മലേഷ്യയിലെ ഒരു വിളവെടുപ്പുത്സവമാണ് 'ബുഅ പുലാസന്‍'. പേര് സൂചിപ്പിക്കുന്നതുപോലെ മധുവിനെ വെല്ലും മധുരമുള്ള പുലാസന്‍ പഴങ്ങളുടെ വിളവെടുപ്പുവേള. ഒരു പ്രദേശത്തെ കുടുംബങ്ങളെല്ലാം ആഘോഷപൂര്‍വം ഒത്തുചേര്‍ന്ന് പരസ്പരം വിശേഷങ്ങള്‍ കൈമാറുകയും കളിചിരികളുമായി സമയം ചെലവിടുകയും ചെയ്യുന്ന പ്രാദേശിക ഉത്സവം തന്നെയാണ് 'ബുഅ പുലാസന്‍'. ഇവരെല്ലാം ഒത്തുകൂടിയിട്ട് പുലാസന്‍ മരങ്ങളില്‍ വിളയാറായി വരുന്ന പഴങ്ങള്‍ കൂട്ടത്തോടെ വിളവെടുത്ത് ഒരുമിച്ചിരുന്ന് സ്വാദ് നുകരുകയും കഥകള്‍ പറയുകയും ചെയ്യും. അത്രത്തോളം സന്തോഷമുള്ള ആഘോഷവേളയാണ് മലേഷ്യന്‍ ജനതയ്ക്ക് 'ബുഅ'. സമൂഹത്തിന്റെ ഐക്യബോധവും പരമ്പരാഗത മൂല്യങ്ങളും ഊട്ടിയുറപ്പിക്കാനുള്ള ഒരവസരം കൂടെയാണ് ഇവര്‍ ഈ പുലാസന്‍ വിളവെടുപ്പുവേള ആഘോഷിക്കുന്നത്. കാരണം മറ്റൊന്നുമല്ല; മലേഷ്യന്‍ ജനതയ്ക്ക് പുലാസന്‍ എന്നത് വെറും ഒരു പഴം മാത്രമല്ല; അവരുടെ സംസ്‌കാരത്തിന്റെയും പരമ്പരാഗത വിശ്വാസങ്ങളുടെയും അവിഭാജ്യമായ ഒരു ചേരുവ തന്നെയാണ്. അതുകൊണ്ടാണ് പുലാസന്‍ പഴങ്ങളുടെ ഓരോ വിളവെടുപ്പുകാലവും മലേഷ്യന്‍ ജനതയ്ക്ക് അവിസ്മരണീയവും ആനന്ദദായകവുമായ ആമോദവേളയായി മാറുന്നത്. പുലാസന്‍ പഴവും മലേഷ്യയുമായുള്ള നാഭീനാളബന്ധം അത്രമാത്രം ദൃഢമാണ്, ശക്തമാണ്. പുലാസന്‍ മലേഷ്യയുടെ സന്തതിയാണ്; കൃത്യമായി പറഞ്ഞാല്‍ പടിഞ്ഞാറന്‍ മലേഷ്യയുടെ. എന്നു മാത്രമല്ല പുലാസന് ആ പേര് കിട്ടിയതു തന്നെ 'പുലാസ്' (Pulas) എന്ന മലയന്‍ പദത്തില്‍ നിന്നാണ്. 

To advertise here,

തെക്കുകിഴക്കന്‍ ഏഷ്യയുടെ പല ഭാഗങ്ങളിലും പുലാസന്‍ വളരുന്നുണ്ടെങ്കിലും പുലാസന് മലേഷ്യയുമായുള്ളത്ര ബന്ധം മറ്റൊരു രാജ്യവുമായില്ല എന്നു വേണം പറയാന്‍. മലയ് പെനിന്‍സുലയില്‍ പണ്ടേക്കു പണ്ടേ ഫലവൃക്ഷമായ പുലാസന്‍ കൃഷി ചെയ്തിരുന്നു. മലയ് പെനിന്‍സുലയുടെ പടിഞ്ഞാറന്‍ തീരത്തുള്ള പെറക് സംസ്ഥാനം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെല്ലാം പുലാസന്‍ സമൃദ്ധമായി വളര്‍ന്നിരുന്നു. പ്രത്യേകിച്ച് ഫിലിപ്പീന്‍സിലെ ഏറ്റവും ജനസാന്ദ്രമായ ലുസോണ്‍ ദ്വീപിലും മിണ്ടാനാവോ ദ്വീപിലും പുലാസന്‍ മരങ്ങള്‍ ധാരാളം കൃഷിചെയ്തു പോന്നു. കൂടാതെ പടിഞ്ഞാറന്‍ ജാവയിലെ ബോഗര്‍ നഗരത്തിലും ബോഗറിനും ജക്കാര്‍ത്തയ്ക്കും ഇടയിലുള്ള റെയില്‍പ്പാതകള്‍ക്കിരുവശവും ഫലസമൃദ്ധമായ പുലാസന്‍ മരങ്ങള്‍ വളര്‍ത്തിയിരുന്നു. മലേഷ്യയില്‍ പുലാസന്‍ പഴത്തിന് വേറെയും വിളിപ്പേരുകള്‍ ഉണ്ട്. റംബൂട്ടാന്‍-കാഫ്രി, റംബുട്ടാന്‍-പറോ, പെനിങ്-പെനിങ്-റംബുട്ടാന്‍ എന്നിങ്ങനെ. ഇൻഡൊനീഷ്യയിൽ പുലാസന്‍ 'കപുലാസന്‍' ആണ്. തായ്​ലൻഡിൽ 'ഗോക്-ഖൊണ്‍സന്‍'; ബ്രൂണെയില്‍ 'മാരിറ്റം', ഫിലിപ്പീന്‍സില്‍ 'ബുലാല'. 

ഇവിടുത്തെ 'പുല' അല്ല മലയയിലെ 'പുല'

മലയാളക്കരയിലെ പുലയും മലയയിലെ 'പുല'യും തമ്മില്‍ വ്യത്യാസം ഏറെ. ഇവിടെ ഒരു വ്യക്തിയുടെ മരണത്തെത്തുടര്‍ന്ന് ബന്ധുക്കളെ ബാധിക്കുന്നതായി കരുതുന്ന അശുദ്ധിയാണ് 'പുല'. 'പുല' മാറാന്‍ പല ശുദ്ധികര്‍മങ്ങള്‍ നടത്തുന്ന പതിവുമുണ്ട്. 'ചത്താലും പെറ്റാലും പുല' എന്ന് പൊതുവേ പറയാറുമുണ്ട്. എന്നാല്‍ മലയയില്‍ 'പുല' ഇതൊന്നുമേയല്ല. അവിടെ 'പുല' എന്നാല്‍ തിരിക്കുക, പിരിക്കുക എന്നൊക്കെയാണര്‍ഥം. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ 'to twist'. മലയന്‍ പദമാണ് 'പുല' (Pulas). പാകമായ പുലാസന്‍ പഴം കഴിക്കണമെങ്കില്‍ ആദ്യം അത് തുറക്കണമല്ലോ. പഴം കയ്യിലെടുത്ത് കയ്യൊതുക്കത്തോടെ രണ്ടു കൈകളും കൊണ്ട് ഒന്ന് തിരിക്കുകയേ വേണ്ടൂ; അതിന്റെ പുറംപാളി പൊട്ടി താനേ തുറക്കും. അങ്ങനെ കൈകൊണ്ട് തിരിച്ച് തുറക്കുന്ന പഴം എന്ന അര്‍ഥത്തിലാണ് ഈ മധുരഫലത്തിന് പുലാസന്‍ എന്ന് പേര് കിട്ടിയത്. ചുറ്റിത്തിരിച്ച് തുറക്കുന്ന പഴം.

പുലാസനും റംബൂട്ടാനും മച്ചുനന്‍മാര്‍

മധുരഫലങ്ങളായ പുലാസനും റംബുട്ടാനും മച്ചുനന്‍മാരാണ്. അടുത്ത ബന്ധുക്കളും ഒരേ കുടുംബക്കാരും. ചീവക്കായുടെ കുടുംബമായ സോപ്പ്ബെറി കുടുംബക്കാരാണ് ഇരുവരും. 'സാപ്പിന്‍ഡേസി' എന്ന് കുടുംബപ്പേര്. ഇവരുടെ സസ്യനാമത്തിലുമുണ്ട് അപാരമായ സാമ്യം. പുലാസന്‍ 'നെഫേലിയം മ്യൂട്ടാബൈല്‍', റംബുട്ടാനാകട്ടെ 'നെഫേലിയം ലപ്പേസ്യം'. പുലാസന്റെ വിളിപ്പേരുകളില്‍ തന്നെ റംബുട്ടാനും ഉണ്ട്. രണ്ടു പഴങ്ങള്‍ക്കും ഏതാണ്ട് ദീര്‍ഘവൃത്താകൃതിയാണ്. മുട്ടയുടേതുപോലെ. സ്വാദിന്റെ കാര്യത്തില്‍ രണ്ടുപേരും കട്ടയ്ക്ക് നില്‍ക്കും. എങ്കിലും പുലാസന്‍ ഒരു പടി മുന്നിലല്ലേ എന്ന് തോന്നിപ്പോകും. റംബുട്ടാന്‍ പഴത്തിനു പുറത്ത് മുള്ളുപോലെ നിറയെ രോമങ്ങളുമുണ്ട്. എന്നാല്‍ പുലാസന്‍ പഴത്തിനതില്ല എന്ന് പറയാം.

പുലാസന്റെ ഉള്ളിലെ വിത്ത് കഴിക്കാം, ബദാം കഴിക്കുന്നതുപോലെ. എന്നാല്‍ റംബുട്ടാന്റെ വിത്ത് (കുരു) അത്ര നന്നല്ല. വിത്തിനെ പൊതിഞ്ഞിരിക്കുന്ന മാംസളഭാഗം (അകക്കാമ്പ്) പുലാസന്റെ കാര്യത്തില്‍ വളരെ വേഗം വിത്തില്‍ നിന്നിളകി വരും. എന്നാല്‍ റംബുട്ടാന്റെ കാര്യത്തില്‍ ഇതത്ര എളുപ്പമല്ല. മാംസളഭാഗം വിത്തിനോട് കൂടുതല്‍ ഒട്ടിപ്പിടിച്ചാണിരിക്കുന്നത്. റംബുട്ടാന്‍ പഴം നീര് നിറഞ്ഞതാണ്. എന്നാല്‍ പുലാസന്‍ പഴത്തില്‍ അത്രത്തോളം നീര് (ജ്യൂസ്) ഇല്ല എന്ന് പറയാം. ചുരുക്കത്തില്‍ മലയാളക്കരയില്‍ നവാഗതരായി എത്തിയ പുലാസനും റംബുട്ടാനും ഒരേ കളരിയില്‍ തന്നെ പയറ്റിത്തെളിഞ്ഞു നില്‍ക്കുന്നു എന്നു പറയാം. ഇതൊക്കെയാണെങ്കിലും കാഴ്ചയിലുള്ള സാമ്യം നിമിത്തം പുലാസനും റംബുട്ടാനും തെറ്റിപ്പോകുന്നുവെങ്കില്‍ നമുക്ക് കുറ്റപ്പെടുത്താന്‍ കഴിയില്ല.

പുലാസനും പാരിസ്ഥിതിക പ്രാധാന്യവും

ഉഷ്ണമേഖലയിലെ പ്രമുഖ ഫലവര്‍ഗം എന്ന പദവി കയ്യാളുമ്പോഴും പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും അനുകൂലിക്കുന്ന അല്ലെങ്കില്‍ സംരക്ഷിക്കുന്ന ഫലസസ്യം എന്ന പ്രാധാന്യവും പുലാസനുണ്ട്. ഉഷ്ണമേഖലാ ആവാസവ്യവസ്ഥയില്‍ അനുപമമായ സ്ഥാനമാണ് പുലാസനുള്ളത്. സമൃദ്ധമായി പഴസമ്പത്ത് വാരിച്ചൊരിയുന്ന വൃക്ഷമായതിനാല്‍ വന്യജീവികള്‍ക്ക് അഭയവും ആശ്രയവുമാണിത്. കാര്‍ബണ്‍ പിടിച്ചെടുക്കല്‍ (Carbon sequestration), മണ്ണ് ദൃഢമാക്കല്‍ അഥവാ സ്ഥിരതപ്പെടുത്തല്‍, ജൈവവൈവിധ്യ സംരക്ഷണം എന്നീ ആവാസവ്യവസ്ഥാസേവനങ്ങള്‍ പുലാസന്‍ ചെയ്തുവരുന്നു. 

സ്വാഭാവിക ആവാസത്തില്‍ വനപ്രദേശങ്ങളില്‍ വളരുന്ന പുലാസന്‍ കാര്‍ഷിക വനവല്‍ക്കരണ സമ്പ്രദായത്തിന് മുതല്‍ക്കൂട്ടായും വര്‍ത്തിക്കുന്നു. വനങ്ങളില്‍ തന്നേക്കാളുമുയരത്തില്‍ വളരുന്ന വൃക്ഷഭീമന്‍മാരുടെ ശീതളഛായയില്‍ വളരുമ്പോഴും പുലാസന്‍ തനിക്കു ചുറ്റുമുള്ള ആവാസവ്യവസ്ഥയിലെ ജൈവവൈവിധ്യം സംരക്ഷിക്കുകയും ചെയ്തുവരുന്നു. താഴ്വരകളിലെ, അല്ലെങ്കില്‍ താഴ്ന്നപ്രദേശങ്ങളിലെ വനങ്ങളിലാണ് ഇത് അധികവും വളരുന്നത് എന്നതുകൊണ്ടുതന്നെ പുലാസന്‍ ഉഷ്ണമേഖലാ ആവാസവ്യവസ്ഥയുടെ പ്രധാന ഭാഗവുമാണ്. ഒപ്പം പരിസ്ഥിതിയുടെ പൊതുവായ ആരോഗ്യത്തിനും സ്ഥിരതയ്ക്കും ഉപകരിക്കുകയും ചെയ്യുന്നു. ചിരസ്ഥായി സ്വഭാവമുള്ള വൃക്ഷം എന്ന നിലയ്ക്ക് മണ്ണിന് സ്ഥിരീകരണ സ്വഭാവം നല്‍കി, മണ്ണൊലിപ്പ് ഫലപ്രദമായി തടഞ്ഞ്, പരിസ്ഥിതിയിലെ ജലസംഭരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തേനീച്ചകള്‍, ശലഭങ്ങള്‍, മറ്റ് പറന്ന് നടക്കുന്ന ജീവികള്‍ എന്നിവരാണ് പുലാസനിലെ പരാഗണവാഹികള്‍. പുലാസന്‍ മരത്തില്‍ വിടരുന്ന സുഗന്ധവാഹിയായ ചെറിയ പൂക്കളും പൂങ്കുലകളുമാണ് ഇവയെ ആകര്‍ഷിക്കുന്നത്. ഇതും പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥയുടെയും പൊതുവായ ആരോഗ്യത്തിന് ഉത്തമമാണ്. നിരവധി ഇനം മൃഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍, പ്രാണികള്‍ എന്നിവയ്ക്കെല്ലാം പുലാസന്‍ അഭയം നല്‍കുകയും ആഹാരത്തിന് വക നല്‍കുകയും ചെയ്യുന്നു. മരത്തിന്റെ ആഴത്തിലോടുന്ന വേരുപടലമാണ് മണ്‍തരികളെ ദൃഢമായി ചേര്‍ത്തുപിടിച്ച് മണ്ണൊലിപ്പ് തടയുന്നത്.

സസ്യപരിചയം

കാഴ്ചയില്‍ മലേഷ്യന്‍ റംബുട്ടാനോട് സാമ്യമുണ്ട് പുലാസന്‍ മരത്തിന്. ഏതാണ്ട് 10-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന നിത്യഹരിതവൃക്ഷം. കാഴ്ചയ്ക്ക്  സുന്ദരമായ അലങ്കാരവൃക്ഷം. തടിക്ക് അധികം കനം വെയ്ക്കാറില്ല. 30-40 സെന്റി മീറ്റര്‍ കനമേയുള്ളൂ. ചെറുശിഖരങ്ങള്‍ക്ക് ബ്രൗണ്‍ നിറമാണ്. ഇത് രോമാവൃതമായിരിക്കും ഇളംപ്രായത്തില്‍. ഇലകള്‍ക്ക് കടുംപച്ചനിറം. ഇലകളുടെ അടിവശം വിളറിയതാണ്. പട്ടുനാരു പോലെ നേരിയ രോമങ്ങളുമുണ്ട്. മരത്തിന്റെ തടിക്ക് സാമാന്യം ദൃഢതയും കടുപ്പവുമുണ്ട്. അതുകൊണ്ടു തന്നെ തടി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നു. അലങ്കാര സ്വഭാവമുള്ളതായതിനാല്‍ ലാന്‍ഡ് സ്‌കേപ്പിങ്ങിലും പുലാസന്‍  ഉപയോഗിക്കുന്നു.

മണ്ണും കാലാവസ്ഥയും

വെള്ളം കെട്ടാത്ത നീര്‍വാഴ്ച ഉള്ള മണ്ണാണ് പുലാസന് പ്രിയം. അമ്ല, ക്ഷാരനില 5 മുതല്‍ 5.8 വരെയാകാം. ഇനി അല്‍പം കൂടിയാലും പുലാസന്‍ അസഹിഷ്ണുത കാട്ടാറില്ല. പക്ഷേ, ജൈവവളപ്പറ്റുള്ള മണ്ണ് കൂടുതല്‍ പ്രിയം. എങ്കില്‍ ചെടി നന്നായി വേരോടി വളരും. പകല്‍ താപനില 26-32 ഡിഗ്രി സെല്‍ഷ്യസ് ഉള്ള സ്ഥലങ്ങളിലാണ് പുലാസന്‍ യാതൊരു തടസവുമില്ലാതെ വളര്‍ന്നു കാണുന്നത്. ഇനി താപനില 18 ഡിഗ്രി വരെ താഴ്ന്നാലും 38 ഡിഗ്രി വരെ ഉയര്‍ന്നാലും വിരോധമില്ല. പക്ഷേ,  മഞ്ഞുവീഴ്ച പുലാസന്‍ ഇഷ്ടപ്പെടുന്നില്ല എന്നറിയുക. ഇതുപോലെ തന്നെ മഴ ലഭ്യതയിലുമുണ്ട് ചില ഇഷ്ടാനിഷ്ടങ്ങള്‍. ശരാശരി വാര്‍ഷിക മഴ 2000 മുതല്‍ 3000 മില്ലിമീറ്റര്‍ വരെ ആണ് ഇതിന്റെ ഇഷ്ടപരിധി. എങ്കിലും 1350 മുതല്‍ 4000 മില്ലിമീറ്റര്‍ വരെയുള്ള മഴ ലഭ്യതയിലെ വ്യത്യാസവും സഹിക്കുന്ന സ്വഭാവമാണ് ഈ ഫലസസ്യത്തിന്.

അന്തരീക്ഷത്തിലെ ഈര്‍പ്പനില താരതമ്യേന ഉയര്‍ന്നു നില്‍ക്കുന്നതിനോടാണ് ഇഷ്ടം കൂടുതല്‍. നല്ല വെയിലത്ത് നന്നായി വളരും, എന്നാല്‍ ഒരു പരിധിവരെ തണലിടങ്ങളില്‍ തളിര്‍ത്തുവളരാനും പുലാസന് കഴിവുണ്ട്. ഇനി പുലാസന്‍ മരങ്ങള്‍ എവിടെയാണ് ഏറ്റവും നന്നായി വളരുന്നത് എന്നു ചോദിച്ചാല്‍ അതിന് യുക്തിസഹമായ ഉത്തരം ഒന്നേയുള്ളൂ- സാമാന്യം താഴ്ന്ന ഉയരത്തില്‍ ഉഷ്ണമേഖലയിലെ അന്തരീക്ഷ ഈര്‍പ്പനിലയുള്ള പ്രദേശങ്ങളില്‍ എന്ന്; അതും 600 മീറ്ററിന് താഴെ ഉയരമുള്ള സ്ഥലങ്ങളില്‍; അതും 110-350 മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നന്ന്.

പുലാസന്‍ പഴത്തിന്റെ രുചിമേളം

ഓരോ പുലാസന്‍ പഴവും സമ്മിശ്രരുചിമേളങ്ങളുടെ മധുരച്ചെപ്പാണ്. ഇത്തരം പഴങ്ങളുടെ ഒരു പ്രത്യേകത അവയുടെ സ്വാദും സുഗന്ധവും നിര്‍ണയിക്കാന്‍ കഴിയില്ല എന്നതാണ്. ആസ്വാദകരായ ആരാധകര്‍ തങ്ങളുടെ ഔചിത്യമനുസരിച്ച് പല തരത്തിലാണ് ഇവയുടെ സ്വാദ് അടയാളപ്പെടുത്തുക. പുലാസന്‍ പഴത്തിന് ദീര്‍ഘവൃത്താകൃതിയാണ്. കാഴ്ചയില്‍ റംബൂട്ടാന്‍ പഴത്തോട് സാമ്യമുണ്ടെങ്കിലും പുലാസന്‍ പഴത്തിന് റംബൂട്ടാനേക്കാള്‍ മധുരവും സ്വാദുമുണ്ട് എന്നറിയുക. തേനിനെ വെല്ലുന്ന സ്വാദാണിതിന്. പാഷന്‍ ഫ്രൂട്ടിന്റെയും റംബൂട്ടാന്റെയും സ്വാദുകള്‍ മിശ്രണം ചെയ്ത സ്വാദ് എന്നും പറയാം. പുലാസന്റെ പുറംതോടിന് മലേഷ്യന്‍ റംബൂട്ടാന്റേതുപോലെ തൊങ്ങലുകള്‍ ഇല്ലെങ്കിലും നല്ല ചുവപ്പുനിറവും ചക്കയുടെ മുള്ളുപോലെ കട്ടിയുള്ള ആവരണവുമുണ്ട്.

പഴത്തിന്റെ ഉള്‍ഭാഗത്തെ കാമ്പ് മൃദുവാകാം; ചിലപ്പോള്‍ കറുമുറെ കടിച്ചുതിന്നാന്‍ പാകത്തിലുമാകാം. പഴത്തിന്റെ വിത്തും ഭക്ഷ്യയോഗ്യമാണ്. ഇതിന് സാക്ഷാല്‍ ബദാമിന്റെ സ്വാദും ഗന്ധവുമാണ്. പഴത്തിന്റെ കാമ്പ് വിത്തില്‍ നിന്ന് വേര്‍പ്പെടുത്തി എടുക്കാനും താരതമ്യേന എളുപ്പമാണ്. മുന്തിരി, സബര്‍ജില്‍ എന്നിവയുടെ മധുരവും നാരങ്ങയുടെ പുളിയും പഴത്തിന് എന്ന് പറയുന്നവരുമേറെ. സാധാരണയായി രണ്ടുതരം പുലാസന്‍ പഴങ്ങള്‍ കാണാറുണ്ട്. ഒന്ന് കടുംചുവപ്പു നിറമുള്ളതും ഇനിയൊന്ന് ഇളംചുവപ്പു നിറമുള്ളതും. ഓരോ പഴക്കുലകളിലും 10 മുതല്‍ 25 വരെ പഴങ്ങളുണ്ടാകും. ഒരു പഴത്തിന് 50-80 ഗ്രാം വരെ തൂക്കവും.

നമുക്ക് പുലാസന്‍ വളര്‍ത്താം

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളര്‍ത്താന്‍ കഴിയുന്ന ഫലവൃക്ഷമാണ് പുലാസന്‍. അതുകൊണ്ടാണ് വിദേശത്തുനിന്ന് വിരുന്നെത്തിയ പുലാസന്‍ മലയാളക്കരയുടെ സ്വന്തമായി മാറിയത്. നല്ല വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള ഏതു മണ്ണിലും പുലാസന്‍ വളര്‍ത്താം. ജൈവവളങ്ങളോടാണ് പ്രിയം കൂടുതല്‍. ചതുപ്പുസ്ഥലങ്ങളില്‍ വളരാറില്ലെങ്കിലും എക്കല്‍ മണ്ണടിയുന്ന നദീതീരങ്ങളില്‍ പുലാസന്‍ നന്നായി വളര്‍ന്നുകാണുന്നു. മറ്റ് സമാന ഫലവൃക്ഷങ്ങളുടെ കാര്യത്തിലെന്നപോലെ മധ്യ തിരുവിതാംകൂര്‍ ദേശത്താണ് പുലാസന്‍ മരങ്ങള്‍ വളര്‍ന്നുകാണുന്നത്. 8 മുതല്‍ 10 മീറ്റര്‍ വരെ ഇടയകലം നല്‍കിയാണ് തൈകള്‍ നടുക.

വിത്തു പാകിയുള്ള കൃഷി പുലാസന്റെ കാര്യത്തില്‍ അത്ര വിജയകരമല്ല എന്നാണ് അനുഭവം. കാരണം വിത്തു മുളച്ചുവരുന്ന തൈകള്‍ ആണോ പെണ്ണോ ആകാന്‍ സാധ്യതയുണ്ട്. പതിത്തൈകളും അത്ര ശോഭിക്കാറില്ല. എന്നാല്‍ ഗുണമേന്മയുള്ള, മുകുളനം വഴി ഉല്‍പാദിപ്പിച്ച തൈകള്‍ നടുന്നത് നല്ലതാണ്. ഇന്ന് നിലവാരമുള്ള ബഡ്ഡ് തൈകള്‍ കേരളത്തിലും വാങ്ങാന്‍ കിട്ടുന്നുണ്ട്. ഇവ എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും ചാണകപ്പൊടിയും അടിവളമായി ചേര്‍ത്തൊരുക്കിയ കുഴിയില്‍ നടണം. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ഈ വളമിടല്‍ ആവര്‍ത്തിക്കാം. തൈകള്‍ക്ക് തണലും നല്‍കണം.

പുലാസന്‍ പൂ ചൂടാന്‍

മുകുളനം അഥവാ ബഡ്ഡിങ്ങ് വഴി ഉല്‍പാദിപ്പിച്ച തൈകളാണ് കൃഷിക്ക് അനുയോജ്യം. വേനല്‍ക്കാലത്ത് പകല്‍ ചൂടും രാത്രി മഞ്ഞുമുള്ള ജനവരി-ഫിബ്രവരി മാസങ്ങളിലാണ് പുലാസന്റെ ശിഖരാഗ്രങ്ങളില്‍ പൂക്കള്‍ കുലകളായി വിടരുക. പുലാസന്‍ മരം രണ്ടു തരമുണ്ട്. ആണ്‍പൂക്കള്‍ മാത്രമുള്ളവയും, ദ്വിലിംഗ പുഷ്പങ്ങള്‍ മാത്രം ഉത്പാദിപ്പിക്കുന്നവയും. ദ്വിലിംഗ പുഷ്പങ്ങള്‍ ഉണ്ടാകുന്ന മരങ്ങളില്‍ വളരെ ചെറിയ ശതമാനം മാത്രമേ ആണ്‍പൂക്കള്‍ ഉണ്ടാകാറുള്ളൂ. എന്നാല്‍ ദ്വിലിംഗ പുഷ്പങ്ങളിലെ കേസരങ്ങള്‍ പൊട്ടി പരാഗരേണുക്കള്‍ യഥാസമയം പുറത്തുവരാത്തതിനാല്‍ അവ പെണ്‍പൂക്കളുടെ ജോലി നിറവേറ്റുകയാണ് പതിവ്. പരാഗണം നടന്നില്ലെങ്കിലും കായ്കള്‍ ഉല്‍പാദിപ്പിക്കാനുള്ള സ്വാഭാവിക സിദ്ധി പുലാസന് പ്രകൃതി തന്നെ നല്‍കിയിരിക്കുന്നു. ഇത്തരം കായ്കളെ പൊതുവേ 'ഫ്ളാറ്റ് കായ്കള്‍' എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ഫിബ്രവരിയിലാണ് പുലാസന്‍ പൂക്കാലം. ജൂണ്‍-ജൂലായ് മാസങ്ങളില്‍ പഴം വിളവെടുപ്പിന് പരുവമാകും. ബഡ്ഡ് തൈകള്‍ മൂന്നാം വര്‍ഷം കായ്ക്കും. വിത്തുപാകി മുളപ്പിക്കുന്ന തൈകളാകട്ടെ കായ് പിടിക്കാന്‍ താമസിക്കുകയും ചെയ്യും. രാസവളങ്ങള്‍ ഒഴിവാക്കി ജൈവ വളങ്ങള്‍ മാത്രം നല്‍കിയാലും നന്നായി വളര്‍ന്ന് വിളവു തരുന്ന പ്രകൃതമാണ് പുലാസന്. കട്ടിയേറിയ ഞെട്ടായതിനാല്‍ പഴം താനേ പൊഴിഞ്ഞുവീഴുന്ന പതിവില്ല. പഴം അടര്‍ത്തിയെടുക്കുക തന്നെ വേണം. കുലയിലെ ഭൂരിഭാഗം പഴങ്ങളും ചുവപ്പോ മഞ്ഞയോ നിറഭേദം കാട്ടുമ്പോള്‍ വിളവെടുപ്പിന് സമയമായി എന്ന് മനസ്സിലാക്കാം. ഒരു ശരാശരി വൃക്ഷം ചേരുവകള്‍ എല്ലാം ഒത്തുവന്നാല്‍, നല്ല പരിചരണം ലഭിച്ചാല്‍ ഒരു വര്‍ഷം 5000-6000 പഴങ്ങള്‍ വരെ ഉല്‍പാദിപ്പിക്കാം.

കരുത്തന്‍ പുലാസന്‍

പുലാസന്‍ മരത്തില്‍ കാര്യമായ കീട-രോഗബാധകളൊന്നും ഏല്‍ക്കാറില്ല. പുലാസന്റെ ഒരു അധികമേന്മയും ഇതു തന്നെ. എങ്കിലും കാലാവസ്ഥവ്യതിയാനം ചില നീരൂറ്റിക്കീടങ്ങളെ ക്ഷണിച്ചുവരുത്തുന്ന പതിവുണ്ട്. ഇതിലൊന്നാണ് ശല്‍ക്കപ്രാണികള്‍ (Scale insects). ഇവ കായ്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കായുടെ തൊലിയില്‍ പറ്റിക്കൂടിയാല്‍ പിന്നെ അത്തരം കായ്കള്‍ ചീഞ്ഞ് കേടായി ഉപയോഗശൂന്യമാകാന്‍ ഇടയുണ്ട്. ഇതിനൊരു കാര്യം ചെയ്താല്‍ മതി. ജീവാണുവായ വെര്‍ട്ടിസീലയം 40 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി, തെളിയൂറ്റി തളിക്കുക. പ്രതിരോധമായി മരമാകെ തളിക്കുന്നതിലും തെറ്റില്ല. രാസസ്വഭാവമില്ലാത്തതിനാല്‍ ഇതിന് മറ്റു ദോഷങ്ങളുമില്ല. അല്‍പം പശ കൂടെ ചേര്‍ത്ത് തളിച്ചാല്‍ മരത്തില്‍ ഇത് പറ്റിപ്പിടിച്ചു നില്‍ക്കുകയും ചെയ്യും.

പുലാസന്‍ പോഷകച്ചെപ്പ്

ആരോഗ്യ സംരക്ഷണമേന്മകളുടെ കലവറയാണ് പുലാസന്‍ പഴം. 100 ഗ്രാം കാമ്പില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ നോക്കാം.

  • ഈര്‍പ്പം (ജലം)-84.54-90.87%
  • മാംസ്യം -0.82 ഗ്രാം
  • കാര്‍ബോഹൈഡ്രേറ്റ് - 12.86 ഗ്രാം
  • നാര് - 0.14 ഗ്രാം
  • കൊഴുപ്പ് -0.55 ഗ്രാം
  • കാത്സ്യം - 0.01-0.05 മില്ലിഗ്രാം
  • ഇരുമ്പ് - 0.002 മില്ലി ഗ്രാം
  • ജീവകം-സി - 11 മില്ലി ഗ്രാം

ആരോഗ്യ സംരക്ഷകമേന്മകള്‍

  • പരമ്പരാഗതമായി പുലാസന്റെ ഇലകളും വേരുമൊക്കെ പച്ചമരുന്നായി ഉപയോഗിക്കാറുണ്ട്. വേരില്‍ നിന്ന് തയ്യാറാക്കുന്ന സത്ത് പനി മാറ്റാനുള്ള മരുന്നായും വിരനാശിനിയായും പ്രയോജനപ്പെടുത്തുന്നു.
  • ശരീരത്തിലെ അധികക്കൊഴുപ്പ് കുറച്ച് ദുര്‍മേദസ് ഒഴിവാക്കാന്‍ സഹായിക്കുന്നു.
  • പ്രമേഹബാധിതരില്‍ പഞ്ചസാരയുടെ തോത് ക്രമീകരിക്കാന്‍ ഉപകരിക്കുന്നു. ശരീരത്തില്‍ വേണ്ടത്ര അളവില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കപ്പെടാത്തവര്‍ക്കും, ശരീരകോശങ്ങള്‍ വേണ്ടവിധം കോശങ്ങളില്‍ ഉല്പാദിപ്പിക്കുന്ന ഇന്‍സുലിനോട് യഥാവിധി പ്രതികരിക്കാത്തവര്‍ക്കും ഒരുപോലെ സഹായകരമാണ് പുലാസന്‍.
  • ജീവകം സിയുടെ സാന്നിധ്യം ഇതിന്റെ നിരോക്സീകാരക മേന്മ വര്‍ധിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അസ്‌കോര്‍ബിക് ആസിഡിനു പുറമെ പൈറോഗല്ലോ, ഹൈഡ്രോക്വിനോണ്‍ എന്നീ രാസവസ്തുക്കള്‍ പുലാസന്റെ നിരോക്സീകാരക സ്വഭാവത്തിന് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. കൂടാതെ ജീവകം ഇ, കരോട്ടിനോയിഡുകള്‍ തുടങ്ങിയവ സ്വതന്ത്ര റാഡിക്കലുകള്‍ ശരീരത്തില്‍ വരുത്താനിടയുള്ള അനഭിമതമായ സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു.
  • ചര്‍മസംരക്ഷണത്തിനും പുലാസന്‍ ഉത്തമം. പുലാസന്‍ പഴം ക്യാരറ്റുമായി ചേര്‍ത്ത് തയ്യാറാക്കുന്ന ലേപനം ചര്‍മത്തിന്റെ മിനുസവും തിളക്കവും വര്‍ധിപ്പിക്കാനും ആരോഗ്യകരമാക്കാനും ഉപകരിക്കുന്നു. മാത്രമല്ല പുലാസന്റെ വിത്തില്‍ നിന്നും പുറംതോടില്‍ നിന്നും ഒരു തരം വെളുത്ത കൊഴുപ്പ് ലഭിക്കാറുണ്ട്. സുഗന്ധവാഹിയായ ഈ ഉല്പന്നം മുടി വളരാന്‍ സഹായിയാണ്.
  • ജീവകം സിയുടെ സ്രോതസ്സായതിനാല്‍ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് ഉത്തമമാണ് പുലാസന്‍. കൂടാതെ മുറിവുകള്‍ ഉണക്കാനും എല്ലുകള്‍ക്കും പല്ലുകള്‍ക്കും കാലാന്തരത്തില്‍ സംഭവിക്കുന്ന ക്ഷതങ്ങള്‍ പരിഹരിക്കാനും ഉത്തമം.
  • പഴത്തിന് വേറെയും ഉപയോഗങ്ങളുണ്ട്. ജാം, ജെല്ലി, സോസ്, മദ്യം എന്നിവ തയ്യാറാക്കാന്‍ പഴം ഉപയോഗിക്കുന്നു. കൂടാതെ ഐസ്‌ക്രീം, പുഡ്ഡിങ്ങ് എന്നിവയില്‍ ചേര്‍ത്ത് കഴിക്കാനും സ്വാദിഷ്ടമാണ് പുലാസന്‍. പുലാസന്‍ ഉരുളക്കിഴങ്ങുമായി ചേര്‍ത്ത് തയ്യാറാക്കുന്ന പൊട്ടറ്റോ-പുലാസന്‍ കട്ലെറ്റ് പ്രസിദ്ധമാണ്.

പൊട്ടറ്റോ-പുലാസന്‍ കട്​ലെറ്റ്

ചേരുവകള്‍ 

  • ഉരുളക്കിഴങ്ങ് - 250 ഗ്രാം പുഴുങ്ങി തൊലി കളഞ്ഞത്.
  • പുലാസന്‍ പഴം - 6 എണ്ണം (തൊലിയും വിത്തും നീക്കിയത്)
  • മാട്ടിറച്ചി - 100 ഗ്രാം (കൊത്തിയരിഞ്ഞത്)
  • മല്ലിയില - ഒരു ടേബിള്‍സ്പൂണ്‍
  • സവാള - ഒന്ന് (കൊത്തിയരിഞ്ഞത്)
  • ചെറിയ ഉള്ളി - അരിഞ്ഞു വറുത്തത് ഒരു ടേബിള്‍ സ്പൂണ്‍
  • കുരുമുളക് പൊടി - ഒരു ടീ സ്പൂണ്‍
  • മാവ് - 2 ടേബിള്‍ സ്പൂണ്‍
  • എണ്ണ - 300 മില്ലി
  • ഒരു മുട്ട ഉടച്ച് പതപ്പിച്ചത് 
  • ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം: ഉരുളക്കിഴങ്ങ് പൊടിച്ച് കൊത്തിയരിഞ്ഞ മാട്ടിറച്ചിയുമായി കലര്‍ത്തുക. പുലാസനും മുട്ടയുമൊഴികെ ബാക്കി എല്ലാം ചേരുവകളും കലര്‍ത്തി എടുക്കുക. ഈ മിശ്രിതം മധ്യഭാഗത്ത് പുലാസന്‍ പഴം വച്ച് ചുറ്റിനും മാവുകൊണ്ട് കട്​ലെറ്റിന്റെ രൂപത്തില്‍ കയ്യില്‍ വെച്ച് പരുവപ്പെടുത്തുക. എന്നിട്ട് മാവ് പുറത്ത് നേരില്‍ തോതില്‍ പുരട്ടിയെടുക്കുക. കട്ലെറ്റ് ഉടച്ച മുട്ടയില്‍ മുക്കി തിളച്ചു കിടക്കുന്ന എണ്ണയിലിട്ട് വറുക്കുക. സ്വര്‍ണരാശിയുള്ള ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്ത് കോരുക. ചൂടോടെ ഉപയോഗിക്കാന്‍ സ്വാദിഷ്ടമായ വിഭവമാണ് ഈ പുലാസന്‍ കട്ലെറ്റ്.

തൈകള്‍ എവിടെ കിട്ടും?

ഗുണമേന്മയുള്ള പുലാസന്‍ തൈകള്‍ കേരളത്തില്‍ ഇന്ന് വാങ്ങാന്‍ കിട്ടും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തി സെന്‍ട്രല്‍ നഴ്സറി, ഇന്‍സ്ട്രക്ഷണല്‍ ഫാമുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പുലാസന്റെ ബഡ്ഡ് തൈ 250 രൂപ നിരക്കിലും ആറുമാസം പ്രായമായ ബഡ്ഡ് തൈ 350 രൂപ നിരക്കിലും വാങ്ങാം. കൂടാതെ വി.എഫ്.പി.സി.കെ.യുടെ എറണാകുളത്തും തിരുവനന്തപുരത്തും പ്രവര്‍ത്തിക്കുന്ന കൃഷി ബിസിനസ് കേന്ദ്രങ്ങളില്‍ (ഗആഗ) നിന്ന് പുലാസന്റെ ബഡ്ഡ് തൈ 600 രൂപ നിരക്കില്‍ വാങ്ങാം.