ചെറിമോയയുടെ വാണിജ്യ ഉല്പാദനത്തിൽ മുൻപന്തിയിൽ സ്പെയിൻ ആണ്. മറ്റെവിടെ വളർത്തുന്നതിനേക്കാളും മൂന്നിരട്ടിയാണ് സ്‌പെയിനിന്റെ ചെറിമോയ ഉത്പാദനം.

‘മനുഷ്യന് ഇന്ന് അറിയാവുന്നതിൽ ഏറ്റവും രുചികരവും സ്വാദിഷ്ഠവുമായ ഫലം.’ ജനപ്രിയസാഹിത്യകാരനും അഡ്‌വെഞ്ചേഴ്‌സ് ഓഫ് ടോം സോയർ, ഹക്കിൾബെറി ഫിൻ എന്നീ പ്രമുഖ നോവലുകളുടെ കർത്താവുമായ മാർക്ക് ട്വെയ്ൻ ഒരിക്കൽ ഒരു പഴത്തെ കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തി. അതിന്റെ മൃദുവും മധുരപൂരിതവുമായ അകക്കാമ്പ് ഒരു സ്പൂൺ കൊണ്ട് ഐസ്ക്രീം പോലെ കോരി കഴിക്കാം; ഒന്നിലധികം പഴങ്ങളുടെ സ്വാദും സുഗന്ധവും കലർന്ന ഫലം; തന്റെ യാത്രാക്കുറിപ്പുകളിൽ മാർക്ക് ട്വെയ്ൻ ഈ സവിശേഷ ഫലത്തെ ‘ദ്വീപുകളുടെ അഭിമാനം’ എന്ന അർഥത്തിൽ ‘പ്രൈഡ് ഓഫ് ദി ഐലൻഡ്സ്’ എന്നും വിശേഷിപ്പിച്ചു. മാർക്ക് ട്വെയ്നെ മാത്രമല്ല, അക്കാലത്ത് ആളുകളെ വല്ലാതെ മോഹിപ്പിച്ച ഒരു പഴമാണ് ചെറിമോയ. മാർക്ക് ട്വെയ്ൻ വാനോളം പുകഴ്ത്തിയതും ഈ മധുരഫലത്തെ തന്നെ. നമുക്ക് സുപരിചിതമായ ആത്തച്ചക്കയുടെ കുടുംബാംഗമാണ് ചെറിമോയ എന്ന സവിശേഷഫലം.
ആറ് സ്വാദുകൾ ഒന്നിപ്പിച്ച പ്രകൃതിയുടെ വിസ്മയസൃഷ്ടി!
പല വിദേശഫലങ്ങളുടെയും സ്വാദ് കൃത്യമായി എന്താണെന്ന് വിവരിക്കുക അത്ര എളുപ്പമല്ല. അവയുടെ ജന്മദേശത്തുതന്നെ ഓരോരുത്തരും ഓരോ തരം സ്വാദായിരിക്കും പറയുക; ചിലപ്പോൾ ഒന്നിലധികം, പരമാവധി രണ്ടോ മൂന്നോ ഫലങ്ങളുടെ സ്വാദിന്റെ ഒരു സമ്മിശ്രഭാവമായും ആരാധകർ ഇത് അടയാളപ്പെടുത്താറുണ്ട്. എന്നാൽ ഒന്നും രണ്ടുമല്ല, ആറ് വ്യത്യസ്ത ഫലങ്ങളുടെ സ്വാദ് രമ്യമായി ഇടകലർത്തി പ്രകൃതി സൃഷ്‌ടിച്ച ഒരു ഫലം-അതിനെ വിസ്മയം എന്നല്ലാതെ പിന്നെ എങ്ങനെ വിശേഷിപ്പിക്കും? വാഴപ്പഴം, പൈനാപ്പിൾ, സ്ട്രോബെറി, പപ്പായ, പെയർ അഥവാ സബർജിൽ, മാമ്പഴം എന്നിങ്ങനെ രുചിയിലും മേന്മയിലും തികഞ്ഞ വൈവിധ്യം പുലർത്തുന്ന ഈ ആറു പഴങ്ങളുടെ സ്വാദും സുഗന്ധവും ഒറ്റപ്പഴത്തിൽ സമ്മേളിച്ചതാണ് ചെറിമോയ എന്ന ഫലത്തെ വ്യത്യസ്തമാക്കുന്നത്, വേറിട്ടതാക്കുന്നത്. പോരാത്തതിന് കസ്റ്റാർഡ് പോലെയോ, ബനാന പുഡ്ഡിംഗ് പോലെയോ മൃദുലം, ക്രീം നിറഞ്ഞ സ്വഭാവം ഇങ്ങനെയിങ്ങനെ പഴം വിളഞ്ഞുകഴിഞ്ഞാൽ ഒരു സ്പൂൺ കൊണ്ട് ഐസ്ക്രീം പോലെ, കോരി ആസ്വാദ്യകരമായി കഴിക്കാം. വെണ്ണതോൽക്കും പ്രകൃതമുള്ള മധുരഫലം- അതാണ് ചെറിമോയ.
ഇവിടെ ഒറ്റക്കാര്യമേ ശ്രദ്ധിക്കേണ്ടൂ; അത് ചെറിമോയയുടെ വിളവെടുപ്പ് സംബന്ധിച്ചാണ്; പഴം പാകമായി, എന്നാൽ പഴത്തിനു നല്ല ഉറപ്പും ദൃഢതയുമുള്ള സമയത്തുതന്നെ വേണം വിളവെടുക്കാൻ; വിളവെടുത്തു കഴിഞ്ഞാൽ പഴങ്ങൾ അന്തരീക്ഷ താപനിലയിൽ തന്നെ വേണം പഴുപ്പിക്കാൻ. നേരത്തെ വിളവെടുക്കുന്നത് പഴത്തിന്റെ മാധുര്യം കുറയ്ക്കും; അതുപോലെ തന്നെ അധികനാൾ വച്ചിരുന്നാൽ പുളിരസമായി പഴം ഉപയോഗശൂന്യമാവും. ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇനി പഴുത്തുകഴിഞ്ഞ പഴം രണ്ടോ മൂന്നോ ദിവസമേ ഫ്രിഡ്ജിൽ സൂക്ഷിക്കാനും കഴിയൂ. പുഷ്പിച്ചു കഴിയുന്ന ചെടി ഏകദേശം 9 മുതൽ 12 മാസം കൊണ്ടാണ് കായായി പാകമാകുന്നത്. പാകമാകുന്ന കായ്കൾ പതുക്കെ തൊടുമ്പോൾ തന്നെ ഞെക്ക് കൊള്ളും; മഞ്ഞ കലർന്ന പച്ചനിറമാകുകയും ചെയ്യും. വിളഞ്ഞുകഴിഞ്ഞും കായ്കൾ മരത്തിൽ നിർത്തിയാൽ സ്വാഭാവികമായും അതഴുകുകയും പൊഴിയുകയും ചെയ്യും.
ദ്രുതവളർച്ചാരീതി, നിത്യഹരിത ഭാവം
ചെറിമോയ, അനോന എന്ന ജനുസിലെ അംഗമാണ്. ‘അനോനേസി’ എന്ന് കുടുംബപ്പേര്. ആത്തപ്പഴം, മുള്ളാത്ത എന്നിവയുടെയൊക്കെ ബന്ധുവാണ് ചെറിമോയ. ചെറിമോയർ, ചിറിമോയ, ചിറിമുയ എന്നെല്ലാം പേരുകളുണ്ട്. ഹോണ്ടുറാസ്, ഗ്വാട്ടിമാല എന്നിവിടങ്ങളിലെ മലമ്പ്രദേശങ്ങളിലും ആൻഡീസിലും മധ്യ അമേരിക്കയിലും ഇത് പണ്ടുമുതൽക്കേ കൃഷിചെയ്യുന്നുണ്ട്. ഇന്നിപ്പോൾ ലോകത്തും ഉഷ്ണമേഖലയിലെയും ഉപോഷ്ണമേഖലയിലെയും എല്ലാ രാജ്യങ്ങളിലും ചെറിമോയ വളർത്തിവരുന്നു.
പെറുവിലും മറ്റുമുള്ള പ്രാദേശിക ഭാഷയിലെ ചിറിമുയ എന്ന പദത്തിൽ നിന്നാണ് ചെറിമോയ എന്ന വാക്കുണ്ടാകുന്നത്. ഇതിനർത്ഥം ‘തണുത്ത വിത്തുകൾ’ എന്നാണ്; കോൾഡ് സീഡ്‌സ് എന്ന്. ചെറിമോയ സ്വതവേ വളരെ ഉയർന്ന പ്രദേശങ്ങളിലാണല്ലോ വളർന്നുകാണുന്നത്; അവിടെ നല്ല തണുത്ത കാലാവസ്ഥ ആയിരിക്കും. ഇതിന്റെ വിത്തുകൾ ഈ കൊടുംതണുപ്പുള്ള കാലാവസ്ഥയിലും അനായാസം മുളയ്ക്കുന്നു. ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോർ, പെറു, വെനിസ്യൂല എന്നീ രാജ്യങ്ങളിൽ ഇതിന്റെ പേര് ചിറിമോയ എന്നും.
ചെറിമോയ പഴത്തിനു മറ്റൊരു സവിശേഷസിദ്ധി കൂടെയുണ്ട്; വളരെ ഉയരമുള്ള മലനിരകളിൽ ചിലയവസരങ്ങളിൽ ഇതരഫലങ്ങൾക്ക് ഒരുതരത്തിലും പിടിച്ചുനിൽക്കാൻ കഴിയാത്തത്ര ഊഷ്മാവ് വളരെ താഴുന്ന സന്ദർഭങ്ങളിലും ഇതിന് പിടിച്ചുനിൽക്കാനും അതിജീവിക്കാനും കഴിയും. ഇതാണ് ചെറിമോയയുടെ ശ്രദ്ധേയമായ സവിശേഷത.
ദ്രുതവളർച്ചാസ്വഭാവമുള്ള ഒരു ഫലസസ്യമാണ് ചെറിമോയ. തെക്കേ അമേരിക്കൻ സ്വദേശിയെങ്കിലും ലോകമാകെയുള്ള ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാപ്രദേശങ്ങളിൽ ഇത് ഇണങ്ങിവളരാൻ തുടങ്ങി. നിത്യഹരിതവൃക്ഷമാണിത്. ഏകദേശം 4.5 മുതൽ 9 മീറ്റർ വരെ ഉയരം. ഇലകൾ നിറഞ്ഞുവളരുന്ന പ്രകൃതം. മരത്തിന്റെ മേലാപ്പ് ഏകദേശം 3 മുതൽ 6 മീറ്റർ വരെ വ്യാപിച്ചിരിക്കും. മരം വളർച്ചനോക്കി കൊമ്പുകോതി വളർത്തിയാൽ ഏകദേശം 5 മീറ്ററിൽ വളർച്ച ക്രമീകരിച്ചുനിർത്താനും സാധിക്കും. ഇതാകും ഒരുപക്ഷേ, വിളവെടുപ്പ് ഉൾപ്പടെയുള്ള പരിപാലനത്തിന് അനുകൂലം.
ഇലകൾ നീണ്ട്, ദീർഘവൃത്താകൃതിയുള്ളത്. ഇളം പച്ച നിറവും തൊടുമ്പോൾ വെൽവെറ്റ് പോലെ ഘടനയും. വേനലായാൽ ചെടി ഇലകൾ പൊഴിക്കും. പൂക്കൾക്ക് മഞ്ഞ കലർന്ന പച്ചനിറമാണ്. മൂന്നു വീതം ഇതളുകളും. വേനൽക്കാലത്തു ശിഖരങ്ങളിലെ മുട്ടുകളിലാണ് പൂക്കൾ ഉണ്ടാകുന്നത്. പൂക്കൾ ഏകദേശം 5 മുതൽ 8 മാസം എടുക്കും വിളഞ്ഞ കായ്കൾ ആയി മാറാൻ.
സവിശേഷമായ പ്രത്യുത്പാദനസംവിധാനം
ആത്തച്ചക്കയുടെ കുടുംബാംഗമാണല്ലോ ചെറിമോയ. വളരെ സവിശേഷമാണ് ഇതിന്റെ പ്രത്യുത്പാദനസംവിധാനം. ദ്വിലിംഗ പുഷ്പങ്ങളാണ് ചെറിമോയയുടേത്. ഓരോ പൂവിലുമുണ്ട് ആൺഭാഗവും പെൺഭാഗവും. ഇങ്ങനെയായതുകൊണ്ടുതന്നെ ഒരേ പൂവിൽ തന്നെയുള്ള സ്വയംപരാഗണം തടയാൻ പ്രകൃതി തന്നെ ഒരു വിദ്യ ചെയ്തിട്ടുണ്ട്; ആൺ-പെൺ ലിംഗാവയവങ്ങൾ വ്യത്യസ്ത സമയത്തു മാത്രമേ പരിഗണത്തിനു പാകമാകുകയുള്ളൂ. ഇതിനെ സസ്യശാസ്ത്രം ‘പ്രോട്ടോഗൈനസ് ഡൈക്കോഗമി’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇതിൽ തന്നെ ആൺ ഘട്ടവും പെൺ ഘട്ടവുമുണ്ട്; ആദ്യദിവസം പൂക്കൾ ചെറുതായി വിടരും; വളരെ ഇടുങ്ങിയ ഒരു കീറൽ മാത്രമേ കാണൂ; ഇതളുകൾ ദൃഢവും പരാഗണസ്ഥലം (സ്റ്റിഗ്മാ) പശയുള്ളതും പൂമ്പൊടി സ്വീകരിക്കാൻ തയ്യാറായിരിക്കും. രണ്ടാം ദിവസമാണ് ആൺ ഘട്ടം തുടങ്ങുന്നത്. പൂവ് പൂർണമായി വിടർന്നിരിക്കും; ഇതളുകൾ നന്നായി തുറന്നിരിക്കും; പരാഗകേസരം (ആന്തർ) പരാഗണസ്ഥലത്തേക്കു പൂമ്പൊടി തൂകുകയും ചെയ്യും. പക്ഷേ, അപ്പോഴേക്കും പെൺഭാഗത്തിന് പൂമ്പൊടി സ്വീകരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും! ഇതാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. പിന്നെങ്ങനെ പരാഗണം നടക്കും? ഇവിടെയാണ് കൈ കൊണ്ടുള്ള കൃത്രിമ പരാഗണത്തിന്റെ പ്രസക്തി.
ഇതിനാദ്യം പൂർണമായി വിടർന്ന ഒരു ആൺപൂവിനെ കണ്ടെത്തുക; അതിന്റെ ക്രീം നിറത്തിലുള്ള പൂമ്പൊടി ഒരു ചെറിയ നേർത്ത ബ്രഷ് ഉപയോഗിച്ച് ഒരു ചെറിയ പാത്രത്തിലേക്ക് ശേഖരിക്കുക; പാകമായ പെൺപൂവ് കണ്ടെത്തി ഈ പൂമ്പൊടി ബ്രഷിൽ മുക്കി അതിന്റെ വിടർന്ന പശയുള്ള മധ്യഭാഗത്തേക്കു പുരട്ടുക. പിന്നീട് മികച്ച വിളവ് ലഭിക്കാൻ ഇത്തരം കൈകൊണ്ടുള്ള പരാഗണം ഇടയാക്കുന്നു എന്ന് കണ്ടിരിക്കുന്നു. പരാഗണം നടന്ന പൂക്കളിൽ നിന്ന് 5 മുതൽ 8 മാസത്തിനുള്ളിൽ കായ്കൾ പാകമാകും. ഇവിടെ വൈകുന്നേരം വിരിയുന്ന ആൺപൂക്കളിൽ നിന്ന് ശേഖരിക്കുന്ന പൂമ്പൊടി പിറ്റേ ദിവസം രാവിലെയാണ് പെൺപൂവിന്റെ ഉള്ളിലേക്ക് തേച്ചുപിടിപ്പിക്കുന്നത്.
ചെറിമോയ വളർത്താം
ഫലസസ്യക്കൃഷിയിലെ തുടക്കക്കാർക്ക് ധൈര്യമായി വളർത്തിത്തുടങ്ങാവുന്ന വിള എന്ന് ചെറിമോയയെ വിശേഷിപ്പിക്കാറുണ്ട്; ശരിയായി പരിപാലിച്ചാൽ അത്യധ്വാനം ഇല്ലാതെതന്നെ ഇത് ആദായകരമായ വിളവും തരും. സൂര്യപ്രകാശം കിട്ടുന്ന, നീർവാർച്ചയുള്ള, സ്ഥലമാണ് ഇതിനായി കണ്ടെത്തേണ്ടത്. ഉഷ്ണമേഖലാകാലാവസ്ഥയോടാണ് പ്രിയം; അതും കുറച്ചുയർന്ന പ്രദേശങ്ങളെങ്കിൽ അനുയോജ്യം. ഹൈറേഞ്ചുകളിലെ സവിശേഷകാലാവസ്ഥയോട് പ്രത്യേകപ്രിയമാണ്. ഉദാഹരണത്തിന് കേരളത്തിൽ മൂന്നാർ, കാന്തല്ലൂർ, വയനാട് മലനിരകളിൽ ഇത് വിപുലമായി വളരുന്നു. സമതലങ്ങളിലും നന്നായി വളരും. സമതലങ്ങളിൽ പക്ഷേ, ചൂട് കൂടുകയാണെങ്കിൽ കായ് പിടിത്തം കുറയും.
15 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയുള്ള അന്തരീക്ഷതാപനില ഉത്തമം. ജൈവവളപ്പറ്റുള്ള മണ്ണ് അഭികാമ്യം. വിത്തുതൈകൾ വളർന്നു കായ് പിടിക്കാൻ ഏഴു വർഷം വരെയെടുക്കുമ്പോൾ ഒട്ടുതൈകൾ 3 മുതൽ 4 വർഷം കൊണ്ട് കായ് പിടിക്കും. എന്ന് മാത്രമല്ല ഒട്ടുതൈകൾ ഉല്പാദിപ്പിക്കുന്ന പഴങ്ങൾക്ക് അമ്മച്ചെടിയുടെ അതേ ഗുണവും മേന്മയും ഉണ്ടാകുകയും ചെയ്യും. ചെറിമോയയുടെ ഒട്ടുതൈകൾ തയാറാക്കാൻ കേരളത്തിൽ രോഗപ്രതിരോധശേഷിയുള്ള മുള്ളാത്തയുടെയോ സീതപ്പഴം അഥവാ ആത്തച്ചക്കയുടെയോ റൂട്ട് സ്റ്റോക്ക് ഉപയോഗിക്കുകയും ചെയ്യാം.
ഇതിനനുയോജ്യമായ ഒട്ടിക്കൽ രീതിയാണ് ക്ലെഫ്റ്റ് ഗ്രാഫ്റ്റിങ്. ഇതിനായി ചെടിയുടെ കമ്പിൽ ഇംഗ്ലീഷ് ഭാഷയിലെ ‘v’ ആകൃതിയിൽ ഒരു പിളർപ്പുണ്ടാക്കുക. റൂട്ട് സ്റ്റോക്കായി വിത്തുമുളപ്പിച്ചുണ്ടാക്കിയ 1 മുതൽ 2 വർഷം വരെ പ്രായമുള്ളതും പെൻസിലിന്റെ കനമുള്ളതുമായ ആരോഗ്യമുള്ള സീതപ്പഴത്തൈകൾ എടുക്കാം. നല്ല വിളവ് തരുന്ന അമ്മച്ചെടിയിൽ നിന്നെടുത്ത ഇലകളില്ലാത്ത, ഒന്നുരണ്ടു മുകുളങ്ങളുള്ള കമ്പുകളാണ് സിയോൺ ആയി എടുക്കുക. തിരഞ്ഞെടുത്ത തൈയുടെ തായ്ത്തണ്ട് ഏകദേശം 15-20 സെ.മീറ്റർ ഉയരത്തിൽ വച്ച് മുകളിലേക്ക് നേരെ മുറിച്ചുമാറ്റുക. ഈ തണ്ടിന്റെ മധ്യഭാഗത്തായി താഴേക്ക് 2 -3 സെ.മീറ്റർ നീളത്തിൽ നേരെ ഒരു പിളർപ്പുണ്ടാക്കുക. അമ്മച്ചെടിയിൽ നിന്നെടുത്ത കമ്പിന്റെ താഴ്ഭാഗം ഇരുവശത്തുനിന്നു "v' ആകൃതിയിൽ ആപ്പുപോലെ ചെത്തിമിനുക്കുക.
റൂട്ട് സ്റ്റോക്കിലെ പിളർപ്പിലേക്ക് സിയോൺ കമ്പിന്റെ ചെത്തിയ ഭാഗം ഇറക്കിവയ്ക്കുക. രണ്ടിന്റെയും പുറംതൊലി കൃത്യമായി യോജിച്ചു എന്നുറപ്പാക്കുക. ഇളകിപ്പോകാതിരിക്കാൻ ഗ്രാഫ്റ്റിങ് ടേപ്പ് ഉപയോഗിച്ച് നന്നായി മുറുക്കിക്കെട്ടുക. കേരളത്തിൽ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഒട്ടിക്കാൻ അനുയോജ്യമായ സമയം. ഗ്രാഫ്റ്റ് ചെയ്ത ഭാഗത്തു നേരിട്ട് മഴയോ, ശക്തമായി വെയിലോ പാടില്ല. പുതിയ തളിരിലകൾ വരുന്നതോടെ തൈ മൂടിയ പോളിത്തീൻ കവർ മാറ്റാം. റൂട്ട് സ്റ്റോക്കിൽ നിന്ന് താഴേക്കുവരുന്ന പുതിയ മുളകൾ നീക്കുകയും വേണം.
രണ്ടടി സമചതുരത്തിൽ കുഴിയെടുത്തു അതിൽ മേൽമണ്ണ്, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കുക. ഒട്ടുതൈയാണ് നടുന്നതെങ്കിൽ ഒട്ടുസന്ധി മൺ നിരപ്പിന് 2-3 ഇഞ്ചു മുകളിലായി നിൽക്കണം. ഇവയുടെ വേരുകൾ താരതമ്യേന ആഴം കുറഞ്ഞതാകയാൽ ആദ്യകാലത്ത് തൈകൾക്ക് വലിയ കാറ്റിലും മറ്റും ചരിഞ്ഞുപോകാതിരിക്കാൻ താങ്ങ് കൊടുക്കണം. ഈരണ്ടു മാസം കൂടുമ്പോൾ വളങ്ങൾ ചേർക്കാം.
വളപ്രയോഗത്തിൽ ശ്രദ്ധിക്കാം
ചെറിമോയ ഉൾപ്പടെ അനോനേസി സസ്യകുടുംബത്തിൽ പെടുന്ന വിളകൾക്ക് നൽകാവുന്ന ഒരു വളപ്രയോഗശുപാർശ ഇങ്ങനെ പറയാം; മരമൊന്നിന് 10-15 കിലോഗ്രാം നന്നായി അഴുകിയ കാലിവളമോ മണ്ണിരക്കമ്പോസ്‌റ്റോ, ഇതോടൊപ്പം 2 കിലോ വീതം വേപ്പിൻ പിണ്ണാക്കും ചേർക്കുന്നത് നല്ലതാണ്. ഇത് ഒരു പരിധിവരെ മണ്ണ് വഴി പകരുന്ന രോഗങ്ങളെയും നിമാവിരകളെയും തടയാൻ ഉപകരിക്കും. തൈ നടുമ്പോൾ 50 ഗ്രാം വീതം ട്രൈക്കോഡെർമയും മൈക്കോറൈസയും ചേർക്കുന്നത് വേരുകളുടെ വളർച്ച ത്വരിതപ്പെടുത്തുകയും പോഷകാഗിരണം വേഗത്തിലാക്കുകയും ചെയ്യും.
ഇനി രാസവളപ്രയോഗത്തിൽ താല്പര്യമുള്ളവർക്ക് അതുമാകാം. മരമൊന്നിനു 250 ഗ്രാം വീതം നൈട്രജൻ, 125 ഗ്രാം ഫോസ്ഫറസ്, 250 ഗ്രാം പൊട്ടാസിയം എന്നിങ്ങനെയാണ് ശുപാർശ. ഇതിനു പകരമായി 19:19:19 രാസവളമിശ്രിതം ചെടിയുടെ വളർച്ച, വലിപ്പം എന്നിവ നോക്കിയിട്ടു 50 മുതൽ 100 ഗ്രാം വരെ ചെടിയൊന്നിന് എന്ന തോതിലും ചേർക്കാം. മരത്തിന് ചുറ്റും വൃത്താകൃതിയിൽ പുറഭാഗത്തെ ശിഖരങ്ങളുടെ വൃത്തത്തിനൊപ്പിച്ചു തടം തുറന്നു അതിൽ വളങ്ങളിട്ടു മണ്ണിട്ട് മൂടുന്നതാണ് രീതി. വളം ചേർത്തുകഴിഞ്ഞാൽ നന്നായി നനയ്ക്കുകയും വേണം.തടത്തിൽ പുതയിടുന്നതും നല്ലതാണ്.
നന്നായി അഴുകിപ്പൊടിഞ്ഞ കമ്പോസ്റ്റ് അഥവാ കാലിവളം, മൽസ്യ വളം അഥവാ ഫിഷ് എമൽഷൻ, മണ്ണിരക്കമ്പോസ്റ്റ്, എല്ലുപൊടി, ചാരം എന്നിവയെല്ലാം തന്നെ ചെറിമോയ്ക്ക് ഇഷ്ടപെട്ട ജൈവവളങ്ങൾ തന്നെ. ജൈവവളങ്ങൾ മൂന്നുനാലു മാസം കൂടുമ്പോൾ ചേർക്കാം. വർഷത്തിലൊരിക്കൽ അല്ലെങ്കിൽ ആറുമാസം കൂടുമ്പോൾ 10 കിലോ നന്നായി പൊടിഞ്ഞ ചാണകം, ഒരു കിലോ വേപ്പിൻപിണ്ണാക്ക് എന്നിവ കലർത്തിയ മിശ്രിതം മണ്ണിൽ ചേർത്തുകൊടുക്കുന്നത് വിളവുത്പാദനം വർധിപ്പിക്കും. 30 ഗ്രാം വീതം അസെറ്റോബാക്റ്റർ, ഫോസ്ഫോബാക്റ്റീരിയ എന്നിവ ചേർക്കുന്നതും മണ്ണിൽ നിന്നുള്ള പോഷകാഗിരണത്തിനു ഉത്തേജനം നൽകും.
