ഫിലിപ്പീൻസിലെ കോഗോൺ പബ്ലിക്ക് മാർക്കെറ്റിൽ അന്ന് സാധനങ്ങൾ വാങ്ങാനെത്തിയവർ അതുകണ്ട് അത്ഭുതപ്പെട്ടു; പൊതുവെ ഫിലിപ്പീൻസിലെ വളരെ തിരക്കുപിടിച്ച വിപണിയാണ് കോഗോൺ. പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ, മത്സ്യം, മാംസം എന്ന് വേണ്ട എന്തും ഏതും കോഗോൺ മാർക്കെറ്റിൽ കിട്ടും. അവിടുത്തെ ഏറ്റവും വലിയ പ്രാദേശിക വിപണി എന്നുതന്നെ പറയാം. ഈയടുത്ത കാലത്താണ്-കൃത്യമായി പറഞ്ഞാൽ-2025 ഓഗസ്റ്റ് മാസം ഒരു പ്രത്യേക തരം പഴം മാർക്കെറ്റിൽ കൈവണ്ടികളിൽ കച്ചവടക്കാർ വില്പനയ്ക്ക് നിരത്തിവച്ചിരിക്കുന്നു. അതിൽ തന്നെ ആളുകളെ ആകർഷിക്കാൻ വേണ്ടി കുറച്ചു പഴങ്ങൾ നന്നായി മുറിച്ച് ഉൾഭാഗം തുറന്നും വച്ചിട്ടുണ്ട്; നല്ല ഓറഞ്ച് നിറം കലർന്ന മഞ്ഞനിറമുള്ള അകക്കാമ്പ്. പഴത്തിന്റെ പുറംതോലിന് നല്ല കട്ടിയുണ്ട്, ബ്രൗൺ കലർന്ന പച്ചനിറവുമാണ്.

To advertise here,

സ്വാഭാവികമായും പുതിയ ഒരതിഥിയെ മാർക്കറ്റിൽ അങ്ങോളമിങ്ങോളം കണ്ടപ്പോൾ ആളുകൾ അവയ്ക്കു ചുറ്റും കൂടി; ചോദ്യങ്ങളായി, അന്വേഷണങ്ങളായി. ചിലർ അത് തൊട്ടും തലോടിയും നോക്കി. മറ്റു ചിലർ രുചിച്ചു നോക്കി. വിളഞ്ഞുപഴുത്ത മാമ്പഴത്തിന്റെയും പപ്പായയുടെയും തണ്ണിമത്തന്റെയും സമ്മിശ്രസ്വാദുള്ള അകക്കാമ്പ്. കണ്ടാൽ ഒരു ചെറിയ നാളികേരമോ സപ്പോട്ടയോ പോലിരിക്കും. ഉള്ളിൽ നാലഞ്ചു വിത്തുകളും. എന്തായാലും അടുത്ത ഒരു മണിക്കൂർ കൊണ്ട് അന്ന് മാർക്കറ്റിൽ എത്തിയ ആ സവിശേഷ ഫലം മുഴുവൻ തീർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. ഇതാണ് വന്നു, കണ്ടു, കീഴടക്കി എന്ന് പറയുന്നതുപോലെ ഒരു മധുരഫലത്തിന്റെ മനംമയക്കാനുള്ള സവിശേഷസിദ്ധി. ഇതാണ് "ചുപ്പാ ചുപ്പാ" എന്ന് പേരായ മധുരഫലത്തിന്റെ നാടകീയമായ രംഗപ്രവേശം.

ചുപ്പാ ചുപ്പയുടെ പട്ടണപ്രവേശം

ആമസോണിൽ ഉഷ്ണമേഖലയിലുള്ള ഏറ്റവും ഉൾഭാഗത്തെ അഗാധവനങ്ങളുടെ സന്തതിയാണ് "ചുപ്പാ ചുപ്പാ" എന്ന മധുരഫലം. അവിടുത്തെ ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു എന്നീ പ്രദേശങ്ങളിലാണ് ഇത് സമൃദ്ധമായി വളരുന്നത്. "ക്വാറാറിബിയ കോർഡേറ്റ"എന്ന് സസ്യനാമം. ആമസോൺ നദീതടത്തിലെ വനമേഖലയിലാണ് ഇത് സാധാരണ വളർന്നുകാണുന്നത്. ഏകദേശം 20 മുതൽ 45 മീറ്റർ വരെ ഉയരത്തിൽ വളരാൻ കഴിവുള്ള വൻവൃക്ഷമാണിത്. ഏതാണ്ട് ഇലപൊഴിയുന്ന സ്വഭാവവും. അമേരിക്കൻ സപ്പോട്ട എന്നും പേരുണ്ട്. പല നിലകളിലുള്ള ഒരു ഗോപുരം പോലെ വളയങ്ങൾ പോലെ തുറന്നു ക്രമീകരിച്ചതാണ് ഇതിന്റെ ശിഖരങ്ങൾ. ഹൃദയാകൃതിയുള്ള കടുംപച്ചിലകൾ. ഈ ഇലകൾ ശിഖരാഗ്രങ്ങളിൽ കൂട്ടത്തോടെ വളരുന്നതുകൊണ്ടുകൂടെയാണ് പൊതുവെ ഈ മരത്തിന് ബഹുനില ആകൃതി കൈവരുന്നത്. അർദ്ധ-ഇലപൊഴിയും സ്വഭാവമാണ് ഈ മരത്തിന്റെ പ്രത്യേകത. പഴയ ഇലകൾ കൊഴിയുകയും പുതിയവ വളരുകയും ചെയ്യുന്നതിനിടയിൽ, വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രം ഇലകൾ നഷ്ടപ്പെടുന്ന പ്രകൃതം; ഇവയെ പൊതുവെ "സെമി-ഡെസീഡുവസ്ന്നാ"എന്നാണ് പറയാറ്. ചുപ്പാ ചുപ്പാ മരം ഈ വിഭാഗത്തിൽ പെട്ടതാണ്.

പൂക്കളാകട്ടെ ചെറുതാണ്; ഇളംറോസ് നിറമോ, ക്രീം നിറമോ, മഞ്ഞനിറമോ ആകാം. സുഗന്ധവാഹികളാണ് പൂക്കൾ. ഇവ രാത്രികാലത്താണ് വിടരുക. ചിത്രശലഭങ്ങൾ, തേനീച്ചകൾ, ഹമ്മിങ് പക്ഷികൾ എന്നിവയാണ് പരാഗകാരികൾ. പൂക്കൾ മരത്തിന്റെ പ്രധാന തടിയിലും ശിഖരങ്ങളിലും ക്രമരഹിതമായ വിധം കൂട്ടമായി വിടരും. ജന്മനാടായ ആമസോൺ മേഖലയിൽ ഈ പൂക്കൾ ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് വിടരുന്നത്. കായ്കൾ ഉണ്ടാകുന്നതും മൂക്കുന്നതും ഫെബ്രുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിലും. ഇവയാണ് സ്വാദിഷ്ടമായ ചുപ്പാ ചുപ്പാ പഴങ്ങൾ. പുറംലോകം അറിഞ്ഞുതുടങ്ങിയിട്ടു അധികം നാളായിട്ടില്ലെങ്കിലും ഉഷ്ണമേഖലാ കാലാവസ്ഥയുള്ള പ്രദേശങ്ങളിലെല്ലാം ഇപ്പോൾ ചുപ്പാ ചുപ്പാ ക്രമാനുഗതമായി വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് പറയാം. ആ അർത്ഥത്തിൽ ഇത് കേരളത്തിലെ അംഗീകൃത നഴ്സറികളിലും എത്തിച്ചേർന്നിട്ടുണ്ട്.

ഏകീകൃത വിലയല്ല ഇവയ്ക്ക് എന്നുമറിയുക. ഓൺലൈനായും തൈകൾ കിട്ടാനുണ്ട്. പക്ഷേ, വലിയ വില എന്നാണ് കാണുന്നത്. 1500 മുതൽ 5000 രൂപ വരെയാണ് ഇതിനു സ്വകാര്യ നഴ്സറികൾ ഈടാക്കുന്നത്. ഒരു പക്ഷേ, പ്രചാരത്തിലധികം ആയിട്ടില്ല എന്നുള്ളതും പഴത്തിന്റെ അന്യൂനമായ സവിശേഷതകൾ അറിയുന്നതുകൊണ്ടും കൂടെയാകാം ഈ വില എന്നുവേണം കരുതാൻ. എന്നാൽ കേരള കാർഷിക സർവകലാശാല പോലുള്ള ഏജൻസികൾ ഇത്തരം ഉഷ്ണമേഖലാഫലങ്ങളുടെ തൈകൾ ഉല്പാദിപ്പിക്കാൻ മുന്നോട്ടുവന്നാൽ വിലയിൽ ഒരു പരിധിവരെ നിയന്ത്രണം വരുത്താൻ കഴിഞ്ഞേക്കും. പക്ഷേ, അത് ആവശ്യത്തിനുല്പാദിപ്പിക്കാൻ സംവിധാനം വേണമെന്ന് മാത്രം.

