ഓരോ മാസവും ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നതിന് അനുയോജ്യമാണെന്നും ഓരോ വിളകൾക്കും ആവശ്യമായ വളപ്രയോഗവും മറ്റു പരിപാലനരീതികളും എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് കർഷകരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. സെപ്റ്റംബർ അവസാനത്തോടെയും ഒക്ടോബർ ആദ്യവാരത്തോടെയും ശീതകാല പച്ചക്കറി കൃഷിക്കാവശ്യമായ തൈകൾ നട്ടുതുടങ്ങാവുന്നതാണ്. കൂടാതെ നല്ലൊരു അടുക്കളത്തോട്ടം ഒരുക്കുന്നതിനും അനുയോജ്യമായ സമയമാണിത്. സെപ്റ്റംബർ മാസത്തെ കൃഷിപരിപാലനം എങ്ങനെയെന്ന് അറിയാം.

To advertise here,

ശീതകാല പച്ചക്കറി കൃഷിക്കായി തയ്യാറെടുക്കാം

നല്ല നീർവാർച്ചയുള്ള, സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. സെന്റൊന്നിന് 1-2 കിലോ ഗ്രാം കുമ്മായം ചേർത്ത മണ്ണ് പരുവപ്പെടുത്തണം. മണ്ണ് നന്നായി ഇളക്കി കട്ടകൾ ഉടച്ചു ചേർക്കുക. 1-1.2 മീറ്റർ വീതി, 15-20 സെന്റി മീറ്റർ ഉയരം, നീളം സൗകര്യാർത്ഥം എന്ന രീതിയിൽ പണകൾ തയ്യാറാക്കുക. ഇടയ്ക്ക് 30-40 സെന്റി മീറ്റർ വീതിയുള്ള ചാലുകൾ ഇടണം. ഒരു ഹെക്ടറിന് 10-15 എംടി ജൈവവളം ചേർത്തു നൽകാം. സെപ്റ്റംബർ അവസാന ആഴ്ച്ചയിലോ ഒക്ടോബർ ആദ്യവാരത്തിലോ തൈകൾ നൽകാവുന്നതാണ്.

കാബേജ്, കോളിഫ്‌ളവർ, കാപ്‌സിക്കം, എന്നിവയുടെ തൈകൾ പ്രോട്രേയിൽ വേണം തയ്യാറാക്കാൻ. ആദ്യയാഴ്ച്ചയിൽതന്നെ നഴ്‌സറി ഒരുക്കാം. 25-30 ദിവസത്തിനുള്ളിൽ തൈകൾ നടാൻ പാകത്തിലാകും. കാരറ്റ്, ബീറ്റ്‌റൂട്ട്, മുള്ളങ്കി എന്നിവ നേരിട്ട് തടത്തിൽ വിത്ത് പാകേണ്ടതാണ്. തൈകൾ നടുന്നതിനു മുന്നോടിയായി ട്രൈക്കോഡർമ്മ തടങ്ങളിൽ ചേർത്തു കൊടുക്കുന്നത് കുമിൾരോഗബാധ തടയാൻ പലപ്രദമാണ്.

നടീൽ: കൃത്യമായി അകലം പാലിച്ച് തടത്തിനുള്ളിൽ നടാം. മിക്ക ശീതകാല പച്ചക്കറികൾക്കും 45X45 സെന്റി മീറ്റർ നടീൽ അകലം നൽകണം. മഴസമയത്ത് വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക. കളനിയന്ത്രണം കൃത്യമായി നടത്തണം. ഗുണനിലവാരമുള്ള തൈകളും വിത്തുകളും കൃഷിഭവൻ, കെഎയു, കൃഷി വകുപ്പ് ഫാമുകൾ ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവിടങ്ങളിൽനിന്നു ലഭിക്കും.

ശീതകാല പച്ചക്കറി കൃഷിക്കായി ഇപ്പോൾ മത്തി-ശർക്കര മിശ്രിതം തയ്യാറാക്കാം

ചെടികളുടെ വളർച്ചയ്ക്കും പുഷ്പിക്കലിനും കായ്കൾ ഉണ്ടാകുന്നതിനും ഉപയോഗിക്കാവുന്ന വളർച്ചാമിശ്രിതമാണ് മത്തി-ശർക്കര മിശ്രിതം. കീടങ്ങളെ അകറ്റിനിർത്തുന്നതിനും ഇതു സഹായിക്കുന്നു. ആർക്കും അനായാസം തയ്യാറാക്കാവുന്ന സസ്യവളർച്ചാ ത്വരകം കൂടിയാണ് ഫിഷ് അമിനോ ആസിഡ് എന്ന മത്തി-ശർക്കര മിശ്രിതം.

അവശ്യവസ്തുക്കൾ

1. രാസവസ്തുക്കൾ ചേർക്കാത്ത ഐസിടാത്ത മത്തി- 1 കിലോ ഗ്രാം

2. ഉപ്പു ചേർക്കാത്ത ശർക്കര- 1 കിലോ ഗ്രാം

3. ഭരണി/ മൺകലം/ അടപ്പുള്ള പാത്രം

തയ്യാറാക്കുന്ന വിധം

ഒരു കിലോ ഗ്രാം മത്തി ചെറുകഷ്ണങ്ങളാക്കി മുറിക്കുക. ഒരു കിലോ ഗ്രാം ശർക്കര നന്നായി പൊടിച്ചെടുക്കുക. തയ്യാറാക്കുന്ന പാത്രത്തിലേക്ക് ഒന്നിനു മുകളിൽ ഒന്ന് എന്ന ക്രമത്തിൽ അടുക്കുകളാക്കി മൂന്നാഴ്ച്ച അടച്ചു സൂക്ഷിക്കണം. ഏറ്റവും മുകളിൽ ശർക്കരയുടെ പാളി ഇട്ടാൽ കൂടുതൽ നല്ലത്. ഇപ്രകാരം പാത്രത്തിന്റെ പകുതിഭാഗം മാത്രം നിറച്ചാൽ മതിയാകും. മൂന്നാഴ്ച്ച കഴിയുമ്പോഴേക്കും മത്തിയും ശർക്കരയും നന്നായി അലിഞ്ഞുചേർന്ന് തവിട്ടുനിറമുള്ള കൊഴുത്ത ദ്രാവകമായി മാറും. ഇത് അരിപ്പയോ ഇഴയകലമുള്ള തുണിയോ ഉപയോഗിച്ച് അരിച്ചെടുക്കണം. ഇപ്പോൾ മത്തി-ശർക്കര മിശ്രിതം തയ്യാറായിക്കഴിഞ്ഞു. വായു കടക്കാത്ത പാത്രത്തിൽ ഇത് രണ്ടു മാസംവരെ സൂക്ഷിക്കാം. 2 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചെടികൾക്ക് രണ്ടില പ്രായം മുതൽ തളിച്ചുകൊടുക്കാം.

നല്ലൊരു അടുക്കളത്തോട്ടം തയ്യാറാക്കാം

ആരോഗ്യകരമായ ഭക്ഷണരീതിയും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും ലക്ഷ്യമിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ അടുക്കളത്തോട്ടം അനിവാര്യമായ ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുന്നു. വീട്ടുവളപ്പിലോ ടെറസിലോ ചെറിയ സ്ഥലമെങ്കിലും ഉപയോഗപ്പെടുത്തി ജൈവകൃഷിരീതികൾ അവലംബിച്ച് സുരക്ഷിത പച്ചക്കറികൾ സ്വന്തമായി ഉൽപ്പാദിപ്പിച്ചെടുക്കാൻ അടുക്കളത്തോട്ടം സഹായിക്കുന്നു. അടുക്കളത്തോട്ടം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ ഇവയാണ്.

1. സ്ഥലം തിരഞ്ഞെടുക്കൽ: അടുക്കളത്തോട്ടത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ദിവസേന കുറഞ്ഞത് 5-6 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ലഭിക്കണം. വെള്ളം കെട്ടിനിൽക്കാത്തതും എന്നാൽ, അനായാസം ജലസേചനം നടത്താൻ കഴിയുന്ന സ്ഥലവുമായിരിക്കണം. ടെറസ് കൃഷിയാണെങ്കിൽ ടെറസിന് സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ക്രമീകരണം നടത്തണം.

2. മണ്ണ് തയ്യാറാക്കൽ: നല്ല വിളവിന് നല്ല മണ്ണ് ആവശ്യമാണ്. വീട്ടുവളപ്പിലാണെങ്കിലും ടെറസിലാണെങ്കിലും സെന്റ് ഒന്നിന് 800 ഗ്രാം എന്ന അളവിൽ മണ്ണിൽ ചേർത്തുകൊടുക്കണം. രണ്ടാഴ്ച്ചയ്ക്കുശേഷം മണ്ണ് പരുവപ്പെട്ട് വിത്ത്/തൈകൾ നടുന്നതിന് അനുയോജ്യമാകും. ഗ്രോ ബാഗ് കൃഷിക്ക് മേൽമണ്ണ് തന്നെ എടുക്കാൻ ശ്രദ്ധിക്കണം. ഒരു ഭാഗം മേൽമണ്ണ്, ഒരു ഭാഗം ചകിരിച്ചോറ്, ഒരു ഭാഗം ജൈവവളം എന്നിവ നന്നായി ഇളക്കിച്ചേർത്ത് വേണം പോട്ടിങ് മിശ്രിതം തയ്യാറാക്കാൻ. ജൈവവളമായി ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, പൊടിഞ്ഞ കരിയില എന്നിവ ഉപയോഗിക്കാം. ഇതോടൊപ്പം അൽപ്പം സൂക്ഷ്മമൂലക വളവും ചേർത്തു കൊടുക്കാം. നിലമൊരുക്കുമ്പോൾ ഒരു സെന്റിൽ 20 കിലോ ഗ്രാം വരെ ജൈവവളം നൽകാം. ടെറസ് കൃഷിക്കായി HDPE ഗ്രോ ബാഗുകളോ ചട്ടികളോ മൺചട്ടികളോ ഉപയോഗിക്കാം. 12 ഇഞ്ച് വ്യാസമുള്ള ചട്ടിയിൽ 8 കിലോ ഗ്രാം പോട്ടിങ് മിശ്രിതം നിറയ്ക്കാം.

3. വിളകൾ: വീട്ടിൽ പതിവായി ഉപയോഗിക്കുന്ന പച്ചക്കറിക്ക് മുൻഗണന നൽകണം. ചീര, വെണ്ട, വഴുതന, തക്കാളി, മുളക്, പയർ, മത്തൻ, വെള്ളരി, കുമ്പളം തുടങ്ങിയവ അടുക്കളത്തോട്ടത്തിന് അനുയോജ്യമാണ്. കാലാവസ്ഥയ്ക്കും സ്ഥലത്തിനു യോജിച്ച ഇനങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

4. വിത്ത്/ തൈകൾ: ഗുണമേന്മയുള്ള വിത്തുകൾ അല്ലെങ്കിൽ ആരോഗ്യമുള്ള തൈകൾ തിരഞ്ഞെടുക്കണം. വിളകൾ ആഴത്തിൽ നട്ടാൽ മുളയ്ക്കാൻ ബുദ്ധിമുട്ടാവും. ഓരോ ചെടിക്കും ആവശ്യമായ അകലം നൽകുന്നതും വളർച്ചയ്ക്ക് അത്യാവശ്യമാണ്.

