രു നാടോടിക്കഥയിൽനിന്ന് തുടങ്ങാം; ഫിലിപ്പീൻസിൽ പ്രചാരത്തിലുള്ള ഒരു കഥയാണ്. ക്ഷീണിച്ചവശനായ ഒരു യാചകൻ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോഴാണ് നിറയെ കായ്‌കളുമായി നിൽക്കുന്ന ഒരു ഫലവൃക്ഷം യാദൃശ്ചികമായി കാണുന്നത്. ദിവസങ്ങളായി എന്തെങ്കിലും കഴിച്ചിട്ടുണ്ടായിരുന്നില്ല. അയാൾ ആർത്തിയോടെ ആ മരത്തിനരികിലെത്തി. മുന്തിരിക്കുലകൾ പോലെ പിടിച്ചു കിടക്കുന്ന കായ്കൾ ആർത്തിയോടെ അടർത്തിയെടുത്തു കഴിച്ചു. പെട്ടെന്നാണ് അയാൾ മറിഞ്ഞുവീണത്. നിമിഷങ്ങൾക്കുള്ളിൽ ആ യാചകൻ മരിക്കുകയും ചെയ്തു. ഈ സംഭവം അറിഞ്ഞ ഗ്രാമവാസികൾ സത്യം എന്തെന്നറിയാതെ പിന്നീട് കുറേ നാൾ ആ പഴം കഴിക്കാൻ എടുത്തിരുന്നതേയില്ല.

To advertise here,

കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതിസുന്ദരിയായ ഒരു യുവതി ആ ഗ്രാമത്തിലെത്തി. കണ്ടാൽ ഒരു മാലാഖയെന്നോ, അന്യദേശത്തുനിന്നുള്ള ഒരു സ്ത്രീയെന്നോ തോന്നും. അതേ മരം നിറയെ പഴയതുപോലെ നിറയെ കായ്കൾ പിടിച്ചുകിടക്കുന്നതു കണ്ട് അവൾ അതിൽ നിന്ന് കുറേ പഴങ്ങൾ അടർത്തിയെടുത്തു കഴിച്ചു. വിളഞ്ഞ പഴങ്ങളുടെ പുറംതൊലി വിരലുകൾ കൊണ്ട് നുള്ളിനീക്കി അവ കഴിക്കാൻ തുടങ്ങി. പഴങ്ങൾ കഴിച്ച ആ യുവതി സന്തോഷത്തോടെ നൃത്തം വയ്ക്കുകയും ചെയ്‌തു. ഇത് കണ്ട് ഗ്രാമവാസികൾ ഒന്നടങ്കം ആ പഴങ്ങൾ ഇറുത്തെടുക്കാനും ആ യുവതിയോടൊപ്പം ചേർന്ന് പഴങ്ങൾ കൂട്ടത്തോടെ കഴിക്കാനും തുടങ്ങി.

അങ്ങനെ അന്ന് ആ മാലാഖയായ യുവതി കണ്ടെത്തിയ പഴത്തിന് പുറത്ത് അവളുടെ നഖത്തിന്റെ പാടുകൾ ഉണ്ടെന്ന് ഫിലിപ്പീനോകൾ ഇന്നും വിശ്വസിക്കുന്നു. അതുകൊണ്ടുകൂടിയാണ് ഫിലിപ്പീൻസിൽ ഈ സവിശേഷ ഫലത്തിന് ഇന്നും വലിയ പ്രചാരവും ധാരാളം ആരാധകരും. ഇതാണ് ഡുക്കോങ്ങ് എന്ന മധുരഫലം.

നാലുനാൾ നീളുന്ന വിളവെടുപ്പുത്സവം!

ഓരോ തരം വിളകൾക്കും അത് വളരുന്ന പ്രദേശത്തു വിളവെടുപ്പിനോടനുബന്ധിച്ചു ആഘോഷപൂർവം വിളവെടുപ്പുത്സവങ്ങൾ നടത്തുക പതിവാണ്. ഇതിനു രാജ്യകാലാന്തരഭേദമില്ല. അതാതിടത്തെ ജനങ്ങളുടെ ജീവിതത്തിന് ആശ്രയമാകുന്ന, താങ്ങും തണലുമാകുന്ന, അതിജീവനത്തിനുപകരിക്കുന്ന വിളകളുടെ വിളവെടുപ്പ് എല്ലായ്‌പോഴും വലിയ ആഘോഷമായാണ് നടത്തുക. ഫിലിപ്പീൻസിലെ കമിഗ്വിൻ ദ്വീപിൽ മമ്പാജാവോയിൽ എല്ലാ വർഷവും ഒക്ടോബർ മൂന്നാമത്തെ ആഴ്ചയാകുമ്പോൾ ഒരു വിളവെടുപ്പുത്സവം അരങ്ങേറും. ഇതിന് ‘ലാൻസോൺസ് ഫെസ്റ്റിവൽ’ എന്നാണ് പേര്. പേര് സൂചിപ്പിക്കുന്നതുപോലെ അസാധാരണമായ മധുരമുള്ള ലാൻസോൺ പഴങ്ങളുടെ സമൃദ്ധമായ വിളവെടുപ്പിനോടുള്ള ആഹ്ലാദകരമായ സമീപനത്തിന്റെ സൂചകമായാണ് അവർ ഈ ഉത്സവം ആഘോഷിക്കുന്നത്.

ലാൻസോൺ ഉത്സവത്തിന്, ലാൻസോൺ ഫെസ്റ്റിവൽ എന്ന പേര് കിട്ടിയത് ‘ലാൻസോൺ’ എന്ന വാക്കിൽ നിന്ന് തന്നെയാണ്. അതും ലാൻസിയം പാരാസിറ്റിക്കം അഥവാ ലാൻസിയം ഡൊമസ്റ്റിക്കം എന്ന ഉഷ്ണമേഖലാ ഫലവൃക്ഷങ്ങളുടെ പേരിൽ നിന്നും. പൊതുവെ ഇവയുടെ സാധാരണ പേരുകൾ ലാങ്‌സാറ്റ്, ലാൻസോൺ എന്നൊക്കെ തന്നെയാണ്. ഇവയുടെ ഗോളാകൃതിയുള്ള ചെറിയ പഴങ്ങൾക്ക് മഞ്ഞനിറമുള്ള പുറംതൊലിയാണ്. ഉൾഭാഗം സുതാര്യവും ഭക്ഷ്യയോഗ്യവും മധുരമുള്ളതും. കമിഗ്വിൻ ലോങ്‌കോങ് എന്ന മധുരഫലത്തിന്റെ മുഖ്യഉൽപ്പാദനകേന്ദ്രവുമാണ്. ഇവിടെ വളരുന്ന പഴങ്ങൾക്ക് മാത്രം എങ്ങനെയാണ് ഇത്ര മധുരം കിട്ടുന്നത്? ഇതിനു പ്രധാന കാരണം ഇവിടുത്തെ അഗ്നിപർവതം പൊട്ടിയൊഴുകി തണുത്തുറഞ്ഞ വളക്കൂറുള്ള ലാവാ മണ്ണും അതിലടങ്ങിയിട്ടുള്ള പൊട്ടാസിയം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ സാന്നിധ്യവുമാണ് എന്ന് കണ്ടിരിക്കുന്നു.

സവിശേഷമായ ഈ മണ്ണിൽ വളരുന്നതിനാലാണ് ഈ പഴങ്ങൾക്ക് അതിമധുരം കിട്ടുന്നെതെന്നാണ് വിദഗ്ദ്ധമതം. ഒരു ഡസനോളം അഗ്നിപർവതങ്ങളാൽ ചുറ്റപ്പെട്ട കമിഗ്വിൻ പ്രദേശത്തു ഇന്നും രണ്ടു അഗ്നിപർവതങ്ങൾ സജീവമാണ് എന്നതാണ് ഏറ്റവും കൗതുകകരം. ഇവിടുത്തെ സവിശേഷമായ മണ്ണിലും കാലാവസ്ഥയിലും വളരുന്ന ലാൻസോൺ പഴങ്ങൾക്ക് ‘കമിഗ്വിൻ ലാൻസോൺ’ എന്ന പേര് നൽകണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. ഇത്തരത്തിൽ ആദ്യത്തെ ലാൻസോൺ ഫെസ്റ്റിവൽ നടത്തിയത് 1979 ലായിരുന്നു. കായികവിനോദങ്ങൾ, മേളകൾ, സാംസ്കാരിക പരിപാടികൾ, വിനോദ പരിപാടികൾ, വെടിക്കെട്ട് തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

ഉത്സവത്തോടനുബന്ധിച്ചു നിരവധി മേശകളിലായി ഡുക്കോങ് പഴങ്ങൾ സമൃദ്ധമായി നിരത്തി വയ്ക്കും. ആളുകൾക്ക് ഇവ ആവശ്യത്തിനെടുത്തു കഴിക്കാം. അതും സൗജന്യമായി തന്നെ. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ലാൻസോൺ ഉത്സവത്തിലൂടെ ഫിലിപ്പീൻസിലെ ബൊഹോൾ കടലിൽ സ്ഥിതിചെയ്യുന്ന കമിഗ്വിൻ ദ്വീപിന്റെ കാർഷികസമൃദ്ധി പുറംലോകത്തെ അറിയിക്കാനുള്ള ശ്രമങ്ങളും ഇന്നും ഇവർ തുടരുന്നു. ഒപ്പം ഇവിടുത്തെ പ്രധാന ഫലസസ്യ വിളയായ ഡുക്കോങ് പഴങ്ങളെ നിലനിർത്താനും.

ഡുക്കോങ്ങിന്റെ വെല്ലുവിളി

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഡുക്കോങ് പഴവുമായി ബന്ധപ്പെട്ട് ഒരു വെല്ലുവിളിയോ മത്സരമോ നിലവിലുണ്ട്. ‘ഈറ്റ് റ്റിൽ യു ഡ്രോപ്പ്’ എന്നാണത് അറിയപ്പെടുന്നത്. കഴിയുന്നിടത്തോളം ഡുക്കോങ് പഴങ്ങൾ കഴിക്കൂ എന്നാണിതിനർത്ഥം. മധുരവും പുളിയും ഇടകലർന്ന ഡുക്കോങ് പഴങ്ങൾ ഒരാൾക്ക് എത്രത്തോളം കഴിക്കാൻ സാധിക്കും എന്നറിയാനുള്ള ഒരു മത്സരം തന്നെയാണിത്. ഇതിനു ചില നിയമങ്ങളുമുണ്ട്. ഇതിലൊന്ന് പഴത്തിന്റെ സുതാര്യമായ കാമ്പിനുള്ളിലെ പരന്ന പച്ചനിറമുള്ള വിത്തുകൾ ചവയ്ക്കരുത് എന്നതാണ്. കാരണം അബദ്ധവശാൽ ചവച്ചാൽപോലും അത് കയ്പുരസമുള്ളതാണ്. രുചികരമായ അകക്കാമ്പ് മാത്രം കഴിക്കുക. വിത്ത് പുറത്തേക്കു തുപ്പിക്കളയുക. മത്സരമാണെങ്കിൽ പോലും അമിതമായി പഴങ്ങൾ കഴിക്കുന്നതും ശുപാർശ ചെയ്യുന്നില്ല.

ഡുക്കോങ്ങിന്റെ ചാർച്ചക്കാരെ കൂടെ പരിചയപ്പെടേണ്ടതുണ്ട്. ഇവർ മൂന്നു പേരാണ്. ഡുക്കൂ, ലോങ്‌കോങ്, ലാങ്സാറ്റ് എന്നിവരാണിവർ. ഇവർക്കുതമ്മിൽ ചെറിയ ചില വ്യത്യാസങ്ങളുമുണ്ട്. ഇക്കൂട്ടത്തിൽ ലോങ്‌കോങ്ങിന്റെ പുറംതൊലി സാമാന്യം കട്ടിയുള്ള തുകൽ പോലെയാണ്. എന്നാൽ പഴത്തിന് കറയില്ല. പുളിയും മധുരവും സമതുലിതമായ പഴമാണ് ലോങ്‌കോങ്. ഗോളാകൃതിയുള്ള പഴം, തെല്ലു വലിപ്പമുള്ളത്. പുറംതൊലി നീക്കാൻ എളുപ്പമാണ്. പഴങ്ങൾ കുലകളായി ഇറുങ്ങു പോലെ പിടിക്കും. അകക്കാമ്പിന് മുന്തിരിയുടെയോ തേനിന്റെയോ രസം.

ഡുക്കൂ ആകട്ടെ ഏറ്റവും കട്ടിയുള്ള തോലാണ് ഉള്ളത്. കറയില്ല, അതിമധുരവും നേരിയ സുഗന്ധവും വലിയ കാമ്പുമാണ് ഇതിന്റെ പ്രത്യേകതകൾ. ലാങ്സാറ്റ് എന്ന പഴത്തിന് പുറംതൊലി വളരെ കനംകുറഞ്ഞതാണ്. തൊലി നീക്കുമ്പോൾ കറ കാര്യമായുണ്ട്. മധുരവും പുളിയും, അല്പം ജലാംശം കൂടുതലാണ്. ടാനിന്റെ അളവും തെല്ലു കൂടുതൽ. കായ്കൾ അത്ര ഞെരുക്കിയല്ല കുലയായി കാണുന്നത്. ഇതിൽ ഡുക്കോങ് തന്നെയാണ് സാമാന്യം നല്ല മധുരമുള്ളത്. അതുതന്നെ ഡുക്കൂ, ലാങ്സാറ്റ് എന്നിവയുടെ സങ്കരസന്തതിയും. ഇവ മൂന്നും തെക്കുകിഴക്കൻ ഏഷ്യയുടെ പടിഞ്ഞാറുഭാഗത്തു മലേഷ്യ, ഇൻഡോനീഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ ജന്മം കൊണ്ടതും.

ഡുക്കോങ് പരിചയം

തെക്കുകിഴക്കൻ ഏഷ്യയുടെ സന്തതിയായ ഡുക്കോങ് വനവൃക്ഷമായ മഹോഗണിയുടെ കുടുംബാംഗമാണ്. ഡുക്കൂ, ലാങ്സാറ്റ് എന്നീ പഴങ്ങളുടെ അടുത്ത ബന്ധുവാണ് ഡുക്കോങ്. ‘ലാൻസിയം ഡൊമെസ്റ്റിക്കം’ എന്ന് സസ്യനാമം. ഇടത്തരം ഉയരമുള്ള വൃക്ഷം. 10 മുതൽ 15 മീറ്റർ വരെ ഉയരം, 75 സെ.മീറ്റർ വരെ ഇലപ്പരപ്പ്‌. വനമേഖലകളിൽ പരമാവധി 30 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. നിത്യഹരിത സ്വഭാവമാണ് വൃക്ഷത്തിന്. വീട്ടുവളപ്പിലും മറ്റും വളർത്തുമ്പോൾ കൊമ്പു കോതി വളർത്തിയാൽ ഉയരം നിയന്ത്രിക്കാം. പച്ച കലർന്ന മഞ്ഞനിറമുള്ള പൂക്കൾ വലിയ ശിഖരങ്ങളിൽ താഴേക്ക് കുലകളായാണ് പിടിക്കുക.

ഫിലിപ്പീൻസിൽ പ്രചാരത്തിലുള്ള ഡുക്കോങ് ഇനങ്ങളാണ് ‘പേയ്‌റ്റെ’, ജോലോ എന്നിവ. കമിഗ്വിൻ, ജിങ്ഗൂങ്, ലഗുണ എന്നിവിടങ്ങളിലെ പ്രാദേശിക സവിശേഷതയാണ് ഈ ഇനം. ഇതിന് കുലകളിൽ 15 മുതൽ 25 വരെ കായ്കൾ വീതം പിടിക്കും. ഈ ഇനത്തിന് വിത്തുകളില്ല എന്നുതന്നെ പറയാം. ഒരു കയ്യിൽ പരമാവധി രണ്ടു വിത്ത് മാത്രമേ കാണൂ. ഒരു പോരായ്‌മ, അത്യാവശ്യം പഴുത്താലും ഇതിന് ചെറിയ തോതിൽ കറയുണ്ടാകും എന്നതാണ്. പഴുത്തു മൂന്നു ദിവസം കഴിഞ്ഞാൽ ഇതിൽ 16 ഡിഗ്രി ബ്രിക്സ് എന്നതാണ് പഞ്ചസാരയുടെ തോത്; ഇതിന്റെ പഴച്ചാറിൽ 100 ഗ്രാമിൽ 16 ഗ്രാം പഞ്ചസാര അടങ്ങിയിരിക്കുന്നു എന്നർത്ഥം. ജോലോ എന്ന ഇനത്തിന് കായിൽ ഒന്ന് മുതൽ മൂന്നു വിത്തുകൾ വരെയുണ്ടാകും. ഉഷ്ണമേഖലാപ്രദേശങ്ങളിൽ തന്നെ താരതമ്യേന ഉയരം കുറഞ്ഞ താഴ്ന്ന പ്രദേശങ്ങളിൽ വളരാൻ ഏറെ ഇഷ്‌ടപ്പെടുന്ന ഫലസസ്യമാണ് ഡുക്കോങ്. ഇളംചൂടും തുടർച്ചയായി ആർദ്രതയുമുള്ള കാലാവസ്ഥ ആണിഷ്ടം.

മൂന്നു കാര്യങ്ങളോട് ഡുക്കോങ്ങിന് യോജിപ്പില്ല. ഒന്ന് നീണ്ടുനിൽക്കുന്ന വരൾച്ച, മറ്റൊന്ന് മഞ്ഞുവീഴ്ച, മൂന്നാമത്തേത് വെള്ളക്കെട്ട്. 20 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയുള്ള അന്തരീക്ഷതാപനിലയാണ് ഉത്തമം. താപനില 15 ഡിഗ്രിയിലും താഴുന്നത് ഇതിനു അസഹ്യമാണ്. എന്നാൽ 70 മുതൽ 90 ശതമാനം വരെ അന്തരീക്ഷആർദ്രത ആകാം. നന്നായി വിതരണം ചെയ്തമട്ടിൽ കിട്ടുന്ന 1400 മുതൽ 3000 മില്ലിമീറ്റർ വരെയുള്ള മഴ അഭികാമ്യം. വരൾച്ച നീണ്ടുനിന്നാൽ കായ്കൾ കൊഴിയാനിടയുണ്ട്. നന്നായി വളർന്ന മരങ്ങൾക്ക് പൂർണ സൂര്യപ്രകാശം വേണ്ടപ്പോൾ, ചെറിയ തൈകൾക്ക് 50% മുതൽ 70% വരെ തണൽ ആവശ്യമാണ്. വെയിലേറിയാൽ കിളുന്നിലകൾ കൊഴിയാനും മതി.

വളപ്പറ്റും ആഴവുമുള്ള മണൽ കലർന്ന ലോം മണ്ണോ, ജൈവസമൃദ്ധമായ കളിമണ്ണോ, മണൽ കലർന്ന തീരദേശത്തെ മണ്ണോ ഒക്കെ ഇത് വളർത്താൻ സാധിക്കും. വെള്ളക്കെട്ട് തീരെ പാടില്ല. കാരണം വെള്ളം കെട്ടിയാൽ വേരുചീയൽ പോലുള്ള രോഗബാധയ്ക്കു സാധ്യത ഉണ്ട്. മണ്ണിന്റെ അമ്ല-ക്ഷാര നില 5.5 മുതൽ 7.0 എന്ന പരിധിയിലാവണം. പൊതുവെ ഡുക്കോങ്ങിന്റെ വേരുപടലം ആഴം കുറഞ്ഞതാകയാൽ, തടത്തിൽ ജൈവപുത ഇടുന്നത് നന്നായിരിക്കും. ഇത് മണ്ണിന്റെ താപനില ക്രമീകരിക്കുകയും ചെയ്യും.

ഡുക്കോങ് പ്രജനനം

വിത്തുവഴിയുള്ള പ്രജനനം ഡുക്കോങ്ങിൽ സാധ്യമെങ്കിലും ഇത് ശുപാർശ ചെയ്യുന്നില്ല. ഫലോത്പാദനം വളരെയധികം വൈകുന്നതും ഉണ്ടാകുന്ന കായ്കളുടെ ഗുണനിലവാരത്തിന് വലിയ വ്യത്യാസം ഉണ്ട് എന്നതിനാലും വിത്തുവഴിയുള്ള പ്രജനനം വിജയമല്ല. വിത്തുതൈകൾ ചിലയവസരങ്ങളിൽ 12 മുതൽ 25 വർഷം വരെ എടുക്കുമത്രേ കായ് പിടിക്കാൻ! അതുകൊണ്ട് ഈ ഫലസസ്യത്തെ കുറിച്ച് ഒരു പറച്ചിൽ പോലുമുണ്ട്. “നിങ്ങൾ ഡുക്കോങ് നട്ടുവളർത്തുന്നത് ഒരിക്കലും നിങ്ങൾക്കുവേണ്ടി ആണെന്ന് കരുതരുത്.. അടുത്ത തലമുറയ്ക്ക് വേണ്ടിയാണെന്ന് കരുതിയാൽ മതി” എന്ന്.

ഒട്ടിക്കൽ, പതിവയ്ക്കൽ രീതികളിലൂടെ തയാറാക്കുന്ന തൈകൾ ഭേദപ്പെട്ട പരിചരണത്തിൽ 5 മുതൽ 6 വർഷം കൊണ്ട് ഫലോത്പാദനം നടത്താൻ തുടങ്ങുന്നതായി കണ്ടിട്ടുണ്ട്. മാത്രമല്ല ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന തൈകൾ കൂടുതൽ മേന്മയും ഗുണങ്ങളുള്ളതുമാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ റൂട്ട് സ്റ്റോക്കായി എടുക്കുന്നത് കരുത്തും രോഗപ്രതിരോധശേഷിയുമുള്ള ഒന്ന് മുതൽ രണ്ടു വയസ്സ് വരെ പ്രായമുള്ള ഡുക്കുവിന്റെയോ, ലാങ്സാറ്റിന്റെയോ തൈകളാണ്. ഇവയുടെ തണ്ടിന്റെ വ്യാസം 6 മുതൽ 8 മില്ലിമീറ്റർ വരെ മതി. ഇനിയാണ് സയോൺ തെരഞ്ഞെടുക്കേണ്ടത്. ഇതിനു മൂത്ത അഗ്രഭാഗത്തുള്ള 10-20 സെ.മീറ്റർ നീളവും, സജീവ വളർച്ചയുമുള്ള ശിഖരങ്ങൾ തെരഞ്ഞെടുക്കണം. ഇതിലെ ഇലകൾ 1 -2 ആഴ്ച മുൻപുതന്നെ നീക്കാനായാൽ നന്ന്. ഇത് കമ്പിലെ പാർശ്വ മുകുളങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തും.

റൂട്ട് സ്റ്റോക്കിൽ 2 -3 സെ.മീറ്റർ നീളത്തിൽ ഒരു നീളൻമുറിവുണ്ടാക്കി അതിലേക്ക് സയോണിന്റെ ആപ്പ് പോലെ ചെത്തിക്കൂർപ്പിച്ച അറ്റം ഇറക്കി വയ്ക്കണം. ഒട്ടിച്ച ഈ ഭാഗം ഒരു പ്ലാസ്റ്റിക് നാട കൊണ്ട് ചുറ്റി കെട്ടുക. ഇങ്ങനെ ഒട്ടിക്കുന്ന തൈകൾ 80 % തണലിൽ വയ്ക്കാൻ ശ്രദ്ധിക്കണം. സയോണിൽ നിന്ന് പുതിയ ഇലകൾ വളരുന്നത് കണ്ടാൽ ഒട്ടിക്കൽ മാറ്റാം. ഇത്തരത്തിൽ ഒട്ടിച്ചെടുക്കുന്ന തൈകൾ 50 % തണൽ കിട്ടുന്നിടത്തു 7.5 X 7.5 മീറ്റർ ഇടയകലം നൽകി വേണം നടാൻ. എന്ന് മാത്രമല്ല ആദ്യത്തെ മൂന്നു വർഷക്കാലം തൈകളിൽ നേരിട്ട് കടുത്ത വെയിലടിക്കാതിരിക്കാനും ശ്രദ്ധിക്കണം.

വായുവിൽ പതിവച്ചും (എയർ ലെയറിങ്) ഡുക്കോങ്ങിൽ തൈകൾ ഉണ്ടാക്കാം. ഇതിനാദ്യം വേണ്ടത് ആരോഗ്യമുള്ള, പെൻസിൽ കനമുള്ള പ്രായപൂർത്തിയായ ഒരു ശിഖരം അമ്മച്ചെടിയിൽ കണ്ടെത്തുക എന്നതാണ്. ഇതിൽ 3 -4 സെ.മീറ്റർ അകലത്തിലായി രണ്ടു സമാന്തര മുറിവുകളുണ്ടാക്കുക. ഇവിടുത്തെ തൊലി ശ്രദ്ധാപൂർവം ഇളക്കിമാറ്റുക. ഇപ്പോൾ ശിഖരത്തിന്റെ ഉൾഭാഗം (കാതൽ )കാണാം. നനവുള്ള ഒരു കൈപ്പിടി സ്‌പാഗ്‌നം മോസ് എന്ന പായലോ, നനവുള്ള എന്നാൽ നീര് വലിഞ്ഞ കയർ പിത്തോ കൊണ്ട് ഈ ഭാഗം പൊതിയുക. മാധ്യമം ഇങ്ങനെ വയ്ക്കുന്നതിന് മുൻപായി കൈകൊണ്ടു പിഴിഞ്ഞിട്ടു വയ്ക്കുന്നതാണ് നന്ന്. നല്ല വൃത്തിയുള്ള ഒരു പ്ലാസ്റ്റിക്ക് ഷീറ്റു കൊണ്ട് ഇവിടം പൊതിയുക. പൊതിയുടെ രണ്ടറ്റവും ഒരു ട്വയിനോ ചരടോ കൊണ്ട് കെട്ടിയുറപ്പിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ പൊതിയുടെ ഉള്ളിൽ നിന്ന് നനവ് പുറത്തു പോകാൻ പാടില്ല. ഒപ്പം പുറത്തു നിന്ന് പൊതിയ്ക്കുളിലേക്കു വായൂ കടക്കാനും പാടില്ല.

ആറു മുതൽ പന്ത്രണ്ടു ആഴ്ച കൊണ്ട് പൊതിയ്ക്കുള്ളിൽ വേരുകൾ വളരുന്നത് കാണാം. വേരുകൾ നന്നായി വളർന്ന്, കാണാം എന്നാകുമ്പോൾ ശിഖരം പ്ലാസ്റ്റിക് പൊതിയ്ക്കു താഴെ വച്ച് മുറിച്ചെടുക്കുക. എന്നിട്ടു പോട്ടിങ് മിശ്രിതം നിറച്ച ഒരു ചട്ടിയിൽ നട്ട് നനവും തണലും തണുപ്പുമുള്ള സ്ഥലത്തു വയ്ക്കുക. പുതിയ തൈയ്ക്കു കരുത്തു വരുന്നതുവരെ ഇത് തുടരാം. ഇത് മൂന്നു മാസത്തെ വളർച്ചയാകുമ്പോൾ, വേരുഭാഗം (റൂട്ട് ബോൾ )പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടാം. വൈകുന്നേരമോ, അധികം വെയിലില്ലാത്ത ഒരു തണുപ്പുള്ള ദിവസമോ ഇത്തരത്തിൽ തൈ മാറ്റി നടാൻ ശ്രമിച്ചാൽ നന്നായിരിക്കും.

ഇവിടെ ഒരു കാര്യം കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്; ഒട്ടിക്കൽ കഴിഞ്ഞു ഒന്ന് മുതൽ രണ്ടു വർഷം പ്രായമായ ഡുക്കോങ് തൈ മാത്രമേ പ്രധാനകൃഷിയിടത്തിലേക്കു മാറ്റിനടാൻ എടുക്കാവൂ. ഈ ഘട്ടത്തിൽ തൈക്കു 30 മുതൽ 60 സെ.മീറ്റർ വരെ ഉയരമുണ്ടാകും.

തൈത്തണ്ടിനു 6 മുതൽ 8 മില്ലിമീറ്റർ വരെ കനമുണ്ടാകും. സാമാന്യം ദൃഢത വന്നിരിക്കും. കൂടാതെ പുതിയ ഇലകളും വന്നിട്ടുണ്ടാകും. ഇങ്ങനത്തെ തൈകളാണ് 7.5 X 7.5 മീറ്റർ അകലത്തിലെടുക്കുന്ന 60 X 60 സെ.മീറ്റർ വലിപ്പമുള്ള തൈക്കുഴികളിൽ നടുന്നത്. തൈ നടുന്നതിനുമുൻപ് കുഴി മേൽമണ്ണും 10 കിലോ വീതം ജൈവവളവും കലർത്തി മൂടിയിട്ടു വേണം നടാൻ.

ഇങ്ങനെ നടുമ്പോൾ തൈയ്യുടെ ഒട്ടുസന്ധി മൺനിരപ്പിന് 5 -10 സെ.മീറ്റർ മുകളിലാകാൻ ശ്രദ്ധിക്കണം. തൈകൾക്ക് 50 % തണൽ കിട്ടാനും സൗകര്യം വേണം. പ്രത്യേകിച്ച് ആദ്യത്തെ മൂന്നുവർഷക്കാലം. ആദ്യഘട്ടങ്ങളിൽ വാഴ, ശീമക്കൊന്ന, മുരിങ്ങ, അഗത്തി, പപ്പായ തുടങ്ങി നമുക്കുപയോഗമുള്ള ഏതു വിളയും ഇടവിളയായി വളർത്താം. ചെറിയ തയ്യായിരിക്കുമ്പോൾ ഡുക്കോങ്ങിന് നനവ് വേണം. എന്നാൽ വേരുഭാഗത്തു വെള്ളം കെട്ടാനും പാടില്ല. രണ്ടു വർഷത്തെ വളർച്ച നോക്കുക;എന്നിട്ടാണ് ആവശ്യമെങ്കിൽ കൊമ്പുകോതൽ നടത്തേണ്ടത്. ചിലയിടങ്ങളിൽ തൈക്കു 2 മീറ്റർ ഉയർച്ചയാകുമ്പോൾ തന്നെ അഗ്രമുകുളം അല്ലെങ്കിൽ അഗ്രഭാഗം നുള്ളി പാർശ്വ ശാഖകളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്ന പതിവുണ്ട്. ഇതാകട്ടെ തൈയുടെ കരുത്തും വളർച്ചയും നോക്കി മാത്രമേ ചെയ്യാവൂ.

പൊതുവിൽ മരത്തിന്റെ മുകൾഭാഗത്തിന് ഒരു തുറന്ന വളയത്തിന്റെ ആകൃതി കിട്ടും വിധമുള്ള കൊമ്പുകോതലാണ് ചെയ്യാറ്. ഇവിടെ ഒന്നിനുമീതെ ഒന്ന് എന്ന മട്ടിൽ വളർന്നുകിടക്കുന്ന ശിഖരങ്ങൾ, പരസ്പരം കുറുകെ വളരുന്ന ശിഖരങ്ങൾ, മരത്തിന്റെ ഉൾഭാഗത്തേക്ക് മുഖം തിരിച്ചുവളരുന്ന ശിഖരങ്ങൾ എന്നിവയാകും മുറിച്ചുനീക്കുക. ഇതാകുമ്പോൾ പിന്നീട് കായ്‌പിടിത്തവും മറ്റും നന്നാകുകയും വിളവെടുപ്പ് താരതമ്യേന എളുപ്പമാകുകയും ചെയ്യും. ഏറ്റവും താഴെയായി മണ്ണിൽ മുട്ടി വളരുന്ന ശിഖരങ്ങളും നീക്കണം. രോഗബാധിതമോ, മൃതശിഖരങ്ങളോ നീക്കുകയും വേണം. നന്നായി പൂക്കുന്ന ഘട്ടത്തിൽ കൊമ്പുകോതൽ പാടില്ല.

വിളവ്, വിളവെടുപ്പ്

ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഡുക്കോങ് വിളവെടുപ്പിനു ജൂൺ മുതൽ ഒക്റ്റോബർ വരെയുള്ള മാസങ്ങളിലാണ് തയാറാകുക. മരത്തിന്റെ പ്രധാന തടിയിലും വലിയ ശിഖരങ്ങളിലും മുന്തിരി പോലെ കുലകളായി കായ്‌കൾ പിടിക്കുന്ന പ്രകൃതമാണ് ഇതിന്. തായ്ത്തടിയിൽ തന്നെ പൂക്കളും പഴങ്ങളും ഉണ്ടാകുന്ന സ്വഭാവം. ഇതിന് "കോളിഫ്ളോറി" എന്നാണ് പറയുക. വിത്തുവിതരണവും പരാഗണവും എളുപ്പമാകാനും പഴക്കുലകളുടെ ഭാരം താങ്ങാനും ഈ പ്രത്യേകത സഹായിക്കും. പാകമാകുമ്പോൾ പഴങ്ങളുടെ കട്ടിയുള്ള തുകൽ പോലത്തെ പുറംതൊലി ഇളം മഞ്ഞനിറത്തിൽ നിന്ന് ഇളം ബ്രൗൺ കലർന്ന സ്വർണവർണമായി മാറും. കായ്കൾ കുലകളായി പിടിക്കുന്നതിനാൽ തന്നെ കൈ കൊണ്ടോ, നീളമുള്ള വടിയിൽ വലിയ കത്രിക പോലുള്ള ഉപകരണം ഘടിപ്പിച്ചോ ആണ് ശ്രദ്ധാപൂർവം വിളവെടുക്കുകയാണ് പതിവ്.

മറ്റൊരു കാര്യം കുലകളായി ഉണ്ടാകുന്നതിനാൽ തന്നെ ഒരു മരത്തിലെ പഴങ്ങളെല്ലാം ഒരേ സമയം തന്നെ വിളഞ്ഞു പാകമായിക്കൊള്ളണമെന്നില്ല. നാലോ അഞ്ചോ തവണയായി വിളവ് നോക്കി കായ്കൾ വിളവെടുക്കേണ്ടി വരാം. പഴുപ്പ് നോക്കി കായ്കൾ വിളവെടുക്കാൻ കഴിഞ്ഞാൽ കായ്കൾ മരത്തിൽ നിന്ന് അമിതമായി പഴുത്തു കൊഴിഞ്ഞുവീഴാതെ നോക്കാം. ഒരു കാര്യം കൂടെ ഇവിടെ ശ്രദ്ധിക്കാൻ പറയാറുണ്ട്; അത് പഴങ്ങൾ പുറത്തു അധികം ഈർപ്പം പറ്റിയിട്ടില്ലാത്ത സന്ദർഭത്തിൽ കഴിയുമെങ്കിൽ വിളവെടുക്കണം എന്നതാണ്. കാരണം നനവ് പറ്റിയ പഴങ്ങളാണ് വിളവെടുക്കുന്നതെങ്കിൽ അവ വേഗം കേടാകും. പ്രത്യേകിച്ച് അതിരാവിലെ അവയിൽ മഞ്ഞുതുള്ളികളോ നനവോ പറ്റിയിരിക്കുമ്പോൾ ആണെങ്കിൽ, അല്ലെങ്കിൽ നല്ല മഴയുള്ളസമയത്താണെങ്കിൽ അത്തരം പഴങ്ങളിൽ പിന്നീട് പൂപ്പൽ പിടിക്കാനും പഴങ്ങൾ വേഗം കേടാകാനും സാധ്യത ഏറെയാണ്.

ദൂരസ്ഥലങ്ങളിലേക്കു അയക്കാനാണെങ്കിൽ പഴങ്ങൾ ഏകദേശം 70 മുതൽ 80 ശതമാനം വരെ വിളയുമ്പോൾ തന്നെ വിളവെടുക്കാനും ശ്രദ്ധിക്കണം. വിളവെടുത്ത പഴക്കുലകൾ വായുസഞ്ചാരമുള്ള പോളി എത്തിലീൻ പ്ലാസ്റ്റിക് ബാഗുകളിൽ തണുത്ത, നേരിയ ഈർപ്പമയമുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കുകയും വേണം. രണ്ടിനങ്ങൾ ഡുക്കോങ്ങിനുണ്ട്; ടിപ്പിക്കയും പ്യുബെസെൻസും. ടിപ്പിക്കയുടെ കായ്കൾക്ക് ദീർഘചതുരാകൃതിയോ, ദീർഘവൃത്താകൃതിയോ ആകാം. പുറംതോലിന് തീരെ കനം കുറവ്. ചെറിയ വിത്തുകൾ. വിത്തിനെ പൊതിഞ്ഞിരിക്കുന്ന അല്ലിയ്ക്കു അൽപം കട്ടിയുണ്ടാകും. പ്യുബെസെൻസിന്റെ കായ്‌കൾ ഉരുണ്ട ആകൃതിയുള്ളതാണ്. വലിയ വിത്തുകൾ, അല്ലിയ്ക്കു കനം കുറവും കയ്പ്പുമുണ്ടാകും.

വളരുന്ന സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ചു ഡുക്കോങ്ങിൽ കായ്കളുടെ ഉത്പാദനത്തിലും സീസണിലും ചെറിയ വ്യത്യാസങ്ങളുണ്ട്. മലയയിൽ ജൂൺ -ജൂലായിലും ഡിസംബർ-ജനുവരിയിലും രണ്ടു തവണയായി ഇതിൽ കായ്കൾ പിടിക്കാറുണ്ട്. ചിലപ്പോൾ ഇത് ഫെബ്രുവരിയിലേക്ക് നീണ്ടുപോകാനും മതി. എന്നാൽ ഇന്തോനേഷ്യയിൽ കായ്കൾ പാകമാകുന്നത് ജനുവരി മുതൽ ഏപ്രിൽ വരെയാണ്. അപ്പോൾ അവിടെ മഴക്കാലവും. ഫിലിപ്പീൻസിലാകട്ടെ സീസൺ വളരെ കുറവാണ്. കഷ്ടിച്ച് ഒരു മാസം മാത്രം. ഇന്ത്യയിൽ ഇത് ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നീളാറുണ്ട്.

തായ്‌ലൻഡിൽ ആഗസ്റ്റിലും സെപ്റ്റംബറിലും ആണ് ഇതിന്റെ വിളവെടുപ്പുകാലം. തായ്‌ലൻഡിൽ ഒരു വർഷം ഒരു റായ് സ്ഥലത്തുനിന്നുള്ള (ഒരു റായ് =1600 ചതുരശ്ര മീറ്റർ ) ഉത്പാദനം ഒരു ടൺ ആണ്. ഇന്തോനേഷ്യയിൽ ഉത്പാദനം 228817 ടൺ വരെയുണ്ട്. ഫിലിപ്പീൻസിൽ ഒരു മരത്തിൽ നിന്നുള്ള പ്രതിവർഷ ശരാശരി ഉത്പാദനം 1000 പഴങ്ങൾ എന്ന തോതിലാണ്. നീലഗിരിയിൽ ഒരു മരത്തിൽ നിന്നുള്ള ശരാശരി ഉത്പാദനം 13.5 കിലോഗ്രാം കായ്കളും.

ഉപയോഗങ്ങൾ ഏറെ

വിവിധ രാജ്യങ്ങളിൽ ഡുക്കോങ്ങിന് പരമ്പരാഗതമായി തന്നെ പണ്ടേ നിരവധി ഉപയോഗങ്ങളുണ്ട്. പഴത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുള്ള ഒലിയോറെസിൻ അപായരഹിതമാണ്. ഒപ്പം അതിസാരം, പനി എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. തായ്‌ലൻഡിൽ പഴത്തൊലിയും അകക്കാമ്പും ഫേഷ്യൽ ടോണർ, വാഷ് ജയിൽ, ഫെയിസ് മാസ്ക്ക്, സ്‌കിൻ മോയിസ്ചറയ്സർ, വയിറ്റനിങ് ക്രീം എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നു. ഇതിനു പുറമെ ഇവയുടെ വിത്തുകൾക്ക് പനി കുറയ്ക്കാനും ചെടികൾക്കു അവയെ പ്രാണികളും കീടങ്ങളും ഉപദ്രവിക്കുന്നതിൽ നിന്ന് രക്ഷനേടാനുള്ള രാസവസ്തുക്കൾ ഉത്പാദിപ്പിക്കാനും സഹായിക്കുന്ന കഴിവുണ്ട്. കൂടാതെ വിത്തിന്റെ പുറംതൊലിയ്ക്കു കൊതുകുകളെ അകറ്റാനും കഴിവുണ്ട്.

ഇൻഡോനേഷ്യൻ നഗരമായ പാലുവിലെ പകുലി പ്രദേശത്തെ ആളുകൾ മരത്തിന്റെ തൊലി മലമ്പനിയുടെ ചികിത്സയിലും ഉപയോഗിക്കുന്നുണ്ട്. ഇതുതന്നെ ചൂടുവെള്ളത്തിൽ തിളപ്പിച്ചത് പനി കുറയ്ക്കാനും വേദനാസംഹാരിയായും ഉപയോഗിക്കാറുണ്ട്.

ജാവയിൽ ഇത് ഉണക്കി രോഗബാധിതരായവർ കിടക്കുന്ന മുറികളിൽ പുകയ്‌ക്കാൻ ഉപയോഗിക്കുന്നു. ബോർണിയോയിൽ പഴത്തൊലി ഉണക്കി പൊടിച്ചത് ടാൽക്കം പൗഡർ പോലെ സ്ത്രീകൾ ചർമ്മസംരക്ഷത്തിനും അമിതമായ വെയിലടിക്കുമ്പോൾ ചർമ്മത്തിന് ആവരണമായും ഉപയോഗിക്കാറുണ്ട്.

ഇവയുടെ വിത്തിനുമുണ്ട് നിരവധി ഉപയോഗങ്ങൾ. വിത്തുകൾ വെള്ളത്തിൽ കുതിർത്തു നന്നായി പൊടിച്ചു കുട്ടികളിൽ വീരനാശിനിയായി കൊടുക്കാറുണ്ട്. മരത്തൊലി ഉപയോഗിച്ച് തയാറാക്കുന്ന ലേപനം തേള് പോലുള്ള വിഷജീവികൾ കടിച്ചുണ്ടാകുന്ന മുറിവുകൾക്കു മരുന്നായും ഉപയോഗിക്കുന്നു. മരക്കറ (റെസിൻ ) അതിസാരചികിത്സയിലും നീർവീക്കത്തിനും വായുക്ഷോഭത്തിനും പേശികളുടെ കോച്ചി പിടിത്തത്തിനും മരുന്നാണ്. മരത്തിന്റെ തടി ഉപകരണങ്ങൾക്ക് കൈപ്പിടി ഇടാനും വീടുകളിലും മറ്റും തൂണുകളായും മേൽക്കൂര താങ്ങി നിർത്തുന്ന നീളൻ ബീമുകളായും ഉപയോഗപ്പെടുന്നു.

രോഗപ്രതിരോധവും ആന്റിഓക്‌സിഡന്റുകളും ഡുക്കോങ്ങും

ഡുക്കോങ് പഴം നിരോക്സീകാരകങ്ങളുടെ കലവറയാണ്. പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമാണ് ആന്റിഓക്‌സിഡന്റുകൾ. അർബുദം ഉൾപ്പടെ പല രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതാണിവ. ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഫ്രീ റാഡിക്കൽസ് എന്ന സ്വതന്ത്ര റാഡിക്കലുകളുടെ നശീകരണ പ്രവർത്തനങ്ങളെ പ്രതിരോധിക്കുകയാണ് ആന്റിഓക്‌സിഡന്റുകളുടെ പ്രധാനധർമം. ഇതുവഴി ഇവ നമ്മുടെ ശരീരത്തെ പല രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

പോളിഫിനോളുകൾ, ഫ്ളാവനോയിഡുകൾ, ലിമോനോയിഡുകൾ, എല്ലാജിക്ക് ആസിഡ് തുടങ്ങിയവയെല്ലാം ഈ വിധം പ്രയോജനപ്പെടുന്നു. കൂടാതെ 100 ഗ്രാം പഴത്തിൽ 9.5 ഗ്രാം കാർബോഹൈഡ്രേറ്റ്, 0.8 മുതൽ 2.3 നാര്, 0.8 ഗ്രാം പ്രോട്ടീൻ, 19 മുതൽ 20 മില്ലിഗ്രാം കാൽസിയം, 30 മുതൽ 35 മില്ലിഗ്രാം ഫോസ്ഫറസ്, 0.7 മുതൽ 0.9 മില്ലിഗ്രാം വരെ ഇരുമ്പുസത്ത്, 13 ഐ.യു ജീവകം എ, കൂടാതെ തയാമിൻ, റിബോഫ്ളാവിൻ എന്നിവയും അടങ്ങിയിട്ടുണ്ട്.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക, ദഹനസഹായി, മലബന്ധം തടയുക, ചർമസംരക്ഷണത്തിന് സഹായിക്കുക, ഊർജ്ജദായകമായി പ്രവർത്തിക്കുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുക തുടങ്ങി ഡുക്കോങ് പഴത്തിന് നിരവധി ആരോഗ്യമേന്മകളുമുണ്ട്. ഉയരം താരതമ്യേന കുറഞ്ഞ ലോ-റേഞ്ച് പ്രദേശങ്ങൾക്ക് യോജിച്ച ഫലവൃക്ഷം എന്ന നിലയ്ക്ക് ഡുക്കോങ് ഈയടുത്തകാലത്തായി ശ്രദ്ധ നേടിവരുന്നുണ്ട് എന്ന് പറയാം. സാമാന്യം നന്നായി വളർത്തുന്ന ചില കൃഷിസ്നേഹികളും കേരളത്തിലുണ്ട്.നഴ്സറികളിൽ നിന്ന് ഇതിന്റെ ഒട്ടുതൈകൾ വാങ്ങാനും അവസരമുണ്ട്.