സോഷ്യൽ മീഡിയയുടെ താരം

ലോകശ്രദ്ധ നേടിയിട്ട് അധികം നാളായിട്ടില്ലാത്ത ചുപ്പാ ചുപ്പാ പഴത്തിന് ദക്ഷിണ ഫിലിപ്പീൻസിലെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം നൽകിയ പിന്തുണയും പ്രചാരവും ചെറുതല്ല. സമൂഹമാധ്യമങ്ങൾക്ക് ഒരു നല്ല കാര്യത്തെ എത്രമാത്രം പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിയും എന്നതിന് ഉത്തമദൃഷ്ടാന്തമാണ്‌ ഓൺലൈൻ പ്ലാറ്റ്​ഫോം വഴി ചുപ്പാ ചുപ്പാ പഴത്തിനു കിട്ടിയ സാർവ്വജനീനത. അഗാധവനമേഖലകളിൽ വളർന്നിരുന്ന ഒരു മധുരഫലം അങ്ങനെയാണ് ലോകശ്രദ്ധ നേടുന്നതും. അപൂർവമായ ഈ പുതുമുഖ ഫലത്തിന്റെ വ്യത്യസ്തമായ മധുരം, അത്'ആസ്വദിക്കാനുള്ള വ്യത്യസ്തവും എന്നാൽ പരിചിതവുമായ വിധം തുടങ്ങി സമൂഹ മാധ്യമങ്ങൾ ഇതിന്റെ നിരവധി മേന്മകളാണ് അടിയ്ക്കടി പ്രചരിപ്പിച്ചത്.

സമ്മിശ്രരൂചിയുള്ള ഈ ഫലത്തെ കുറിച്ചുള്ള യാഥാർഥ്യങ്ങൾ പ്രചരിച്ചതോടെ ബുക്കിഡ്നോണിലെ കർഷകർ ഇത് കൂടുതൽ വളർത്താനും വിൽക്കാനും താല്പര്യം കാട്ടി എന്നതാണ് വാസ്തവം. മാത്രമല്ല ഈ പഴത്തിന്റെ പോഷകമേന്മകളും വലിയതോതിൽ പ്രചരിപ്പിച്ചു. കൂടാതെ 2025 ഒക്ടോബർ മാസം 10 മുതൽ 17 വരെ മനിലയിലെ കാറ്റിപുനാൻ ഗ്രൗണ്ടിൽ നടന്ന ഫ്രൂട്ട്സ് ആൻഡ് ഫുഡ് ഫെസ്റ്റിവലിലും ചുപ്പാ ചുപ്പാ പഴങ്ങൾക്ക് വലിയ സ്വീകാര്യതയാണ് കിട്ടിയത്. അവിടെ ഇത് കിലോയ്ക്ക് 200 പെസോയ്ക്കും (ഫിലിപ്പീൻസിലെ കറൻസി) വെറുതെ സ്വാദ് നോക്കാൻ താല്പര്യമുള്ളവർക്ക് ഒരു കഷണം പഴം 50 പെസോയ്ക്കുമാണ് വിറ്റുപോയത്. ഓൺലൈനിൽ ഈ പഴത്തിന്റെ മേന്മയും സ്വാദും കണ്ടുംകേട്ടും തിരിച്ചറിഞ്ഞവർ അതിനു വലിയ പ്രചാരം നൽകി; ചുരുക്കത്തിൽ അങ്ങനെ ചുപ്പാ ചുപ്പാ ഫ്രൂട്ട് വൈറലാകുകയും ചെയ്തു!

നാട്ടുമാമ്പഴം പോലെ ചപ്പിക്കഴിക്കാം!

ഒരർഥത്തിൽ ചുപ്പാ ചുപ്പാ ഫലത്തിന് കൂടുതൽ പ്രചാരം വളരെ വേഗം കിട്ടാനിടയാക്കിയത് അതിന്റെ ഉപയോഗരീതിയാണ് എന്ന് പറയാം. സവിശേഷമായ ഉപയോഗരീതി മാത്രമല്ല സാധാരണ ഉപഭോക്താക്കൾക്ക് വേഗം ഇഷ്ടപ്പെടുന്ന ഉപയോഗരീതിയും. കേരളത്തിൽ സമൃദ്ധമായ മാമ്പഴത്തിന്റെ കാര്യം തന്നെ നോക്കൂ; പഴുത്ത മാങ്ങ പൂളി കഷ്ണങ്ങളാക്കി കഴിക്കുന്നത് നല്ലതുതന്നെ. ഒരു സദസ്സിൽ ഒരു പക്ഷേ, അതാണ് നല്ലതും. എന്നാൽ അധികം വലിപ്പം വയ്ക്കാത്ത നമ്മുടെ നാട്ടുമാമ്പഴങ്ങളുടെ കാര്യം എടുത്താലോ? നിന്ന നിൽപ്പിൽ അത് ഒരറ്റം ഒന്ന് കടിച്ചുമുറിച്ചു അതിന്റെ സ്വാദിഷ്ടമായ ചാറ് വലിച്ചുകുടിക്കുന്നതു എന്തുമാത്രം ആസ്വാദ്യകരമാണ്! രസകരമാണ്! അതൊരു പ്രത്യേക അനുഭവവുമാണല്ലോ. പഴുത്ത മാങ്ങകൾ ചപ്പിക്കഴിക്കുന്നതാണിത്. മാമ്പഴക്കാലമായാൽ മാമ്പഴം ചപ്പിക്കഴിക്കുന്നത് മധുരമുള്ള ഒരു അനുഭവമാണ്.

ചുപ്പാ ചുപ്പാ പഴത്തിന്റെ കാര്യവും ഇതുതന്നെ; "ചുപ്പാർ" എന്ന സ്പാനിഷ് പദത്തിന് ചപ്പുക വലിച്ചുകുടിക്കുക എന്നൊക്കെയാണർത്ഥം. നമ്മുടെ നാട്ടു മാമ്പഴം പോലെതന്നെ ചുപ്പാ ചുപ്പയും ചപ്പിയോ വലിച്ചോ കുടിക്കുന്നതാണ് ഏറെ ആസ്വാദ്യകരം എന്നതിനാലാണ് ഈ പഴത്തിനും ചപ്പി കുടിയ്ക്കുന്നത് എന്ന അർത്ഥത്തിൽ ചുപ്പാ ചുപ്പാ എന്ന് വിളിപ്പേര് കിട്ടിയത്. ഈ ഫലം വളരെ വേഗം പ്രചാരം നേടാനും കാരണം, ഇതിന്റെയുള്ളിലെ മധുരതരമായ ചാറ് അനായാസം വലിച്ചുകുടിക്കുന്ന രീതിയാണ്.

കൊളമ്പിയയിലുടനീളം ഈ പഴം 'ചുപ്പാ’ എന്നുതന്നെയാണ് അറിയപ്പെടുന്നത്. അവിടുത്തുകാർ പഴുത്ത പഴങ്ങളുടെ നാറുനിറഞ്ഞ ഉൾഭാഗത്തിൽ നിന്ന് ചാറ് വലിച്ചുകുടിയ്ക്കുകയാണ് പതിവ്. ഇനി ഇത് ഇങ്ങനെത്തന്നെ കഴിക്കണം എന്ന് നിർബന്ധമില്ല; പഴത്തിന്റെ പുറംതൊലി സാവകാശം പൊളിച്ചു നല്ല തെളിഞ്ഞ ഓറഞ്ച് നിറമുള്ള ഉൾഭാഗത്തെ കാമ്പ്, ഐസ്​ക്രീം പോലെ സ്‌കൂപ്പ് ചെയ്തെടുത്തു കഴിക്കുകയും ആവാം. അല്പം ഉപ്പു കൂടെ തളിച്ച് കഴിക്കാനും ഇത് ആസ്വാദ്യകരമാണ്. ജ്യൂസ്, സ്മൂത്തി എന്നിവ തയാറാക്കാനും ഇതിന്റെ കാമ്പ് ഉത്തമം.

കൃഷിയറിവുകൾ

ആമസോണിലെ പ്രാദേശിക ജനവിഭാഗങ്ങൾ പണ്ടുമുതൽക്കേ വളർത്തിവരുന്ന ചുപ്പാ ചുപ്പാ പഴങ്ങൾ അവരുടെ മുഖ്യ ഭക്ഷ്യവിഭവങ്ങളിലൊന്നാണ്. മൃദുവായ, നീരുനിറഞ്ഞ പഴവും ആമസോണിലെപോലെ വൈവിധ്യമാർന്ന ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരാനുള്ള കഴിവുമാണ് ഈ അപൂർവ ഫലത്തെ രാജ്യാന്തര ശ്രദ്ധയിൽ എത്തിച്ചതും ഉഷ്ണമേഖലാപഴത്തോട്ടങ്ങളുടെ അവിഭാജ്യ ഭാഗമാക്കിയതും. വളർത്താൻ താരതമ്യേന എളുപ്പമാണ് ചുപ്പാ ചുപ്പാ മരം. പ്രത്യേകിച്ച് ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലും. മൂന്നു മുതൽ നാല് വർഷത്തെ വളർച്ച വേണം മരം കായ്കൾ പിടിക്കാൻ. നല്ല നീർവാർച്ചയുള്ള മണ്ണിൽ, മിതമായ നനവുള്ള സ്ഥലങ്ങളിൽ ചുപ്പാ ചുപ്പാ നന്നായി വളരുന്നതായി കണ്ടിരിക്കുന്നു. നീണ്ടുനിൽക്കുന്ന വരൾച്ചയുള്ളപ്പോൾ നന നിർബന്ധമാണ്. എങ്കിലേ കാര്യമായി കായ്കൾ പിടിക്കുകയുള്ളൂ. ഭാഗികമായ തണലും തകരാറില്ല, എങ്കിലും നല്ല വളർച്ചയ്ക്ക് നല്ല സൂര്യപ്രകാശം അനിവാര്യമാണ്.

അമിതമായ ഉയരത്തിൽ വളരുന്നത് നിയന്ത്രിക്കാൻ ചെറിയ തോതിൽ കൊമ്പുകോതൽ ശുപാർശ ചെയ്യുന്നുണ്ട്. അത്യാവശ്യം അഗ്രശിഖരം മുറിച്ചും നിർജീവമായ ശിഖരങ്ങൾ നീക്കിയും രോഗബാധിതമായ ശിഖരങ്ങൾ ഒഴിവാക്കിയും തിങ്ങി ഞെരുങ്ങി വളരുന്ന കൊമ്പുകൾ മുറിച്ചു നീക്കി വായൂസഞ്ചാരം ഉറപ്പാക്കിയും മരത്തിന്റെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കാം. പ്രത്യേകിച്ച് വീട്ടുവളപ്പിലും വലിയ വീപ്പകളിലും വളർത്തുമ്പോൾ ഇത്തരം ചില പരിചരണങ്ങൾ ഗുണം ചെയ്യും. വിളവെടുത്തുകഴിഞ്ഞു മാത്രമേ കൊമ്പുകോതൽ നടത്താൻ പാടുള്ളൂ. അടുത്ത സീസണിലേക്ക് കൂടുതൽ പുതുമുളകളും ശിഖരങ്ങളും വളരാനും കൂടുതൽ കായ് പിടിക്കാനും ഇതുപകരിക്കും.

വളം, വളപ്രയോഗം

ജൈവവളങ്ങളും അത്യാവശ്യം രാസവളമിശ്രിതവും ഒക്കെ വേണ്ടവിധം നൽകിയാൽ ചുപ്പാ ചുപ്പാ നിറവിളവ് തരും. വളരുന്ന ഘട്ടത്തിൽ 2-3 മാസം കൂടുമ്പോൾ ജൈവവളങ്ങൾ ചേർക്കാം. ഇതിനു ലഭ്യതയനുസരിച്ചു ഉണങ്ങിപ്പൊടിഞ്ഞ ചാണകം, വേപ്പിൻ പിണ്ണാക്ക്, എല്ലു പൊടി, കമ്പോസ്റ്റ് എന്നിവയിൽ ഏതും ഉപയോഗിക്കാം. കൂടാതെ ഉണങ്ങിയ ഇലകൾ, തൊണ്ടിൻ കഷണങ്ങൾ എന്നിവ കൊണ്ട് ചെടിയുടെ തടത്തിൽ പുതയിടുകയും ചെയ്യാം. ഇതിൽ എല്ലുപൊടി പോലെ ഫോസ്‌ഫറസ്‌ അടങ്ങിയ ജൈവവളം ചെടിയുടെ പുഷ്പിക്കലും കായ് പിടിത്തവും ത്വരിതപ്പെടുത്തും. കൂടാതെ പൊതുവെ ഫലവൃക്ഷങ്ങൾക്കു അനുയോജ്യമായ എൻ-പി-കെ അനുപാതമുള്ള രാസവളമിശ്രിതങ്ങളും നൽകാം. ഇവിടെ 10:10:10 എന്ന വളമിശ്രിതം ചേർക്കാം; അതും രണ്ടുമൂന്നു മാസം കൂടുമ്പോൾ മാത്രം.

ചാണകപ്പൊടി തന്നെ വേപ്പിൻപിണ്ണാക്ക്, ട്രൈക്കോഡെർമ എന്നിവ ചേർത്ത് നൽകുന്നതും വളരെയേറെ ഗുണകരമാണ്. ഇതിനു 10 കിലോ ഉണങ്ങിയ ചാണകം പൊടിച്ചത്,100-200 ഗ്രാം ട്രൈക്കോഡെർമ വിരിഡെ, ഒരു കിലോ വേപ്പിൻ പിണ്ണാക്ക് ലഭ്യതയനുസരിച്ചു, വെള്ളം ആവശ്യത്തിന് എന്നതാണ് തോത്. ഉണങ്ങിയ ചാണകപ്പൊടിയും, വേപ്പിൻ പിണ്ണാക്കും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ചു വെള്ളം തളിച്ച് ചാണകം ചെറുതായി നനയ്ക്കുക. ഇതിലേക്ക് ട്രൈക്കോഡെർമ പൊടി വിതറി നന്നായി ചേർക്കുക. ഇത് ഒരു ചാക്കിലോ പ്ലാസ്റ്റിക്ക് കവറിലോ ഇട്ടു തണലുള്ള സ്ഥലത്തു 10 ദിവസത്തോളം മൂടി വയ്ക്കുക. 10 ദിവസം കഴിഞ്ഞു ഈ മിശ്രിതം ചെടികളുടെ ചുവട്ടിൽ മണ്ണിൽ ചേർക്കാം. ഇത് രോഗബാധകൾ തടയും ചെടികളുടെ വളർച്ച വർധിപ്പിക്കുകയും ചെയ്യും.

സസ്യസംരക്ഷണം

കായ് ഈച്ചകൾ, ചില തരം ചെല്ലികൾ, പക്ഷികൾ, അണ്ണാൻ, മരപ്പട്ടി തുടങ്ങിയവയാണ് ചുപ്പാ ചുപ്പാ പഴങ്ങളുടെ മുഖ്യ ശത്രുക്കൾ. ഇക്കൂട്ടത്തിൽ കായ് ഈച്ചകൾ പഴത്തിന്റെ അകക്കാമ്പിൽ കടന്നുകൂടി അത് ഉപയോഗശൂന്യമാക്കുന്നു. നമുക്ക് പരിചിതമായ മാമ്പഴത്തിലും മറ്റുമുള്ള കായ് ഈച്ചകൾ പോലെയാണിത്. മീതൈൽ യൂജിനോൾ കെണികൾ വച്ചും ഇഞ്ചിപ്പുൽ തൈലം, യൂക്കാലി തൈലം എന്നിവ തളിച്ചും ഒക്കെ കായ് ഈച്ചകളെ കുടുക്കുകയൊ അകറ്റുകയോ ചെയ്യാം. ഈച്ച കുത്തിയ കായ്കൾ മരച്ചുവട്ടിൽ വീണുകിടന്ന് അഴുകാനിടയാകാതെ മാറ്റി വൃത്തിയാക്കുക.

മെയ് ബീറ്റിൽ എന്നുപേരായ ഒരു തരം വണ്ടുകൾ അഥവാ ചെല്ലികൾ ചുപ്പാ ചുപ്പാ മരങ്ങളെ പിടികൂടാറുണ്ട്. ഇവയുടെ പുഴുക്കൾ വേരുകളെയും വണ്ടുകൾ ഇലകളെയും നശിപ്പിക്കും. മരത്തിന്റെ ചുവട്ടിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചു ചേർക്കുന്നത് മണ്ണിലെ പുഴുക്കളെ കൊല്ലാൻ ഉപകരിക്കും. കൂടാതെ മിത്രകുമിളായ ബിവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മരത്തിന്റെ ചുവട്ടിലും മണ്ണിലും ഒഴിക്കുക. ഇതും വണ്ടിന്റെ പുഴുക്കളെ നശിപ്പിക്കും.വിളക്കുകെണികൾ വച്ചും രാത്രികാലത്തു വണ്ടുകളെ കുടുക്കി നശിപ്പിക്കാം. പഴങ്ങൾ തിന്നും ചവച്ചുതുപ്പിയും കേടു വരുത്തുന്ന അണ്ണാനെ നിയന്ത്രിക്കാൻ മരത്തടിയിൽ ഷീറ്റോ വലയോ കെട്ടാം. പഴങ്ങൾ വലയോ തുണിയോ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കാം. പഴയ സിഡികൾ, ചെറിയ കാറ്റാടികൾ തുടങ്ങിയവ മരത്തിന്റെ ശിഖരങ്ങളിൽ കെട്ടിത്തൂക്കിയിടുന്നത് ഇവയുടെ വരവും ഉപദ്രവവും തടയും.

കാര്യമായ രോഗബാധകളൊന്നും ചുപ്പാ ചുപ്പായ്ക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും വളരുന്നിടത്തെ അമിതമായ ഈർപ്പവും സ്വതന്ത്രമായ വായൂസഞ്ചാരത്തിന്റെ അഭാവവും ചുവട്ടിലെ വെള്ളക്കെട്ടും ഒക്കെ ചില കുമിൾബാധകൾക്കിടയാക്കാം. ഫലങ്ങൾ നിറം മാറി അഴുകുക, ചെടിയുടെ ചുവട്ടിൽ കുമിൾബാധയുണ്ടാകുക, ഇലകളിൽ പുള്ളിക്കുത്തുകൾ അസാധാരണമാം വിധം വീഴുക, ഇലകൾ തന്നെ അകാലത്തിൽ പൊഴിയുക തുടങ്ങി കുമിൾബാധയുടെ സൂചനകൾ പലതാണ്. യഥാസമയം തിങ്ങിഞെരുങ്ങിയും ഇടകലർന്നും വളരുന്ന ശിഖരങ്ങൾ ആവശ്യാനുസരണം മുറിച്ചുനീക്കിയും ഇലകളിലും കായ്‌കളിലും അമിതമായ ഈർപ്പം തങ്ങിനിൽക്കാതെ നോക്കിയും മരച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിച്ചും കുമിൾ ബാധകൾ പൊതുവെ ഒഴിവാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള എന്തെങ്കിലും രോഗസാന്നിധ്യം കണ്ടാൽ ചെമ്പ്‌ അധിഷ്ഠിതമായ ഒരു കുമിൾനാശിനിയോ, ബോർഡോമിശ്രിതമോ അല്ലെങ്കിൽ വേപ്പെണ്ണ എമൽഷൻ പോലുള്ള ജൈവകീടനാശിനികളോ അതിരാവിലെ തളിച്ച് അത് ഗുരുതരമാകാതെ നോക്കാം.

ഒറ്റ ഇനം, നേരിയ വ്യത്യാസങ്ങൾ

ചുപ്പാ ചുപ്പാ പഴത്തിന് പ്രാഥമികമായി അറിയപ്പെടുന്ന ഒറ്റ ഇനം മാത്രമേയുള്ളൂ എന്ന് പറയാം. പേരെടുത്ത വാണിജ്യ ഇനങ്ങളൊന്നും തല്ക്കാലം നിലവിലുള്ളതായി അറിവില്ല. എങ്കിലും പ്രകൃതിദത്തമായ ചില വ്യത്യാസങ്ങൾ ഇതിലുണ്ട്. പഴത്തിന്റെ വലിപ്പത്തിൽ 6 മുതൽ 15

സെ.മീറ്റർ വരെ വലിപ്പവ്യത്യാസം കാണാറുണ്ട്. അതുപോലെതന്നെ പഴത്തിനു ദീർഘ വൃത്താകൃതി മുതൽ മുട്ടയുടെ ആകൃതി വരെയാകാം. ചിലതിൽ നാരിന്റെ അംശം കൂടുതലായിരിക്കും; എന്നാൽ മറ്റുചിലതിൽ നാരിന്റെ അംശം കുറവായിരിക്കും. ഇതിൽ നാരു കുറവുള്ള ഇനങ്ങൾ മേന്മയുള്ളതും ഫ്രഷ് ആയിത്തന്നെ കഴിക്കാൻ പാകത്തിലുള്ളതുമാണ്. പുതിയ ഇനങ്ങൾ കണ്ടെത്തുന്നതിലും സ്ഥിരീകരിക്കുന്നതിലുമുള്ള ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. നാരു കൂടുതലുള്ള ഇനങ്ങൾ ജ്യൂസ് തയാറാക്കാൻ ഉപയോഗിക്കുകയും ചെയ്തുവരുന്നു.

ചുപ്പാ ചുപ്പാ ദ്രുതവളർച്ചാസ്വഭാവമുള്ള ഫലവൃക്ഷമാണ്. വിത്തുതൈകൾ വളർന്നു കായ്കൾ തരാൻ 5 മുതൽ 6 വർഷം വരെയെടുക്കും. എന്നാൽ, വശം ചേർത്തൊട്ടിക്കൽ വഴി ഉല്പാദിപ്പിക്കുന്ന ഒട്ടുതൈകൾ 3 മുതൽ 4 വർഷം കൊണ്ട് കായ്കൾ ഉത്പാദിപ്പിക്കാൻ തുടങ്ങും. നന്നായി പരിചരിച്ചു വളർത്തുന്ന ഒരു മരത്തിൽ നിന്ന് 300 മുതൽ 1000 ചുപ്പാ ചുപ്പാ പഴം വരെ കിട്ടും. പഴങ്ങളുടെ 30 മുതൽ 40 ശതമാനം വരെ പൾപ്പായിരിക്കും. പഴുത്ത പഴത്തിന്റെ പൾപ്പിൽ നിന്ന് ആസ്വാദ്യകരമായ ഒരുതരം സുഗന്ധം (ഫ്രൂട്ടി ഫ്ലേവർ) പുറപ്പെടുകയും ചെയ്യും. പുളി താരതമ്യേന കുറഞ്ഞ പഴമാണിത്. പഴങ്ങൾക്ക് നേരിയ നിറവ്യത്യാസം ഉണ്ടാകുമ്പോൾ തന്നെ അവ വിളവെടുക്കാറാണ് പതിവ്. പഴുത്ത പഴം അതേപടി കഴിക്കാം എന്നതിനുപുറമെ അവ ഫ്രൂട്ട് ബൗൾ, സ്മൂത്തി, സിറപ്പ്, സിപ്പപ്പ്, ഐസ്ക്രീം, സോസ് തുടങ്ങിയവ തയ്യാറാക്കാനും ഉപയോഗിക്കുന്നു.

കരോട്ടിൻ സമൃദ്ധമായ പഴം

മോഹിപ്പിക്കുന്ന ഓറഞ്ചു കലർന്ന മഞ്ഞനിറം കണ്ടാൽ തന്നെ ചുപ്പാ ചുപ്പാ പഴം കരോട്ടിൻ സമൃദ്ധമാണെന്ന് മനസിലാക്കാം.കൂടാതെ ജീവകം എ,ജീവകം സി,കാൽസിയം, ഫോസ്‌ഫറസ്‌, നാര് എന്നിവയാലും സമൃദ്ധം. 100 ഗ്രാം പൾപ്പിൽ തന്നെ 2400 മ്യു.ജി കരോട്ടീൻ അടങ്ങിയിരിക്കുന്നു. ഇതാകട്ടെ ശരീരത്തിൽ വച്ച് ജീവകം എ ആയി രൂപാന്തരപ്പെടുകയും ചെയ്യും. ഈർപ്പാംശം ആണ് കൂടുതൽ; 85.3 ഗ്രാം. പ്രോട്ടീൻ 0.129 ഗ്രാം. കൊഴുപ്പ് 0.10 ഗ്രാം.നാര് 0.5 ഗ്രാം.കാൽസിയം 18.4 മില്ലിഗ്രാം. ഫോസ്ഫറസ് 25.2 മിലിഗ്രാം, ഇരുമ്പുസത്ത് 0.44 മില്ലിഗ്രാം, തയാമിൻ 0.031 മില്ലിഗ്രാം. റിബോഫ്ളാവിൻ 0.023 മില്ലിഗ്രാം എന്നിങ്ങനെയാണ് പോഷകങ്ങളുടെ തോത്.