5. ജലസേചനം: ചെടികൾക്ക് ആവശ്യമായ അളവിൽ മാത്രം വെള്ളം നൽകുക. അമിത ജലസേചനം ഒഴിവാക്കണം. രാവിലെ അല്ലെങ്കിൽ വൈകുന്നേരം വെള്ളം നൽകുന്നതാണ് ഏറ്റവും ഉത്തമം.

6. ജൈവവളപ്രയോഗം: അടുക്കളത്തോട്ടത്തിൽ ജൈവവളം മാത്രം നൽകുന്നതാണ് ഏറ്റവും ഉത്തമം. അത് മണ്ണിന്റെ ആരോഗ്യവും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കും. ചാണകപ്പൊടി, കമ്പോസ്റ്റ്, ജീവാണുവളങ്ങൾ, വേപ്പിൻപ്പിണ്ണാക്ക് എന്നിവ മാസത്തിൽ രണ്ടു തവണ നൽകാം.

7. കീടരോഗനിയന്ത്രണം: വേപ്പെണ്ണ, വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം, പുകയിലക്കഷായം, വേപ്പിൻകുരുസത്ത് എന്നീ ജൈവകീടനാശിനികൾ സുരക്ഷിതമാണ്. കൂടാതെ സ്യൂഡോമോണസ്, ട്രൈക്കോഡർമ്മ എന്നീ ജൈവനിയന്ത്രണ ഉപാധികളും ബാക്ടീരിയ, കുമിൾ രോഗങ്ങൾക്കെതിരെ ഉപയോഗിക്കാം.

അടുക്കളത്തോട്ടത്തിൽ ദിവസേന ശ്രദ്ധ നൽകണം. കളകൾ നീക്കം ചെയ്യുക, രോഗ- കീടബാധിത ഇലകൾ നീക്കം ചെയ്യുക, ചെടിയുടെ വളർച്ച നിരീക്ഷിക്കുക എന്നിവ കൃത്യമായി ചെയ്യണം. ഇതു ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം വരുമാനദായകവുമാണ്. ചെറിയ ശ്രമവും നല്ല പരിപാലനവും ഉണ്ടെങ്കിൽ ഏതൊരു വീട്ടിലും മനോഹരമായ അടുക്കളത്തോട്ടം തയ്യാറാക്കാം.

നെല്ല്

ഒന്നാം ആഴ്ച്ച: മുണ്ടകൻ നെൽകൃഷിക്ക് നിലം ഒരുക്കൽ പൂർത്തിയാക്കണം. ജലക്രമീകരണത്തിനായി ബണ്ടുകൾ ബലപ്പെടുത്തുകയും ചാലുകളെടുക്കുകയും വേണം. അധികജലം പുറത്തേക്ക് ഒഴുക്കിവിടേണ്ടതാണ്. നിലം ഉഴുതുന്നതോടൊപ്പം പച്ചിലവളം, ജൈവവളം എന്നിവ ചേർത്ത് നിരപ്പാക്കണം. കുമ്മായം ഒരു ഹെക്ടറിന് 250-300 കിലോ ഗ്രാംവരെ ചേർത്തുകൊടുക്കാം.

നേർവളങ്ങൾ ഏക്കർ ഒന്നിന്(കിലോ ഗ്രാമിൽ)

ഇനംയൂറിയരാജ്ഫോസ് പൊട്ടാഷ്
മദ്ധ്യമൂപ്പുള്ള ഇനങ്ങൾ(ഉമ, ജ്യോതി)809030

നിലംകൃഷി

627024

കരകൃഷി

526021

നാടൻ ഇനങ്ങൾ

309021

കുട്ടനാട് പൊതുശുപാർശ

809030

കോൾനിലം ഹ്രസ്വഇനം

807030

കോൾനിലം ഇടത്തരം മൂപ്പ്

969030

നെല്ലിന്റെ പ്രധാന വളർച്ചാഘട്ടങ്ങളായ ഞാറ് പരുവത്തിലും ചിനപ്പ് പൊട്ടുമ്പോഴും അടിക്കണ പരുവത്തിലുമായി മൂന്ന് തുല്യ അളവുകളായി നൈട്രജൻ, പൊട്ടാഷ് എന്നിവ നൽകണം. ഫോസ്ഫറസ് പൂർണമായും അടിവളമായാണു നൽകേണ്ടത്.

രണ്ടാം ആഴ്ച്ച: ആരോഗ്യമുള്ള ഞാറ് നടാൻ ശ്രദ്ധിക്കുക. ചെറുതും മഞ്ഞ നിറമുള്ളതുമായ നെൽച്ചെടികൾ ഒഴിവാക്കണം. പാകമെത്തിയ തൈകൾ(25-30 ദിവസം, മധ്യമൂപ്പുള്ള ഇനങ്ങൾ) 20X15 സെന്റി മീറ്റർ അകലത്തിൽ നടാം. നടീൽസമയത്ത് പാടത്ത് 2-3 സെന്റി മീറ്റർ വെള്ളം നിലനിർത്തണം.

മൂന്നാം ആഴ്ച്ച: നടീൽ കഴിഞ്ഞ 14-21 ദിവസത്തിനകംതന്നെ ആദ്യവളപ്രയോഗം(First Top Dressing) നടത്തണം. പാടത്തുനിന്നു വെള്ളം വാർത്ത് മണ്ണ് നനഞ്ഞു നിൽക്കുന്ന രീതിയിൽ വളമിടണം. വളപ്രയോഗം നടത്തി രണ്ടു ദിവസത്തിനുശേഷം പാടത്തേക്ക് വെള്ളം കയറ്റാം. വേരു പിടിക്കാത്ത നെൽച്ചെടികൾക്കു പകരം തിങ്ങിവളർന്ന സ്ഥലങ്ങളിൽനിന്നു തൈകൾ പിഴുതെടുത്ത് നടാവുന്നതാണ്. കളനിയന്ത്രണം ഈ സമയത്ത് പ്രധാനമാണ്. കോണോവീഡർ ഉപയോഗിക്കുന്നത് നെൽച്ചെടിയുടെ വേരോട്ടം ശക്തമാക്കാൻ സഹായിക്കും. ജൈവകൃഷിരീതികൾ അവലംബിക്കുന്ന പാടങ്ങളിൽ ജൈവവളത്തോടൊപ്പം ജീവാമൃതം, പഞ്ചഗവ്യം എന്നിവയും നൽകാവുന്നതാണ്.

കീടരോഗ നിരീക്ഷണത്തിലും പ്രത്യേക ശ്രദ്ധ പുലർത്തണം. തണ്ടുതുരപ്പൻ, ഇലചുരുട്ടിപ്പുഴു, എന്നിവയുടെ ആക്രമണം ഉണ്ടായേക്കാം. നെൽപ്പാടങ്ങളിൽ സംയോജിത കീടനിയന്ത്രണം അവലംബിക്കേണ്ടതാണ്. ഓലചുരുട്ടിക്കെതിരെ ട്രൈക്കോഗ്രമ്മ മുട്ടക്കാർഡ് ഏറെ ഫലപ്രദമാണ്. ട്രൈക്കോഗ്രമ്മയുടെ മുട്ടകൾ അടക്കം ചെയ്ത കാർഡുകളായാണ് ഇവ ലഭിക്കുക. ഒരേക്കറിന് 40,000 മുട്ടകൾ ഒരു തവണ വേണ്ടിവരും. ഇപ്രകാരം 4-6 തവണ വരെ ഒരു കൃഷിക്ക് പ്രയോഗിക്കേണ്ടതാണ്. കാർഡുകൾ വാങ്ങി ഉടൻതന്നെ ചെറുതുണ്ടുകളാക്കി പാടത്ത് പല ഭാഗങ്ങളിലായി ചെടികളിലോ കൊമ്പുകൾ നാട്ടിയോ സ്ഥാപിക്കാം. ആക്രമണം രൂക്ഷമായാൽ കാർട്രാപ്പ് ഹൈഡ്രോക്ലോറൈഡ് 400 ഗ്രാം(50 sp) ഒരേക്കറിന് എന്ന അളവിൽ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കാം.

കരനെൽകൃഷി ചെയ്ത പാടങ്ങളിൽ ചിതൽശല്യം ഉണ്ടായാൽ മെറ്റാറൈസിയം എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ പ്രയോഗിക്കാം. ആക്രമണം രൂക്ഷമായാൽ ഇമിഡാക്ലോപ്രിഡ് എന്ന കീടനാശിനി 40 മില്ലി ലിറ്റർ ഒരേക്കർ എന്ന അളവിൽ (150 ലിറ്റർ വെള്ളം) തളിച്ചുകൊടുക്കേണ്ടതാണ്.

നെൽച്ചെടിയിൽ ബ്ലാസ്റ്റ് രോഗബാധ ശ്രദ്ധയിൽപ്പെട്ടാൽ കാർബൻഡാസിം(Carbendazim) 50% wp 10 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചുകൊടുക്കണം. ബാക്ടീരിയൽ ഇലകരിച്ചിലിനും സാധ്യതയുണ്ട്. നെല്ലോലകളുടെ ഇരുവശങ്ങളിലൂടെ ഓറഞ്ച് കലർന്ന മഞ്ഞനിറത്തിൽ താഴേക്കു വ്യാപിക്കുന്ന കരിച്ചിലാണ് രോഗലക്ഷണം. സാന്താമോണസ് ഒറൈസ എന്ന ബാക്ടിരീയയാണ് രോഗഹേതു. സ്‌ട്രെപ്‌റ്റോ സൈക്ലിൽ (100 ppm) 0.1 ഗ്രാം /10 ലിറ്റർ വെള്ളം, കോപ്പർ ഓക്‌സി ക്ലോറൈഡ് 20 ഗ്രാം/ 10 ലിറ്റർ വെള്ളം എന്നിവ യോജിപ്പിച്ച് തളിച്ചുനൽകി രോഗനിയന്ത്രണം ഉറപ്പാക്കാം.

തെങ്ങ്

മഴയ്ക്കു മുന്നോടിയായി തെങ്ങിൻതോപ്പുകളിൽ ഇടകിളച്ചു കൊടുക്കുകയും മഴക്കുഴികൾ എടുക്കുകയും ചെയ്യാം. ഇതുവഴി തുലാവർഷക്കാലത്തെ മഴവെള്ളം മണ്ണിലേക്കിറക്കാം. രണ്ടാം വളപ്രയോഗവും ഇപ്പോൾ നടത്താം. വളപ്രയോഗത്തിന് രണ്ടാഴ്ച്ച മുമ്പ് കുമ്മായം/ഡോളമൈറ്റ് 0.5-1 കിലോ ഗ്രാം തടത്തിൽ ഇട്ടുകൊടുക്കാം. തെങ്ങിനു ചുറ്റും 1.5- 2 മീറ്റർ ചുറ്റളവിൽ വാരമെടുത്തു വേണം കുമ്മായം, രാസവളം, ജൈവവളം എന്നിവ നൽകേണ്ടത്. ജൈവവളങ്ങളായി മണ്ണിര കമ്പോസ്റ്റ്, കാലിവളം, വേപ്പിൻപ്പിണ്ണാക്ക് എന്നിവ മണ്ണിൽ ചേർത്തുകൊടുക്കാം.

നാടൻ, ഹൈബ്രിഡ് തെങ്ങിന് സെപ്റ്റംബർ മാസം നൽകേണ്ട രാസവളം, ജൈവവളം, കുമ്മായം എന്നിവയുടെ പട്ടിക(രാസവളം അളവ് ഗ്രാമിൽ)

ഇനംരാസവളംജൈവവളംകുമ്മായം/ഡോളമൈറ്റ്
നാടൻ

യൂറിയ- 500

റോക്ക് ഫോസ്‌ഫേറ്റ്-320

പൊട്ടാഷ്- 1200

മഗ്നീഷ്യം സൾഫേറ്റ്- 500

കമ്പോസ്റ്റ് /കാലിവളം - 25-30 കിലോ ഗ്രാം

മണ്ണിര കമ്പോസ്റ്റ്- 5-10 കിലോ ഗ്രാം

ജീവാണു വളങ്ങൾ (ആസോസ്‌പെറില്ലം

VAM) - 100 ഗ്രാം

0.5-1 കിലോ ഗ്രാം
ഹൈബ്രിഡ്

യൂറിയ- 650

റോക്ക് ഫോസ്‌ഫേറ്റ്-400

പൊട്ടാഷ്- 1250

മഗ്നീഷ്യം സൾഫേറ്റ്- 500

കമ്പോസ്റ്റ് /കാലിവളം - 25-30 കിലോ ഗ്രാം

മണ്ണിര കമ്പോസ്റ്റ്- 5-10 കിലോ ഗ്രാം

ജീവാണു വളങ്ങൾ (ആസോസ്‌പെറില്ലം

VAM) - 100 ഗ്രാം

0.5-1 കിലോ ഗ്രാം

തെങ്ങിന്റെ കൂമ്പുചീയൽ രോഗത്തിനെതിരെ ജാഗ്രത വേണം. നാമ്പോല വലിച്ചാൽ എളുപ്പത്തിൽ ഊരിവരും, അഴുകിയ മണ്ടയിൽനിന്ന് അസഹ്യമായ ദുർഗന്ധം എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചീഞ്ഞഭാഗം ചെത്തിമാറ്റി തീയിട്ടു നശിപ്പിക്കുക, മുറിപ്പാടിലും അതിനുചുറ്റും ബോർഡോ കുഴമ്പ് പുരട്ടുകയും പ്ലാസ്റ്റിക് കവറോ വാഴയിലയോ ഉപയോഗിച്ചു പൊതിഞ്ഞു സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. മൊട്ടുസൂചികൊണ്ട് തുളയിട്ട പോളിത്തീൻ ചാക്കുകളിൽ മാങ്കോസെബ് 2 ഗ്രാം വീതം നിറച്ച് നാമ്പോലയ്ക്കു തൊട്ടുതാഴെയുള്ള 2-3 ഓലക്കവിളുകളിൽ വെക്കുന്നതും രോഗനിയന്ത്രണ മാർഗാണ്. ചെമ്പൻചെല്ലിയുടെ ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ മെറ്റാറൈസിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ കലർത്തി തെങ്ങിൻമണ്ടയിലും തടിയിൽ തുളകൾ ഉണ്ടെങ്കിൽ അതിനുള്ളിലേക്കും ഒഴിച്ചുകൊടുക്കുക. കൊമ്പൻചെല്ലിയെ നശിപ്പിക്കുന്നതിനായി ഫെറോമോൺ കെണികൾ ഉപയോഗിക്കാം. ആക്രമണം രൂക്ഷമായാൽ ക്ലോർപെറിഫോസ് 1% (10 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളം) തെങ്ങിൻമണ്ടയുടെ മധ്യഭാഗത്ത് തളിച്ചുനൽകാം.

വാഴ

ഓണത്തിനു വിളവെടുത്ത ശേഷം ഈ മാസം അവസാന ആഴ്ച്ചയിൽ നനകൃഷി തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തണം. രോഗകീടബാധയില്ലാത്ത നല്ലയിനം സൂചിക്കന്നുകളാണ് നടാൻ ഉപയോഗിക്കേണ്ടത്. കുല വെട്ടിയശേഷം നല്ല സൂചിക്കന്നുകളിളക്കി പുറംതൊലി ചെത്തി കേടുവന്ന മാണഭാഗങ്ങൾ നീക്കി ചാണകം ചാരക്കുഴമ്പിൽ മുക്കി 3-4 ദിവസം വെയിലത്ത് ഉണക്കിയശേഷം രണ്ടാഴ്ച്ച തണലിൽ സൂക്ഷിക്കണം. നടുന്നതിനു രണ്ടാഴ്ച്ച് മുമ്പ് കുഴിയെടുത്ത് സൂര്യപ്രകാശം കൊള്ളിക്കുന്നതും കീടനിയന്ത്രണത്തെ സഹായിക്കും.

കമുക്

കഴിഞ്ഞ മാസം വളം നൽകിയില്ലെങ്കിൽ ഇപ്പോൾ നൽകാം. കാലിവളം/ കമ്പോസ്റ്റ് അല്ലെങ്കിൽ ജൈവവളം 10 കിലോ ഗ്രാം വീതം നൽകാം. രണ്ടാഴ്ച്ചയ്ക്കുശേഷം യൂറിയ 100 ഗ്രാം, മസൂരിഫോസ് 100 ഗ്രാം, പൊട്ടാഷ് 120 ഗ്രാം എന്നിവകൂടി ചേർക്കുക. മഴ ആരംഭിക്കുന്നതിനു മുമ്പ് ബോർഡോ മിശ്രിതം തളിക്കുന്നത് കുമിൾരോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ട്രൈക്കോഡർമ്മ ചേർത്തു സമ്പുഷ്ടീകരിച്ച ചാണകം നൽകുന്നതും കുമിൾ രോഗങ്ങളെ തടയാൻ സഹായിക്കും.

കശുമാവ്

ഇപ്പോൾ രാസവളം ചേർത്തുകൊടുക്കാം. മരത്തിനു ചുറ്റും 10 സെന്റി മീറ്റർ അകലത്തിൽ 05.3 മീറ്റർ ചുറ്റളവിൽ വളം വിതറിയ ശേഷം മണ്ണുമായി യോജിപ്പിക്കാം. മരം ഒന്നിന് യൂറിയ 1.5 കിലോ ഗ്രാം, സൂപ്പർ ഫോസ്‌ഫേറ്റ് 2 കിലോ ഗ്രാം, പൊട്ടാഷ് 1.2 കിലോ ഗ്രാം എന്നിങ്ങനെ നൽകണം. തൈ നട്ട് ആദ്യകാലങ്ങളിൽ കശുമാവിൻ തോട്ടങ്ങളിൽ ഇടവിളയായി കൈതച്ചക്ക കൃഷിക്കും അനുകൂലമാണ്. കുമിൾരോഗങ്ങളെ ചെറുക്കുന്നതിനായി 1% ബോർഡോ മിശ്രിതം തളിച്ചുകൊടുക്കാം.

മാവ്

വളപ്രയോഗത്തിനുള്ള സമയമാണിത്. 10 വർഷത്തിനു മുകളിൽ പ്രായമുള്ള മാവുകൾക്ക് യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ് എന്നിവ യഥാക്രമം 550 ഗ്രാം, 900 ഗ്രാം, 625 ഗ്രാം എന്നിങ്ങനെ മരമൊന്നിന് നൽകണം. 4-5, 6-7, 8-10 വർഷം പ്രായമായവയ്ക്ക് ഇവ യഥാക്രമം 100-90-80, 250-425-170, 430-610-335 ഗ്രാം എന്ന തോതിലും ചേർക്കണം. മരത്തിന്റെ ചുവട്ടിൽനിന്ന് 1.5-3 മീറ്റർ അകലത്തിൽ ചുറ്റിനുമായി 25-30 സെന്റി മീറ്റർ ആഴത്തിൽ ചാലുണ്ടാക്കി രാസവളമിട്ട് മണ്ണിട്ടു മൂടണം. വളമിടുന്ന സമയത്ത് മണ്ണിൽ നനവുണ്ടായിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. മാവ് പൂക്കുന്നതിന് കൾടാർ പ്രയോഗം ഈ മാസം പകുതിയോടെ നടത്തണം. അതിനു രണ്ടാഴ്ച്ച മുമ്പ് സൾഫേറ്റ് ഓഫ് പൊട്ടാഷ് (5ഗ്രാം/ഒരു ലിറ്റർ) വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുന്നതു പൂവിടലിനു ഗുണം ചെയ്യും. ജൈവവളം 25 കിലോ ഗ്രാം (ചാണകം, ട്രൈക്കോഡർമ്മ ചേർത്തത്) നൽകുന്നതു പ്രയോജനപ്രദമാണ്. തുലാവർഷം ആരംഭത്തിനു മുന്നോടിയായി ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ചാലുകൾ തയ്യാറാക്കണം. മാവിൻതൈകൾ നടുന്നതിനും അനുയോജ്യസമയമാണിത്.

പുലാസാൻ, റംബൂട്ടാൻ

വിളവെടുപ്പു കഴിഞ്ഞ ചെറുചില്ലകൾ രണ്ട് ഇലകൾ സഹിതം മുറിച്ചുമാറ്റണം. തുടർന്ന് നാനോ DAP സ്പ്രേ ചെയ്യുന്നത് തെട്ടുതാഴെ പുതിയ മുകുളങ്ങൾ വരാൻ സഹായിക്കും. ഈ മുകുളങ്ങളിൽ അടുത്ത വർഷം മുതൽ കൂടുതൽ പൂക്കളുണ്ടാകും. മഴക്കാലത്തു വ്യാപകമായി കണ്ടുവരുന്ന കുമിൾരോഗത്തിനെതിരായി സ്യൂഡോമോണസ് സ്പ്രേ ചെയ്യണം.

ഏലം

വിത്തുശേഖരണം നടത്താം. അത്യുൽപ്പാദനശേഷിയും രോഗബാധയില്ലാത്തുമായ മാതൃചെടികൾ വിത്തുശേഖരണത്തിനു തിരഞ്ഞെടുക്കാം. വിളവെടുപ്പു തുടരാം. പാകമായ കായ്കൾ പഴുക്കുന്നതിനു മുമ്പ് പറിച്ചു സംസ്‌കരണം നടത്തിയാലേ നല്ല പച്ചനിറം ലഭിക്കുകയുള്ളൂ. തൈകൾക്കായി വിത്തു പാകാനും അനുയോജ്യസമയമാണിത്. വിത്തു പാകാൻ ഒരു മീറ്റർ വീതിയും 20-30 സെന്റി മീറ്റർ ഉയരവുമുള്ള വാരങ്ങൾ സൗകര്യപ്രദമായ നീളത്തിൽ തയ്യാറാക്കി 10 സെന്റി മീറ്റർ അകലത്തിൽ നിരയായി വിത്തിടണം. ശേഷം പൊടിമണ്ണ് വിതറി പുതയിടണം. മഴയില്ലെങ്കിൽ നനച്ചു കൊടുക്കാം. തോട്ടങ്ങളിൽ രണ്ടാം വളപ്രയോഗത്തിനുള്ള സമയമായി. ജൈവവളം/കമ്പോസ്റ്റ് 2.5-5 കിലോ ഗ്രാം ഒരു ചെക്കു നൽകാം. യൂറിയ, റോക്ക് ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 35, 75, 50 കിലോ ഗ്രാം ഏക്കറിന് എന്ന അളവിൽ ചുവട്ടിൽനിന്ന് ഒന്നരയടി വിട്ട് 20 സെന്റി മീറ്റർ വീതിയിൽ വൃത്താകൃതിയിൽ വിതറി കൊത്തിച്ചേർക്കുക. കുമിൾരോഗങ്ങളെ നിയന്ത്രിക്കുന്നതിനായി 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചുകൊടുക്കാം. തോട്ടത്തിൽനിന്നു കളകൾ നീക്കം ചെയ്തു പുതയിടീൽ മഴയ്ക്കു മുന്നോടിയായി നടത്തുക. മഴവെള്ളം പരമാവധി മണ്ണിലേക്കിറങ്ങാനുള്ള സംവിധാനങ്ങൾകൂടി തോട്ടങ്ങളിൽ തയ്യാറാക്കണം.

കുരുമുളക്

കുരുമുഴകു ചെടികളിലെ ദ്രുതവാട്ടം പ്രതിരോധിക്കുന്നതിനായി സ്യൂഡോമോണസ് ലായനി ചെടിയുടെ തണ്ടിനോടു ചേർത്ത് ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. തണ്ടിലും ഇലകളിലും സ്പ്രേ ചെയ്യുന്നതും വളരെ പ്രയോജനകരമാണ്. സാവധാനം വാട്ടം ബാധിച്ച കുരുമുളക് ചെടികളുടെ ചുവട്ടിൽ പിജിപിആർ 1, അസോസപൈറില്ലം ഇപിഎൻ 2 ഗ്രാം എന്നിവ തണ്ടിനോടു ചേർത്തു മണ്ണിൽ ഒഴിച്ചുകൊടുക്കുക. ഒരു മാസം കഴിഞ്ഞ് ഒരിക്കൽകൂടി ആവർത്തിക്കു. രണ്ടാം വളപ്രയോഗത്തിനുള്ള സമയമായി. യൂറിയ 50 ഗ്രാം, സൂപ്പർ പോസ്‌ഫേറ്റ് 150 ഗ്രാം, പൊട്ടാഷ് 120 ഗ്രാം എന്നിവ തടത്തിൽ വിതറി മണ്ണിട്ടു മൂടണം. ചെടിയുടെ ചുവട്ടിൽനിന്നു 30 സെന്റി മീറ്റർ അകലത്തിൽ വേണം വളമിടേണ്ടത്. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിച്ച് ഇളംകുരുമുളകു മണികളിലെ പൊള്ളുവണ്ടിന്റെ ആക്രമണം തടയാം. താങ്ങുമരങ്ങളുടെ കൊമ്പുകോതൽ നടത്താനും ഇപ്പോൾ അനുയോജ്യമാണ്.

ഇഞ്ചി, മഞ്ഞൾ

കളനിയന്ത്രണം നടത്തണം. ഇഞ്ചിയിൽ തണ്ടുതുരപ്പൻ പുഴുവിന്റെ ശല്യത്തിനു സാധ്യതയുണ്ട്. ഇവയുടെ മുട്ടകളെ നശിപ്പിക്കാൻ ട്രൈക്കോ കാർഡുകളും പുഴുക്കളെ നിയന്ത്രിക്കാൻ ഇപിഎന്നും ഫലപ്രദമാണ്. കടചീയൽ നിയന്ത്രിക്കുന്നതിനായി സ്യൂഡോമോണസ് ചെടിയുടെ കടഭാഗത്തു വീഴത്തക്കവിധം തളിച്ചുകൊടുക്കുക. ഇഞ്ചിയുടേയും മഞ്ഞളിന്റേയും ഇലചീയൽ രോഗം നിയന്ത്രിക്കുന്നതിനായി ബോർഡോ മിശ്രിതം തളിച്ചുകൊടുക്കാം. കളനിയന്ത്രണം പ്രധാനമാണ്. ഇഞ്ചിക്കു ചുറ്റും മണ്ണ് അടുപ്പിച്ചുകൊടുക്കണം. ജെവവളം, കമ്പോസറ്റ് ഇവ കൂടി ചേർത്തു കൊടുത്തു മണ്ണടുപ്പിക്കുന്നതാണു കൂടുതൽ ഫലപ്രദം. മഴവെള്ളം തടത്തിൽ കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ജാതി, ഗ്രാമ്പൂ

തുലാവർഷത്തിനു മുന്നോടിയായി ചെടികളുടെ ചുറ്റുമുള്ള കളകൾ നീക്കം ചെയ്യുക. മഴവെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ നൽകണം. കമ്പോസ്റ്റ് ജൈവവളം 10-15 കിലോ ഗ്രാം വീതം നൽകാം. ആവശ്യമെങ്കിൽ രാസവളപ്രയോഗവും നടത്താം. ചെടിയുടെ വേരുഭാഗത്തു മണ്ണ് അടുപ്പിച്ചു നൽകണം. ഇലപ്പൊട്ട്, ചില്ലകരിച്ചിൽ തുടങ്ങിയ കുമിൾരോഗങ്ങൾ ബോർഡോ മിശ്രിതം തളിച്ചു നിയന്ത്രിക്കുക.

കിഴങ്ങ് വർഗങ്ങൾ

വിളവെടുപ്പിന്റെ സമയമാണിത്. വിത്തുശേഖരണവും ശ്രദ്ധാപൂർവ്വം നടത്തുക. കേടുപാടുകൾ ഇല്ലാത്തതും കീടരോഗബാധ ഇല്ലാത്തതുമായ കിഴങ്ങുകൾ വേണം വിത്തിനായി തിരഞ്ഞെടുക്കേണ്ടത്. മധുരക്കിഴങ്ങിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ശ്രീ വരുൺ, ശ്രീ അരുൺ, ശ്രീ ഭദ്ര, ശ്രീ രത്‌ന തുടങ്ങിയ ഇനങ്ങൾക്ക് കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രവുമായി 0471 2598551 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

കൈതച്ചക്ക

വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ വെള്ളം വാർന്നു പോവാനുള്ള സാഹചര്യം ഒരുക്കുക. കളകൾ നീക്കം ചെയ്തതിനുശേഷം വളപ്രയോഗം നടത്താം. വശങ്ങളിൽ വളരുന്ന തണ്ടുകളുടെ എണ്ണം നിയന്ത്രിക്കുക. ഹാർട്ട്‌റോട്ട് എന്ന കുമിൾരോഗം ശ്രദ്ധയിൽപ്പെട്ടാൽ 1% ബോർഡോ മിശ്രിതം അല്ലെങ്കിൽ കോപ്പർ ഓക്‌സിക്ലോറൈഡ്(25) തളിച്ച് രോഗം നിയന്ത്രിക്കാവുന്നതാണ്.

ചെറുപയർ (Green gram)

കേരളത്തിൽ ചെറുപയർ പ്രധാനമായും നെൽപ്പാടങ്ങളിൽ രണ്ടാംവിളയായി, നെല്ല് കൊയ്തശേഷമുള്ള പാടങ്ങളിലും കൃഷി ചെയ്യാം; നല്ല നീർവാർച്ചയുള്ള മണ്ണാണ് അനുയോജ്യം. ഒരു ഏക്കറിന് ഏകദേശം 8–10 കിലോ ഗ്രാം വിത്ത് ആവശ്യമാണ്. വരിയായി വിതയ്ക്കുന്നത് വിളപരിപാലനത്തിനും കളനിയന്ത്രണത്തിനും കൂടുതൽ സൗകര്യപ്രദമാണ് Pusa Baisakhi, S -8, CO 2 എന്നീ ഇനങ്ങൾ കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതാണ്. കൂടാതെ സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ കര കൃഷിയായും ചെറുപയർ നടാം. വിതയ്ക്കുന്നതിന് മുമ്പ് റൈസോബിയം ഉപയോഗിച്ച് വിത്തുപരിചരണം നടത്തുന്നത് വേരുകളിൽ നൈട്രജൻ സ്ഥിരപ്പെടുത്തുന്ന മുഴകളുടെ രൂപീകരണത്തിന് സഹായിക്കും.

വൻപയർ (Cowpea)

കേരളത്തിൽ വർഷം മുഴുവൻ വൻപയർ കൃഷി ചെയ്യാമെങ്കിലും റബി കാലമായ സെപ്റ്റംബർ– ഡിസംബർ പ്രത്യേകിച്ച് അനുയോജ്യമാണ്; നെൽപ്പാടത്തിന്റെ വരമ്പുകളിൽ നെല്ലിനൊപ്പംതന്നെ കൃഷി ചെയ്യാം. ധാന്യത്തിനായി കൃഷി ചെയ്യുമ്പോൾ ഒരേക്കക്കറിന് ഏകദേശം 20–26 കിലോ ഗ്രാം വിത്ത് വേണം; ഇനം, വിതയ്ക്കുന്ന രീതി എന്നിവനുസരിച്ച് അളവ് മാറും. KAU-ന്റെ Shreenanda (PTBCP-3) പോലുള്ള പുതിയ ഹ്രസ്വകാല ഇനങ്ങൾ റബി, വേനൽ നെൽപ്പാടങ്ങൾക്കായി KAU പുറത്തിറക്കിയിട്ടുണ്ട്; KAU Apurva (PTBCP-4) മറ്റൊരു പുതിയ ധാന്യവൻപയർ ഇനമാണ്. വിത്തിന് അനുയോജ്യമായ റൈസോബിയം സംസ്കരണം നൽകുന്നത് ശാസ്ത്രീയമായി പ്രയോജനകരമാണ്.