കൊമ്പുകോതൽ ആവശ്യത്തിന് മാത്രം
ചെറിമോയ മരത്തിന് ശിഖരങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താനും വായൂസഞ്ചാരം വർധിപ്പിക്കാനും, എല്ലാം കൊമ്പുകോതൽ ആവശ്യമാണ് എന്ന് പറയാം. അത്യാവശ്യം കൈ കൊണ്ടുള്ള കൃത്രിമപരാഗണത്തിനും വിളവെടുപ്പിനുമെല്ലാം ക്രമീകൃതമായ ഉയരമാണ് എല്ലായ്പ്പോഴും നല്ലത്. സാധാരണ ഗതിയിൽ 30 അടിയിലേറെ വളരാവുന്ന മരം, കൊമ്പുകോതിവളർത്തിയാൽ നിയന്ത്രിതമായ ഉയരത്തിൽ നിർത്താൻ കഴിയും. ചെറിമോയ പഴങ്ങൾ ഉണ്ടാകുന്നതു മിക്കവാറും പുതിയ ശിഖരങ്ങളിൽ ആണ്. പ്രൂണിങ് യഥാസമയം നടത്തുകയാണെങ്കിൽ കൂടുതൽ കായ്കൾ പിടിക്കുവാനിടയുള്ള പുതിയ ശിഖരങ്ങൾ ഉണ്ടാകുകയും ചെയ്യും. മാത്രമല്ല കേടുപാടുകൾ പറ്റിയ, മൃതപ്രായമായ, രോഗബാധിതമായ, തിങ്ങി ഞെരുങ്ങി വളഞ്ഞുപുളഞ്ഞു വളരുന്ന ശിഖരങ്ങൾ കൊമ്പുകോതൽ വഴി മാറ്റുമ്പോൾ കൂടുതൽ സൂര്യപ്രകാശം മരത്തിന്റെ മധ്യഭാഗത്തെത്തുന്നതും കരുത്തുള്ള വളർച്ചയ്ക്ക് ശുഭസൂചകമായി തീരുകയും ചെയ്യുന്നു.
പഴയതും പുതിയതുമായ ശിഖരങ്ങളിൽ പൂക്കൾ ഉണ്ടാകുമെങ്കിലും കൊമ്പുകോതൽ നടത്തുമ്പോൾ ഓരോ ശിഖരത്തിലും കൂടുതൽ എണ്ണം പൂക്കളുണ്ടാകുന്നതായി കണ്ടിട്ടുണ്ട്. തീരെ പ്രായം ചെന്ന ശിഖരങ്ങൾ ബലവും ദൃഡതയും കുറഞ്ഞു മറ്റു നല്ല ശിഖരങ്ങൾക്കു മീതെ ചാഞ്ഞുവളരാൻ ഇടയായാൽ അത് പ്രകാശത്തിന്റെ വരവ് തടയും, സസ്യശരീരത്തിൽ പോഷകങ്ങളുടെ സ്വതന്ത്ര സഞ്ചാരം തടസ്സപ്പെടുത്തും. യഥാസമയം കൊമ്പുകോതൽ നടത്തുന്ന മരങ്ങളിൽ കാർബോഹൈഡ്രെറ്റിന്റെയും നൈട്രജന്റെയും അനുപാതം ഉയരുന്നതുനിമിത്തം പഴങ്ങളുടെ ഗുണമേന്മ താനേ വർധിക്കും. പഴങ്ങൾ കൂടുതൽ പോഷകസമൃദ്ധമാകുകയും ചെയ്യും. അമിതമായ ഊർജം പ്രകടിപ്പിച്ചു വളരുന്ന മരങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഉപകരിക്കും. കൊമ്പുകോതി വളർത്തുന്ന മരങ്ങൾ അവയുടെ ശിഖരങ്ങളുടെ വളർച്ചയിൽ ഒരു പ്രത്യേക തുലനനില പാലിക്കുന്നതായി കണ്ടിട്ടുണ്ട്. ഇതും വിളവർദ്ധനവിനും പഴങ്ങളുടെ ഗുണമേന്മയ്ക്കും സംഭരണ കാലം നീണ്ടുകിട്ടാനും സഹായകമാകും.
ഉപോഷ്ണമേഖലാപ്രദേശങ്ങളിൽ വിളവെടുപ്പിനുശേഷം 45-50 ദിവസം കഴിഞ്ഞുള്ള കൊമ്പുകോതൽ ഗുണകരമായി കണ്ടിട്ടുണ്ട്. സാധാരണ ഗതിയിൽ ഈ സ്ഥലങ്ങളിൽ നവംബർ-ഡിസംബർ മാസത്തോടെ കഴിയുമ്പോൾ ഫെബ്രുവരി ആദ്യത്തെ ആഴ്ച കൊമ്പുകോതൽ നടത്തുന്ന പതിവുണ്ട്. മൂന്നോ നാലോ പ്രധാന ശിഖരങ്ങളുള്ളതാണ് ആരോഗ്യമുള്ള ഒരു മരത്തിന്റെ ലക്ഷണം. ഇതാകട്ടെ മരത്തിന് അനുരൂപമായ ആകൃതിയും നൽകും. കൊമ്പുകോതുന്ന ചെറിമോയ മരങ്ങൾ ഹ്യുമൻ സ്കെയിലിൽ നിലനിൽക്കാൻ ഉപകരിക്കുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, ചെറിമോയയിൽ കൈ കൊണ്ടുള്ള കൃത്രിമമായ പരാഗണം വേണ്ടിവരുന്നതിനാൽ ഈ ഉയരപരിധിയുടെ നിയന്ത്രണം ഗുണകരമാണ്. കൂടാതെ വൃക്ഷത്തിന്റെ മധ്യഭാഗത്തു ധാരാളം വെളിച്ചവും വായുവും എത്തുന്നതിനാൽ കുമിൾബാധ ഉൾപ്പടെയുള്ള കീടരോഗബാധകൾ ഒട്ടുണ്ടാകുകയുമില്ല. ചില ഘട്ടങ്ങളിൽ ശിഖരങ്ങളിൽ കായ് പിടിത്തം കൂടുതലാകുന്ന വേളയിൽ ഒരുപക്ഷേ ഭാരക്കൂടുതൽ നിമിത്തം കൊമ്പൊടിയാനും സാധ്യതയുണ്ട്. ഇതൊഴിവാക്കി ശിഖരങ്ങൾക്ക് നല്ല ബലവും കരുത്തും നൽകാനും യഥാസമയമുള്ള കൊമ്പുകോതൽ അഥവാ പ്രൂണിങ് സഹായിക്കും.
ചെറിമോയയ്ക്കു സംരക്ഷണം
പൊതുവെ ചെറിമോയ ഉൾപ്പടെയുള്ള വിളകൾക്ക് ഇതര ചെടികളെ അപേക്ഷിച്ചു പ്രതിരോധശേഷിയുണ്ടെങ്കിലും ചില കീടങ്ങളെയും രോഗങ്ങളെയും കരുതിയിരിക്കേണ്ടതുണ്ട്. ഇക്കൂട്ടത്തിൽ പ്രധാനികളാണ് മീലിമൂട്ടകളും വിത്തുതുരപ്പന്മാരും കായ് ഈച്ചകളും. ശക്തമായ രീതിയിൽ വെള്ളം ചീറ്റിയാൽ ഒരു പരിധിവരെ മീലികളെയും മുഞ്ഞയെയും തുരത്താം. വേപ്പധിഷ്ഠിതമായ കീടനാശിനിപ്രയോഗവും ഗുണം ചെയ്യും. ഇതോടൊപ്പം തന്നെ ഉറുമ്പുകളെയും നിയന്ത്രിക്കാൻ ശ്രദ്ധിക്കണം എന്ന് മാത്രം. വിത്തുകൾ തുരക്കുന്ന ഒരു തരം ശലഭങ്ങളുണ്ട്. ഇവയുടെ പുഴുവാണ് വിത്തുതുരപ്പൻ. ഇത്തരം കായ്കൾ കേടായിപ്പോകും. വല്ലാതെ തുരപ്പൻ കേടാക്കിയ കായ്കൾ നീക്കുക. അല്ലെങ്കിൽ കായ് പിടിച്ചു വളരാൻ തുടങ്ങുമ്പോൾ തന്നെ കായ്കൾ പൊതിഞ്ഞു വയ്ക്കുക.
ഫെറമോൺ കെണികൾ വയ്ക്കുകയാണ് കായ് ഈച്ചകളെ കുടുക്കാനുള്ള ഉത്തമ ഉപാധി. പൊതുവെ ഉണ്ടാകുന്ന കുമിൾബാധകൾ തടയാൻ പൊതുവായ ചില കാര്യങ്ങളിലാണ് ശ്രദ്ധ വയ്ക്കേണ്ടത്. ഇതിലൊന്ന് മണ്ണിൽ വെള്ളക്കെട്ടൊഴിവാക്കുക, അമിത നന ഒഴിവാക്കുക തുടങ്ങിയവയാണ്. എന്തെങ്കിലും തരത്തിൽ കേടാകുന്ന ഇലകൾ, ശിഖരങ്ങൾ, ഉണങ്ങിയ കായ്കൾ തുടങ്ങിയവ മരത്തിൽ തന്നെ തങ്ങിനിൽക്കാൻ ഇടയാക്കരുത്.ആവശ്യമെന്നു കണ്ടാൽ ബോർഡോ മിശ്രിതം, കോപ്പർ ഓക്സി ക്ലോറൈഡ് പോലെ ചെമ്പു കലർന്ന കുമിൾ നാശിനികൾ നിശ്ചിത തോതിൽ തളിക്കുക എന്നിവ ചെയ്യാം.
ജീവകസമൃദ്ധം, ചെറിമോയ
ജീവകസമൃദ്ധമാണ് ചെറിമോയ പഴം. ജീവകം സി, ജീവകം ബി 6, ബി 12,ബി 1, ബി 5, എ തുടങ്ങിയ ജീവകങ്ങളുടെ സ്രോതസാണ് ചെറിമോയ. ഇതിനുപുറമെയാണ് മറ്റു പോഷകങ്ങളും.100 ഗ്രാം ചെറിമോയ പഴത്തിൽ 75 കിലോ കാലറി ആണ് ഊർജ്ജത്തിന്റെ തോത്. കൂടാതെ 17.71 ഗ്രാം കാർബോഹൈഡ്രേറ്റ്, 3 ഗ്രാം നാര്, 12.87 ഗ്രാം പഞ്ചസാര,1.57 ഗ്രാം മാംസ്യം, 0.68 ഗ്രാം കൊഴുപ്പ് ,12.6 മില്ലിഗ്രാം ജീവകം സി,0.26 ഗ്രാം ജീവകം ബി 6,0.13 മില്ലിഗ്രാം റിബോഫ്ലാവിൻ, 0.10 മില്ലിഗ്രാം തയാമിൻ, 0.34 മില്ലിഗ്രാം ബി 5,0.64 മില്ലിഗ്രാം ബി 3,5 അന്തർദേശിയ യൂണിറ്റ് ജീവകം എ,കൂടാതെ 287 മില്ലിഗ്രാം പൊട്ടാസിയം, 17 മില്ലിഗ്രാം മഗ്നീഷ്യം, 26 മില്ലിഗ്രാം ഫോസ്ഫറസ്, 10 മില്ലിഗ്രാം കാൽസിയം, 7 മില്ലിഗ്രാം സോഡിയം എന്നിങ്ങനെയാണ് പോഷകങ്ങളുടെ തോത്.
ഇതിനുപുറമെ ബീറ്റാ കരോട്ടീൻ, കോപ്പർ, ഒമേഗ 3 ഫാറ്റി ആസിഡ്, വിവിധ അമിനോ ആസിഡുകൾ എന്നിവയുമുണ്ട്. പഴത്തിലെ വിത്തുകളും പുറംതോലും നിർബന്ധമായി ഒഴിവാക്കി ആഴ്ചയിൽ ഒരു പഴം വീതം കഴിക്കുന്നതിൽ തെറ്റില്ല. എന്നാൽ പ്രകൃതിദത്തമായ പഞ്ചസാരയുടെയും കാലറിയുടെയും സമൃദ്ധമായ സ്രോതസ്സാകയാൽ പ്രമേഹരോഗമുള്ളവർ ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതാവും നന്ന്.
പത്തു പ്രമുഖ ഫലങ്ങളിൽ മികച്ചത്
ലോകത്തെ ഏറ്റവും പോഷകസമൃദ്ധമായ പത്തു ഫലങ്ങളിൽ പ്രമുഖസ്ഥാനമാണ് ചെറിമോയയ്ക്കു അന്തർദേശീയ പോഷകസൂചിക (ഇന്റർനാഷണൽ ന്യൂട്രീഷണൽ റഫറൻസ് ഇൻഡക്സ്) പ്രകാരം നൽകിയിരിക്കുന്നത്. നൂറിൽ 96 ആണ് ചെറിമോയയുടെ സ്‌കോർ. ശക്തമായ വിവിധ നിരോക്സീകാരക സംയുക്തങ്ങളുടെ കലവറയാണ് ചെറിമോയ. ജീവകം സീയ്ക്കു പുറമെ, ലൂട്ടിൻ, കരോട്ടിനോയിഡുകൾ, ഫ്ലാവനോയിഡുകൾ, അസെറ്റോജെനിൻ തുടങ്ങിയവയുടെ സംയുക്ത പ്രവർത്തനം ശരീരത്തിലെ കോശങ്ങൾക്കും കലകൾക്കും നാശം വരുത്തുന്ന അസന്തുലിതാവസ്ഥയായ ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറച്ചു് പല ഗുരുതര രോഗങ്ങളും പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു; ഒപ്പം കണ്ണിന്റെ ആരോഗ്യവും പ്രവർത്തനവും സംരക്ഷിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് വാർദ്ധക്യമാകുമ്പോൾ കണ്ണുകൾക്ക് സംഭവിക്കാവുന്ന കാഴ്ച തകരാറുകൾ തടയുകയും ചെയ്യും. ഇതിൽ തന്നെ ലൂട്ടിൻ എന്ന ഘടകമാണ് നേത്രസംരക്ഷണത്തിന് സഹായകമാകുന്നത്.
മറ്റൊരു ഉപയോഗം രക്തസമ്മർദം ക്രമീകരിക്കാനുള്ള അതിന്റെ കഴിവാണ്. ഇതിനു സഹായകമാകുന്നത് പൊട്ടാസിയം, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യമാണ്. നാരുസമൃദ്ധമാകയാൽ ദഹനവ്യവസ്ഥയയുടെ ആരോഗ്യം സംരക്ഷിക്കാൻ അത്യുത്തമം. കൂടാതെ ചെറിമോയയിൽ അടങ്ങിയിട്ടുള്ള കാറ്റെക്കിൻ, എപ്പി കാറ്റെക്കിൻ, എപ്പി ഗല്ലോകാറ്റെക്കിൻ തുടങ്ങിയ ഫ്ളാവനോയിഡുകൾ അർബുദപ്രതിരോധ സ്വഭാവമുള്ളവയുമാണ്. ഇതേക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിച്ചുവരുന്നു. ശരീരത്തിന് രോഗപ്രതിരോധശേഷി നൽകാനും ചെറിമോയയ്ക്കു കഴിവുണ്ട്.
മരംകോച്ചുന്ന തണുപ്പും കായ് പിടിത്തവും!
ഉപോഷ്ണമേഖലാപ്രദേശങ്ങളിലും വളരാൻ ഏറെ ഇഷ്ടപെടുന്ന ഒരു ഫലസസ്യമാണ് ചെറിമോയ.എന്ന് വച്ചാൽ അത്യാവശ്യം നല്ല മഞ്ഞും തണുപ്പും ഇടയ്ക്കു കിട്ടുന്ന പ്രദേശം എന്നർത്ഥം.പകലൊക്കെ അത്യാവശ്യം അന്തരീക്ഷതാപനില കാര്യമായി ഉണ്ടാകും. എന്നാൽ രാത്രിസമയത്തു ‘ചില്ലി വിന്‍റെഴ്സ്’ എന്നറിയപ്പെടുന്ന തണുപ്പും ഉണ്ടാകും. ഒരുവേള ചിലപ്പോൾ മഞ്ഞ് പൊഴിയാനും മതി.എന്തായാലും നല്ല തണുപ്പുറപ്പ്. ഇത് ചെറിമോയയ്ക്കു കുറച്ചു നിർബന്ധവുമാണ്. ചെറിമോയയ്ക്കു മാത്രമല്ല ഇതുപോലെ ഉപോഷ്ണമേഖലകളിൽ വളരുന്ന എല്ലാത്തരം ഫലസസ്യങ്ങൾക്കും ഇത്തരമൊരു കാലാവസ്ഥ അനിവാര്യവുമാണ്;അതും നന്നായി കായ് പിടിക്കാൻ. അല്ലാത്തിടത്തും കായ് പിടിക്കുമെങ്കിലും ചില്ലിങ് ടെമ്പറേച്ചർ രാത്രിസമയത്തു നിശ്ചിതസമയം ലഭിച്ചാൽ ചെറിമോയ പോലുള്ള ഫലസസ്യങ്ങൾ വേഗം കായ്ക്കും, നല്ല വലിപ്പമുള്ള കായ്കൾ തരും, നല്ല വിളവും കിട്ടും.എന്നുകരുതി ഇത് അമിതമാകാനും പാടില്ല.ഇത്തരത്തിൽ രാത്രി സമയത്തു 50 മുതൽ 100 മണിക്കൂർ വരെ ഈ തണുപ്പ് തുടർച്ചയായി വേണം എന്നാണ് കണക്കാക്കിയിരിക്കുന്നത്. 0 ഡിഗ്രി മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെയുള്ള പരിധി. ഇത് ലഭിച്ചില്ലെങ്കിൽ ഇവയുടെ ഇലകളുടെ വളർച്ച കുറയും, പുഷ്പിക്കൽ കുറയും. ഫലോല്പാദനത്തിലും കാര്യമായ കുറവ് സംഭവിക്കും. താരതമ്യേന ചൂട് കുറഞ്ഞ പകലുകളും തണുപ്പൻ രാത്രികളും പ്രിയം. പകൽ താപനില 15 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെ ആയാൽ നന്ന്. കേരളത്തിൽ മൂന്നാർ, കാന്തല്ലൂർ, വയനാട് പോലുള്ള മേഖലകളിൽ ചെറിമോയ സാമാന്യം നന്നായി വളരുകയും വിളവ് തരുകയും ചെയ്യുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.
പ്രകൃതിയുടെ ഫ്രൂട്ട് സാലഡ് എന്ന് വിളിപ്പേരുള്ള ചെറിമോയ പഴം വാങ്ങുമ്പോൾ അതിനു അത്യാവശ്യം കട്ടിയും കടുപ്പവും ഉണ്ടോ എന്ന് നോക്കണം.പിന്നീട് അത് സാധാരണ അന്തരീക്ഷ താപനിലയിൽ വച്ചാൽ പഴുത്തുകൊള്ളും.പഴുത്ത പഴം നാലോ അഞ്ചോ ദിവസം ഫ്രിഡ്ജിൽ വയ്ക്കുകയും ചെയ്യാം. ഇന്നിപ്പോൾ ചെറിമോയയുടെ ഒട്ടുതൈകൾ വിപണിയിൽ ലഭ്യമാണ്.ഇവ നട്ട് 2-3 വർഷം വളരുമ്പോഴേക്കും കായ് പിടിക്കുകയും ചെയ്യും.ശ്രദ്ധാപൂർവം പരിചരിക്കണമെന്നു മാത്രം.
ഇവർ ചെറിമോയ ഉല്പാദനത്തിൽ മുൻനിരക്കാർ
സ്‌പെയിനിലെ മഞ്ഞുമൂടിയ പർവ്വതനിരകൾ എന്നറിയപ്പെടുന്ന സിയറ നെവാഡ എന്ന പ്രധാന പർവ്വതമേഖലയിൽ വ്യാപകമായി ഓറഞ്ച് കൃഷി പതിവായിരുന്നു. വളരെ വിശിഷ്ട ഗുണമുള്ള മൗണ്ടൻ മന്ദാരിൻ ഓറഞ്ച് എന്നാണിവ അറിയപ്പെട്ടിരുന്നത്. ഉയർന്ന മലമ്പ്രദേശത്തെ സവിശേഷമായ കാലാവസ്ഥയും പകലത്തെ സൂര്യപ്രകാശവും രാത്രികാലത്തെ മരം കോച്ചുന്ന മഞ്ഞും ചേരുമ്പോൾ ഓറഞ്ചുകൾക്ക് കിട്ടുന്ന സവിശേഷമായ ഒരു സ്വാദുണ്ട്- മധുരവും നേരിയ പുളിയും സമാസമം തുലനം ചെയ്ത ഒരപൂർവ രുചി; ഇതായിരുന്നു ഈ ഓറഞ്ചുകളുടെ പ്രത്യേകതയും. ഇതിൽ തന്നെ ‘ഒവാരി സത്സുമ’ എന്ന് പേരായ ഇനമായിരുന്നു താരം. ഇവയ്ക്കു വിത്തുകളില്ല എന്ന പ്രത്യേകതയുമുണ്ടായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയായപ്പോൾ ഒരിക്കൽ ഇവിടുത്തെ സമൃദ്ധമായ ഓറഞ്ചുതോട്ടങ്ങളെ ഗുരുതരമായ ഒരു തരം പ്ലേഗ് രോഗം പിടികൂടി. ഇതൊരുതരം ബാക്റ്റീരിയൽ രോഗമായിരുന്നു. നിയന്ത്രിക്കുക അത്ര എളുപ്പവുമല്ല. ഇലകളാകെ മഞ്ഞളിക്കും; ഇലകൾ കൊഴിയും; കൊമ്പുകൾ ഉണങ്ങും; വേരുകൾ അഴുകും; ചുരുക്കത്തിൽ രോഗം ബാധിച്ച ഓറഞ്ച് മരങ്ങൾ നോക്കിനിൽക്കെ മൃതപ്രായമായി നശിക്കും. ഓറഞ്ച് കൃഷിക്ക് വലിയ നഷ്ടം വരുത്തുന്ന രോഗം കൂടിയാണിത്. തങ്ങളുടെ മുഖ്യ വരുമാനമാർഗമായ ഓറഞ്ച് കൃഷി കൂട്ടത്തോടെ നശിക്കുന്നത് കണ്ടു മനംനൊന്ത കർഷകർ മറ്റു ഗത്യന്തരമില്ലാതെ ഓറഞ്ചുമരങ്ങൾ എല്ലാം മുറിച്ചുമാറ്റി.
പകരം സ്ഥലം വൃത്തിയാക്കി പരക്കെ ചെറിമോയ തൈകൾ നട്ടുപിടിപ്പിച്ചു. ഇത് വൻവിജയമായി. ഇന്നിപ്പോൾ യൂറോപ്പിൽ തന്നെ ഏറ്റവുമധികം ഗുണമേന്മയുള്ള ചെറിമോയ കൃഷിയുടെ കേന്ദ്രമാണ് ഈ പ്രദേശം. ഏറ്റവും മികച്ച ചെറിമോയ പഴങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കുന്നതും ഇവിടെ തന്നെ; പ്രത്യേകിച്ച് അൻഡാലുഷ്യ പ്രദേശം. ഓറഞ്ച് കൃഷി തോറ്റുതുന്നം പാടിയിടത്തു ചെറിമോയ തഴച്ചുവളർന്നു പുതിയ ചരിത്രം തീർത്തു.
ചെറിമോയയുടെ വാണിജ്യ ഉല്പാദനത്തിൽ മുൻപന്തിയിൽ സ്പെയിൻ ആണ്. മറ്റെവിടെ വളർത്തുന്നതിനേക്കാളും മൂന്നിരട്ടിയാണ് സ്‌പെയിനിന്റെ ചെറിമോയ ഉത്പാദനം. ഇവിടെ തന്നെ ആൻഡല്യൂഷ്യൻ മേഖലയിലെ ഗ്രനേഡ, മലാഗ എന്നീ പ്രവിശ്യകളിലാണ് ഇത് കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രതിവർഷം 40000 മുതൽ 50000 ടൺ വരെ ചെറിമോയ പഴങ്ങൾ ഇവിടെ നിന്ന് യൂറോപിയൻ വിപണികളിലേക്കു എത്തുന്നു.
രണ്ടാം സ്ഥാനം ചിലിയ്ക്കാണ്. ഏകദേശം 1000 ഹെക്ടർ സ്ഥലത്താണ് ഇവിടുത്തെ ചെറിമോയ കൃഷി. ഇവിടെ നിന്ന് ഈ പഴം അമേരിക്ക, ജപ്പാൻ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുന്നു. പെറു, ഇക്വഡോർ, കാലിഫോർണിയ, ന്യൂസീലൻഡ്, ബൊളീവിയ, പോർട്ടുഗലിലെ മദെയ്‌റ ദ്വീപു എന്നിവിടങ്ങളിലും ചെറിമോയ കൃഷിയുണ്ട്. തമിഴ്നാട്ടിലെ നീലഗിരി മലനിരകൾ, കൂടാതെ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലും പരിമിതമായ തോതിൽ ചെറിമോയ വളർത്തുന്നു.
Content Highlights: Cherimoya, a nutrient-rich subtropical fruit belonging to the custard apple family and famously praised by Mark Twain, combines six distinct fruit flavors in its creamy, ice-cream-like pulp and can be successfully cultivated in the cooler high-range regions of Kerala like Munnar and Wayanad.
Published: 29 May 2026, 03:38 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented