ഓസ്‌ട്രേലിയയിലെ തദ്ദേശവാസികൾ വനവിഭവങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ചെടി; വളർന്നിരുന്നതും വനങ്ങളിലായിരുന്നതിനാൽ ഇതിനെ ഒരു കാട്ടുചെടിയായാണ് കണ്ടിരുന്നതും. ഇവയുടെ പഴങ്ങൾ അവിടുത്തെ ആദിവാസികൾക്ക് പ്രിയങ്കരമായിരുന്നു. അവർ ഇതിന്റെ പഴങ്ങൾ പച്ചയ്ക്കുതന്നെ കഴിയ്ക്കുകയായിരുന്നു പതിവ്. ഇതവർക്കു പ്രകൃതി നൽകിയ ഒരു ഔഷധം കൂടെയായിരുന്നു. ജീവകം സിയുടെ സ്രോതസായിരുന്നു ഈ പഴങ്ങൾ. അതുകൊണ്ടുതന്നെ വനവാസികളായ ആദിവാസികൾക്ക് സ്കർവി എന്ന ഗുരുതരമായ രോഗം ബാധിച്ചാൽ അതിൽനിന്നു രക്ഷനേടാനുള്ള മാർഗം കൂടെയായിരുന്നു ഇത്. സ്കർവിയിൽനിന്ന് രക്ഷ നേടാൻ വനത്തിനുള്ളിൽ ആദിവാസികൾക്ക് പ്രകൃതി കരുതിവച്ച മരുന്നായിരുന്നു ഈ പഴം എന്ന് പറയാം. ഓസ്‌ട്രേലിയൻ ജനത വനവിഭവം എന്ന അർഥത്തിൽ ഈ ഫലസസ്യത്തിന്‌ ‘ബുഷ് ടക്കർ’ എന്നും പേര് നൽകി.

To advertise here,

ആധുനിക ഓസ്‌ട്രേലിയൻ ജനത ഈ ചെടിക്കു മറ്റൊരുപയോഗമാണ് കണ്ടെത്തിയത്. നഗരമധ്യത്തിലെ തങ്ങളുടെ മനോഹരമായ രമ്യഹർമ്യങ്ങൾക്ക് സ്വകാര്യത ഉറപ്പാക്കാൻ അവർ നഗരവത്കരണത്തിന്റെ ഭാഗമായി വീടുകൾക്ക് വേലി (പ്രൈവറ്റ് ഹെഡ്‌ജ്‌) തീർക്കാൻ തുടങ്ങി. ഓസ്‌ട്രേലിയയിൽ ഇത് ആളുകൾ പരക്കെ ഒരു വേലിമരമായി വളർത്താനും തുടങ്ങി. നഗരമധ്യത്തിലേക്ക് എത്തിയപ്പോഴാണ് ഇതിൽ നിറയെ പഴങ്ങൾ ഇറുങ്ങു പോലെ പിടിക്കുമെന്ന് നഗരവാസികൾക്ക് മനസ്സിലായി തുടങ്ങിയത്. അങ്ങനെ അവർ ഇത് കൂടുതൽ ശ്രദ്ധിക്കാനും തുടങ്ങി.

ദ്രുതഗതിയിലുള്ള വളർച്ചയും ഇടതൂർന്നു ഇലകൾ വളരുന്ന സ്വഭാവവും ആകർഷകമായ പൂക്കളും ശൈത്യകാലമാകുമ്പോൾ തിളക്കമുള്ള പിങ്ക്, ചുവപ്പ്‌ അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള ചെറിയ പഴങ്ങൾ മരംനിറയെ പിടിക്കുന്നതിന്റെ അഴകും ഒക്കെ കണ്ടപ്പോൾ ഇത് വെറുമൊരു വേലിമരമല്ലെന്ന് അവർക്കു ബോധ്യമായി. അങ്ങനെയാണ് ഇത് വേലിച്ചെടി എന്ന പദവിയിൽ നിന്ന് മാറി ഒരു അലങ്കാരഫലവൃക്ഷം എന്ന പദവിയിലേക്ക് എത്തുന്നത്. ഇതാണ് ‘ലില്ലി പില്ലി’ എന്ന ഫലസസ്യം. എങ്കിലും ഓസ്‌ട്രേലിയയിൽ വീടുകൾക്ക് സ്വകാര്യ ഇലച്ചാർത്തായി ലില്ലി പില്ലി മരങ്ങൾ സമൃദ്ധമായി വളർത്തുന്നുണ്ട്.

ഓസ്‌ട്രേലിയൻ സ്വദേശിയാണ് ലില്ലി പില്ലി. ഒരേസമയം അലങ്കാരസസ്യമാണ്; ഒപ്പം ഫലവൃക്ഷവും. ഇടതൂർന്നു വളരുന്ന ഇലകൾ നിറഞ്ഞ ശിഖരങ്ങളും ദ്രുതവളർച്ചാസ്വഭാവവും ഒക്കെയാണ് ഒരു വേലിമരം എന്ന നിലയ്ക്ക് ഇത് ആളുകൾക്ക് കൂടുതൽ ഇഷ്ടപ്പെടാനും കാരണം. തൊട്ടുതൊട്ടു വീടുകളുള്ള ഇടങ്ങളിൽ ഇത് സോളിഡ് ഗ്രീൻ വോൾ (Solid green wall )ആയി പ്രവർത്തിക്കുന്നു എന്നാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല, ഇതിന്റെ ഇലകളുടെ വളർച്ചയോടൊപ്പമുള്ള ഭാവമാറ്റങ്ങളും ഏറെ ശ്രദ്ധേയമാണ്; പുതുതായി വരുന്ന തളിരിലകൾക്കു നല്ല പിങ്ക് നിറമാണ്; ചിലപ്പോൾ ഇത് ചുവപ്പോ ചെമ്പുനിറമോ ആകാം. ഇതാണ് പിന്നീട് പൂർണ്ണവളർച്ചയാകുമ്പോൾ കടുംപച്ചയായി മാറുന്നത്.

വനങ്ങളിൽ വളർന്ന കുറ്റിച്ചെടി

ഓസ്‌ട്രേലിയ മുതൽ തെക്കു കിഴക്കൻ ഏഷ്യ, ദക്ഷിണ പസഫിക്ക്, ആഫ്രിക്ക മുതൽ മഡഗാസ്കർ വരെ നീളുന്ന ഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി വളർന്നിരുന്ന ഫലസസ്യമാണ് ലില്ലി പില്ലി. വനങ്ങളിൽ കുറ്റിച്ചെടിയായി വളർന്നിരുന്ന ഇവയുടെ പഴങ്ങൾ മനുഷ്യനും ഇവ ഭക്ഷിച്ചിരുന്ന മൃഗങ്ങളും വഴിയാണ് ദക്ഷിണാർദ്ധ ഗോളത്തിൽ വ്യാപിക്കുന്നത്. ഇവിടങ്ങളിലെ മണൽ മണ്ണിലും അഗ്നിപർവ്വതങ്ങൾ പൊട്ടിയൊഴുകിയ ലാവ തണുത്തുറഞ്ഞ മണ്ണിലും നല്ല നീർവാർച്ചയുള്ള മണ്ണിലും ഒക്കെ ഉഷ്ണമേഖലാ മഴക്കാടുകളിൽ വളർന്നിരുന്നു. തദ്ദേശീയരായ ഓസ്‌ട്രേലിയൻ നിവാസികൾ ഇവയെ ഒരേസമയം ആഹാരമായും ഔഷധമായുമാണ് ഉപയോഗിച്ചിരുന്നത്.

ജോസഫ് ബാങ്ക്സ് എന്ന സസ്യശാസ്ത്രജ്ഞന്റെ രേഖപ്പെടുത്തലിലാണ് ആദ്യമായി ലില്ലി പില്ലിയെ കുറിച്ച് പരാമർശമുള്ളത്. 1770-ൽ ക്യാപ്റ്റൻ ജയിംസ് കുക്കിന്റെ നേതൃത്വത്തിലുള്ള പര്യവേഷകസംഘം ഓസ്‌ട്രേലിയൻ തീരത്തു പ്രസിദ്ധമായ ബ്രിട്ടീഷ് റോയൽ നേവി കപ്പലായ എച്ച്.എം.എസ്. എൻഡവറിൽ എത്തിയ വേളയിലാണ് ചെറി പഴങ്ങളോട് സാമ്യമുള്ള ലില്ലി പില്ലി പഴങ്ങൾ വളർന്നു നിൽക്കുന്നത് ആദ്യമായി കാണാൻ ഇടയാകുന്നത്. ഇതാകട്ടെ കണ്ടമാത്രയിൽ തന്നെ കപ്പൽ ജോലിക്കാരും നാവികരും ധാരാളമായി കഴിക്കാനും തുടങ്ങി.

പുളിരസവും ജീവകം സിയുടെ സമൃദ്ധമായ സാന്നിധ്യവും ഉള്ളതിനാൽ ഇത് അക്കാലത്തു കപ്പൽയാത്രികരെ വല്ലാതെ അലട്ടിയിരുന്ന സ്കർവി (scurvy) എന്ന ഗുരുതരമായ രോഗത്തിന് പ്രതിരോധമാകാനും ഉപകരിച്ചു. ഇങ്ങനെയാണ് ഒരു പരിധിവരെ ലില്ലി പില്ലി പഴങ്ങൾ ദേശകാലാതിർത്തികൾ താണ്ടി എല്ലായിടത്തേക്കും വ്യാപിക്കുന്നത്. ഇന്നിപ്പോൾ ലില്ലി പില്ലി പ്രധാനമായും ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡ്, ന്യു സൗത്ത് വെയിൽസ് എന്നിവിടങ്ങളിലും; കൂടാതെ ന്യൂ സിലാൻഡ്, തെക്കു-കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലുമൊക്കെ വ്യാപിച്ചിരിക്കുന്നു.

ചാമ്പക്കയുടെ ബന്ധു, സവിശേഷ സുഗന്ധം

നമുക്ക് വളരെ സുപരിചിതമായ ചാമ്പക്കയുടെയും ഞാവൽ പഴത്തിന്റെയുമൊക്കെ അടുത്ത ബന്ധുവാണ് ലില്ലി പില്ലി. ‘മിർട്ടേസി’ എന്ന് പേര്. ‘സിസിജിയം’ എന്നാണ് ജനുസിന്റെ പേര്. ‘സിസിജിയം സ്മിത്തി’ എന്ന് സസ്യനാമം. ഇതുതന്നെ വിവിധ തരത്തിലുണ്ട്; കോമൺ ലില്ലി പില്ലി, ക്രീക് ലില്ലി പില്ലി, മജന്ത ലില്ലി പില്ലി, സ്മാൾ ലീവ്ഡ് ലില്ലി പില്ലി എന്നിങ്ങനെ. ഇവയധികവും ഓസ്‌ട്രേലിയയിലാണ് പ്രചാരത്തിലുള്ളത്.

പൊതുവെ പറഞ്ഞാൽ വേനൽക്കാലത്തു പൂക്കുകയും തണുപ്പുകാലത്തു കായ്ക്കുകയും ചെയ്യുന്ന ഫലസസ്യമാണ് ലില്ലി പില്ലി. കൊമ്പുകൾ കോതാതെ വളർത്തിയാൽ ഇത് 3 മുതൽ 5 മീറ്റർ വരെ ഉയരത്തിലെത്തും. പൂക്കൾക്ക് ക്രീം കലർന്ന വെള്ള നിറം; ഇതുതന്നെ ചെറിയ ശിഖരങ്ങളുടെ അഗ്രഭാഗത്തു കുലകളായാണ് പിടിക്കുക. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇതിന്റെ പൂക്കാലം; കായ്കൾ പിടിക്കുന്നത് മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലും. ചെറിയ കായ്കളാണ്; പരമാവധി 2 സെ.മീറ്റർ വരെ വലിപ്പം. കായ്കൾക്ക് വെളുപ്പ് മുതൽ മെറൂൺ നിറം വരെയാണ്.

ലില്ലി പില്ലിയുടെ കായ്കൾക്ക് പൊതുവെ ഗ്രാമ്പുവിനോട് സമാനമായ ഒരുതരം സുഗന്ധമാണ്; ഓസ്‌ട്രേലിയയിൽ നിലവിലുള്ള ഒരു ഡസനിലധികം വരുന്ന ഇനങ്ങൾക്ക് (species) സുഗന്ധത്തിൽ നേരിയ വ്യത്യാസങ്ങളുണ്ട്. ചിലതിന് കസ്തൂരിഗന്ധമാകാം; ഇനിയും ചിലതിനു പുഷ്പഗന്ധമാകാം; ചില ഇനങ്ങൾക്ക് കറുവപ്പട്ടയുടെ ഗന്ധവുമാകാം. കൃത്യമായി പറഞ്ഞാൽ സ്മാൾ ലീവ്ഡ് ലില്ലി പില്ലിക്കു ഗ്രാമ്പുവിന്റെയും കറുവയുടെയും സമ്മിശ്രഗന്ധമാണ്; ബ്ലൂ ലില്ലി പില്ലിയുടെ കായ്കൾക്ക് ഇഞ്ചിയുടെയും ലാവെൻഡറിന്‍റെയും ഗന്ധമാണ്; കേരളത്തിൽ നിലവിൽ കാണുന്ന ലില്ലി പില്ലിയുടെ കായ്കൾക്ക് ഗ്രാമ്പുവിന്റെ ഗന്ധമാണ്. പുളിയും നേരിയ മധുരവുമുള്ള പഴങ്ങളാണിത്.

ജന്മദേശത്തെ കരുതലും വൈവിധ്യവും

മനുഷ്യരുടെ കാര്യം പറഞ്ഞതുപോലെയാണ് വിളകളുടെ കാര്യവും; ജന്മനാട്ടിൽ വളരെ വ്യത്യസ്ത സ്വഭാവവും രൂപഭാവങ്ങളുമുള്ള ധാരാളം ബന്ധുക്കൾ കാണും. ജനിതക വൈവിധ്യത്തിന്റെ കേദാരമായിരിക്കും പലപ്പോഴും വിളകളെ സംബന്ധിച്ച് ജന്മദേശവും പരിസരപ്രദേശവും. ലില്ലി പില്ലിയുടെ കാര്യത്തിൽ ഇത് അക്ഷരാർഥത്തിൽ വാസ്തവവുമാണ്. ഓസ്‌ട്രേലിയൻ ജനതയ്ക്ക് ഏറ്റവുമധികം പ്രിയപ്പെട്ടതും സാംസ്‌കാരിക പ്രാധാന്യവുമുള്ള ഫലവർഗ്ഗമാണ് ലില്ലി പില്ലി. ഇതവിടുത്തെ തദ്ദേശീയ സംസ്കാരവുമായും ആധുനിക ലാൻഡ് സ്കേപ്പിംഗുമായും ഇണങ്ങി ചേർന്നതാണ്.

ഓസ്‌ടേലിയയിൽ ലില്ലി പില്ലിയുടെ അറുപതിലേറെ തദ്ദേശീയ ഇനങ്ങളുമുണ്ട്. വീടിന്റെ പിന്നാമ്പുറത്തു വളരുന്ന ഭക്ഷ്യയോഗ്യമായ ഒരു പഴച്ചെടി എന്ന നിലയ്ക്കും വീട്ടുപരിസരങ്ങൾ മനോഹരമാക്കാൻ ഉപകരിക്കുന്ന അലങ്കാരച്ചെടി എന്ന നിലയ്ക്കും ഇതിന് അന്നാട്ടിൽ വലിയ പ്രാധാന്യവുമുണ്ട്. ആയിരക്കണക്കിന് വർഷമായി ഇതിന്റെ കായ്കൾ അവിടുത്തെ ആദിവാസികളുടെ ആഹാരവും (Bush tucker) ഒരു പ്രധാന വനവിഭവവുമാണ്. കൂടാതെ ഇത് പരമ്പരാഗത വൈദ്യവിധികളിൽ ചെവിവേദനയ്ക്കു പരിഹാരമായും മുറിവുകൾ ഉണക്കാനും വിവിധ ചർമ്മവ്യാധികളുടെ ചികിത്സയിലും ചർമ്മത്തിന്റെ ആരോഗ്യസംരക്ഷണത്തിലുമൊക്കെ ഉപയോഗിച്ചുവരുകയും ചെയ്യുന്നു.

ഇനി ആധുനിക പാചകവിധിയുടെ കാര്യത്തിലാണെങ്കിൽ ധാരാളം നാരുകളും ജീവകങ്ങളും ധാതു-ലവണങ്ങളും പലതരം ആന്റി ഓക്സിഡൻറ്റുകളും അടങ്ങിയ പോഷകപ്രദമായ സൂപ്പർ ഫുഡ്ഡുമാണ്. ഓസ്‌ടേലിയൻ പാചകത്തിൽ പ്രഗത്ഭരായ ഷെഫുമാരും ഗൃഹപാചകത്തിൽ വീട്ടമ്മമാരും ഈ ഫലം ഒരുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. ജാം, ജെല്ലി, കോർഡിയൽ തുടങ്ങി വിവിധ വിഭവങ്ങളും ഇതിൽനിന്ന് തയാറാക്കി വരുന്നുണ്ട്.

മറ്റൊന്ന് വീടുകളുടെ സ്വകാര്യത സംരക്ഷിക്കാൻ പാകത്തിൽ ഇടതൂർന്ന ശിഖരങ്ങളും ഇലച്ചാർത്തുമായി നിറഞ്ഞുവളരുന്ന ഇതിന്റെ സ്വഭാവമാണ്. അങ്ങനെയാണ് പല വീടുകളിലും ഇത് ഒരു അലങ്കാര മറയായി മാറുന്നത്. അതിരുവേലിയായും പ്രവർത്തിക്കുന്നു. പ്രാദേശിക പരിസ്ഥിതിക്ക് മുതൽക്കൂട്ടുമാണിത്. ഇതിന്റെ പഞ്ഞിപോലെ വെളുത്ത, പിങ്ക് നിറമുള്ള, മജന്ത നിറമുള്ള പൂക്കൾ എപ്പോഴും പക്ഷികൾ, തേനീച്ചകൾ, ചിത്രശലഭങ്ങൾ തുടങ്ങിയ പരാഗകാരികളെ ആകർഷിക്കുകയും ചെയ്യുന്നു.

കൃഷിവിശേഷങ്ങൾ

ഉഷ്ണമേഖല-ഉപോഷ്ണമേഖല പ്രദേശങ്ങളിൽ നന്നായി വളരുമെന്നതു കൊണ്ടുതന്നെ ലില്ലി പില്ലി കേരളത്തിലും നന്നായി വളരുകയും കായ് പിടിക്കുകയും ചെയ്യും. അനുകൂല താപനിലപരിധി 15 മുതൽ 30 ഡിഗ്രി സെൽഷ്യസാണ്. പൂർണ സൂര്യപ്രകാശത്തിലും ഭാഗിക പ്രകാശത്തിലും വളരും. ദിവസവും 4 മുതൽ 6 മണിക്കൂർവരെ നേരിട്ട് വെളിച്ചം കിട്ടുന്നതാണ് ഇടതൂർന്ന ഇലച്ചാർത്തിനും ഫലോല്പാദനത്തിനും അനുകൂലം. മഴക്കാടുകളുടെ സന്തതിയായതിനാൽ വേനൽമാസങ്ങളിൽ പോലും തുറന്ന അന്തരീക്ഷവും ആർദ്രമായ സാഹചര്യവുമാണ് ഇതിഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവിടെ വളർത്തുമ്പോഴും തടമുണങ്ങാതെ നനയ്ക്കാനായാൽ ഏറെ നന്ന്. പ്രത്യേകിച്ച് വേനലിലും കടുത്ത വരൾച്ചയിലും.

ജൈവവളപ്പറ്റുള്ള മണ്ണ്, അതും അമ്ല-ക്ഷാരനില (pH) 6 നും 7 നും ഇടയ്ക്ക് ഗുണകരമാണ്. നന്നായി വെള്ളം വാർന്നുപോകണമെന്നു മാത്രം. കേരളത്തിലെ സാഹചര്യത്തിൽ വളർത്തുമ്പോൾ മണൽ അമിതമായുള്ള മണ്ണാണെങ്കിൽ അൽപം കമ്പോസ്റ്റും കളിമണ്ണും ചേർത്തുകൊടുത്താൽ നല്ല നീർവാർച്ച തരപ്പെടുകയും ചെയ്യും.ചെടിയുടെ തടം ജൈവരീതിയിൽ മൂടിയാൽ വേനൽമാസങ്ങളിലും ഈർപ്പം നിലനിൽക്കും.പതിത്തൈകൾ മൂന്നു വർഷം കൊണ്ട് കായ് പിടിക്കാൻ തുടങ്ങുമെങ്കിലും, 3 മുതൽ 5 വർഷം വരെ വേണം കാര്യമായ രീതിയിൽ നല്ല വിളവിലേക്കെത്താൻ,പിന്നെ കായ്കൾ ഉണ്ടാകുന്നത് എപ്പോഴും പുതിയ ശിഖരങ്ങളിലാണ്‌ എന്നതിനാൽ ഇടയ്ക്കെങ്കിലും അഗ്രം നുള്ളുന്നത് മരം ധാരാളം പൂക്കാനും നിറയെ കായ് പിടിക്കാനും ഇടയാക്കും.

ലില്ലി പില്ലി- അലങ്കാര ഫലസസ്യം

ഫലസസ്യം എന്നതിനേക്കാളുപരി ലില്ലി പില്ലി അലങ്കാര ഫലസസ്യം (ornamental fruit plant) എന്നാണ് അധികവും അറിയപ്പെടുന്നത്. ഇതിന്റെ ദ്വന്ദ്വ സ്വഭാവമാണ് ഇതിനു കാരണം; പ്രത്യേകിച്ച് ലാൻഡ്‌സ്‌കേപ്പിങ്ങിൽ. ആകർഷകവും നിബിഡവുമായ ഇലച്ചാർത്തു ഊർജസ്വലവും വർണപ്പകിട്ടുമുള്ള പിങ്ക് മുതൽ ചുവപ്പു നിറം വരെയുള്ള പുതിയ ഇലകൾ, പപ്പ്‌ പോലത്തെ പൂക്കൾ, വർണാഭവും ഭക്ഷ്യയോഗ്യവുമായ ഫലങ്ങൾ -ഇവയെല്ലാം കൂടിച്ചേരുമ്പോഴാണ് ലില്ലി പില്ലി ഉത്തമ അലങ്കാര ഫലസസ്യമായി മാറുന്നത്.

ഇടതൂർന്നു വളരുന്ന ഇലകളും ശിഖരങ്ങളും വളർച്ച നോക്കി കോതിയാൽ അടുക്കും ചിട്ടയുമുള്ള, ക്രമീകൃതമായ രൂപത്തിലാക്കി മാറ്റുകയും ചെയ്യാം. ലാൻഡ്സ്കേപ്പിങ്ങിന് ലില്ലി പില്ലിയെ കൂടുതൽ അനുയോജ്യമാക്കുന്നതും ഇതുതന്നെ. ഇലകളുടെ നിറവൈവിധ്യമാണ് ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം. പുതിയ തളിരിലകൾക്ക് നല്ല പിങ്കോ ചുവപ്പോ നിറമാകും; ഇതാകട്ടെ നേരത്തെ മരത്തിൽ വളർന്നു നിൽക്കുന്ന പച്ചിലകളുടെ പശ്ചാത്തലത്തിൽ കോൺട്രാസ്റ്റ് ആയി മാറുകയും ചെയ്യും.

പതിത്തൈകൾ മുഖ്യം

വിത്തു മുളപ്പിച്ചു തൈകളാക്കി വളർത്താമെങ്കിലും ചെടിയുടെ തണ്ടിൽ തന്നെ വേര് പിടിപ്പിച്ചു പുതിയൊരു ചെടി വളർത്തിയെടുക്കുന്ന പതിവയ്ക്കൽ രീതിയാണ് ലില്ലി പില്ലിയുടെ വംശവർധനയ്ക്ക് കൂടുതൽ പ്രയോജനപ്പെടുന്നത്. ഇതിൽ തന്നെ വായുവിൽ പതിവയ്ക്കുന്ന എയർ ലെയറിങ് രീതിയ്ക്കാണ് പ്രാമുഖ്യം. ലില്ലി പില്ലി പോലുള്ള ഫലസസ്യങ്ങൾക്കു ഈ രീതിയാണ് ഏറ്റവും നല്ലത്. ഇതാകുമ്പോൾ അമ്മച്ചെടിയുടെ അതേ ഗുണങ്ങൾ നിലനിർത്താനും സാധിക്കും.

ഇതിങ്ങനെ ചെയ്യാം: ചെറുവിരലിന്റെ വണ്ണമുള്ള കമ്പുകളാണ് ഇതിനുവേണ്ടത്. ഇത്തരം കമ്പുകൾക്ക് ഏതാണ്ട് 6 മാസത്തിൽ കുറയാത്ത വളർച്ചയും ഉണ്ടാകണം. കമ്പിന്റെ തലയ്ക്കൽനിന്നും ഏകദേശം ഒരടി താഴെ വച്ചാണ് ലയെറിങ് നടത്തുക. ഈ ഭാഗത്തു കത്തികൊണ്ട് കമ്പിന് കുറുകെ വട്ടം വരയുക. വീണ്ടും ഒരു മുക്കാൽ ഇഞ്ചു മാറ്റി ഒരു വട്ടം കൂടെ കുറുകെ വരയണം. ഇങ്ങനെ വരയുമ്പോൾ തൊലി മാത്രമേ മുറിയാൻ പാടുള്ളു. ഉള്ളിലെ തടിയിൽ വരയൽ വീണാൽ ലയറിങ്‌ പരാജയപ്പെടും. മൂന്നാമതായി നെടുകെ ഒന്ന് വരഞ്ഞു കുറുകെയുള്ള രണ്ടു വരയലുകളുമായി യോജിപ്പിക്കുക. പിന്നീട് കത്തി കൊണ്ട് ഈ ഭാഗത്തെ തൊലി ഇളക്കിമാറ്റുക. തൊലി കളഞ്ഞ ഭാഗത്തു ഗോളാകൃതിയിൽ നനവുള്ള പായൽ (Moss) വച്ചുകെട്ടണം. ഇത് നനവ് നിലനിർത്തും. തുടർന്ന് 20 x 20 സെന്റി മീറ്റർ വലിപ്പമുള്ള പോളിത്തീൻ ഷീറ്റ് കൊണ്ട് പായൽ ചുറ്റിക്കെട്ടണം.

ഒന്നര മുതൽ രണ്ടു മാസം കൊണ്ട് ചില്ലകളിൽ വേരുകൾ പൊട്ടും. കമ്പുകളിൽ വേരുണ്ടാകുന്നത് പോളിത്തീൻ ഷീറ്റിലൂടെ കാണാം. വേരുകൾ ധാരാളം ഉണ്ടായി ഉൾഭാഗം നിറഞ്ഞുകഴിഞ്ഞാൽ ലയറുകൾ വേർപെടുത്താം. ലയറിങ് നടത്തിയ ഭാഗത്തിന് തൊട്ടുതാഴെ വച്ച് ചില്ലകൾ മുറിച്ചെടുക്കാം. പുതുതായി മുറിച്ച ലയറിൽ നിന്ന് പോളിത്തീൻ അഴിച്ചുമാറ്റുക. പായലിന്റെ പുറത്തു ചുറ്റിവളർന്നിട്ടുള്ള വേരുകളോടെ അവ ചെടിച്ചട്ടിയിലോ പോളിത്തീൻ കവറിലോ നടുക. ഒരു മാസം തണലിൽവച്ച്, ദിവസം രണ്ടുനേരം നനയ്ക്കണം. കേരളത്തിൽ എയർ ലയറുകൾ ഉണ്ടാക്കാൻ യോജിച്ച കാലം നവമ്പർ മുതൽ ഫെബ്രുവരി വരെയാണ് .

ഇതര ഫലസസ്യങ്ങളെ പോലെ ലില്ലി പില്ലിയും വിത്തുകൾ മുളപ്പിച്ചും വളർത്താം. നന്നായി പഴുത്ത കായ്കളിൽ നിന്ന് പുറത്തെ മാംസളമായ ഭാഗം മാറ്റി, സാവകാശം വിത്തുകൾ വേർതിരിച്ചു കഴുകി വൃത്തിയാക്കുക. ഇവ മികച്ച പോട്ടിങ് മിശ്രിതം എടുത്ത ഒരു ചട്ടിയിലോ ഗ്രോബാഗിലോ മണ്ണിൽ ചെറുതായി അമർത്തി പാകുക. ഒരു ഭാഗം കൊക്കോ പീറ്റ് (ചകിരിച്ചോറ്) അല്ലെങ്കിൽ പീറ്റ് മോസ് എന്ന പായൽ, ഒരു ഭാഗം പെർലൈറ്റ് അല്ലെങ്കിൽ തെളിഞ്ഞ ആറ്റുമണൽ എന്നിവയാണ് ഇതിന്റെ ചേരുവകൾ. അല്ലെങ്കിൽ 2 ഭാഗം ഗാർഡൻ സോയിൽ, ഒരു ഭാഗം ചകിരിച്ചോറ്, ഒരു ഭാഗം മണ്ണിര കമ്പോസ്റ്റ് എന്ന രീതിയിലും ചേരുവകൾ എടുക്കാം. അത് ചേരുവകളുടെ ലഭ്യത അനുസരിച്ചു തീരുമാനിക്കാം. മാധ്യമത്തിൽ നനവ് നിലനിർത്തണം. അത്യാവശ്യം ചൂടും ഈർപ്പവുമുള്ള അന്തരീക്ഷമാണ് വിത്തുകൾ മുളയ്ക്കാൻ വേണ്ടത്. ഏതാനും ആഴ്ച കൊണ്ട് വിത്തുകൾ മുളച്ചുകിട്ടും.

ഇതിനുപുറമെ പുതുതായി വളരുന്ന ശിഖരങ്ങളിൽനിന്ന് അത്ര മൃദുവും എന്നാൽ അത്രത്തോളം തടി തിരിഞ്ഞിട്ടില്ലാത്തതുമായ ഭാഗത്തു നിന്ന് (Semi hardwood cutting) 10-15 സെ.മീറ്റർ നീളത്തിൽ തണ്ടുമുറിച്ചു ഇലകൾ മാറ്റി താഴ്ഭാഗം ഏതെങ്കിലും വേര് പിടിക്കാനുള്ള ഹോർമോൺ പൊടിയിൽ മുക്കിയിട്ടു പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയിലോ ഗ്രോബാഗിലോ നടുക. എന്നിട്ടു സുതാര്യമായ ഒരു പ്ലാസ്റ്റിക് സഞ്ചി കൊണ്ട് ഇത് മൂടുക. ചുറ്റുവട്ടം ഈർപ്പമയമായി നിലനിർത്താനും തണ്ട് ഉണങ്ങി പോകാതിരിക്കാനും വേണ്ടിയാണിത്. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ വയ്ക്കരുത്. സാധാരണ ഗതിയിൽ 4 മുതൽ 8 ആഴ്ച കൊണ്ട് തണ്ടിൽ വേര് പിടിച്ചുകിട്ടും. ഇത് വളർച്ച നോക്കി പിന്നീട് തോട്ടത്തിലേക്ക് കുഴിയൊരുക്കി അതിലേക്കു മാറ്റി നട്ടാൽ മതിയാകും.

ലില്ലി പില്ലിയിൽ വിത്തുതൈകളേക്കാൾ മുൻഗണന പതിവച്ചെടുക്കുന്ന തൈകൾക്കാണ്. അമ്മച്ചെടിയുടെ എല്ലാ ഗുണങ്ങളും അതേപടി കൈമാറിക്കിട്ടുക, വിത്തുതൈകളേക്കാൾ വേഗത്തിൽ വളർന്ന് പൂക്കുകയും കായ്ക്കുകയും ചെയ്യുക തുടങ്ങിയ അധികമേന്മകളാണ് പതി തൈകളെ കൂടുതൽ ജനപ്രിയമാക്കുന്നത്.

ലില്ലി പില്ലിയും ഗ്രാമ്പൂ സുഗന്ധവും

ലില്ലി പില്ലി പഴങ്ങളുടെ പ്രത്യേകത അവയുടെ ഗ്രാമ്പൂ സുഗന്ധമാണ്; സാക്ഷാൽ ഗ്രാമ്പുവിന് സുഗന്ധം നൽകുന്ന യൂജിനോൾ (Eugenol) പഴങ്ങളിൽ അടങ്ങിയിരിക്കുന്നു എന്നതാണ് ഇതിനു കാരണം. തൊടുമ്പോഴും കഴിയ്ക്കുമ്പോഴുമെല്ലാം ഈ ഗന്ധം അനുഭവപ്പെടുക പതിവാണ്. മാത്രമല്ല, ലില്ലി പില്ലി പഴം ഒരർഥത്തിൽ ഗ്രാമ്പുവിന്റെ ബന്ധുവാണെന്നും പറയാം; ഗ്രാമ്പു, ‘സിസിജിയം അരോമാറ്റിക്കം’ ആണെങ്കിൽ ലില്ലി പില്ലി ‘സിസിജിയം സ്മിത്തി’ ആണല്ലോ; ഈ ജനിതക ബാന്ധവമാണ് ഇതിനും ഗ്രാമ്പുവിനോട് സദൃശമായ സുഗന്ധം നൽകിയിരിക്കുന്നത്. ഇവയുടെ ഇലകൾ ഞെരടുമ്പോഴും ഇതേ ഗന്ധം ഉണ്ടാകാറുണ്ട്. ഇതുകൊണ്ടു തന്നെ ഇത് ജാം, ജെല്ലി, സോസുകൾ തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾ തയാറാക്കാനും ഉപയോഗിച്ചുവരുന്നു.

ആധുനികക്ഷേമത്തിന് അത്താണി

ശാരീരിക ആരോഗ്യം, മാനസികാരോഗ്യം, ജീവിതശൈലി എന്നിവ ചേർന്ന ആധുനിക ആരോഗ്യജീവിതം, ആധുനിക ക്ഷേമം (Modern wellness) എന്ന ആശയത്തിനാണ് ആധുനികകാലത്തു ഏറെ പ്രസക്തി. ഇതിനനുയോജ്യമായ ഫലം എന്നാണ് ലില്ലി പില്ലിയെ വിശേഷിപ്പിക്കാറുള്ളത്. ‘Powerful superfruit for modern wellness’ എന്ന്. ഓരോ 100 ഗ്രാം പഴത്തിലും 78 കാലറി ഊർജ്ജമടങ്ങിയിട്ടുണ്ട്. 6.8 ഗ്രാം നാരും. പുറമെ 18.4 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.3 ഗ്രാം പഞ്ചസാര, 0.9 ഗ്രാം മാംസ്യം, 0.4 ഗ്രാം കൊഴുപ്പ്, 100 മില്ലിഗ്രാം കാൽസിയം, 250 മില്ലിഗ്രാം പൊട്ടാസ്യം, 48 മില്ലിഗ്രാം മഗ്നീഷ്യം, 0.9 ഗ്രാം ഇരുമ്പുസത്തു തുടങ്ങിയവ. കൂടാതെ സമൃദ്ധമായി ആന്തോസയാനിനും പോളിഫീനോളുകളും. ഊർജവും നാരുകളും തമ്മിലുള്ള ആരോഗ്യകരമായ അനുപാതമാണ് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനും ഗണ്യമായ തോതിൽ അമിത ശരീരഭാരം കുറയ്ക്കാനും ഇതിനെ പ്രാപ്തമാക്കുന്നത് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താനുള്ള ജീവകം-സീയുടെ ഉറവിടമാണ് ലില്ലി പില്ലി. ശരീരത്തിൽ പരുക്കോ അണുബാധയോ ഉണ്ടാകുമ്പോൾ പ്രതിരോധശേഷിയുടെ ഭാഗമായി അവിടം ചുവന്നു തടിക്കുന്നതും നീര് വയ്ക്കുന്നതും ഇൻഫ്ളമേഷൻ (inflammation) എന്ന അവസ്ഥയാണല്ലോ; ഇത് കുറയാനും ഈ പഴങ്ങൾ സഹായിക്കും. നാര് സമൃദ്ധമാകയാൽ ദഹനേന്ദ്രിയത്തിന്റെ പ്രവർത്തനം ക്രമീകരിക്കും. അരുണരക്താണുക്കളുടെ നിർമാണത്തിനും കോശങ്ങളുടെ വളർച്ചയ്ക്കും ഉപകരിക്കുന്ന ഫോളേറ്റ് എന്ന ജീവകം 9 സജീവമാകുന്നു.

ദൃഢമായ എല്ലുകൾ, പല്ലുകൾ എന്നിവയ്ക്ക് വേണ്ട കാൽസിയം ലഭ്യമാക്കുക, ശരീരത്തിലെ ദ്രാവകനില തുലനപ്പെടുത്താൻ പൊട്ടാസിയം ലഭ്യമാക്കുക, ശരീരത്തിലെ കലകളെയും അവയവങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ആകൃതിയും താങ്ങും നൽകുന്ന കലകൾക്ക് കോപ്പറിന്റെ സാന്നിധ്യം നൽകുക, കായ്കൾക്ക് നിറം നൽകുന്ന ആന്തോസയനിനുകൾ നൽകുക തുടങ്ങി നിരവധി ഘടകങ്ങളാണ് ലില്ലി പില്ലിയെ ഔഷധ ഫലം (Medicine berry) എന്ന വിശേഷണത്തിന് അർഹമാക്കുന്നത്.

ലില്ലി പില്ലിയുടെ ആരോഗ്യഗുണങ്ങൾ സംബന്ധിച്ച് ചില പുതിയ പഠനങ്ങളും നടന്നിട്ടുണ്ട്; ബ്ലൂ ബെറി എന്ന പഴത്തിലടങ്ങിയിട്ടുള്ളതിനേക്കാൾ ആൻറി ഓക്സിഡൻറ്റുകൾ-നിരോക്സീകാരകങ്ങൾ- ഇതിലടങ്ങിയിട്ടുണ്ട്. പഴത്തിന്റെ സത്തു പാൻക്രിയാസ് ഗ്രന്ഥികളുടെ പ്രവർത്തനത്തിന് സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇതിലെ നാരുകളുടെ ആധിക്യം ഉപകരിക്കുന്നു.

ഇനവൈവിധ്യം

ജന്മനാടായ ഓസ്‌ട്രേലിയയിൽ ലില്ലി പില്ലിയ്ക്ക് നല്ല ഫ്രഷ് ആയ ചവയ്ക്കുമ്പോൾ കറുമുറ ശബ്ദം കേൾക്കുന്ന ഇനം മുതൽ ചെറിയ പുളിയും മധുരവും കരയാമ്പൂ ഗന്ധവുമുള്ള അൻപതിലേറെ ഇനങ്ങൾ ഉണ്ട്. ഇവയിലധികവും സിസിജിയം, അക്മെന എന്നീ രണ്ടു ജനുസുകളിൽ പെടുന്നവയാണ്. ഇവയിൽ തന്നെ ഏറ്റവും സാധാരണവും പ്രചാരമുള്ളതുമായ ചില ഇനങ്ങൾ നോക്കാം.

  • റിബെറി (സിസിജിയം ലുഹ്മാനി) ഇതിന് ക്ലോവ് ലില്ലി പില്ലി അഥവാ സ്മാൾ ലീവ്ഡ് ലില്ലി പില്ലി എന്നും പേരുണ്ട്. വളരെ പ്രചാരമുള്ള ഒരിനമാണിത്. മുകൾഭാഗം വീതികുറഞ്ഞതും അടിഭാഗം ഉരുണ്ടു വീതിയുള്ളതുമാണ് ഇതിന്റെ ഫലങ്ങൾ. കടുംപിങ്ക് നിറമാണ് കായ്കൾക്ക്. പുളിയും മധുരവും ഒപ്പം ഗ്രാമ്പുവിന്റെ ഗന്ധവും. ജാം,ജെല്ലി,സോസ് എന്നിവ തയാറാക്കാൻ മികച്ചയിനം.നല്ല വിലയുമുണ്ട്.
  • ബ്ലൂ ലില്ലി പില്ലി (സിസിജിയം ഒലിയോസം) ആകർഷകമായ രൂപഭംഗി, സുഗന്ധവാഹിയായ ഇലച്ചാർത്ത്, നീണ്ടുനിൽക്കുന്ന പൂക്കാലം എന്നിവയാണ് ഈ ഇനത്തിന്റെ പ്രത്യേകതകൾ. ദീർഘവൃത്താകൃതിയുള്ള കായ്കൾക്ക് നല്ല നീല മുതൽ പർപ്പിൾ നിറം വരെ. നീര് നിറഞ്ഞ ഫലങ്ങൾ. ചവയ്ക്കുമ്പോൾ മൊരുമൊരുപ്പുള്ള സ്വഭാവം; ഫലങ്ങൾക്ക് പുതിനയുടെയും നാരങ്ങയുടെയും സമ്മിശ്ര സ്വാദായ ലാവെൻഡർ രുചി; വിളഞ്ഞ കായ്കൾ നേരിട്ട് കഴിക്കാൻ ഉത്തമം. സിറപ്പ്, വൈൻ എന്നിവ തയാറാക്കാൻ ഉപയോഗിച്ചുവരുന്നു.
  • ക്രീക്ക് ലില്ലി പില്ലി (സിസിജിയം ആസ്ട്രെയിൽ) ദ്രുതവളർച്ചാസ്വഭാവമുള്ള ഇനം; വലിയ ഒരു കുറ്റിച്ചെടിയായോ ചെറുമരമായോ വളരുന്ന സ്വഭാവം; സമൃദ്ധമായ ഇലച്ചാർത്തു; വീടുകൾക്ക് ജൈവമറയായോ വേലിയായോ വളർത്തുക പതിവാണ്. ഫലങ്ങൾ സാമാന്യം വലുതും ദീർഘചതുരാകൃതി ഉള്ളതും. പിങ്ക് കലർന്ന ചുവപ്പു നിറമുള്ളവ. ഗ്രീൻ ആപ്പിളിൻറ്റെയോ, സബർജെല്ലിയുടെയോ പോലുള്ള ചെറിയ മധുരവും പുളിയും. ഫ്രഷ് ആയി കഴിക്കാനുത്തമം; കൂടാതെ സലാഡുകളിൽ ചേർക്കാം; പൈ പോലുള്ള പലഹാരങ്ങളിലും ചേർക്കുന്നു.
  • ബ്രഷ് ചെറി (സിസിജിയം പാനിക്കുലേറ്റം) മജന്ത ലില്ലി പില്ലി എന്നാണ് വിളിപ്പേര്; ഓസ്‌ട്രേലിയൻ ഉദ്യാനങ്ങളിലെ ഒരു സ്ഥിരം വേലി ചെടിയാണിത്. കായ്കൾ ചെറുതും ഉരുണ്ടതും; നല്ല മജന്ത നിറമാണ് കായ്കൾക്ക്. മധുരവും നേരിയ പുളിയും. ആപ്പിൾ പോലെ കറുമുറാ ചവച്ചുതിന്നാം. ഫ്രഷ് ആയി കഴിക്കാം; ഒപ്പം ജാം, ചട്ടിണി എന്നിവ തയാറാക്കാനും മികച്ചത്.
  • മങ്കി ആപ്പിൾ (സിസിജിയം സ്മിത്തി) തിളക്കമുള്ള ഇലകൾ ഇടതിങ്ങി വളരുന്ന മരം; കാറ്റിനെ പ്രതിരോധിക്കാൻ വളർത്താറുണ്ട്. ഫലങ്ങൾക്ക് മങ്ങിയ പിങ്ക് നിറം മുതൽ കടുത്ത പർപ്പിൾ നിറം വരെയാകാം. കായ്ക്കുള്ളിൽ മധ്യഭാഗത്തായി ഒരു വലിയ വിത്തും കാണും. കായ്കൾ പച്ചയ്ക്കു ചവച്ചാൽ പ്രത്യേക രുചിയൊന്നും തോന്നില്ല. എന്നാൽ ഇതുതന്നെ പാചകം ചെയ്തു ജെല്ലിയാക്കിയാൽ അതിനു നല്ല ആപ്പിൾ രുചിയാണ്.

കേരളത്തിലെ നഴ്സറികളിൽ പ്രധാനമായും സിസിജിയം ആസ്ട്രേൽ, സിസിജിയം സ്മിത്തി, സിസിജിയം ലുഹ്മാനി എന്നീ ഇനങ്ങളിൽ പെട്ട ലില്ലി പില്ലിയുടെ പതി തൈകൾ ലഭ്യമാണ്. 2-3 വർഷം വേണം ഇവ വളർന്ന് കായ് പിടിത്തത്തിലേക്കെത്താൻ. കായ്കൾ ചെറുതും 1-2 സെന്റി മീറ്റർ വലിപ്പമുള്ളതും ഉരുണ്ടതോ, ദീർഘവൃത്താകൃതിയുള്ളതോ. മധുരവും പുളിയും പ്രത്യേകതരം ഗന്ധവുമാണിവയ്ക്ക് പൊതുവെ; ചെടി പരമാവധി 4 മീറ്റർ വരെ ഉയരത്തിൽ വളരും. ഇവ തറയിലും ചട്ടിയിലും വളർത്താം; ഒരേസമയം ഫലസസ്യമായും അലങ്കാരച്ചെടിയായും വളർത്തുന്നു. മങ്കി ആപ്പിൾ എന്നും പറയാറുണ്ട്.

ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വഴിയും ഇത്തരം ഫലസസ്യങ്ങളുടെ ആറു മാസം വളർച്ചയുള്ള തൈകൾ ആവശ്യക്കാർക്ക് വാങ്ങാനുള്ള സംവിധാനം ഇത്തരം നഴ്‌സറികൾ ഒരുക്കിയിട്ടുണ്ട്. എങ്കിലും ഇവ നേരിൽ കണ്ട് ഇനവും മറ്റു വിശദാംശങ്ങളും ബോധ്യപ്പെട്ടുതന്നെ വാങ്ങുകയാവും എപ്പോഴും നല്ലത്. പ്രത്യേകിച്ച് ഫലസസ്യങ്ങളുടെ കാര്യത്തിൽ ഈ സമീപനമാകും ഉത്തമം. സ്വകാര്യ നഴ്‌സറികൾ ആയതുകൊണ്ടുതന്നെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.