നാരുസമൃദ്ധമാകയാൽ ദഹനസഹായി ആണ്. ദഹന വ്യവസ്ഥയുടെ ആരോഗ്യത്തിനും ഉത്തമം. ഉയർന്ന തോതിലുള്ള ജീവകം സിയുടെ സാന്നിധ്യം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. രോഗബാധകളെ ഫലവത്തായി തടയുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുന്നു.നിരോക്സീകാരസ്വഭാവം കോശങ്ങളെ സംരക്ഷിക്കുകയും അവയവങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യും. ശ്വസന വ്യവസ്ഥയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഉപകാരപ്രദം. ജീവകങ്ങളും ധാതുക്കളും ധാരാളം ഉള്ളതിനാൽ പൊതുവായ ആരോഗ്യത്തിനും ഉത്തമം.

സംരക്ഷണവും പ്രധാനം

ഓരോ പ്രദേശത്തിന്റെയും "സിഗ്നേച്ചർ ഫ്രൂട്ട്" എന്ന നിലയ്ക്ക് ശ്രദ്ധനേടുന്ന ഫലങ്ങൾ നിരവധിയാണ്. ഇപ്പോൾ പ്രചാരം നേടിവരുന്ന വിദേശഫലങ്ങളൊക്കെയും ഇത്തരത്തിൽ ഓരോ ദേശത്തിന്റെയും അടയാളമായി മാറി, ആധുനിക കാലത്ത് വിപണനം വഴി മറ്റുരാജ്യങ്ങളിൽ എത്തുകയും അവിടങ്ങളിൽ ഏറെ പ്രചാരം നേടുകയും ചെയ്തിട്ടുണ്ട്. ഇതിനുദാഹരണങ്ങൾ നിരവധിയാണ്. ചുപ്പാ ചുപ്പാ പഴത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. സാധാരണഗതിയിൽ ഒരു പ്രദേശത്തു മാത്രം ഒതുങ്ങി നിൽക്കുന്ന മധുരതരമായ സവിശേഷ ഫലങ്ങൾ അവയുടെ അസാധാരണ മധുരവും മേന്മകളും പുറംലോകം അറിയുന്നതോടെ കൂടുതൽ ഡിമാൻഡിലേക്ക് എത്താറുണ്ട്. അന്നോളം പ്രാദേശിക ആവശ്യത്തിന് മാത്രമായി ഉപയോഗിച്ചിരുന്ന ഇത്തരം ഫലങ്ങൾ അതോടെ ലോകവ്യാപകമായി അറിയപ്പെടുകയും അവയ്ക്കു സാമാന്യം നല്ല വിലയും വിപണിയും ഉണ്ടാകുകയും അതാകട്ടെ ഈ ഫലത്തിന്റെ പരിധിവിട്ട ഉപയോഗത്തിലേക്കും ചൂഷണത്തിലേക്കും പോകുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോൾ ചുപ്പാ ചുപ്പാ പഴവും.

ആമസോൺ വനമേഖലയിൽ വളർന്നിരുന്ന ഈ പഴം, നിരന്തരമായ വനനശീകരണവും വരൾച്ചയും രാസമലിനീകരണവും നിമിത്തം നിലനിൽപ്പിന് തന്നെ പ്രതിസന്ധി നേരിടുകയാണ്. പ്രാദേശിക കർഷകർ ഇവയുടെ തൈകൾ കൂടുതൽ വ്യാപകമായി കൃഷി ചെയ്യുകയും സുസ്ഥിര കൃഷി സമ്പ്രദായത്തിന് പ്രാമുഖ്യം നൽകുകയും ചെയ്താൽ മാത്രമേ ഇതിനു പരിഹാരം ആകുകയുള്ളു. മറ്റു ഫലവർഗങ്ങളെ പോലെ ചുപ്പാ ചുപ്പാ വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങിയിട്ടില്ല. വനത്തിലെ ആവാസ വ്യവസ്ഥയെ ആശ്രയിച്ചാണ് വലിയൊരു പരിധിവരെ ഇതിന്റെ നിലനിൽപ്പ് തന്നെ. ഇവിടെയാണ് ആമസോൺ മഴക്കാടുകൾക്കു സംഭവിക്കുന്ന നാശ നഷ്ടം ചുപ്പാ ചുപ്പാ പഴത്തെയും അതിന്റെ ജനിതകപരമായ ബന്ധുക്കളെയും പ്രതിസന്ധിയിലാക്കുന്നത്. ഇതിനെല്ലാം പരിഹാരം ഒന്നേയുള്ളൂ-കൂടുതൽ സ്ഥലത്തു സാദ്ധ്യമുള്ളിടത്തെല്ലാം ചുപ്പാ ചുപ്പയുടെ നല്ല തൈകൾ നട്ടുവളർത്തുക, പരിപാലിക്കുക. നല്ല തൈകൾ ഇപ്പോൾ സ്വകാര്യ നഴ്സറികളിൽ വാങ്ങാനും സൗകര്യമുണ്ട്.