രാശി ചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നുപോകാൻ സൂര്യനുവേണ്ട കാലയളവാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്. 27 ഞാറ്റുവേലകൾ ഉണ്ട്. അവയ്ക്ക് 27 നക്ഷത്രങ്ങളുടെ(നാളുകളുടെ) പേരാണ് നൽകിയിരിക്കുന്നത്. സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽക്കുന്നുവോ ആ നക്ഷത്രത്തിന്റെ പേരിലാണ് ഞാറ്റുവേല അറിയപ്പെടുന്നത്. കേരളീയർ ഞാറ്റുവേലക്കാലം അനുസരിച്ച് കാർഷിക ചക്രം രൂപപ്പെടുത്തിയിട്ടുണ്ട്. ഞാറ്റുവേലകളുടെ രാജാവ് എന്നാണ് തിരുവാതിര ഞാറ്റുവേല അറിയപ്പെടുന്നത്. കൊമ്പൊടിച്ച് കുത്തിയാലും കിളിർക്കും എന്നാണ് തിരുവാതിര ഞാറ്റുവേലയെ കുറിച്ചുള്ള  പഴമൊഴി. ജൂൺ 21-ന് ആരംഭിച്ച് ജൂലൈ 5 വരെ നീളുന്നതാണ് ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല. മഴയും വെയിലും ഒരുപോലെ ലഭിക്കുന്നതിനാൽ ഏറ്റവും യോജിച്ച നടീൽ കാലമായി തിരുവാതിര ഞാറ്റുവേല മാറുന്നു. കൃഷിപ്പണികൾക്കും ഉത്തമമാണ് ഈ ഞാറ്റുവേല. തിരുവാതിര ഞാറ്റുവേലയിൽ തന്നെയാണ് കറുത്തപൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന്റെ വള്ളികൾ നടാൻ ഏറ്റവും അനുയോജ്യം.

To advertise here,

മഴക്കാലമല്ലേ.... കരുതൽ വേണം

മഴക്കാലത്ത് കൃഷിയിടങ്ങളിൽ രോഗകീടബാധ താരതമ്യേന കൂടുതലായിരിക്കും. അതിനാൽ കൃഷിയിടങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുക, നീർവാർച്ച സുഗമമാക്കുക, കളനിയന്ത്രണം നടത്തണം. കൃഷിയിടങ്ങളിനിന്നു ചപ്പുചവറുകൾ നീക്കം ചെയ്ത് വൃത്തിയായി സൂക്ഷിക്കുക. ഒച്ചിന്റെ ശല്യം രൂക്ഷമായി വന്നേക്കാം. ഉപ്പ് വിതറിയോ തുരിശ് ലായനി(10 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളം) തളിച്ചോ കെണിയൊരുക്കിയോ ഒച്ചിനെ നശിപ്പിക്കാം.

ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ് വളരെ ഊർജിതമായി നടപ്പാക്കുന്ന പദ്ധതിയാണ് ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം. പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് സംസ്ഥാനത്ത് ഓണക്കാല വിളവെടുപ്പിനായി സാധ്യമായ എല്ലാ ഇടങ്ങളിലും പച്ചക്കറി കൃഷി ചെയ്യുക, അതോടൊപ്പം പുഷ്പകൃഷിയും. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഓണക്കാലത്ത് കേരളീയരുടെ അടുക്കള കവരാൻ എത്തുന്ന സുരക്ഷിതമല്ലാത്ത പച്ചക്കറികളുടെ വരവ് ഒരു പിരിധി വരെ നിയന്ത്രിക്കുന്നതിന് ഈ പദ്ധതിയിലൂടെ സാധിക്കും

ഓണക്കാലമായാൽ പച്ചക്കറികളുടെയും പൂക്കളം ഒരുക്കാൻ ആവശ്യമായ പൂക്കളുടേയും അനിയന്ത്രിതമായ വിലക്കയറ്റം മലയാളികളെ ചൂഷണം ചെയ്യൽ കൂടിയാണ്. ഈ അവസരത്തിലാണ് ഇത്തരം പദ്ധതികളുടെ പ്രാധാന്യം. നാം ഓരോരുത്തരുടേയും ഭാഗത്തുനിന്ന് സമയോചിതമായ ഇടപെടൽ ഉണ്ടായാൽ മാത്രമേ ഈ പദ്ധി ലക്ഷ്യം കൈവരിക്കൂ. നമുക്കു വേണം സുരക്ഷിതവും പോഷകസമൃദ്ധവുമായ, നമ്മുടെ നാട്ടിൽ വിളയിച്ച പച്ചക്കറികൾ. നടീൽ വസ്തുക്കൾക്കായി അതാത് കൃഷിഭവനുമായി ബന്ധപ്പെടുക. വിളവിന്റെ വിസ്മയം തീർക്കാൻ നമുക്ക് കൈകോർക്കാം.

നാടൻ സദ്യ ഒരുക്കാം
കൃത്യമായ പരിചരണം നൽകിയാൽ മികച്ച പച്ചക്കറി വിളവെടുപ്പ് ഇക്കുറി ഓണത്തിന് ഉറപ്പാക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലങ്ങൾ വേണം പച്ചക്കറി കൃഷിക്കായി തിരഞ്ഞെടുക്കാൻ. കുമ്മായം ഇട്ടു പാകപ്പെടുത്തിയ തടങ്ങളിൽ വേണം പച്ചക്കറി വിത്ത്/ തൈകൾ നടേണ്ടത്. മണ്ണിൽ ജൈവാംശം നിലനിർത്തുക. ട്രൈക്കോഡർമ്മ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകം ചേർക്കുക. വേപ്പിൻ പിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവ തടങ്ങളിൽ ചേർക്കുക എന്നിവ അനുവർത്തിക്കേണ്ടതാണ് . ഓണക്കാലമല്ലേ, ഒരു ബന്ദിപ്പൂവേലി കൂടിയായാൽ ടു ഇൻ വൺ മെച്ചം. കീടനിയന്ത്രണവും ഒപ്പം പൂക്കളും.

നടാൻ ഗുണമേന്മയുള്ള വിത്ത്/ തൈകൾ വേണം തിരഞ്ഞെടുക്കാൻ. പാവൽ, പടവലം, പയർ, വെള്ളരി തുടങ്ങിയവ വള്ളി വീശിത്തുടങ്ങുമ്പോഴേക്കും മേൽവളം നൽകാം. തക്കാളി വർഗങ്ങൾക്ക് ഇളക്കിനട്ട് ഒരു മാസം കഴിഞ്ഞ് മേൽവള ശുപാർശയുടെ പകുതിയും അടുത്ത ഒരു മാസത്തിനുശേഷം ബാക്കിയും നൽകാം. എന്നാൽ, ചീരയ്ക്ക് പല തവണകളായി യൂറിയ നൽകാം. വെണ്ടവിത്ത് പാകി ഒരു മാസത്തിനു ശേഷമാണു മേൽവളം നൽകേണ്ടത്.

ജൈവ കൃഷിരീതികൾ അവലംബിക്കുന്ന തോട്ടങ്ങളിൽ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവ ഓരോ കിലോഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ അഞ്ച് ദിവസം പുളിപ്പിച്ച ശേഷം ഇരട്ടി നേർപ്പിച്ച് ഒരു ലിറ്റർ വീതം ആഴ്ച്ചയിലൊരിക്കൽ തടങ്ങളിൽ ഒഴിച്ചുകൊടുക്കുന്നത് വളരെ ഫലപ്രദമാണ്.

കീടനിയന്ത്രണം പ്രധാനം: പുഴു, ഈച്ച, വണ്ട്, നീരൂറ്റി കുടിക്കുന്ന കീടങ്ങൾ എന്നിവയുടെ ആക്രമണം പച്ചക്കറികളിൽ സാധാരണമാണ്. വേപ്പധിഷ്ഠിത കീടനാശിനികൾ(അസാഡിറക്ടറ്റിൻ 1% 3 മില്ലി ലിറ്റർ/ ഒരു ലിറ്റർ വെള്ളം) വളരെ ഫലപ്രദമായി പ്രയോഗിക്കാം. വെള്ളരി വർഗങ്ങളിൽ കാണുന്ന കായീച്ചകളെ ഫെറോമോൺ ട്രാപ്പുകൾ ഉപയോഗിച്ച്(Cue Lure 15 എണ്ണം ഒരു ഹെക്ടറിന്) നിയന്ത്രിക്കാവുന്നതാണ്. കൃഷിയിടത്തിൽ മഞ്ഞ/ നീല കെണികൾ കീടനിയന്ത്രണത്തിന് വളരെ ഫലപ്രദമാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ, നീരൂറ്റി കുടിക്കുന്ന കീടങ്ങളുടെ ആക്രമണം രൂക്ഷമായാൽ കോൺഫിഡോർ 3 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കാം.

മുളക്, വഴുതന, വെള്ളരി, തക്കാളി എന്നിവയുടെ മണ്ഡരി ആക്രമണത്തിനെതിരെ ഒബറോൺ 0.8 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചു കൊടുക്കുക. തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമായാൽ ഫ്‌ളൂബെൻഡയമൈഡ് 480 SC ഒരു മില്ലി ലിറ്റർ വെള്ളത്തിൽ കലർത്തി പ്രയോഗിക്കാവുന്നതാണ്. ഇക്കാര്യത്തിൽ വിദഗ്ധരുടെ നിർദ്ദേശം കൂടി സ്വീകരിക്കേണ്ടതാണ്. ചീരയ്ക്കു മഴക്കാലത്ത് ഇലപ്പുള്ളി രോഗം കൂടുതലായി കണ്ടുവരുന്നു. പച്ചച്ചീരയും ചുവപ്പുചീരയും ഇടകലർത്തി നടുക, സ്യൂഡോമോണസ് തളിച്ചു കൊടുക്കുക, നാല് ഗ്രാം മഞ്ഞൾപ്പൊടിയും ഒരു ഗ്രാം അലക്കുകാരവും അൽപ്പം കായവും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കാം.

പച്ചക്കറി കൃഷിയിലെ ജൈവ, രാസവള പ്രയോഗം(ഒരു സെന്റിന്)

ഇനംചാണകപ്പൊടി(കിലോഗ്രാം)യൂറിയ(ഗ്രാം)രാജ്ഫോസ്(ഗ്രാം)മ്യൂറേറ്റ് ഓഫ് പൊട്ടാഷ്(ഗ്രാം)
 അടിവളംഅടിവളംമേൽവളംഅടിവളംഅടിവളംമേൽവളം
ചീര2004304001000330 
വെണ്ട50450220160170 
പയർ801708560070 
കത്തിരി, വഴുതന, തക്കാളി,മുളക്8065033080017085
വെള്ളരി, പടവലം80610300500170 

ചെണ്ടുമല്ലിയ്ക്കും പരിചരണം വേണം

നമ്മുടെ സ്വന്തം പൂക്കൾകൊണ്ടാവണം ഇക്കുറി അത്തപ്പൂക്കളം. അതും കൃത്യമായ കൃഷി പരിപാലന മുറകൾ അവലംബിച്ചാൽ വിളവെടുപ്പ് ഗംഭീരമാകും. നട്ട് രണ്ടാഴ്ച്ചയ്ക്കു ശേഷം തലപ്പ് ഒരു സെന്റി മീറ്റർ നീളത്തിൽ നുള്ളിക്കളയണം. നട്ട് ഒരു മാസത്തിനുശേഷം യൂറിയ ഒരു കിലോ ഗ്രാം, പൊട്ടാഷ് 200 ഗ്രാം ഒരു സെന്റിന് നൽകണം. ഇതേസമയം, ചെടിയുടെ ചുവട്ടിലേക്ക് മണ്ണ് അടുപ്പിച്ചുo നൽകാം. ചെടികൾ ഒന്നര മാസം ആകുമ്പോഴേക്കും പൂക്കാൻ തുടങ്ങും. പൂക്കാൻ തുടങ്ങുമ്പോൾതന്നെ സമീപത്തു കുറ്റി നാട്ടി കെട്ടിനിർത്തണം.

പൂമൊട്ടുകൾ തിന്നുന്ന പുഴുക്കൾ ഉണ്ടെങ്കിൽ 20 ഗ്രാം ബ്യുവേറിയ ബാസിയാന എന്ന മിത്ര കുമിൾ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സോപ്പ് ലായനി കൂടി ചേർത്ത് തളിച്ചു കൊടുക്കുക. പുഴുശല്യം കൂടുതലാണെങ്കിൽ കൊറോജൻ എന്ന കീടനാശിനി ഒരു മില്ലി ലിറ്റർ 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പശയും(അര മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ) ചേർത്തു തളിച്ചു നൽകാം. ആവശ്യാനുസരണം ജലസേചനം ഉറപ്പാക്കേണ്ടതാണ്. തലപ്പ് നുള്ളിയതിനു ശേഷം ഇടയ്ക്ക് 19:19:19 നാല് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചും കൊടുക്കാവുന്നതാണ്. ചെടികൾ നട്ട് രണ്ടര മാസം വരെ പൂക്കൾ ലഭിക്കും. ചെണ്ടുമല്ലിയോടൊപ്പം വാടാമല്ലിയും കോഴിവാലനും നടാവുന്നതാണ്.

നെല്ലിന് വളം നൽകാം

പൊടിവിത നടത്തിയ പാടങ്ങളിൽ ചിനപ്പ് പൊട്ടുന്നതോടെ കളയെടുപ്പ് പൂർത്തിയാക്കിയതിന് ശേഷം മേൽവളം നൽകാം. വളപ്രയോഗം നടത്തുന്നതിന്റെ തലേദിവസം പാടത്തുനിന്നും വെള്ളം വാർത്തുകളയണം. വളം വിതറിയതിന് ശേഷം 14 മണിക്കൂർ കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റാം. ജലലയ വളങ്ങൾ ഇലകളിൽ നേരിട്ട് കൊടുക്കാവുന്നതുമാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഈ രീതി വളരെ ഫലപ്രദമാണ്. വിതകഴിഞ്ഞ കുട്ടനാടൻ പാടങ്ങളിൽ മൂന്നാഴ്ച വരെ കളനിയന്ത്രണത്തിൽ പ്രത്യേക ശ്രദ്ധ വേണം. ജൂൺ ആദ്യവാരം വിതകഴിഞ്ഞ പാടങ്ങളിൽ 30-35 ദിവസത്തിനകം മേൽവളം നൽകണം. പൊക്കാളി പാടങ്ങളിൽ രണ്ടാം വാരത്തോടുകൂടി ഞാറ് പറിച്ചുനടാം. ഹെക്ടർ ഒന്നിന് 500 കിലോ കുമ്മായം ചേർത്തതിന് ശേഷമാണ് ഞാറ് നടേണ്ടത്. മണ്ണ് പരിശോധനയ്ക്ക് ശേഷം കുമ്മായ പ്രയോഗം ചെയ്യുന്നതാണ് കൂടുതൽ ഉചിതം. കരനെൽകൃഷി ചെയ്ത പാടങ്ങളിൽ കളയെടുപ്പും വളപ്രയോഗവും ഇപ്പോൾ നടത്താം. നെൽകൃഷിയുടെ വളപ്രയോഗം ടേബിളിൽ നൽകുന്നു.

നേർവളങ്ങൾ ഏക്കർ ഒന്നിന്(കിലോഗ്രാമിൽ)

ഇനംയൂറിയരാജ്ഫോസ് പൊട്ടാഷ്
മദ്ധ്യമൂപ്പുള്ള ഇനങ്ങൾ(ഉമ, ജ്യോതി)809030

നിലംകൃഷി

627024

കരകൃഷി

526021

നാടൻ ഇനങ്ങൾ

309021

കുട്ടനാട് പൊതുശുപാർശ

809030

കോൾനിലം ഹ്രസ്വഇനം

807030

കോൾനിലം ഇടത്തരം മൂപ്പ്

969030

നെല്ലിന്റെ പ്രധാന വളർച്ച ഘട്ടങ്ങളായ ഞാറ് പരുവത്തിലും ചിനപ്പ് പൊട്ടുമ്പോഴും അടിക്കണ പരുവത്തിലുമായി മൂന്ന് തുല്യഅളവുകളിൽ നൈട്രജൻ, പൊട്ടാഷ് ഇവ നൽകണം. ഫോസ്ഫറസ് പൂർണ്ണമായും അടിവളമായാണ് നൽകേണ്ടത്. ഡ്രോൺ ഉപയോഗിച്ച് നാനോയൂറിയ നൽകുന്ന രീതിയും അവലംബിക്കാം. ചിനപ്പ് പൊട്ടുന്ന സമയത്താണ് ഈ രീതി ഏറ്റവും അനുയോജ്യം. ഒരേക്കറിൽ തളിയ്ക്കാൻ ആവശ്യമായ നാനോയൂറിയയുടെ അളവ് 500 മില്ലി ലിറ്റർ ആണ്. രണ്ട് മുതൽ നാല് മില്ലി ലിറ്റർ നാനോയൂറിയ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നെല്ലിന് തളിച്ചുകൊടുക്കണം.

നെൽപാടങ്ങളിൽ സംയോജിത കീടരോഗ നിയന്ത്രണമാർഗങ്ങൾ അവലംബിക്കേണ്ടതാണ്. ഓലചുരുട്ടിക്കെതിരെ ട്രൈക്കോഗ്രമ്മ മുട്ടക്കാർഡ് (ട്രൈക്കോഗ്രമ്മ ചിലോണിസ്) ഏറെ ഫലപ്രദമാണ്. ട്രൈക്കോഗ്രമ്മയുടെ മുട്ടകൾ അടക്കം ചെയ്ത കാർഡുകളാണ് ലഭിക്കുന്നത്. ഒരേക്കറിന് 40000 മുട്ടകൾ ഒരു തവണ വേണ്ടി വരും. ഇപ്രകാരം 4-6 തവണ ഒരു കൃഷിയ്ക്ക് പ്രയോഗിക്കേണ്ടതാണ്. കാർഡുകൾ വാങ്ങി ഉടൻ തന്നെ ചെറുതുണ്ടുകളാക്കി പാടത്ത് പലഭാഗങ്ങളിലായി ചെടികളിലോ കൊമ്പുകൾ നാട്ടിയോ സ്ഥാപിക്കാം. ആക്രമണം രൂക്ഷമായാൽ കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് 400 ഗ്രാം (50എസ്പി) ഒരേക്കറിന് എന്ന അളവിൽ വെള്ളത്തിൽ ലയിപ്പിച്ച് നൽകാവുന്നതാണ്. തണ്ടുതുരപ്പന്റെ പെൺശലഭങ്ങളുടെ ഹോർമോൺ ഉപയോഗിച്ച് അവയുടെ ആൺശലഭങ്ങളെ ആകർഷിച്ച് കെണിയിൽ കുടുക്കി നശിപ്പിയ്ക്കാം. ഇപ്രകാരം തണ്ടുതുരപ്പനെ ഫിറമോൺ കെണി ഉപയോഗിച്ച് ഒരു പരിധിവരെ നിയന്ത്രിക്കാനുന്നതാണ്.

ചിനപ്പ് പൊട്ടുന്നതുമുതൽ അടിക്കണ പരുവം വരെ പോളരോഗത്തിന് സാധ്യത ഏറെയാണ്. പോളരോഗം സ്ഥിരമായി കാണുന്ന പാടങ്ങളിൽ പോട്ടാഷിന്റെ അളവ് നിർദ്ദേശിച്ചതിന്റെ പകുതി കൂടി കൂട്ടിനൽകാം. കൂടാതെ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലും സ്പ്രേ ചെയ്യാം. കുഴൽപ്പുഴുവിന്റെ ആക്രമണമുണ്ടായാൽ പാടത്തുനിന്നും വെള്ളം വാർത്തുകളഞ്ഞ് നിയന്ത്രിക്കാവുന്നതാണ്.

കരനെൽകൃഷി ചെയ്ത പാടങ്ങളിൽ ചിതൽ ശല്യം ഉണ്ടായാൽ മെറ്റാറൈസിയം എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചേർത്ത് കൊടുക്കുക. ആക്രമണം രൂക്ഷമായാൽ ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി 40 മി.ലി. ഒരേക്കർ എന്ന അളവിൽ 150 ലിറ്റർ വെള്ളത്തിൽ കലർത്തി പ്രയോഗിക്കാം.

തെങ്ങ്

തെങ്ങിൻ തൈകൾ നടാൻ അനുയോജ്യമായ സമയമാണിത്. കൂടാതെ വളപ്രയോഗം നടത്താത്ത തെങ്ങുകൾക്ക് വളം നൽകാനും ഉത്തമം. നല്ല പരിചരണം നൽകുന്നതും മഴയെ ആശ്രയിക്കുന്നതുമായ തോട്ടങ്ങളിൽ യൂറിയ, രാജ്ഫോസ്. മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 250-300 ഗ്രാം, 350-600 ഗ്രാം, 400-650 ഗ്രാം വീതവും ജലസേചനം നടത്തുന്ന തോട്ടങ്ങളിൽ ഇവ യഥാക്രമം 200-270 ഗ്രാം, 275-500 ഗ്രാം, 275-500 ഗ്രാം വീതവും നൽകുക.

തെങ്ങിന്റെ കൂമ്പുചീയൽ രോഗത്തിനെതിരെ ജാഗ്രത വേണം. നാമ്പോല വലിച്ചാൽ എളുപ്പത്തിൽ ഊരിവരുക, അഴുകിയ മണ്ടയിൽ അസഹ്യമായ ദുർഗന്ധം ഉണ്ടാകുക എന്നിവ ലക്ഷണങ്ങളാണ്. ചീഞ്ഞഭാഗം ചെത്തിമാറ്റി തീയിട്ടുനശിപ്പിക്കുക, മുറിപ്പാടിലും അതിനുചുറ്റും ബോർഡോകുഴമ്പ് പുരട്ടുകയും പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞുസൂക്ഷിക്കുകയും ചെയ്യുക. മഴക്കാലമായതിനാൽ മൊട്ടുസൂചികൊണ്ട് തുളയിട്ട പായ്ക്കുകളിൽ മാങ്കോസെബ് എന്ന കീടനാശിനി 2 ഗ്രാം വീതം നിറച്ച് നാമ്പോലയ്ക്ക് തൊട്ടുതാഴെയുള്ള 2-3 ഓലക്കവിളുകളിൽ ഇപ്പോൾ വയ്ക്കാവുന്നതാണ്.

ചെന്നീരൊലിപ്പ് രോഗം ബാധിച്ചാൽ തെങ്ങിൻ തടിയുടെ ചുവടുഭാഗത്തുള്ള വിള്ളലുകളിലൂടെ ചുവപ്പുകലർന്ന തവിട്ടുനിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നു. കൂടാതെ പുറം ഓലകൾ മഞ്ഞളിച്ച് തുടങ്ങുന്നു. കേടുവന്ന ഭാഗങ്ങൾ ചെത്തിമാറ്റി മുറിവിൽ ഹെക്‌സാകോണസോൾ (കോണ്ടാഫ്) 5 മില്ലി ലിറ്റർ 100 മില്ലി ലിറ്റർ വെള്ളത്തിൽ യോജിപ്പിച്ച് പുരട്ടി രോഗം നിയന്ത്രിക്കാം. ട്രൈക്കോഡർമ്മ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകം ഇട്ടുകൊടുക്കുകയുമാവാം.

അതാത് പ്രദേശത്തിന് യോജിച്ച ഇനം തെങ്ങിൻ തൈകൾ വേണം നടാൻ തിരഞ്ഞെടുക്കേണ്ടത്. അംഗീകൃത നഴ്‌സറികളിൽനിന്നു ഗുണമേന്മയുള്ള തൈകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. മണൽ പ്രദേശത്ത് എടുക്കേണ്ട കുഴിയുടെ വലിപ്പം 75 X75 X 95 സെന്റി മീറ്റർ ആണ്. വെട്ടുകല്ല് പ്രദേശങ്ങളിൽ 1.2 X 1.2 X1.2 മീറ്ററും മറ്റ് സ്ഥലങ്ങളിൽ 1 X 1X 1 മീറ്റർ എന്നിങ്ങനെയാണ്. കുഴിയുടെ 3/4 ഭാഗം മേൽമണ്ണ്, ഉണക്ക ചാണകപ്പൊടി വേപ്പിൻപിണ്ണാക്ക് ഇവ ചേർന്ന മിശ്രിതം നിറച്ചശേഷം തൈകൾ നടാം.

തെങ്ങിന് കൊമ്പൻചെല്ലിയുടെ ആക്രമണം തടയുന്നതിനായി ക്ലോറാൻട്രനിലിപ്രോൾ 0.4 ജി(ഫെർട്ടറ) 5 ഗ്രാം വീതം പ്ലാസ്റ്റിക് കവറുകളിലാക്കി മൊട്ടുസൂചിക്കൊണ്ട് ചെറിയ ഓട്ടയിട്ട് ഒരു തെങ്ങിന് 2 എണ്ണം എന്ന തോതിൽ നാമ്പിന് ചുറ്റും വെയ്ക്കുക. കൂടാതെ ഫിറമോൺ കെണികൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ സ്ഥാപിയ്ക്കാം.

വാഴ

നട്ട വാഴകൾക്ക് വളം നൽകാനും വാഴക്കന്നുകൾ നടാനും വളരെ അനുയോജ്യമായ സമയമാണിത്. 50 X 50 X 50 സെമീ എന്ന അളവിൽ കുഴിയെടുക്കാം. കാലിവളം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവ 10 കിലോ പ്രകാരം കുഴിയൊന്നിന് നൽകാം. കൂടാതെ 1/5 കിലോ വേപ്പിൻ പിണ്ണാക്കും കന്ന് നടുമ്പോൾ തന്നെ കൊടുക്കണം. വാഴയ്ക്ക് നൽകേണ്ട രാസവളപ്രയോഗം (ഗ്രാമിൽ) ചുവടെ ചേർക്കുന്നു.

വളം നൽകേണ്ട ഘട്ടങ്ങൾയൂറിയ രാജ്‌ഫോസ്മ്യൂറേറ്റ് ഓഫ് പൊട്ടാഷ്
നട്ട് ഒരു മാസത്തിന് ശേഷം8736196
നട്ട് രണ്ട് മാസത്തിന് ശേഷം65278100
നട്ട് മൂന്ന് മാസത്തിന് ശേഷം6500100
നട്ട് നാല് മാസത്തിന് ശേഷം650060
നട്ട് അഞ്ച് മാസത്തിന് ശേഷം650060
കുലച്ചതിന് ശേഷം ഉടനെ650000

മഴക്കാലത്ത് വയലുകളിൽ നട്ട വാഴയിലാണ് കടചീയൽ രോഗം കൂടുതലായി കാണുന്നത്. വാഴയിലകൾ മഞ്ഞളിച്ച് ഒടിഞ്ഞു തൂങ്ങുന്നു. വാഴയുടെ മാണവും കന്നുകളും അഴുകിത്തുടങ്ങുന്നു. അവസാനം വാഴത്തട മണ്ണിന് തൊട്ടുമുകളിൽവെച്ച് ഒടിഞ്ഞുവീഴുന്നു. നീർവാഴ്ച്ച ഉറപ്പു വരുത്തുക, സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചുവട്ടിൽ ഒഴിക്കുക എന്നിവ രോഗത്തെ പ്രതിരോധിക്കും. രോഗബാധയുള്ള വാഴയ്ക്ക് ബ്ലീച്ചിങ് പൗഡർ കിഴികെട്ടി ഇട്ടു കൊടുക്കുക. ആക്രമണം രൂക്ഷമെങ്കിൽ കോപ്പർ ഹൈഡ്രോക്‌സൈഡ്(കൊസെഡ്) 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. സിഗാടോക്ക രോഗം ബാധിച്ച വാഴകൾക്ക് കോണ്ടാഫ്/ ടിൽറ്റ് ഒരു മില്ലി ലിറ്റർ വെള്ളത്തിൽ കലക്കി പശ(സാൻഡോവിറ്റ് ഒരു മില്ലി ലിറ്റർ ഒരു ലിറ്റർ ലായനിയിൽ) ചേർത്തു തളിക്കുക.

കുരുമുളക്

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് വള്ളികൾ നടാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. കഴിവതും വേരു പിടിപ്പിച്ച വള്ളികൾ തന്നെ നടുക. നല്ല നീർവാഴ്ച്ചയുള്ള സ്ഥലം വേണം നടാൻ തിരഞ്ഞെടുക്കാൻ. ഒരു കാരണവശാലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. 50x50x50 സെന്റി മീറ്റർ വലിപ്പമുള്ള കുഴികൾ തയ്യാറാക്കി കുമ്മായം ചേർത്ത് മണ്ണ് പരുവപ്പെടുത്തണം. ട്രൈക്കോഡർമ്മ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവ നടുന്നതിനു മുമ്പായി ചേർത്തു കൊടുക്കണം. താങ്ങുകാലിൽനിന്നു 35-45 സെന്റി മീറ്റർ ദൂരത്തിലണ് നടേണ്ടത്.

മാവ്

കഴിഞ്ഞ മാസങ്ങളിൽ നട്ട ഒട്ടുമാവ് തൈകളുടെ ഒട്ടിച്ച ഭാഗത്തിനു താഴെ മുളച്ചു നിൽക്കുന്ന ചിനപ്പുകൾ ശ്രദ്ധയോടെ നീക്കം ചെയ്യണം. മാവുകളുടെ ചില്ലയുണക്കം ബാധിച്ച കൊമ്പുകൾ കേടുവന്ന ഭാഗത്തിനു താഴെവെച്ച് മുറിച്ചുമാറ്റി മുറിപ്പാടിൽ ബോർഡോ കുഴമ്പ് പുരട്ടിയതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മൂടിവെക്കേണ്ടതാണ്. വളപ്രയോഗവും തുടരാം.

കിഴങ്ങു വർഗങ്ങൾ

മരച്ചീനിയുടെ കളകൾ നീക്കം ചെയ്ത് ജൈവവളം ചേർത്ത് ചുവട്ടിൽ മണ്ണ് അടുപ്പിക്കാം. ചേന, ചേമ്പ്, കാച്ചിൽ, നനകിഴങ്ങ്, ചെറുകിഴങ്ങ് തുടങ്ങിയ വിളകൾക്ക് വളപ്രയോഗം നടത്തണം. കീടങ്ങളെ നിയന്ത്രിക്കുന്നതിനായി വേപ്പെണ്ണ 5 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ബാർ സോപ്പോടുകൂടി യോജിപ്പിച്ച് തളിച്ചു കൊടുക്കണം

ഓർക്കിഡ് കൃഷി

മഴക്കാലമായതിനാൽ ഓർക്കിഡ് ചെടികളിൽ കുമിൾരോഗങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. രാസവള പ്രയോഗമാണ് ഈ സമയത്ത് കൂടുതൽ അഭികാമ്യം. കുമിൾബാധയ്‌ക്കെതിരായി സാഫ് 1.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടിയിൽ തളിച്ചുകൊടുക്കാം. 19:19:19 രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന അളവിലും നൽകണം.

കൂൺ കൃഷി

കൂൺ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. പുതുതായി കൃഷിയിലേക്കു ചുവടുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ കൃഷി ആരംഭിക്കാം. മികച്ച ഉൽപ്പാദനം ലഭിക്കുന്നതിനാൽ സംസ്‌കരിച്ച് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ കൂടി ആരംഭിക്കുക.