് പഴം മുറിച്ചു അതിൽനിന്ന് വിത്തുകൾ സശ്രദ്ധം എടുക്കുക. അവ കഴുകി 2 -3 ദിവസം തണലിൽ ഉണക്കണം. ചാണകപ്പൊടി, കമ്പോസ്റ്റ്, ചകിരിച്ചോറ് (കൊക്കോ പീറ്റ്) എന്നിവ തുല്യ അളവിൽ ചേർത്ത് പോട്ടിങ് മിശ്രിതം തയാറാക്കാം. വെള്ളം കെട്ടാതെ നോക്കണം. ചെറിയ ഗ്രോ ബാഗിലോ ട്രേയിലോ മിശ്രിതം നിറച്ചു അതിൽ വേണം അധികം താഴ്ത്തിയല്ലാതെ വിത്ത് പാകാൻ. വിത്തുകൾ മുളയ്ക്കാൻ മണ്ണിൽ അത്യാവശ്യം ഈർപ്പം വേണം. നാല് മുതൽ ആറാഴ്ച കൊണ്ട് വിത്ത് മുളച്ചുതുടങ്ങും. തൈകൾക്ക് മൂന്ന് സെ.മീറ്റർ ഉയരവും നാലഞ്ചിലകളും ആകുമ്പോൾ കുറച്ചുകൂടെ വലിയ ചട്ടികളിലേക്ക് മാറ്റിനടാം. ഇനി അത്യാവശ്യം വെയിൽ കൊള്ളുന്നിടത്തു വച്ച് വളർത്താം. നന, വളം ചേർക്കൽ, കൊമ്പുകോതൽ തുടങ്ങി വിവിധ പരിചരണങ്ങൾ ഓരോ ഘട്ടത്തിലും നൽകാം. എങ്കിലും വിത്ത് വഴി വളർത്തിയെടുക്കുന്ന കംക്വാറ്റ് ചെടികൾ കായ് പിടിക്കാൻ 8 മുതൽ 10 വർഷം വരെ വേണ്ടിവരും എന്നതാണ് ഏറ്റവും വലിയ പോരായ്മ. എന്നാൽ, ഇതിന്റെ തന്നെ പതിത്തൈകളോ ഒട്ടുതൈകളോ ആണ് നട്ടുവളർത്തുന്നതെങ്കിൽ അവ കായ്ക്കാൻ നട്ട് 2-3 വർഷം മതിയാകും. ഒട്ടിക്കാനെടുക്കുന്നത് പ്രായപൂർത്തിയുള്ള കായ്കൾ പിടിച്ചുതുടങ്ങിയ ഒരു ശിഖരമാണെങ്കിൽ വലിയ കാലതാമസം ഒട്ടു വരുകയുമില്ല.

കംക്വാറ്റിൽ വളരെ ഫലപ്രദമാണ് എയർ ലയറിങ് എന്ന പതിവയ്ക്കൽ രീതി. ഗുണനിലവാരമുള്ള പുതിയ തൈകൾ വേഗം ഉണ്ടാക്കാനും അമ്മച്ചെടിയുടെ അതെ ഗുണങ്ങൾ നിലനിർത്താനും ഈ രീതി ഉപകരിക്കും. അമ്മച്ചെടിയിൽ നിന്ന് നല്ല ആരോഗ്യമുള്ള പച്ചനിറത്തിൽ പെൻസിൽ കനമുള്ള ഒരു ശാഖ തിരഞ്ഞെടുക്കുക. ഇതിന്‍റെ ഏകദേശം 2.5 മുതൽ 3 സെന്റി മീറ്റർ വരെ നീളത്തിൽ വട്ടത്തിൽ തൊലി ചെത്തി മാറ്റുക. തൊലി കളഞ്ഞ ഭാഗത്തെ പുറംതൊലി പൂർണമായും നീക്കംചെയ്യണം. ഈ ഭാഗത്തു ഈർപ്പമുള്ള ചകിരിച്ചോറ് അല്ലെങ്കിൽ മോസ് പായൽ വച്ച് നന്നായി പൊതിയുക. ചകിരിച്ചോറ് ഇളകിപ്പോകാതിരിക്കാനും ഈർപ്പം നിലനിൽക്കാനും ഒരു പോളിത്തീൻ കവർ ഉപയോഗിച്ച് വായു കടക്കാത്ത രീതിയിൽ കെട്ടുക. ഏകദേശം1 -2 മാസത്തിനുള്ളിൽ ഇതിൽ നിന്ന് പുതിയ വേരുകൾ പുറത്തുവരുന്നത് കാണാം. വേരുകൾ നന്നായി വന്നുകഴിഞ്ഞാൽ ഈ കമ്പു അമ്മച്ചെടിയിൽ നിന്ന് മുറിച്ചുമാറ്റി പുതിയ പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയിൽ നടാം.

കംക്വാറ്റിൽ ഗ്രാഫ്റ്റിങ് അഥവാ ഒട്ടിക്കലും വിജയകരമായി ചെയ്യാം. ഇതിനാദ്യം വേണ്ടത് ഉചിതമായ റൂട്ട് സ്റ്റോക്ക് (അതായത് വേരുള്ള ചെടിയുടെ താഴത്തെ ഭാഗം അഥവാ ചുവടുഭാഗം) തിഞ്ഞെടുക്കുക എന്നതാണ്. ഇതിന് വിത്തിൽ നിന്ന് മുളപ്പിച്ചെടുത്തതും നല്ല വേരുള്ളതുമായ നാരകം, ജാപ്പനീസ് ബിറ്റർ ഓറഞ്ച് എന്നറിയപ്പെടുന്ന ട്രൈഫോളിയെറ്റ് ഓറഞ്ച്, തൊലി പരുക്കനായ റഫ് ലെമൺ, രംഗപുർ ലൈം എന്നറിയപ്പെടുന്ന ഒരു തരം ചെറുനാരങ്ങ എന്നിവയാണ് പൊതുവെ ഉപയോഗിക്കുന്നത്. ഇനി കായ്‌ഫലം തരുന്ന നല്ലൊരു കംക്വാറ്റ് മരത്തിൽ നിന്ന് ആരോഗ്യമുള്ളതും റൂട്ട് സ്റ്റോക്കിന്‍റെ അതേ കനമുള്ളതുമായ പുതിയ കമ്പ് മുറിച്ചെടുക്കുക. റൂട്ട് സ്റ്റോക്കിന്റെ മുകൾഭാഗം മുറിച്ചുമാറ്റിയ ശേഷം നടുവിലൂടെ ഒരിഞ്ചു നീളത്തിൽ "v " ആകൃതിയിൽ ഒരു പിളർപ്പുണ്ടാക്കുക. കംക്വാറ്റിന്‍റെ കമ്പിന്‍റെ അടിഭാഗവും "v " ആകൃതിയിൽ തന്നെ ചെത്തി മിനുക്കണം. കംക്വാറ്റിന്‍റെ കമ്പ് റൂട്ട് സ്റ്റോക്കിന്‍റെ പിളർപ്പിലേക്ക് ഇറക്കി വയ്ക്കുക. രണ്ടു തണ്ടുകളുടെയും തൊലിക്കടിയിലുള്ള ഭാഗം കൃത്യമായി ചേരുന്നുണ്ട് എന്നുറപ്പാക്കണം. ഈ ഭാഗം വായുവും വെള്ളവും കയറാത്ത വിധം ഗ്രാഫ്റ്റിങ് ടേപ്പ് ഉപയോഗിച്ച് നന്നായി മുറുകെ കെട്ടണം. ഇതാണ് ഒട്ടുതൈ തയാറാക്കുന്ന രീതി.

കംക്വാറ്റിന്‍റെ ഒട്ടുതൈകൾ വിൽക്കുന്ന സ്വകാര്യ രജിസ്റ്റേർഡ് നഴ്സറികൾ കേരളത്തിലുണ്ട്. ഓൺലൈനായും തൈകൾ വാങ്ങാൻ സൗകര്യമുണ്ട്. വിലയിൽ ഏകീകരണം ഉണ്ടാകണമെന്നില്ല എന്നുമാത്രം. ഇവിടെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നാകും. റഫ് ലെമൺ എന്ന നാരകത്തിലോ ട്രൈഫോളിയെറ്റ് ഓറഞ്ചിലോ ഒട്ടിച്ച തൈകൾ മാത്രം വാങ്ങുക. വേഗം കായ് പിടിക്കാനും കീടനിയന്ത്രണത്തിനും ഇത് പ്രധാനമാണ്. മഞ്ഞളിച്ച ഇലകൾ, ഇലകളിൽ പുള്ളികൾ, ഇലകൾ വല കെട്ടിയ ചെടികൾ എന്നിവ നിർബന്ധമായും ഒഴിവാക്കുക. ഒട്ടുസന്ധി നോക്കി വാങ്ങണം. സന്ധി നന്നായി ചേർന്നതും മറ്റു പ്രശ്നങ്ങൾ കാണാത്തതും ആയിരിക്കണം. മാത്രമല്ല അത് മൺ നിരപ്പിനു മുകളിൽ നിൽക്കുന്നതുമാകണം. പോളിബാഗിൽ വളർത്തിയ തൈകളാണ് വാങ്ങുന്നതെങ്കിൽ ചുവട്ടിലെ മിശ്രിതം ശ്രദ്ധിക്കുക; മിശ്രിതം അയവുള്ളതും അമിത ഈർപ്പം ഇല്ലാത്തതുമാവണം. തൈകൾ വാങ്ങുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം. കംക്വാറ്റ് കായ്ച്ചുനിൽക്കുന്ന നഴ്സറികളിൽ നിന്ന് ഒത്തുനോക്കി വേണം തൈകൾ വാങ്ങാനും.

നടീൽ, സമയം, രീതി, വളങ്ങൾ

കംക്വാറ്റിന് നാരകവർഗ്ഗത്തിൽ പെട്ട വിളകളുടേതിന് സമാനമായ നടീലും പരിചരണവും ഒക്കെ മതിയാകും. ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലാണ് ഒട്ടുതൈകൾ നടാവുന്നത്. ഒട്ടുസന്ധിക്കു താഴെ നിന്ന് വളരുന്ന ചിനപ്പുകൾ വളരാൻ അനുവദിക്കരുത്. ചെടിയുടെ പ്രായം അനുസരിച്ച് വാണിജ്യകൃഷിയിൽ വളങ്ങൾ ചേർക്കാം. ആദ്യവർഷം ചെടിയൊന്നിന് 2 കിലോ, രണ്ടാം വർഷം 4 കിലോ, മൂന്നാം വർഷം 6 കിലോ, നാലാം വർഷം 8 കിലോ, അഞ്ചാം വർഷം 10 കിലോ, ആറാം വർഷം 10 കിലോ, ഏഴാം വർഷം മുതൽ 10 കിലോ വീതം എന്നതാണ് കാലിവളത്തിന്‍റെ തോത്. ഇനി രാസവളങ്ങളുടെ കാര്യം നോക്കാം. നൈട്രജൻ-ഫോസ്ഫറസ്-പൊട്ടാഷ് എന്നിവ ഒന്നാം വർഷം 40:20:25, രണ്ടാം വർഷം 80:35:50, മൂന്നാം വർഷം 160:75:100, നാലാം വർഷം 300:100:150, അഞ്ചാം വർഷം 600:175:300, ആറാം വർഷം 800:275:750, ഏഴാം വർഷം മുതൽ 800:275:1000 എന്ന തോതിലാണ് രാസവളങ്ങളുടെ ശുപാർശ. ഇതിൽ ജൈവവളം മെയ് മാസവും രാസവളം രണ്ടു തുല്യ ഗഡുക്കളായി ജൂൺ-ജൂലായിലും സെപ്റ്റംബർ -ഒക്ടോബറിലും നൽകണം. കൂടാതെ സൂക്ഷ്മമൂലകങ്ങൾ അടങ്ങിയ ലായനി വർഷത്തിൽ രണ്ടുതവണ മാർച്ച് -ഒക്ടോബറിൽ, ഒക്ടോബർ -നവംബർ മാസങ്ങളിലും തളിച്ച് കൊടുക്കുകയും ചെയ്യാം. ഇതിന് 500 ഗ്രാം സിങ്ക് സൾഫേറ്റ്, 500 ഗ്രാം കോപ്പർ സൾഫേറ്റ്, 300 ഗ്രാം മാങ്കനീസ്‌ സൾഫേറ്റ്, 500 ഗ്രാം കുമ്മായം എന്നിവ 100 ലിറ്റർ വെള്ളത്തിൽ കലക്കിയാണ് വർഷത്തിൽ രണ്ടു പ്രാവശ്യമായി തളിക്കേണ്ടത്. വാണിജ്യകൃഷിയിലേ ഇത്തരത്തിൽ കൃത്യമായ രാസവളങ്ങളുടെ ആവശ്യം ഉള്ളൂ എന്നോർക്കുക. കൂടാതെ മരത്തിനു നല്ല ഭംഗിയും കരുത്തും ആകൃതിയും കിട്ടാൻ ആദ്യകാലങ്ങളിൽ കൊമ്പുകോതൽ നടത്താം.

വളംചേർക്കുന്നതിനു പുറമെ മരച്ചുവട്ടിലെ കളകൾ നീക്കുക. തടത്തിൽ ഉണങ്ങിയ ഇലകളോ ചകിരിച്ചോറോ ഉപയോഗിച്ച് പുതയിടുക. ചെറിയ തൈകളുടെ മുകൾഭാഗം അൽപം മുറിച്ചുമാറ്റി ചെടിയുടെ പുതിയ ശിഖരങ്ങൾ വളരാൻ അനുവദിക്കുക. ഉണങ്ങിയതോ രോഗബാധിതമോ ആയ കൊമ്പുകൾ മുറിച്ചുനീക്കുക തുടങ്ങിയ കാര്യങ്ങളും യഥായോഗ്യം ചെയ്യണം.

കംക്വാറ്റ് പഴത്തിലെ സവിശേഷഘടകങ്ങൾ

പോഷകസമൃദ്ധമെങ്കിലും കംക്വാറ്റ് പഴത്തിൽ ചില സവിശേഷ സസ്യസംയുക്തങ്ങളുണ്ട്. പ്രത്യേകിച്ച് അവയുടെ പറംതൊലിയിലും വിത്തുകളിലും അടങ്ങിയിട്ടുള്ള ജീവപ്രവർത്തന ക്ഷമമായ ഫ്ലാവനോയിഡുകൾ, ടെർപിനോയിഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങിയവ. ലിമോണീൻ എന്ന ഘടകം ഇതിൽ 90-93% വരെ അടങ്ങിയിരിക്കുന്നു. ഇതാണ് ഇതിനു സവിശേഷമായ സുഗന്ധവും സൂക്ഷ്മാണുക്കളെ നശിപ്പിക്കാനുള്ള കഴിവും നൽകുന്നത്. മധുരതരമായ പുഷ്പസമാനമായ ഗന്ധം നൽകുന്നതാകട്ടെ സിട്രോനെല്ലിൽ അസറ്റേറ്റ്, സിട്രോനെല്ലിൽ ഫോർമേറ്റ് എന്നിവയാണ്. നല്ല തെളിഞ്ഞ ഓറഞ്ചു നിറത്തിനു നിദാനം ഇതിലെ കരോട്ടിനോയിഡാണ്.

100 ഗ്രാം പഴം കഴിച്ചാൽ തന്നെ ശരീരത്തിന് ദിവസവും ആവശ്യമുള്ള ജീവകം-സിയുടെ 73 % ലഭിക്കും. 6.5 ഗ്രാം ദഹനസൗഹൃദമായ ഭക്ഷ്യനാര് കിട്ടും. പുറമെ ലിമോണീൻ, ക്വർസെറ്റിൻ പോലുള്ള നിരവധി നിരോക്സീകാരകങ്ങളും. വെറും അഞ്ചു കംക്വാറ്റ് പഴങ്ങൾ കഴിക്കുന്നതുതന്നെ ആരോഗ്യദായകം എന്ന് പറഞ്ഞാൽ മനസിലാകുമല്ലോ. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി വർധിക്കും. ശ്വേതരക്താണുക്കളുടെ പ്രവർത്തനത്തെ പിന്താങ്ങും. ചർമത്തിന് ഇലാസ്തികത നൽകുന്ന കൊളാജെൻ ഉണ്ടാകാനും ഇടയാക്കും.

ഇതര നാരകഫലങ്ങളെ പോലെയല്ല കംക്വാറ്റ്. ഇതിന്‍റെ പുറംതൊലി തന്നെ മധുവുമുള്ളതാണ്. ആരോഗ്യദായകവുമാണ്. അതുനിറയെ സുഗന്ധതൈലങ്ങളും ഫ്ളാവനോയിഡുകളും ആണ്. അതുകൊണ്ടുതന്നെ അതുകൂടെ കഴിക്കുന്നത് ശരീരത്തിൽ നീർവീക്കം ഉണ്ടാകുന്നതു തടയും. ഒപ്പം ശരീരത്തിലെ കൊളസ്ട്രോൾ അധികരിക്കാതെ നോക്കുകയും ചെയ്യും. പഴത്തിന്‍റെ 80 % വെള്ളമായതുകൊണ്ടുതന്നെ അമിതമായ ഊർജോല്പാദനം നടത്താതെ ശരീരത്തിലെ ജലത്തിന്‍റെ അളവ് നിലനിർത്താനും ഇതിനു കഴിവുണ്ട്. മാത്രമല്ല ആരോഗ്യസൗഹൃദമായ ഒരു ലഘുഭക്ഷണമായും വയറു നിറയുന്ന ഒരു "ഫില്ലർ' ആയും ഇതുപകരിക്കും. കൂടാതെ 71 കിലോകാലറി ഊർജം,15.9 ഗ്രാം കാർബോഹൈഡ്രേറ്റ്,1.8 ഗ്രാം മാംസ്യം, 0.8 ഗ്രാം കൊഴുപ്പ്‌ എന്നിവയ്ക്ക് പുറമെ 15 എം.സി.ജെ ജീവകം എ, 0.09 മില്ലിഗ്രാം റിബോഫ്ലാവിൻ, 8.4 മില്ലിഗ്രാം കോളിൻ, 62 മില്ലിഗ്രാം കാൽസിയം, 0.87 മില്ലിഗ്രാം ഇരുമ്പ്, 20 മില്ലിഗ്രാം മഗ്നീഷ്യം, 0.13 മില്ലിഗ്രാം മാങ്കനീസ് ,0.17 മില്ലിഗ്രാം സിങ്ക് എന്നിങ്ങനെയാണ് മറ്റു പോഷകങ്ങളുടെ നിലവാരം.

ശരീരത്തെ ഉപദ്രവകാരികളായ സൂക്ഷ്മാണുക്കളുടെ രോഗബാധകളിൽ നിന്ന് സംരക്ഷിക്കാനും കണ്ണിന്‍റെ ആരോഗ്യം നിലനിർത്താനും മാനസികസമ്മർദ്ദങ്ങളിൽ നിന്ന് മുക്തി നേടാനും എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാനും ദുർമേദസ്സിന്‌ പരിഹാരമാകാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കാനും ഹൃദയത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനും എല്ലാം ഈ മധുരഫലം ഉപകാരപ്പെടുന്നു.

ഇതര ഉപയോഗങ്ങൾ

നിരവധി സ്വാദിഷ്ടമായ ഉത്പന്നങ്ങൾ കംക്വാറ്റ് പഴം ഉപയോഗിച്ച് തയാറാക്കാം. ജ്യൂസ്, ജാം, സാലഡ്, മാർമലൈഡ്, സ്മൂത്തി ഇങ്ങനെ വിവിധവിഭവങ്ങൾ. കൂടാതെ പ്രിസെർവ്, കാൻഡി, മദ്യം, കോക്ക് ടെയിൽ, ചായ, വിനാഗിരി, അച്ചാർ, കേക്ക് തുടങ്ങിയവയിലും ഇത് ചേരുവയാണ്.

ഇൻസൈഡ് ഔട്ട് ഓറഞ്ച് !

കംക്വാറ്റിന് വളരെ വിചിത്രമായ ഒരു വിളിപ്പേരുണ്ട്. ഇൻസൈഡ് ഔട്ട് ഓറഞ്ച്-എന്ന്. സാധരണ ഓറഞ്ചുകൾക്ക് പുറംതൊലി അത്ര മധുരമുള്ളതല്ല. ഉൾഭാഗമാണ് നല്ല മധുരം. എന്നാൽ കംക്വാറ്റ് എന്ന ഗോൾഡൻ ഓറഞ്ചിന് നേരെ തിരിച്ചാണ്. പുറംതൊലിക്കാണ് നല്ല മധുരം. ഉൾഭാഗത്തിനു അത്രതന്നെ മധുരമായുണ്ടായിക്കൊള്ളണമെന്നില്ല. ഈ സവിശേഷ സ്വഭാവം നിമിത്തമാണ് ഇത്തരത്തിൽ വിചിത്രമായ ഒരു വിളിപ്പേര് കിട്ടിയത്. "inside out orange" എന്ന്!