ളർത്താൻ സ്ഥലമില്ലെന്നോർത്ത് വിഷമിക്കേണ്ട; അത്യാവശ്യം വലിയ ചട്ടിയിലും വലിയ പാത്രങ്ങളിലും ബാരലുകളിലും ഒക്കെ വളർത്താം. Container Gardening-ന് അത്യുത്തമമായ ഫലസസ്യം. പരിചരണങ്ങൾ യഥാസമയം നൽകിയാൽ മതി മരം നിറയെ കായ്കൾ പിടിച്ചുകിട്ടുകയും ചെയ്യും. ഒരേസമയം ഫലസമൃദ്ധമായ സസ്യവും അലങ്കാരവൃക്ഷവും. ഇതാണ് ‘ഗ്രൂമിച്ചാമ’ (Grumichama) എന്ന ഫലസസ്യത്തിന്റെ സവിശേഷത. ഉഷ്ണമേഖല കാലാവസ്ഥയിൽ സുഗമമായി വളരുന്ന ഈ പുതിയ ഫലസസ്യം ഇപ്പോൾ കേരളത്തിലും പരിചിതമായിരിക്കുന്നു.

To advertise here,

തുപി-ഗുറാനി ഭാഷയും ഗ്രൂമിചാമയും

ബ്രസീലിയൻ ചെറി എന്നാണല്ലോ ഗ്രൂമിച്ചാമയുടെ സർവസാധാരണമായ വിളിപ്പേര്; ബ്രസീലിയൻ ആദിവാസികളുടെയും തദ്ദേശീയ ജനവിഭാഗങ്ങളുടെയും സംസാരഭാഷയായ ടുപ്പിയിലും ഉപവിഭാഗമായ ടുപ്പി-ഗ്വറാനിയിലുംനിന്ന് രൂപംകൊണ്ട വാക്കാണ് ‘ഗ്രൂമിചാമ’. ‘ചർമം പോലെ നേർത്തത്’ എന്നാണ് ഈ വാക്കിനർത്ഥം. അല്ലെങ്കിൽ ‘നാവിൽ പറ്റിപിടിക്കുന്നത്’ എന്നും അർഥമുണ്ട്. ബ്രസീലിയൻ ചെറി പഴങ്ങളുടെ തൊലി വളരെ നേർത്തതായതിനാലാണ് ഈ പേര് കിട്ടിയത്. കൂടാതെ ‘സ്‌പാനിഷ്‌ ചെറി’, ‘ബ്രസീലിയൻ പ്ലം’, ‘ഗ്രൂമിസാമ’ (Grumixama ) എന്നും പേരുകളുണ്ട്.

യൂറോപ്യൻ കോളനിവൽക്കരണത്തിനു വളരെക്കാലം മുമ്പുതന്നെ തെക്കു കിഴക്കൻ ബ്രസീൽ ജനതയുടെ ഊർജ്ജദായകമായ മുഖ്യ ഭക്ഷ്യപദാർത്ഥങ്ങളിൽ ഒന്നായിരുന്നു ബ്രസീലിയൻ ചെറി. നേരിയ മധുരവും പ്ലം പഴത്തിന്റെ സ്വാദും സുഗന്ധവും നിമിത്തം ഇത് തീരദേശങ്ങളിലെ വീട്ടുവളപ്പുകളിൽ ഉൾപ്പെടുത്തുകയും പതിവായിരുന്നു. മാത്രമല്ല, നന്നായി വളരുന്ന ഒറ്റമരത്തിൽ നിന്നുതന്നെ 30 കിലോ വരെ സ്വാദുള്ള പഴങ്ങൾ കിട്ടുമെന്നുള്ളതും വലിയ ആകർഷണമായിരുന്നു. 1791-ലാണ് ഗ്രൂമിച്ചാമ ഹവായി ദ്വീപുകളിലെത്തുന്നത്; എങ്കിലും ഇതേക്കുറിച്ചു ആദ്യമായുള്ള രേഖപ്പെടുത്തലുകൾ കാണുന്നത് 1821-ൽ അവിടുത്തെ ആദ്യകാല ഔദ്യോഗിക സസ്യശാസ്ത്ര റെക്കോഡുകളിലും. ഇവിടെനിന്നാണ് ഇത് നൂറ്റാണ്ടുകളെടുത്തു മറ്റ് ഉഷ്ണമേഖല-ഉപോഷ്ണമേഖല രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത്. ഫ്ലോറിഡ, ഓസ്‌ട്രേലിയ, കരീബിയൻ ദ്വീപുകൾ എന്നിവിടെക്കെല്ലാം പിന്നീട് ഇത് എത്തിച്ചേർന്നു.

സ്വാദുള്ള, കടുത്ത പർപ്പിൾ നിറമുള്ള ചെറി പഴങ്ങൾ മാത്രമായിരുന്നില്ല ഗ്രൂമിചാമയിൽ തദ്ദേശീയർ കണ്ട മേന്മ; അലങ്കാര മരപ്പണിയിലും തടി കടഞ്ഞു കരകൗശലവസ്തുക്കളും മറ്റും ഉണ്ടാക്കുന്ന കടച്ചൽപ്പണിയിലും ഇതിന്റെ തടിയ്ക്ക് വലിയ ഉപയോഗവും സാധ്യതകളും ഉണ്ട് എന്നതായിരുന്നു. തടിയുടെ മികച്ച സാന്ദ്രതയും ബലവും ആണ് ഈ തടിയുടെ പ്രത്യേകതകൾ. അതുകൊണ്ടുതന്നെ ഇതുപയോഗിച്ചു കരകൗശലവസ്തുക്കൾ, ആകർഷകമായ ചെറിയ പാത്രങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ തയാറാക്കാൻ സാധിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഗ്രൂമിചാമയുടെ തടി മരപ്പണിക്കാർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു.

പേരയ്ക്കയുടെയും മുന്തിരിയുടെയും സമ്മിശ്രസ്വാദ്

നിത്യഹരിതവൃക്ഷങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടുന്ന ‘മിർട്ടെസി’ സസ്യകുലത്തിലെ അംഗമാണ് ഗ്രൂമിച്ചാമ. സർവ്വസുഗന്ധിയും ഗ്രാമ്പുവും പേരയും ചാമ്പക്കയും ഒക്കെ ഉൾപ്പെടുന്ന കുടുംബം. ‘യൂജിനിയ ബ്രസീലിയൻസിസ്‌’ എന്നാണ് ഇതിന്റെ സസ്യനാമം. വനമേഖലകളിലെ മഴസമൃദ്ധമായ നൈസർഗിക സാഹചര്യങ്ങളിൽ 20 മീറ്ററോളം ഉയരത്തിൽ വളരും. വീട്ടുവളപ്പുകളിൽ പ്രൂൺ ചെയ്യാതെ വളർത്തിയാൽ 6 മുതൽ 12 മീറ്റർ വരെ ഉയരത്തിൽ വളരുന്ന പതിവുണ്ട്. എന്നാൽ, വേണ്ടവിധം കൊമ്പുകോതി വളർത്തിയാൽ ഇതുതന്നെ 3 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ നിയന്ത്രിച്ചു നിർത്താനും കഴിയും. വലിയ ചട്ടികളിലും ബാരലുകളിലും വളർത്തുമ്പോഴും അതിരു ചെടിയായി വളർത്തുമ്പോഴും ഗ്രൂമിച്ചാമയുടെ ഉയരം 2 മുതൽ 3 മീറ്റർ എന്ന തോതിൽ നിയന്ത്രിച്ചു നിർത്തുകയാകും നല്ലത്.

ഇതിന്റെ സാവധാന വളർച്ചാ സ്വഭാവമാണ് ഇതിനെ വീടുകൾക്ക് ചുറ്റുമുള്ള പുറംഭാഗം (മുറ്റം, പൂന്തോട്ടം, നടപ്പാതകൾ) എന്നിവ കൂടുതൽ മനോഹരവും ഉപയോഗപ്രദവുമാക്കുന്ന പ്രകൃതിദൃശ്യ രൂപകൽപനയ്ക്ക് (Residential landscaping) വളരെ അനുയോജ്യമാക്കുന്നതെന്നു പറയാം. ഒരു വർഷം കൊണ്ട് ഈ ഫലവൃക്ഷം പരമാവധി 30 മുതൽ 60 സെന്റി മീറ്റർ വരെയേ ഉയരത്തിൽ വളരുകയുള്ളു. അതുകൊണ്ടാണ് ഇതിനു സാവധാന വളർച്ച എന്ന് പറയുന്നത്. എന്നാൽ, ഫലോല്പാദനത്തിന്റെ ഘട്ടമെത്തുമ്പോഴാകട്ടെ ഈ സാവധാനസ്വഭാവം ഇല്ലെന്നു മാത്രമല്ല അത് പാടേമാറുകയും ചെയ്യും. മരം പൂവിട്ടു കഴിഞ്ഞാൽ ദ്രുതവേഗത്തിൽ വെറും 3 മുതൽ 4 ആഴ്ച കൊണ്ട് കായ്കളുണ്ടായി വിളവെടുക്കാൻ പാകത്തിൽ കറുത്ത പർപ്പിൾ നിറമായി മാറിക്കഴിഞ്ഞിരിക്കും. ഇതാണ് ഈ പഴച്ചെടിയുടെ പ്രത്യേകത.

നിത്യഹരിതവൃക്ഷമാണ് ഗ്രൂമിച്ചാമ. സാധാരണഗതിയിൽ 3 മുതൽ 6 മീറ്റർ വരെ ഉയരത്തിൽ വളരുമെങ്കിലും ഇവയെ വെട്ടിയൊതുക്കി ചെറിയ കുറ്റിച്ചെടിയാക്കി വളർത്താം. കടുംപച്ചനിറമുള്ള, തിളങ്ങുന്ന ഇലകൾക്ക് തുകൽ പോലെ കട്ടിയുള്ള പ്രകൃതമാണ്. ഇലഞെട്ടുകൾക്ക് നേരിയ സുഗന്ധവുമുണ്ട്. വസന്തമാകുമ്പോൾ മരം നിറയെ വെള്ള പൂക്കൾ വിടരും. ഇവ തുടർന്ന് പച്ചനിറമുള്ള ചെറിയ കായ്കളാകും; പിന്നീട് കടും പർപ്പിൾ നിറം അല്ലെങ്കിൽ കറുത്ത നിറമാകും. പഴത്തിന്റെ ഉള്ളിലെ കാമ്പിനു മഞ്ഞ കലർന്ന വെള്ളനിറമാണ്. ലളിതമായി പറഞ്ഞാൽ പേരയ്ക്കയുടെയും മുന്തിരിയുടെയും സ്വാദുകൾ കലർന്ന സമ്മിശ്രസ്വാദാണ്‌ ഗ്രൂമിചാമയ്ക്ക് എന്ന് പറയാം. സാധാരണ ചെറിപ്പഴത്തിലുള്ളത് പോലെ ഒന്നോ രണ്ടോ ചെറിയ വിത്തുകളും ഉണ്ടാകും.

ഒരു ചെറിയ നെല്ലിക്കയുടെയോ ചെറിയ ചെറിയുടെയോ വലിപ്പമാണ് കായ്കൾക്ക്. പച്ചനിറമുള്ള കായ്കൾ വളരുന്തോറും ഇരുണ്ട കടും ചുവപ്പ്, കടും പർപ്പിൾ അല്ലെങ്കിൽ കറുത്ത നിറമായി മാറും. പഴങ്ങൾ ഏതാണ്ട് കറുത്ത നിറമാകുമ്പോഴാണ് അവ പൂർണമായും പാകമാകുന്നത്. കറുപ്പുനിറമുള്ള പഴങ്ങൾക്ക് ചെറി പഴങ്ങളോട് സമാനമായ നല്ല മധുരവും നേരിയ പുളിയും ഉണ്ടാകും. പച്ചയോ ഇളംചുവപ്പോ നിറമുള്ള കായ്കൾ പാകമാകാത്തവയാണ് എന്നോർക്കുക. തൊലി താരതമ്യേന വളരെ നേർത്തതായിരിക്കും. അൽപം ഞെക്കുമ്പോൾതന്നെ വളരെ മൃദുവായി അനുഭവപ്പെടും. കായ്കൾ വിളവെടുക്കാൻ യോജിച്ച സമയവും ഇതുതന്നെ.

ഗ്രൂമിചാമ- ഇനങ്ങൾ

പഴങ്ങളുടെ നിറം കൊണ്ടുതന്നെ തിരിച്ചറിയാവുന്ന ചില പ്രധാന ഇനങ്ങൾ ഗ്രൂമിചാമയിൽ ഉണ്ട്; എന്നുകരുതി ഇവ അംഗീകൃത ഇനങ്ങളാണ് എന്നർത്ഥമില്ല. പഴങ്ങളുടെ നിറം, പഴങ്ങളുടെ ഉൾഭാഗത്തിന്റെ ഘടനയും അവസ്ഥയും (Pulp consistency) എന്നിവയെ ആശ്രയിച്ചാണ് ഈ തരംതിരിവ്. ഇവ നോക്കാം.

  • കറുത്ത ഗ്രൂമിചാമ (Black Grumichama)- സർവസാധാരണമായ ഇനമാണിത്; ഡോമ്പെയ്‌ എന്ന് പേര്. പഴം പഴുക്കുമ്പോൾ പച്ചനിറത്തിൽനിന്ന് കടുത്ത പർപ്പിൾ അല്ലെങ്കിൽ തിളങ്ങുന്ന കറുപ്പ് നിറമാകും. മധുരവും നേരിയ പുളിയുമാണിതിന്. കാമ്പിന് മഞ്ഞ കലർന്ന വെളുത്തനിറം. ചെറിയ തോതിൽ കറയോ നിറമോ ഉണ്ടാകും ഇതിന്റെ നീരിന്.
  • ചുവന്ന ഗ്രൂമിചാമ (Red Grumichama)- കറുപ്പിനോട് വളരെ സാമ്യമുള്ള ഇനം; എന്നാൽ പഴങ്ങൾ നന്നായി പഴുത്തു കഴിഞ്ഞാൽ കടുംചുവപ്പു നിറമാകും. പഴങ്ങൾ പാകമാകുമ്പോൾ കടുത്ത പർപ്പിളിനു പകരം ഇവിടെ നല്ല തെളിഞ്ഞ ചുവപ്പു നിറമായി മാറും.
  • മഞ്ഞ ഗ്രൂമിചാമ (Yellow Grumichama)- അപൂർവ ഇനമാണിത്. പഴുക്കുമ്പോൾ കായ്കൾ തെളിഞ്ഞ മഞ്ഞനിറമാകും. ഉൾക്കാമ്പിന് വെളുപ്പ് കലർന്ന മഞ്ഞനിറം. നീരുള്ള പ്രകൃതം. ചെറി പഴങ്ങളോട് സമാനമായ സ്വാദും സുഗന്ധവും. സ്വർണമഞ്ഞ നിറമുള്ള പുറംതൊലിയും മധുരമുള്ള ഉന്മേഷദായകമായ ഉൾക്കാമ്പുമുള്ളതിനാൽ വിദേശ ഫലവർഗങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഹരംപകരുന്ന ഇനമായാണ് ഇതറിയപ്പെടുന്നത്. കേരളത്തിലും ചില നഴ്സറികളിൽ ഇതിന്റെ തൈകൾ ലഭ്യമാണ്.

ഇവയ്ക്കു മൂന്നിനും പുറമെ ‘ഗ്രൂമിചാമ മിറിം’ എന്ന പേരിലൊരു വ്യത്യസ്തമായ ഇനവും ഇതിലുണ്ട്. ഇത് വാസ്തവത്തിൽ വ്യത്യസ്തമായ ഒരു സ്പീഷിസ് ആണ്. എങ്കിലും വളരെ മധുരവും ചെറി, ബ്ലൂ ബെറി തുടങ്ങിയ പഴങ്ങളുടെ സമ്മിശ്ര സ്വാദുമുള്ളതാണ് ഇതിന്റെ ഫലങ്ങൾ. ബ്രസീൽ സ്വദേശി തന്നെയാണ് ഇതും. ‘ഡ്വാർഫ് ഗ്രൂമിചാമ’ എന്നും ഇതിനു പേരുണ്ട്. സ്ഥലപരിമിതിയുള്ള നഗരഭവനങ്ങളിൽ വലിയ കണ്ടെയ്നറുകളിൽ ഇത് വളർത്താൻ യോജിച്ചതാണ്. അധികം ഉയരത്തിൽ വളരുന്നതിന് പകരം മിറിം ഒന്നിലധികം അല്ലെങ്കിൽ നിരവധി തണ്ടുകളായി വളരും. ഇതിന്റെ തൈകളും കേരളത്തിൽ ലഭ്യമാണ്. വിളയുമ്പോൾ പഴങ്ങൾക്ക് തിളങ്ങുന്ന കറുപ്പുനിറമാകും. കഷ്ടിച്ച് 2 സെന്റി മീറ്റർ ചുറ്റളവിൽ വലിപ്പം. വളരെ കനംകുറഞ്ഞ പുറംതൊലി; നീര് നിറഞ്ഞ കാമ്പ്; കുറച്ചു വിത്തുകൾ.

വളർത്താം ഗ്രൂമിചാമ ചട്ടിയിലും നിലത്തും

കേരളത്തിലെ കാലാവസ്ഥയിൽ ഗ്രൂമിചാമ എന്ന ബ്രസീലിയൻ ചെറി വലിയ ചട്ടികളിൽ വളർത്തുക താരതമ്യേന എളുപ്പമാണ്. രണ്ടു കാര്യങ്ങളാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്; ഒന്ന് നടുന്ന ചട്ടിയുടെ വലിപ്പം. ഇത് 40-45 സെന്റി മീറ്റർ വരെയാകാം. ആദ്യം തന്നെ ഇത്രയും വലിപ്പമുള്ള ചട്ടി വേണമെന്നില്ല; തൈയുടെ വലിപ്പം നോക്കി ഇത് തീരുമാനിക്കാം. ഏകദേശം ഒരു വയസ്സ് പ്രായമാകുമ്പോൾ മതിയാകും വലിയ ചട്ടിയിലേക്ക് മാറ്റി നടാൻ. അനുയോജ്യമായ പോട്ടിങ് മിശ്രിതം ഉപയോഗിക്കണം. നല്ല വളക്കൂറുള്ള മണ്ണ്, ചകിരിച്ചോറ്, കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകപ്പൊടി, കുറച്ചു മണൽ എന്നിവയാണ് മിശ്രിതത്തിന്റെ ചേരുവകൾ. ഇവ തുല്യ അനുപാതത്തിൽ എടുക്കാം.

ഇനി ഇതുതന്നെ മണ്ണിരക്കമ്പോസ്റ്റ് ഉണ്ടെങ്കിൽ അത് ചേർത്ത് മെച്ചപ്പെടുത്താം; പെർലൈറ്റ് പോലെ വേരുകളിലേക്കു വായുസഞ്ചാരം സുഗമമാക്കുന്ന ചേരുവകൾ ചേർക്കാം. അങ്ങനെയെങ്കിൽ 3 ഭാഗം ജൈവവളം അടങ്ങിയ മണ്ണ്, ഒരു ഭാഗം പെർലൈറ്റ്, ഒരു ഭാഗം ചകിരിച്ചോറ്, അല്പം വേപ്പിൻപിണ്ണാക്ക് എന്നിങ്ങനെയാണ് ചേരുവകളും അവയുടെ തോതും. ഇതൊക്കെ ലഭ്യതയനുസരിച്ചു ക്രമീകരിച്ചാൽ മതിയാകും. ഇതിലാണ് ഒട്ടുതൈകൾ നടേണ്ടത്. ഒട്ടുതൈകളാകുമ്പോൾ വിത്തുതൈകളേക്കാൾ വേഗം കായ്കൾ പിടിക്കാൻ തുടങ്ങും. ഇതിന് രണ്ടോ മൂന്നോ വർഷം മതിയാകും.

ചട്ടിയിൽ വളർത്തുമ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധ വെക്കേണ്ടതുണ്ട്; ഇതിലൊന്നാണ് നനവിന്റെ തോത്. അധികം ആഴത്തിൽ വേരോടാത്ത ചെടിയാണ് ഗ്രൂമിചാമ. അതുകൊണ്ടു തന്നെ ചട്ടിയിലാകുമ്പോൾ ഇടയ്ക്ക് മാധ്യമത്തിലെ നനവ് ശ്രദ്ധിക്കണം. മുകൾത്തട്ടിലെ 3 മുതൽ 5 സെന്റി മീറ്റർ സ്ഥലം ഉണങ്ങാൻ തുടങ്ങുമ്പോൾ നനയ്ക്കണം. പ്രത്യേകിച്ച് ചെടി പൂക്കുകയും കായ് പിടിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ. ഈ സമയം ജലദൗർലഭ്യം അനുഭവപ്പെട്ടാൽ ഉണ്ടാകുന്ന ഇളം കായ്കൾതന്നെ കൊഴിയാനിടയാകും.

മറ്റൊരു കാര്യം സൂര്യപ്രകാശത്തിന്റെതാണ്; നല്ല പ്രകാശത്തിലോ, ഭാഗികമായ പ്രകാശത്തിലോ ആകാം. എന്തായാലും ചെടിക്ക് കുറഞ്ഞത് ദിവസവും 4 മുതൽ 6 മണിക്കൂർ വരെ പ്രകാശം നിർബന്ധമാണ്. എങ്കിലേ ചെടി വേണ്ടവിധം പൂക്കുകയും കായ്ക്കുകയും ചെയ്യുകയുള്ളൂ. ചെറിയ തോതിൽ കൊമ്പുകോതുന്നതും ചെടി ഒതുങ്ങി വളരാനും പുതുശിഖരങ്ങളിൽ കൂടുതൽ പൂമൊട്ടുകൾ ഉണ്ടാകാനും സഹായിക്കും. കേടായ, രോഗബാധിതമായ, ഇടകലർന്നു വളരുന്ന ശിഖരങ്ങൾ ആണ് പ്രധാനമായും ഈ വിധം നീക്കേണ്ടത്. എന്നാൽ കൊമ്പുകോതൽ അമിതമാകാനും പാടില്ല എന്നോർക്കുക.

പുതിയ തൈകൾ

വിത്തുകൾ വഴിയും പതിവച്ചും ഒട്ടിച്ചും ഗ്രൂമിചാമയിൽ പുതിയ തൈകൾ തയാറാക്കാം. വിളഞ്ഞുപഴുത്ത നല്ല മധുരമുള്ള ചെറിപ്പഴങ്ങളിൽനിന്ന് കാമ്പ് നീക്കി വൃത്തിയായി വേർപെടുത്തി എടുക്കുന്ന വിത്തുകൾ ഉചിതമായ പോട്ടിങ് മിശ്രിതത്തിൽ പാകിയാൽ 30 ദിവസം കൊണ്ട് മുളപൊട്ടും. എന്നാൽ, പതിവച്ചും ഒട്ടിച്ചും തയാറാക്കുന്ന തൈകൾക്കാണ് കൂടുതൽ ഡിമാൻഡ്. വായുവിൽ പതിവയ്ക്കാൻ നല്ല ആരോഗ്യമുള്ള, വെളിച്ചം കിട്ടുന്നിടത്തു വളരുന്ന ഒരു ശിഖരം തിരഞ്ഞെടുക്കണം. പെൻസിൽ കനമാണ്‌ ഇതിനു വേണ്ടത്. ഈ ശിഖരത്തിന്റെ അറ്റത്തുനിന്ന് 15-30 സെന്റി മീറ്റർ താഴെയായി ഒരിഞ്ചു (2-3 സെന്റി മീറ്റർ ) നീളത്തിൽ തൊലി വലയംപോലെ ചുറ്റും ചെത്തിനീക്കുക. തടിയുടെ പച്ചഭാഗം കാണുംവിധം വേണം ഇങ്ങനെ തൊലി അഥവാ പുറംചർമം നീക്കാൻ.

ഇങ്ങനെ നീക്കുന്ന ഭാഗം ഒന്ന് ചീകി വൃത്തിയാക്കണം. അല്ലെങ്കിൽ വേര് പിടിക്കാൻ താമസമുണ്ടാകും. ചിലപ്പോൾ മുറിച്ചഭാഗത്തെ തൊലികൂടി ചേർന്നുപോകാനും മതി. ഈ ഭാഗത്തു റൂട്ടെക്സ് പോലെ ഏതെങ്കിലും ഒരു വേരുപിടിക്കൽ ഹോർമോൺ (റൂട്ടിങ് ഹോർമോൺ) കൈ കൊണ്ടോ ഒരു ചെറിയ ബ്രഷ് കൊണ്ടോ തേച്ചു പിടിപ്പിക്കണം.എന്നിട്ട് മുറിഭാഗം പൂർണമായും പൊതിയണം. ഇങ്ങനെ പൊതിയാനുള്ള മിശ്രിതം പോളിത്തീൻ കടലാസ്സിൽ എടുത്തു മുറിവിനു ചുറ്റുംവച്ച് നന്നായി മുറുക്കി കെട്ടണം. അല്പം നനവുള്ള ചകിരിച്ചോറോ (കൊക്കോ പീറ്റ്) അല്ലെങ്കിൽ പായലോ (സ്പാഗ്നം മോസ്) ആണ് പോളിത്തീൻ ഷീറ്റിലെടുക്കേണ്ടത്.

മഴയുള്ള സമയമാണ് ഇത്തരത്തിൽ ലയെറിങ് ചെയ്യാൻ അനുയോജ്യമായ സമയം. 30 മുതൽ 60 ദിവസം കൊണ്ട് ഇതിൽ നന്നായി വേരുപിടിച്ചു കിട്ടും. 45 ദിവസം കഴിയുമ്പോൾ തന്നെ നോക്കിയാൽ പോളിത്തീൻ പൊതിയ്ക്കുള്ളിൽ വേരുകൾ വളർന്നിരിക്കുന്നത് കാണാം. ഇത്തരത്തിൽ വേരുപിടിച്ചു കഴിഞ്ഞ ലയർ തൈകൾ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ മാറ്റി നടാനായാൽ ഉത്തമം. പോളിത്തീൻ പൊതിയുടെ താഴെ വച്ചാണ് പതി മുറിച്ചെടുക്കേണ്ടത്. ഇങ്ങനെ വേർപെടുത്തുന്ന പതി, വളപ്പറ്റുള്ള കമ്പോസ്റ്റും മേൽമണ്ണും മണലും കലർത്തിയ മിശ്രിതം നിറച്ച ഇടത്തരം വലിപ്പമുള്ള ചട്ടിയിലേക്കാണ് മാറ്റി നടേണ്ടത്.

ഇവ ഭാഗികമായി തണലുള്ള സ്ഥലത്തുതന്നെ കുറഞ്ഞത് 2-3 ആഴ്ചയെങ്കിലും വയ്ക്കണം. അത്യാവശ്യം നനവ് നിലനിർത്തണം. തൈക്കു കരുത്തു വന്നുകഴിഞ്ഞു മാത്രമേ കൃഷിയിടത്തിലേക്കോ വലിയ ചട്ടിയിലേക്കോ മാറ്റി നടേണ്ടതുള്ളൂ. ഇത്തരത്തിൽ നട്ടുപരിപാലിക്കുന്ന തൈകളാണ് 2-3 വർഷത്തെ കാലയളവിൽ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്. ചെടി പൂത്തു 3-4 ആഴ്ച കഴിഞ്ഞാൽ മതി കായ്കളായി വിളവെടുപ്പിനു പാകമാകാൻ. ഇവിടെ നിറംമാറ്റം കൂടെ ശ്രദ്ധിക്കണം. നന്നായി വളർന്ന ഒരു മരത്തിൽനിന്ന് 30 കിലോ വരെ ചെറി പഴങ്ങൾ കിട്ടാനും മതി.

പോഷകങ്ങൾ നിറച്ച കുഞ്ഞൻഫലം

നാരുകളും നിരോക്സീകാരകങ്ങളും വർണകമായ ആന്തോസയാനിനും ഒക്കെ പ്രകൃതിതന്നെ നിറച്ചു തയാറാക്കിയ പോഷകച്ചെപ്പാണ് ഗ്രൂമിചാമ ചെറി പഴം. കൂടാതെ ജീവകം സി, ജീവകം ബി 3 തുടങ്ങിയവയും. 100 ഗ്രാം പഴത്തിൽ 45 കിലോ കാലറി ഊർജം, 11 ഗ്രാം കാർബോഹൈഡ്രേറ്റ്, 2.5 ഗ്രാം നാര്, 8 ഗ്രാം പഞ്ചസാര, 0.7 ഗ്രാം മാംസ്യം, 0.3 ഗ്രാം കൊഴുപ്പ്, 39.5 മില്ലിഗ്രാം കാൽസിയം, 13.6 മില്ലിഗ്രാം ഫോസ്ഫറസ്, 0.45 മില്ലിഗ്രാം ഇരുമ്പ്, 0.039 മില്ലിഗ്രാം കരോട്ടിൻ, 0.044 മില്ലിഗ്രാം തയാമിൻ, 0.031 മില്ലിഗ്രാം റിബോഫ്‌ളാവിൻ, 0.336 മില്ലിഗ്രാം നിയാസിൻ എന്നിങ്ങനെയാണ് പോഷകങ്ങളുടെ തോത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും കോശങ്ങളെ നാശത്തിൽനിന്ന് രക്ഷിക്കാനും ഇതുപകരിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായകമാണ്. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും ദഹനേന്ദ്രിയത്തിന്റെ കാര്യക്ഷമതയ്ക്കും ഫലവത്താണ്. എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നു.

വിളഞ്ഞുപഴുത്ത പഴങ്ങൾ അതേപടി കഴിക്കാം. കൂടാതെ ഇവ തന്നെ ജാം, ജെല്ലി, പൈ, വിവിധതരം ജ്യൂസുകൾ എന്നിവ തയാറാക്കാനും ഉത്തമം. ഭക്ഷ്യയോഗ്യവും ഇതര ഉപയോഗങ്ങൾ ഉള്ളതുമായ മൂല്യവർധിത ഉത്പന്നങ്ങൾ ഗ്രൂമിചാമയിൽനിന്ന് തയ്യാറാക്കുന്നുണ്ട്. സ്വാദിഷ്ടമായ ജാം, ജെല്ലി, മാർമലൈഡ്, ഫ്രൂട്ട് പ്രിസെർവ് എന്നിവയ്ക്ക് പുറമെ, ഫ്രഷ് ജ്യൂസ്, സ്മൂത്തി, വീഞ്ഞ്, മദ്യം എന്നിവ തയാറാക്കാനും ബേക്കറി ഉല്പന്നങ്ങളായ പൈ, ടാർട്ട്, ഐസ്ക്രീം എന്നിവയ്ക്കും പഴങ്ങൾ തന്നെ ഉണ്ടാക്കിയത് കറുമുറെ ചവയ്ക്കാനുള്ള സ്‌നാക്‌സ് ആയും സാന്ദ്രീകൃത മധുരോല്പന്നമായുമെല്ലാം ഉപയോഗിച്ച് വരുന്നു.

ഇതിനെല്ലാം പുറമെയാണ് ഇവയുടെ സൗന്ദര്യ വർദ്ധക ഉല്പന്നങ്ങളിലുള്ള വിപുലമായ ഉപയോഗം. പഴങ്ങൾ നിരോക്സീകാരക സമൃദ്ധമാകയാൽ അവയ്ക്ക് ചർമ്മത്തെ സ്വതന്ത്ര റാഡിക്കലുകളിൽനിന്നും അമിതമായ സൂര്യാഘാതത്തിൽനിന്നും പരിസര മലിനീകരണ ദോഷങ്ങളിൽനിന്നുമെല്ലാം സംരക്ഷിച്ചു നിർത്താനുള്ള കഴിവുണ്ട്. ചർമ്മത്തിന്റെ സ്നിഗ്ദ്ധതയും തിളക്കവും നിലനിർത്താൻ ഇതുപകരിക്കുന്നു. വാർധക്യസഹജമായ വ്യതിയാനങ്ങളിൽ സംരക്ഷണവും നൽകുന്നു. ജീവകം സിയുടെയും നിയാസിന്റെയും കലവറ ആയതുകൊണ്ടുതന്നെ ചർമത്തിന് സ്വതസിദ്ധമായ നിറം നിലനിർത്തും. പഴത്തിന്റെ കാമ്പും സത്തും സ്ക്രബ്ബുകളിലും ക്ലെൻസറുകളിലും ചേരുവയാണ്. പരമ്പരാഗതമായി ഇതിന്റെ മരത്തൊലിയും ഇലകളും മുറിവുണക്കുന്നതിലും തൊലിപ്പുറത്തുണ്ടാകുന്ന ചൊറിഞ്ഞു തടിപ്പിലുമൊക്കെ ഉപയോഗിക്കുന്ന മരുന്നുകളിൽ ചേരുവയാക്കുന്നു. മുടിയുടെ വളർച്ചയ്ക്കും ഇതുപയോഗപ്രദമാണ്. ഓർഗാനിക്ക് ഫെയ്‌സ് മാസ്‌ക്, നാച്ചുറൽ എക്സ് ഫോളിയെറ്റിങ്‌ സ്ക്രബ്ബ്‌, ആൻറി ഏജിങ് ലോഷൻ, ബൊട്ടാണിക്കൽ സിറം എന്നിവയിൽ ചേരുവയും.

പ്രകൃതിയുടെ സൃഷ്ടികൾ എല്ലാം ഗുണദോഷ സമ്മിശ്രമാണല്ലോ? ഗ്രൂമിചാമയുടെ കാര്യത്തിലും ഇത് വാസ്തവമാണ്. ആരോഗ്യസംരക്ഷക പോഷകമേന്മ, പ്രത്യേകതരം ഉൽപ്പന്നങ്ങളുണ്ടാക്കാനുള്ള സാധ്യതകൾ, വീടിന്റെ പര്യമ്പുറത്തുള്ള പുരയിട ഉദ്യാനത്തിലെ അംഗം, കാലാവസ്ഥയിലെ മാറ്റങ്ങൾ ഒരുപരിധി വരെ ചെറുക്കാനുള്ള കഴിവ്, എന്നിവ ഇതിന്റെ മേന്മകൾ ആണെങ്കിൽ വളരെ കുറഞ്ഞ സൂക്ഷിപ്പുകാലം, പഴത്തിനുള്ളിലെ വിത്തിന്റെ വലിപ്പം, ചില പ്രത്യേക തരം കായീച്ചകൾ ഉപദ്രവിക്കുന്ന സ്വഭാവം എന്നിവയൊക്കെ ഇതിന്റെ പരിമിതികൾ ആണെന്നു പറയാം. കേരളത്തിലെ നഴ്സറികളിൽ ഗ്രൂമിചാമയുടെ തൈകൾ വാങ്ങാൻ കിട്ടുന്നുണ്ട്. ആറു മാസം മുതൽ പ്രായമുള്ള യെല്ലോ ബ്രസീലിയൻ ഗ്രൂമിചാമയുടെ തൈകളും ഉണ്ട്. വിലവൈവിധ്യം ഉണ്ടാകാം.