ഇടുക്കിയുടെ മലഞ്ചെരുവുകളിലൂടെ വളവും പണി ആയുധങ്ങളും തലചുമടായി കൊണ്ടുപോകുന്ന കർഷകതൊഴിലാളികളുടെ ചിത്രം എല്ലാർക്കും സുപരിചിതമായിരിക്കും. മണിക്കൂറുകൾ പണിപ്പെട്ട് മലമുകളിലേക്ക് ഇവ ചുമന്നുകയറ്റുന്നതിന്റെ ബുദ്ധിമുട്ടും സാമ്പത്തിക ബാധ്യതയും കർഷകർക്ക് മുന്നിലെ വലിയ വെല്ലുവിളിയുമാണ്. എന്നാൽ കാലത്തിനൊപ്പം സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുന്ന കർഷകർ ഇപ്പോൾ പരിഹാരങ്ങൾക്ക് പിന്നാലെയാണ്. ഇത്തരത്തിൽ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് കൃഷിക്ക് പുതിയ മാനം കണ്ടെത്തുകയാണ് അനീഷ് ബേബി എന്ന യുവാവ്.
എറണാകുളം പെരുമ്പാവൂർ സ്വദേശിയായ അനീഷിന് പരമ്പരാഗതമായി കൈമാറി കിട്ടിയതാണ് ഇടുക്കി മേലേച്ചിന്നാറിലെ ആറ് ഏക്കർ ഭൂമി. കുരുമുളക് കൃഷി ചെയ്തിരുന്ന ഭൂമി കുത്തനെ ചെരിഞ്ഞ ഭൂമിയാണ്. 300 മീറ്റർ മാത്രമാണ് ഉയരമെങ്കിലും ഈ ചെങ്കുത്തായ ഭൂമിയുടെ ഏറ്റവും മുകളിൽ എത്തണമെങ്കിൽ 45 മിനിറ്റെങ്കിലും എടുക്കും. വളം ഉൾപ്പെടെയുള്ള ഭാരം ചുമന്നാണ് മല കയറുന്നതെങ്കിൽ സമയം ഇതിലും കൂടുതൽ എടുക്കും.
ബിസിനസുകാരൻ കൃഷിയിലേക്ക് തിരിഞ്ഞാൽ
ചെറിയ കുട്ടി ആയിരുന്ന അനീഷ് മേലേചിന്നാറിൽ എത്തിയപ്പോൾ ഒരു പട്ടി ഓടിച്ചു. പിന്നീട് ആ ഭൂമിയിലേക്ക് അനീഷിന് മടങ്ങിയെത്തണമെന്ന ചിന്തയേ ഉണ്ടായിട്ടില്ല. എന്നാൽ പ്രായാധിക്യത്തെ തുടർന്ന് പിതാവ് ആറേക്കർ ഭൂമിയുടെ ഉത്തരവാദിത്തം അനീഷിനെ ഏൽപ്പിച്ചപ്പോൾ ബിസിനസിനൊപ്പം കൃഷിയെ കൂടി ചേർത്തുപിടിക്കാമെന്ന ചിന്തയായി. എന്നാൽ ആദ്യം മുതലേ അനീഷിനെ കാത്തിരുന്നത് വലിയ പ്രതിസന്ധികളായിരുന്നു.
വളരെ കുറഞ്ഞ മുടക്കുമുതലിൽ കുറച്ച് ചാണകപ്പൊടി വാങ്ങി അനീഷ് മേലേചിന്നാറിൽ എത്തിച്ചു. എന്നാൽ അത് മുകളിലേക്ക് എത്തിക്കാൻ ചെലവായത് ലക്ഷങ്ങളായിരുന്നു. ഈ രീതിയിൽ കൃഷി മുന്നോട്ടുകൊണ്ടുപോകുക പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ അനീഷ് കൃഷി ഉപേക്ഷിക്കാനല്ല പരിഹാരം കണ്ടെത്താനാണ് ശ്രമിച്ചത്. റോഡ് വെട്ടാമെന്ന് ചിന്തയാണ് ആദ്യം ഉണ്ടായത്. എന്നാൽ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം അത് അസാധ്യമായിരുന്നു. മാത്രമല്ല, ഒരുപാട് സ്ഥലം വഴിക്കായി മാറ്റിവേക്കേണ്ട സാഹചര്യവും ഉണ്ടാകും. തുടർന്നാണ് ഒരു റോപ്പ് ഉപയോഗിച്ച് താഴേക്കും മുകളിലേക്കും വസ്തുക്കൾ എത്തിക്കാൻ സാധിക്കില്ലേ എന്ന ആശയത്തിലേക്ക് എത്തിയത്.
ബിബിഎ പഠിച്ച തനിക്ക് ഒരു മെഷീൻ നിർമ്മിക്കാൻ കഴിയുമോ എന്ന സംശയം പലരും പ്രകടിപ്പിച്ചെങ്കിലും "ആവശ്യമാണ് എല്ലാ കണ്ടുപിടുത്തങ്ങളുടെയും മാതാവ്" എന്ന തത്വത്തിലാണ് അനീഷ് വിശ്വസിച്ചത്. പല എൻജിനീയർമാരെയും സമീപിച്ചെങ്കിലും കുത്തനെയുള്ള ഈ ഭൂമിയിൽ റോപ്പ്‌വേ നിർമ്മിക്കാനുള്ള റിസ്‌ക് ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ നിവർത്തികേടുകൊണ്ട് സ്വന്തമായി ഡിസൈൻ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. സഹോദരൻ കൂടി ഒപ്പം ചേർന്നതോടെ പദ്ധതിയുമായി സധൈര്യം മുന്നോട്ടുപോയി. ആദ്യത്തെ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും ഒരോ വീഴ്ചയിൽ നിന്നും പാഠം ഉൾക്കൊണ്ട് അനീഷ് മുന്നോട്ടുകതന്നെ നീങ്ങി. ഒടുവിൽ ഒന്നിൽ പിഴച്ചാൽ മൂന്നെന്ന പോലെ മൂന്നാം ശ്രമത്തിൽ കുത്തനെയുള്ള തന്റെ കൃഷിയിടത്തിലൂടെ ആ റോപ്പ് വേ താഴേക്കും മുകളിലേക്കും വിജയകരമായി ചലിക്കുന്നത് അനീഷ് അഭിമാനത്തോടെ നേക്കി നിന്നു. കഴിഞ്ഞ ഒരു വർഷമായി ഈ റോപ്പ് വേ പ്രവർത്തിക്കുന്നു. എട്ടുമിനിറ്റുകൊണ്ട് 200 കിലോ ഭാരം വരെ താഴേ നിന്നും മുകളിലേക്ക് എത്തിക്കാവുന്ന വിധത്തിലാണ് റോപ്പ് വേ തയ്യാറാക്കിയിരിക്കുന്നതെന്ന് അനീഷ് പറയുന്നു. ഇത് അധ്വാനം കുറയ്ക്കുക മാത്രമല്ല, കൃഷിയിലെ ഉൽപ്പാദന ചിലവ് ഗണ്യമായി കുറയ്ക്കാനും സഹായിച്ചു.
കുരുമുളകിൽ നിന്ന് അവക്കാഡോയിലേക്ക്
പണ്ട് ഈ ആറേക്കർ സ്ഥലത്ത് നിറയെ കുരുമുളക് കൃഷിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കാലക്രമേണ കുരുമുളക് ചെടികൾ രോഗം ബാധിച്ചു നശിച്ചുപോയതോടെ കൃഷിരീതിയിൽ മാറ്റം വരുത്തണമെന്ന് അനീഷ് തീരുമാനിച്ചു. പലരും ഏലം കൃഷി ചെയ്യുന്നതിനെ കുറിച്ച് ഉപദേശിച്ചെങ്കിലും തന്റെ കൃഷിയിടത്തിൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാതെ കൃഷി ലാഭകരമല്ലെന്ന ബോധ്യത്തിൽ മറ്റെതെങ്കിലും വിളയിലേക്ക് തിരിയണമെന്ന ചിന്തയിലേക്ക് അനീഷ് എത്തി. ഏലം കൃഷിക്ക് സ്ഥിരം തൊഴിലാളികളെ ആവശ്യമാണ്. ഈ കുത്തനെയുള്ള സ്ഥലത്ത് അത് അസാധ്യമാണ്. തുടർന്ന് ഇടുക്കിയിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ 'അവക്കാഡോ' അഥവാ ബട്ടർ ഫ്രൂട്ട് കൃഷി ചെയ്യാമെന്ന് അദ്ദേഹം ഉറപ്പിക്കുകയായിരുന്നു. നിലവിൽ ആറ് ഏക്കറിൽ 600-ഓളം അവക്കാഡോ തൈകളാണ് അനീഷ് നട്ടുപിടിപ്പിച്ചിരിക്കുന്നത്.
അനീഷിന്റെ കൃഷിരീതിയിലെ മറ്റൊരു പ്രത്യേകത ഓരോ ചെടിക്കും നൽകിയിരിക്കുന്ന ടോക്കണുകളാണ്. 600 അവക്കാഡോ തൈകൾക്കും ഓരോ നമ്പറുകൾ നൽകിയിട്ടുണ്ട്. ഏതെങ്കിലും ഒരു ചെടിക്ക് അസുഖം ബാധിച്ചാൽ അത് കൃത്യമായി ട്രാക്ക് ചെയ്യാനും ആ ചെടിക്ക് മാത്രം മരുന്ന് നൽകാനും ഈ സംവിധാനം സഹായിക്കുന്നു. കൃത്യമായ 'പ്രിസിഷൻ ഫാമിംഗ്' (Precision Farming) രീതിയാണ് അനീഷ് പിന്തുടരുന്നത്. ഏതെങ്കിലും ചെടിക്ക് എന്തെങ്കിലും രോഗം ശ്രദ്ധയിൽപ്പെട്ടാൽ ആ ഭാഗത്തെ മാത്രം മണ്ണ് പരിശോധിച്ച് കൃത്യമായ വളപ്രയോഗം നടത്താൻ ഇതിലൂടെ സാധിക്കുന്നു. മണ്ണ് പരിശോധിച്ചും പി.എച്ച് (pH) വാല്യൂ നോക്കിയും ആവശ്യമുള്ള വളങ്ങൾ മാത്രം നൽകുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്.
അവക്കാഡോ വിളവെടുക്കാൻ മൂന്ന് വർഷമെങ്കിലും എടുക്കും എന്നതിനാൽ, ആ സമയം വരെ വരുമാനം ലഭിക്കാൻ ഇടവിളയായി വാഴയും അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ആദ്യ വർഷങ്ങളിൽ അവക്കാഡോ തൈകൾക്ക് തണൽ നൽകാനും ഈ വാഴകൾ സഹായിക്കുന്നു. താൻ നടത്തുന്ന ഈ കൃഷി ഒരു വെറും കൃഷിയായല്ല, മറിച്ച് ഒരു വ്യവസായമായി കാണാനാണ് അനീഷ് ഇഷ്ടപ്പെടുന്നത്.
"നഷ്ടമാണെന്ന് പറഞ്ഞ് കൃഷി ഉപേക്ഷിച്ചു പോകുന്നവർ അതിനെ ഒരു ബിസിനസ്സായി കാണാത്തതുകൊണ്ടാണ്" എന്ന് അനീഷ് പറയുന്നു. ഓരോ ചെടിയും ഓരോ മെഷീനായി സങ്കൽപ്പിക്കുകയാണെങ്കിൽ അതിൽ നിന്നും മികച്ച രീതിയിലുള്ള വരുമാനം ഉണ്ടാക്കാൻ സാധിക്കും.
അനീഷിന്റെ ഈ റോപ്പ്‌വേ മാതൃക ഇപ്പോൾ ടൂറിസം മേഖലയിലും ശ്രദ്ധിക്കപ്പെടുകയാണ്. വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള റിസോർട്ടുകൾ ഇത്തരം സംവിധാനം നിർമ്മിച്ചു നൽകാനായി അനീഷിനെ സമീപിച്ചിട്ടുണ്ട്. ഇടുക്കിയിലെയും വയനാട്ടിലെയും മറ്റ് കർഷകർക്കും ഇത് വളരെയധികം ഉപകാരപ്പെടുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അടുത്ത വർഷങ്ങളിൽ അവക്കാഡോ വിളഞ്ഞു തുടങ്ങുന്നതോടെ തന്റെ സ്വപ്നം പൂർണ്ണതയിലെത്തുമെന്ന പ്രതീക്ഷയിലാണ് അനീഷ് ബേബി. കഠിനാധ്വാനവും പുതുമയുള്ള ചിന്തകളും ഒത്തുചേർന്നാൽ കൃഷിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് ഈ യുവ ബിസിനസ്സുകാരൻ തെളിയിക്കുന്നു. കൃഷിയെ സ്നേഹിക്കുന്നവർക്കും പുതിയ പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്കും അനീഷ് ബേബി ഒരു വലിയ പ്രചോദനമാണ്.
Content Highlights: Discover how BBA graduate Aneesh Baby revolutionized steep farming in Idukki with an innovative ropeway and precision avocado farming.
Published: 18 Aug 2026, 03:33 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented