മണ്ണറിഞ്ഞ് കൃഷി ചെയ്യുന്ന 24 കാരൻ. ശാസ്ത്രീയമായി കൃഷിയെ നോക്കിക്കണ്ട്, നാളെയ്ക്ക് വേണ്ടി കൂടിയാണ് ഈ മണ്ണും കൃഷിയുമെന്ന് വിശ്വസിക്കുന്ന ഇന്നിന്റെയും നാളെയുടെയും പ്രതീക്ഷയായ ഒരു യുവാവ്, അതാണ് അടിമാലി മങ്കുവ സ്വദേശിയായ തോമസ്. കൃത്യവും വ്യക്തവുമായ അഭിപ്രായങ്ങളും ആശയങ്ങളും കൊണ്ട് നാളെയുടെ ഭാവി തങ്ങളിൽ ഭദ്രമാണെന്ന് ഉറപ്പിക്കുന്ന ജെൻസീകൾ രാജ്യത്തിന്റെ വലിയ പ്രതീക്ഷയാണ്. കൃഷിയുടെ ഭാവി യുവതലമുറയുടെ കൈകളിലാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഇടുക്കിയിലെ തോമസ് മ്ലാക്കുഴിയിൽ എന്ന യുവ കർഷകന്റെ ജീവിതവും ഇത് ഊട്ടിയുറപ്പിക്കുകയാണ്.
മങ്കുവയിലെ എട്ടേക്കർ കൃഷിയിടത്തിൽ തോമസിന്റെ കണ്ണെത്താത്ത ഇടങ്ങളില്ല. ആ കൃഷിയിടത്തിന്റെ എല്ലാ മാറ്റങ്ങളും കണ്ടുവളർന്ന തോമസ് ഇന്നൊരു കാഴ്ചക്കാരനല്ല, ആ കൃഷിയിടത്തിന്റെ ആത്മാവും ശ്വാസവും തന്നെയാണ്. തന്റെ കുട്ടിക്കാലത്ത് റബർ കൃഷി ചെയ്തിരുന്ന സ്ഥലത്ത് പതിയെ ജാതി തൈകൾ ഇടം പിടിക്കുന്നത് കൗതുകത്തോടെ നോക്കിനിന്ന കുട്ടിയിൽ നിന്ന് ആ ജാതി തൈകളിൽ കൃത്യമായ പഠനം നടത്തി ശാസ്ത്രീയമായി കൃഷി ചെയ്യുന്ന കർഷകനിലേക്കുള്ള തന്റെ യാത്രയെ അഭിമാനത്തോടെയാണ് തോമസ് കാണുന്നത്.
പഞ്ചാബിലെ ഗുരുകാശി യൂണിവേഴ്സിറ്റിയിലായിരുന്നു തോമസിന്റെ ബിഎസ്‌സി അഗ്രികൾച്ചർ പഠനം. പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പാമ്പാടുപാറ ഏലം ഗവേഷണ കേന്ദ്രത്തിൽ ഫാം ഓഫീസറായി ജോലി ലഭിച്ചെങ്കിലും തോമസിന്റെ മനസ്സ് എപ്പോഴും മങ്കുവയിലെ തന്റെ കൃഷിയിടത്തിലായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ഹെക്റ്റിക് ജോലിയേക്കാൾ തന്റെ ആശയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം കൃഷിയിലാണ് ലഭിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഒരു മുഴുവൻ സമയകർഷകനിലേക്ക് തോമസ് നടന്നടുക്കുകയായിരുന്നു.
ഒരു ഐസ്ക്രീം മധുരം നൽകിയ സ്വപ്നം
തോമസിനെ കൃഷിയിലേക്ക് പൂർണ്ണമായും അടുപ്പിച്ചത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ലഭിച്ച ഒരു കുഞ്ഞു സമ്മാനമായിരുന്നു. ജാതിയുടെ ആദ്യകാല വിളവെടുപ്പിൽ ഒരു 15 വയസ്സുകാരൻ ആത്മാർത്ഥമായ പങ്കുചേർന്നപ്പോൾ അഭിഭാഷകനായ പിതാവ് അതിനെ പ്രോത്സാഹിപ്പിച്ചു. ആ അധ്വാനത്തിന്റെ ഫലം വിറ്റുകിട്ടിയ പണം കൊണ്ട് അപ്പൻ വാങ്ങിനൽകിയ ഐസ്ക്രീം ആണ് തന്റെ ആദ്യ പ്രതിഫലം എന്ന് തോമസ് പറയുന്നു. ആ ചെറിയ മധുരം കൃഷിയോടുള്ള വലിയൊരു താല്പര്യമായി വളരുകയായിരുന്നു. മങ്കുവയിലെ കൃഷിയെ താങ്ങിനിർത്തുന്ന പുഴയുടെ കൈവരികൾക്കൊപ്പം ആ മായാത്ത മധുരവും തോമസിന്റെ കൃഷിയിടത്തിന് കരുത്തേകുന്നു.
ജോലിക്ക് പൊയ്ക്കൂടേ? മറുപടി പ്രവർത്തിയിൽ
പഠനം കഴിഞ്ഞ് കൃഷിയിലേക്ക് ഇറങ്ങിയപ്പോൾ നാട്ടുകാർക്ക് ചോദിക്കാൻ പലതുമുണ്ടായിരുന്നു. "ജോലിക്ക് പൊയ്ക്കൂടേ?", "കൃഷി ചെയ്താൽ നാളെ പെണ്ണ് കിട്ടില്ല" തുടങ്ങിയ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നുവെങ്കിലും തോമസ് കുലുങ്ങിയില്ല. കൃത്യമായ പ്ലാനിങോടെ കൃഷിയിലേക്കിറങ്ങിയ തോമസിന് ഇത്തരം പരിഹാസങ്ങൾക്ക് ചെവികൊടുക്കാൻ സമയം ഉണ്ടായിരുന്നില്ല. ഒരു വ്യക്തിയെ എന്താണ് കൃഷിയിലേക്ക് നയിച്ചത് എന്നിതിലുപരി എന്താണ് അയാളെ കൃഷിയിൽ ഉറപ്പിച്ചുനിർത്തുന്നത് എന്നതിലാണ് പ്രാധാന്യമെന്ന് തോമസ് പറയുന്നു.
പ്രായമായ കർഷകർ ഒരു ചെടി മഞ്ഞളിച്ചാൽ അതിന് 'കേട്' വന്നുവെന്ന് പറയുമ്പോൾ, കൃഷി ശാസ്ത്രം പഠിച്ച തോമസ് അതിനെ മൂലകങ്ങളുടെ കുറവായി തിരിച്ചറിയുന്നു. രോഗം കഠിനമായാൽ കൃത്യമായ ചികിത്സ നൽകാനും തോമസിനാകുന്നു. പഴയ തലമുറയുടെ അറിവുകളും പുതിയ സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. കാലക്രമേണ ഇതിൽ നിന്ന് വരുമാനം ലഭിച്ചു തുടങ്ങിയതോടെ നാട്ടുകാരുടെ കാഴ്ചപ്പാട് മാറി. ഇന്ന് കൃഷിക്കാർ തങ്ങളുടെ പ്രശ്നപരിഹാരത്തിനായി തോമസിനെയാണ് സമീപിക്കുന്നത്.
കൃത്യമായ മണ്ണ് പരിശോധനയിലൂടെ മണ്ണിനാവാശ്യമായ പോഷകങ്ങൾ കൃത്യമായ അളവിൽ പ്രയോഗിക്കുന്നതിലൂടെ ഉത്തരവാദിത്തമുള്ള കർഷകനാകുകയാണ് തോമസ്. ഈ മണ്ണ് തന്റെ മാത്രം അവകാശമല്ല, നാളേക്ക് വേണ്ടി അതിനെ പരിപോഷിപ്പിച്ച് നിലനിർത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ഓരോ കർഷകർക്കും ബോധ്യമുണ്ടാകണമെന്നും അതിനനുസരിച്ച് മണ്ണിനെയും പ്രകൃതിയെയും നോക്കികാണമെന്നും തോമസ് പറയുന്നു.
വേണം ഇടവിള, മാറണം ഏക വിള ആശ്രയം
ഒരു വിളയെ മാത്രം ആശ്രയിക്കുമ്പോഴാണ് കർഷകന് നഷ്ടത്തെ കുറിച്ച് ചിന്തിക്കേണ്ടിവരുന്നതെന്ന് തോമസ് പറയുന്നു. ഒരോ പ്രദേശത്തിനും മണ്ണിനും അനുയോജ്യമായ ഒരു പ്രധാനവിളയും ഇതിനൊപ്പം തന്നെ അതേ മണ്ണിൽ പ്രധാനവിളയ്ക്ക് തടസ്സമുണ്ടാക്കാത്ത വിധത്തിൽ നല്ല വിളവുതരുന്ന ഇടവിളകളും കൃഷി ചെയ്യുന്നതിലൂടെ കർഷകന് നഷ്ടം മറികടക്കാൻ സാധിക്കും. തോമസ് തന്റെ തോട്ടത്തിൽ ജാതിയെക്കൂടാതെ കൊക്കോയും കുരുമുളകും ഇടവിളകളായി കൃഷി ചെയ്യുന്നുണ്ട്. ജാതിക്ക് വിളവ് ലഭിച്ചുതുടങ്ങാൻ എട്ടു വർഷം വരെ എടുക്കാറുണ്ട്. കൊക്കോ മൂന്നു വർഷം മുതൽ വിളവ് തന്നുതുടങ്ങും ഇത്തരത്തിൽ ഇടവിളകൾ തിരഞ്ഞെടുത്ത് അതിനും പ്രാധാന്യം കൊടുത്തുതുടങ്ങിയാൽ പെട്ടെന്നുണ്ടാകുന്ന വിലതകർച്ചയെയും വിളവ് കുറയുന്നതിനെയുമെല്ലാം ഒരു പരിധി വരെ പരിഹരിക്കാം.
കൃഷി ലാഭകരമാകണമെങ്കിൽ ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യരുത്. പ്ലാന്റിങ് മെറ്റീരിയൽ സെലക്ഷൻ മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങളിൽ സിസ്റ്റമാറ്റിക് ആയ സമീപനം ആവശ്യമാണെന്ന് തോമസ് പറയുന്നു. കൃഷിയെ ഗ്രാസ് റൂട്ട് ലെവലിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയയും തോമസ് പ്രയോജനപ്പെടുത്തുന്നുണ്ട്. നട്ട്മഗ് മാൻ എന്ന ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെ ജാതികൃഷിയിലെ തന്റെ അറിവുകൾ മറ്റുള്ളവർക്കായി പങ്കുവെക്കുന്നു.
ഇവിടെല്ലാം റെക്കോഡിക്കലാണ്, ഇത് ഒരു പരീക്ഷണ ശാലയാണ്
തോമസിന്റെ കൃഷിഭൂമി ഒരു പരീക്ഷണ ശാലയാണ്. ഇവിടെ ഹൈറേഞ്ചിന്റെ മണ്ണിന് അനുയോജ്യമായ ജാതികളുടെ പരീക്ഷണ നിരീക്ഷണങ്ങൾ സജീവമായി നടക്കുന്നു. ഓരോ ചെടിയുടെയും വളർച്ചയും വിളവെടുപ്പും കൃത്യമായി റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന തന്റെ ശാസ്ത്രീയ രീതി തനിക്ക് മാത്രമല്ല സാധാരണക്കാരായ കർഷകർക്കും പ്രയോജനപ്പെടണമെന്ന് തോമസിന് നിർബന്ധമുണ്ട്. ഗുണമേന്മയുള്ള പ്ലാന്റിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്ന തോമസ് പല നാടുകളിലൂടെ സഞ്ചരിച്ച് മികച്ച വിത്തിനങ്ങൾ ശേഖരിക്കുകയും പരീക്ഷണാടിസ്ഥാനത്തിൽ പരിപാലിക്കുകയും ചെയ്യുന്നു. വൈകാതെ ഓരോ പ്രദേശത്തിനും ഉതകുന്ന മികച്ച ഇനങ്ങളുടെ ഒരു ഡാറ്റാ ബാങ്ക് ആക്കണം തന്റെ കൃഷിയിടമെന്നാണ് തോമസിന്റെ ലക്ഷ്യം.
നിലവിൽ ജാതികൃഷിയിൽ നിന്ന് ലക്ഷങ്ങൾ വരുമാനം നേടുന്ന തോമസ്, അടുത്ത 15 വർഷത്തിനുള്ളിൽ വലിയൊരു ലക്ഷ്യമാണ് മുന്നിൽ കാണുന്നത്. അപ്ഗ്രേഡഡ് വെറൈറ്റികൾ നട്ടുപിടിപ്പിക്കുന്നതിലൂടെ പ്രതിവർഷം മൂന്ന് കോടി രൂപയുടെ റിട്ടേൺസ് ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. കേരളത്തിലെ അറിയപ്പെടാത്ത ജാതി വെറൈറ്റികളുടെ ഒരു വലിയ ശേഖരം തന്റെ തോട്ടത്തിൽ ഒരുക്കുക എന്നതാണ് തോമസിന്റെ പ്രധാന സ്വപ്നം.
പുതുതായി കൃഷിയിലേക്ക് വരുന്നവർക്ക് തോമസ് നൽകുന്ന ഉപദേശം വ്യത്യസ്തമാണ്. വിജയിച്ച കർഷകരുടെ തോട്ടങ്ങൾ മാത്രം സന്ദർശിക്കാതെ, പരാജയപ്പെട്ട തോട്ടങ്ങൾ കൂടി സന്ദർശിച്ച് അവിടുത്തെ തിരിച്ചടികൾ മനസ്സിലാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഈ അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നേറിയാൽ കൃഷി ഒരിക്കലും നഷ്ടമാകില്ലെന്ന് തോമസ് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്നു.
മാറുന്ന കാലത്ത് കൃഷിക്ക് പുതിയ മുഖം നൽകുന്ന ജെൻ സീ കർഷകർ വലിയ പ്രതീക്ഷയാണ്. മണ്ണിനെ നോവിക്കാതെ നാളേക്ക് വേണ്ടി കരുതി ഇവരൊരുക്കുന്ന ഈ സ്വർഗം ഉത്തരവാദിത്തമുള്ള പൗരൻമാരെയും കർഷകരെയും നാടിന് നഷ്ടപ്പെട്ടില്ലെന്ന ഓർമ്മപ്പെടുത്തലും വലിയ മാതൃകയുമാണ്.
Content Highlights: 24-year-old Thomas Mlakuzhiyil is transforming nutmeg farming with scientific methods in 2026. His sustainable farming secrets.
Published: 13 Aug 2026, 05:37 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented